UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ്; എന്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല?

Avatar

എം കെ രാംദാസ്

ദീര്‍ഘകാലം കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകനായ സുഹൃത്തിനോട് ചോദിച്ചു, എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം ?  –  ഒട്ടും വൈകിക്കാതെ കിട്ടിയ മറുപടി ഇങ്ങനെ; ”കക്ഷി ബലാബലത്തിന് മാറ്റമുണ്ടാകാന്‍ ഇടയില്ല. സ്ഥാനാര്‍ത്ഥികളുടെ മികവ് പരിഗണിച്ച് ജില്ലാ പഞ്ചായത്ത് ഭരണം ഇടതു മുന്നണി നിലനിര്‍ത്താനാണ് സാധ്യത.  കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നഗരസഭകളില്‍ ഐക്യജനാധിപത്യ മുന്നണിയും നീലേശ്വരത്ത് സി പി ഐ(എം)ഉം ഭരണത്തില്‍ എത്താം. ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ ഡി എഫും യു ഡി എഫും തുല്യമായി വീതിച്ചെടുക്കും. ജില്ലയില്‍ ആകെയുള്ള 38 ഗ്രാമപഞ്ചായത്തുകളില്‍ ഇരുപതും സി പി ഐ(എം) നിയന്ത്രണത്തിലാണ്. മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ ബി ജെ പിയും അവശേഷിക്കുന്ന 12 എണ്ണം യു ഡി എഫും കൈവശം വച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും ചില ഗ്രാമപഞ്ചായത്തുകളിലും സംസ്ഥാന സര്‍ക്കാരിന്റെ വികസന ശൈലിയുടെ മേന്മയില്‍ യു ഡി എഫ് അല്‍പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാം. സംസ്ഥാനത്ത് കാവിക്കൊടിപ്പാറുന്ന മദ്ദൂര്‍, കാറടുക്ക, പൈവെളികെ പഞ്ചായത്തുകള്‍ ഇത്തവണയും കാവി പുതയ്ക്കും. എസ് എന്‍ ഡി പിയുടെ ദുര്‍ബല സംഘടനാ സംവിധാനം ബി ജെ പിയെ എത്രകണ്ട് സഹായിക്കുമെന്ന് കണ്ടറിയണം. ഇരകളുടെ ദുരിത ജീവിതത്തിന് അറുതിയില്ലെങ്കിലും ഇരുമുന്നണികളും ബി ജെ പിയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി വാക്‌പ്പോര് തുടരുന്നു. പി പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 17,000 കോടി രൂപയുടെ കാസര്‍ഗോഡ് വികസന പാക്കേജിന്റെ തല്‍സ്ഥിതി എന്തെന്ന് അവ്യക്തം. ചെര്‍ക്കളം അബ്ദുള്ള അജയനായി മുസ്ലീംലീഗ് നേതൃസ്ഥാനത്ത് തുടരുന്നു. ചിലയിടങ്ങളിലെങ്കിലും ലീഗിന് പിന്നിലാണ് ഇവിടെ കോണ്‍ഗ്രസ്സിന്റെ ഓട്ടം.  സി പി ഐ(എം) ക്ഷീണിച്ചുവോ എന്ന ചോദ്യത്തിന് കണ്ടറിയണം എന്ന മറുപടിയേയുള്ളൂ. ബേഡകത്തെ വിമത പ്രശ്‌നം പരിഹരിച്ചെന്നും പാര്‍ട്ടിവാദം. വാര്‍ഡ് വിഭജനത്തിന്റെ ഗുണം തങ്ങള്‍ക്കെന്ന് യു ഡി എഫ് അവകാശവാദം. രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ശക്തിപകര്‍ന്ന് മംഗലാപുരത്തുനിന്നും സദാചാര പോലീസായി ശ്രീരാമസേന കാസര്‍ഗോഡും എത്തിയിട്ടുണ്ട്. എസ് ഡി പിയും എന്‍ ഡി എഫും സജീവം”. മാധ്യമ സുഹൃത്ത് നല്‍കിയ കാസര്‍ഗോഡിന്റെ ഒരു ഏകദേശ ചിത്രമാണിത്.

ചില വിശേഷണങ്ങള്‍ കാസര്‍ഗോഡിന് സ്വന്തമാണ്. ഭാഷകളുടെ സംഗമകേന്ദ്രമാണ് അതിലൊന്ന്. കന്നട, മലയാളം, തുളു ഭാഷകള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു. ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന കാസര്‍ഗോഡിന് ഇപ്പോഴും സജീവമായ കന്നഡ പാരമ്പര്യം ഉണ്ട്. നഗരം വിട്ട് നാലോ അഞ്ചോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കന്നഡയുടെ സ്വാധീനം ബോധ്യമാകും. വീതികളില്‍ കാണുന്ന സാധാരണ ജനങ്ങളുടെ മുഖത്തും ഈ വ്യത്യാസം ദൃശ്യമാകും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാറ്റിനും ഒരു കന്നഡ ടച്ച്. അതുമല്ലെങ്കില്‍ തുളു സാന്നിധ്യം.

സമീപകാലത്ത് കാസര്‍ഗോഡ് മനുഷ്യത്വത്തിനുമേല്‍ ഏല്‍പ്പിച്ച പ്രഹരമാണ് എന്‍ഡോസള്‍ഫാന്‍. മാരക വിഷാംശം അടങ്ങിയ രാസ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍. 3000ല്‍ അധികം സാധാരണ മനുഷ്യരുടെ ജീവനാണ് കവര്‍ന്നെടുത്തത്. കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലുള്ള കശുമാവിന്‍ തോട്ടങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിച്ച എന്‍ഡോസള്‍ഫാനാണ് ഈ മനുഷ്യക്കുരുതിയുടെ ഉത്തരവാദിയെന്നതിന് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ദുരിതം അവസാനമില്ലാതെ തുടരുകയാണ്. അകാല വാര്‍ദ്ധക്യം, ശരീര അവയവങ്ങളുടെ ക്രമരഹിത വളര്‍ച്ച, ബുദ്ധി വൈകല്യം, അവയവ വൈകല്യം, ഗര്‍ഭസ്ഥ ശിശുക്കളുടെ അന്ത്യം, ഇതെല്ലാം ഇവിടെ നിരന്തരമായി സംഭവിക്കുന്നു. ഇരകളുടെ സാന്ത്വനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട നിരവധി പാക്കേജുകള്‍  ഉണ്ടെങ്കിലും അന്ത്യമില്ലാത്ത ദുരിതവുംപേറി നിരാശ്രയരായി  മനുഷ്യര്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നുവെന്നുമാത്രം.

എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റുവാങ്ങിയ പ്രദേശങ്ങള്‍ ഇതിനുമുമ്പും നിരവധി തവണ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലേക്കും പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പിലും ഈ പ്രദേശം വേദിയായിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പ്പോലും എന്‍ഡോസള്‍ഫാന്‍ ഒരു തെരഞ്ഞെടുപ്പ് വിഷയമായി മാറിയിട്ടില്ലെന്നും കാസര്‍ഗോട്ടെ വിദ്യാഭ്യാസ പ്രവര്‍ത്തകനായ കൃഷ്ണനുണ്ണി.

“ആര്‍ക്കാണ് ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയുക? കാസര്‍ഗോഡിന്റെ ആകാശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിക്കുന്നതിനെ ഏതെങ്കിലും മുന്നണി ഭരണക്കാലത്ത് എന്തെങ്കിലും തടസ്സമുണ്ടായതായി അറിയില്ല. പിന്നെ ആരെ പ്രതിസ്ഥാനത്ത് നിര്‍ത്തും? വികസനത്തിന്റെ ഇരകളാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍. ഇതൊരു പ്രാദേശിക വിഷയമല്ലെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന് ഒരു ഉത്തരവാദിത്വവുമില്ലേ? ഉണ്ട്, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങളുടേതിന് സമാനമായ ഉത്തരവാദിത്വം അവര്‍ക്കുമുണ്ട്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോകത്തിന് മുന്നില്‍ എത്തിച്ചത് സാമൂഹിക പ്രവര്‍ത്തകരും ബുദ്ധിജീവികളുമായ ചിലരാണ്. ഇരകളുടെ പുനരധിവാസമെങ്കിലും മുന്നണികളിലുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇത്തരം ഗ്രൂപ്പുകള്‍ പരാജയപ്പെട്ടുവെന്നുവേണം കരുതാന്‍. ഇടവേളകളില്‍ ഉയര്‍ന്നുവരുന്ന ഒരു പതിവ് പ്രശ്‌നങ്ങളിലൊന്നായി ഈ കൊടിയ മനുഷ്യവിരുദ്ധത ചുരുങ്ങിപ്പോകുന്നോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന്  എന്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ അകന്ന് നില്‍ക്കുന്നുവെന്ന ചോദ്യവും ഉയരേണ്ടതുണ്ട്.” കൃഷ്ണനുണ്ണി ചൂണ്ടിക്കാണിക്കുന്നു. 

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍