UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോടന്‍ മണ്ണില്‍ വീണ്ടും സി പി എമ്മിന് കാലിടറുമോ?

Avatar

എം കെ രാംദാസ്

“തെരഞ്ഞെടുപ്പ് വിജയത്തിനായി വി എസ് അച്യുതാനന്ദനെ ഉപകരണമാക്കുക എന്ന തന്ത്രമാണ്  സി പി ഐ(എം) ഔദ്യോഗിക നേതൃത്വം വീണ്ടും പ്രയോഗിക്കുന്നതെന്ന് കെ കെ രമ. വി എസ്സിനെ മുന്നില്‍ നിര്‍ത്തിമാത്രമേ ജനങ്ങളെ നേരിടാനാകൂ എന്ന് പാര്‍ട്ടിക്കറിയാം. മുന്‍ തെരഞ്ഞെടുപ്പുകളുടേതിന് സമാനമായി ഇത്തവണയും പാര്‍ട്ടി വി എസ്സിനെ ഉപയോഗിക്കുകയാണ്.” എന്തുകൊണ്ടോ വി എസ്സിനുമാത്രം ഇത് മനസ്സിലാകുന്നില്ലെന്നും രമ പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു രമ.

“ഒഞ്ചിയം മേഖലയിലെ സി പി ഐ(എം)ല്‍ മാത്രമല്ല സംസ്ഥാനത്താകെതന്നെ വി എസ്സിന്റെ നിലപാടിനെ പിന്തുണച്ചവരെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം മാറ്റി നിര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. അക്കാലത്തെല്ലാം ഇത്തരം പാര്‍ട്ടി അംഗങ്ങള്‍ക്ക് വി എസ് പിന്തുണ നല്‍കിയിട്ടുണ്ട്. സി പി ഐ(എം) പാഠം പഠിക്കുന്നില്ല എന്നുമാത്രമല്ല, കൂടുതല്‍ പ്രാകൃതമായി പിന്നോട്ട് പോകുകയുമാണ്. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി പറഞ്ഞതിന്റെ പേരില്‍ മാത്രം ജയില്‍ മോചിതനായ മോഹനന്‍ മാസ്റ്ററെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അവരോധിച്ചതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. ടി പി കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്‍ ഇപ്പോഴും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായി തുടരുകയാണ്. ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മാത്രം സംഭവിച്ചതായി പ്രചരിച്ചിരുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സി പി ഐ(എം) നേതൃത്വം നല്‍കുകയാണ്. അതുകൊണ്ടുതന്നെ ആര്‍ എം പിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രചാരണം പ്രസക്തമാണെന്നും രമ പറഞ്ഞു. ആര്‍ എം പി ഉന്നയിച്ച വിഷയത്തിന് സ്വീകാര്യത ഏറിവരികയാണ്. ക്ഷേമ രാഷ്ട്രീയമെന്ന ആശയം ഉയര്‍ത്തിയതിലൂടെ റവല്യൂഷണറി മാര്‍ക്‌സിറ്റ് പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത്”, രമ പറഞ്ഞു.

“ഒഞ്ചിയം പഞ്ചായത്തിലെ ഭരണം നല്ല ജനാധിപത്യ മാതൃക മുന്നോട്ടുവെച്ചിട്ടുണ്ട്. ജാതി – മത – രാഷ്ട്രീയ പരിഗണനകളില്ലാതെ അര്‍ഹരായ ആളുകളെ കണ്ടെത്തി സഹായവും ആനുകൂല്യവും നല്‍കുകയെന്ന നയമാണ് ഒഞ്ചിയത്ത് ആര്‍ എം പി സ്വീകരിച്ചത്. വികസനകാര്യത്തില്‍ ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജനാഭിപ്രായം നല്‍കുന്ന ആത്മവിശ്വാസം ആര്‍ എം പിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ഒഞ്ചിയം നിലനിര്‍ത്തുക മാത്രമല്ല സമീപ പഞ്ചായത്തുകളില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആര്‍ എം പിയുടെ പിറവി മുതല്‍ സി പി ഐ(എം) ഉയര്‍ത്തിയ ആരോപണമാണ് കോണ്‍ഗ്രസ് ബന്ധം. ഇടത്, വലത്, ബി ജെ പി വിരുദ്ധ സ്വതന്ത്ര നിലപാടാണ് ആര്‍ എം പിയുടേത്. സംശയത്തിനിടമില്ല.” രമ പറഞ്ഞു നിര്‍ത്തി. 

കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് ചിത്രം ചികയുന്നതിനിടെ ആദ്യം തടഞ്ഞത് റവല്യൂഷണറി മാക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പുതു പ്രസ്ഥാനത്തിന്റെ പ്രസക്തിയിലാണ്. ഈ പ്രാധാന്യം പരിഗണിച്ചാണ് ആര്‍ എം പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ കെ രമയുടെ അഭിപ്രായങ്ങള്‍ മുകളില്‍ കൊടുത്തത്. മലബാറിന്റെ രാഷ്ട്രീയത്തിന് ചുവപ്പ് നിറം കൈവന്നത് കോഴിക്കോട് വഴിയെന്നതിന് അല്‍പം ചരിത്രബോധം മതി. ഒഞ്ചിയവും ഏറാമലയും അങ്ങനെ മറക്കാനാവില്ല ചുവപ്പന്‍ സഖാക്കള്‍ക്ക്. ഇവിടെ ഉയര്‍ന്ന വിമതസ്വരം  അവിശ്വസനീയമായാണ് കേരള സമൂഹം കേട്ടത്. ടി പി ചന്ദ്രശേഖരന്‍ എന്ന ഒറ്റയാനല്ല, ഇവിടെ പാര്‍ട്ടിക്ക് വെല്ലുവിളിയെന്നറിഞ്ഞത് അദ്ദേഹത്തിന്റെ കൊലപാതകത്തിനുശേഷമാണ്. ഒരു വലിയ പ്രസ്ഥാനത്തെ ചങ്കുറപ്പോടെ നേരിട്ട് ഒഞ്ചിയത്ത് സാന്നിധ്യമറിയിച്ചതാണ് ആര്‍ എം പി.

താമരശ്ശേരി ബിഷപ്പാണ് കോഴിക്കോട്ടെ മറ്റൊരു താരം. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ ശുപാര്‍ശകളില്‍ വൈദീക ശ്രേഷ്ടതയുടെ സീമ ലംഘിച്ച് പ്രതികരിച്ച ബിഷപ്പ് ഉന്നയിച്ച വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുന്നുമെന്ന് പറയുകവയ്യ. കാരണം, ബിഷപ്പും കൂട്ടരും പൊതുവെ കോണ്‍ഗ്രസ്സിനോട് അനുഭാവം കാണിക്കുന്നവരാണ്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ വന്നത് കോണ്‍ഗ്രസ്സിലൂടെയാണെന്നും ഇവര്‍ക്കറിയാം. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം കോണ്‍ഗ്രസ്സിന്റെ കൈകളില്‍ ഭദ്രമായിരുന്ന കാലത്താണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നിറങ്ങിയതെന്ന് ഇവര്‍ക്കറിയാത്തതല്ല. താമരശ്ശേരിയില്‍ പക്ഷേ എല്ലാം കൈവിട്ടുപോയി. സമൂഹിക വിരുദ്ധര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചെന്ന പല്ലവി കേട്ടെങ്കിലും സംഭവിച്ചതിനെ ബിഷപ്പും കൂട്ടരും തള്ളിപ്പറഞ്ഞിട്ടില്ല. കസ്തൂരി റിപ്പോര്‍ട്ടില്‍ ഇപ്പോഴും ഉണ്ട്. ബിഷപ്പും കൂട്ടരും കോണ്‍ഗ്രസ്സിനെ കൈവിട്ട് ഇടതിനെ വരിക്കുമോ എന്നതാണ് പ്രസക്തം.

കോഴിക്കോട് എന്നാല്‍ സിറ്റിയാണ് മലബാറുകാര്‍ക്ക്. അതായത് വലിയ അങ്ങാടി. ഇവിടെ കഴിഞ്ഞ പത്തമ്പത് കൊല്ലമായി ഇടതു ഭരണമാണ്. സി പി ഐ(എം) കനപ്പെട്ട പാര്‍ട്ടി. കോണ്‍ഗ്രസ് പിന്നാലെ. ലീഗ് പൊളിറ്റ് ബ്യൂറോ പാണക്കാട്ട് കൊടപ്പനയ്ക്കല്‍ വസതിയില്‍ നിന്ന് അധികം അകലെയല്ലാത്തതുകൊണ്ട് മുസ്ലീംലീഗിനും ചില പോക്കറ്റുകളുണ്ട്.

നീണ്ടകാലത്തെ കാലത്തെ ഇടത് ക്ഷേമഭരണം കോഴിക്കോടിനെ സ്വര്‍ഗ്ഗതുല്യമാക്കേണ്ടതാണ്. സംഭവിച്ചത് മറിച്ചാണ്. വികസന വിഷയത്തില്‍ കോഴിക്കോട് സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകളെക്കാള്‍ ഏറെ പിന്നിലാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ താളപ്പിഴ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഫണ്ടില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇക്കൊല്ലം ചെലവഴിച്ചത്. കാരണം സി പി ഐ(എം) ഭരണമെന്നാണ് നഗര വികസനവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ കണ്ടെത്തല്‍. വികസനത്തിന് പകരം ഇവിടെ അഴിമതിയാണ് പകര്‍ന്ന് പന്തലിച്ചത്. 14 വിജിലന്‍സ് കേസുകളാണ് നിലവിലുള്ളത്.


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അഗ്നിക്കിരയായ വാഹനം

തെരഞ്ഞെടുപ്പ് പഠിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ജില്ലയിലെ പൊതു രാഷ്ട്രീയനില ഏതാണ്ട് ഇനിപ്പറയും വിധമാണ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ല തങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെങ്കിലും ഈ പ്രതീക്ഷ ഇടതുമുന്നണി കേന്ദ്രങ്ങള്‍ക്കുപോലുമില്ല. 2010ലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിയ്ക്കായിരുന്നു നേട്ടം. 75 ഗ്രാമ പഞ്ചായത്തുകളില്‍ 38 എണ്ണം യു ഡി എഫും 36 എണ്ണം എല്‍ ഡി എഫും കൈവശപ്പെടുത്തി. ഒഞ്ചിയം നേടിയത് ആര്‍ എം പി. 12ല്‍ 8 ബ്ലോക്ക് പഞ്ചായത്തുകള്‍ ഇടതു മുന്നണിയ്ക്ക്. 2010ലെ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയ യു ഡി എഫ്, സി പി ഐ(എം)ന് കനത്ത വെല്ലുവിളിയാണ് നടത്തിയത്.

ഇടത് കോട്ടയായി അറിയപ്പെടുന്ന കോഴിക്കോട് ആടിയുലഞ്ഞതിനുപിന്നിലെ പ്രധാനകാരണം വടകര മേഖയില്‍ സി പി ഐ(എം) അണികളിലുണ്ടായ ചോര്‍ച്ചയാണ്. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍ എം പി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിക്കപ്പെട്ടതും, എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത വലത്തോട്ട് ചരിഞ്ഞതും ഇടത് കോട്ടയിലെ വിള്ളലിന് കാരണമാണ്.

ജില്ലയില്‍ ഇത്തവണ അഞ്ച് മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, മുക്കം, പയ്യോളി എന്നീ പഞ്ചായത്തുകളെയാണ് മുനിസിപ്പാലിറ്റികളായി ഉയര്‍ത്തിയത്. അങ്ങനെയാകെ ഏഴ്. നാലിടങ്ങളില്‍ യു ഡി എഫിനാണ് മേല്‍ക്കൈ. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എയും വ്യവസായിയുമായ വി കെ സി മമ്മതുകോയയാണ് എല്‍ ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറക്കാനുളള ബി ജെ പി ശ്രമം ഇത്തവണ വിജയം കാണുമെന്ന് ഏതാണ്ട് ഉറപ്പാണ്. എസ് എന്‍ ഡി പി സാന്നിധ്യം ബി ജെ പിയെ രണ്ടക്കം കടക്കാവുന്ന അംഗസംഖ്യയിലേക്ക് ഉയര്‍ത്തുമെന്ന് കരുതുന്നവരുമുണ്ട്. വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി ബി ജെ പിക്ക് കന്നി പ്രവേശനം ലഭിക്കുമെന്നും ഉറപ്പാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍