UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പില്‍ ഏശാതെ മാവോയിസ്റ്റ് ബഹിഷ്കരണാഹ്വാനങ്ങള്‍

Avatar

എം കെ രാമദാസ്

വായിക്കാനും ഉരുവിടാനും മനസ്സില്‍ സൂക്ഷിക്കാനും സാധ്യതയുള്ള മുദ്രാവാക്യങ്ങള്‍ പോസ്റ്ററുകളായി മതിലുകളില്‍ നിറഞ്ഞിരുന്ന കാലം അത്ര വിദൂരമല്ല. വിപ്ലവ ആഹ്വാനങ്ങളായിരുന്നു അവയെല്ലാം. തീവ്ര ഇടതുപക്ഷങ്ങളുടെ പിതൃത്വത്തോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍കൂടിയായിരുന്നു മാവോയിസ്റ്റ് സാന്നിധ്യം ഇവിടെ വ്യക്തമായത്. പരസ്പരം ചെളിവാരിയെറിഞ്ഞും അവകാശവാദങ്ങള്‍ നിരത്തിയും മുഖ്യധാരാകക്ഷികളുടേതായി പതിപ്പിക്കപ്പെട്ട പോസ്റ്ററുകളില്‍ നിന്നുള്ള വ്യത്യസ്തതയായിരുന്നു ഇത്തരം മുദ്രാവാക്യങ്ങളെ ശ്രദ്ധേയമാക്കിയത്. പാവങ്ങളായ പട്ടിണിക്കാരായ മനുഷ്യരുടെ അസ്വാതന്ത്ര്യവും ബഹുരാഷ്ട്രകുത്തക ഭീമന്‍മാരുടെ അധിനിവേശവും സാധാരണ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ ഇത്തരം ചുവരെഴുത്തുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

പരിസ്ഥിതി, സ്ത്രീദ്രോഹം, രാഷ്ട്രീയ അഴിമതി, ചൂഷണം, ദുര്‍ഭരണം തുടങ്ങിയവയെല്ലാം ചുവരുകളില്‍ വിമര്‍ശന വിധേയമായി. എന്നാല്‍, ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. അപൂര്‍വ്വമായി മാത്രമേ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ആഹ്വാനം പോലും ചുവരുകളില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഈ മാറ്റത്തിനുളള കാരണം വ്യക്തമാണ്. മാവോയിസ്റ്റ് സംഘടനകള്‍ക്കെതിരെ ഉയര്‍ന്ന ഭരണകൂട, പൊതുസമൂഹ ധാരണകളാണ് ഇതില്‍ പ്രധാനം. ആയിരക്കണക്കിന് ഇന്ത്യന്‍ ഗ്രാമങ്ങളെ കൈപ്പിടിയില്‍ ഒതുക്കിയ മാവോയിസ്റ്റ് സംഘടനാ സംവിധാനത്തിന്റെ കേരളത്തിലേയ്ക്കുള്ള കടന്നുവരവില്‍ ഭരചകിതരാണ് ഏതാണ്ട് എല്ലാവരും. സംസ്ഥാന സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പ്രത്യേകിച്ചും.

ഈ പശ്ചാത്തലത്തില്‍ സി പി ഐ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന മേഖല പരിശോധിക്കുന്നതിലൂടെ വ്യക്തമാക്കുന്ന ചില സൂചനകള്‍ ഉണ്ട്. ആദിവാസി കോളനികളില്‍ ഉള്‍പ്പെടുന്ന വനപ്രദേശങ്ങളിലാണ് മാവോയിസ്റ്റുകള്‍ താവളമുറപ്പിക്കാന്‍ ശ്രമിച്ചത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനപ്രദേശങ്ങളിലും സമീപത്തും കഴിയുന്ന ആദിവാസി കോളനികളാണ് ആശയ പ്രചാരണ കേന്ദ്രങ്ങളായി മാവോയിസ്റ്റുകള്‍ തെരഞ്ഞെടുത്തത്. കോളനികളുടെ ദയനീയതയും ആദിവാസികള്‍ നേരിടുന്ന കടുത്ത ചൂഷണവും അവരെ ബോധ്യപ്പെടുത്തുവാനാണ് മാവോയിസ്റ്റുകള്‍ ആദ്യം ശ്രമിച്ചത്. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. 2013 ഫെബ്രുവരി മുതല്‍ മലബാറില്‍ നിരവധി തവണ മാവോയിസ്റ്റുകളുടെ നാടിറക്കമുണ്ടായി. ആയുധധാരികളായ മാവോയിസ്റ്റ് സംഘം ഒരേ കോളനിയില്‍ തന്നെ പല തവണയെത്തി. ലഘുലേഖ വിതരണം ചെയ്തു. പ്രാദേശിക പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞ് ആദിവാസികളുമായി സംവദിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. കരിങ്കല്‍ ക്വാറികള്‍ക്കെതിരായ നീക്കം, നാട്ടുപലിശക്കാര്‍ക്കെതിരെയുള്ള പ്രതിഷേധം, വനം വകുപ്പ് ഓഫീസുകള്‍ക്കെതിരെയായ ആക്രമണം തുടങ്ങിയവയെല്ലാം പ്രാദേശിക അംഗീകാരം കിട്ടുവാന്‍ ഇവരെ സഹായിച്ചു. മറ്റാരേക്കാളും മാവോയിസ്റ്റുകള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന തോന്നല്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇതിന്റെ ഗുണവും അവര്‍ക്ക് ലഭിച്ചു. കോളനികളില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ പൊലീസിന് കൈമാറാന്‍ ആദിവാസികള്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

നഗരങ്ങളിലെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് ഗ്രാമങ്ങളെ സമര ഇടങ്ങളായി പരിഗണിച്ച മാവോയിസ്റ്റുകള്‍ മാധ്യമങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും അകലം പാലിച്ചാണ് മുന്നോട്ട് പോകുന്നത്. നേതാക്കളായ കിഷന്‍ ജി, ആസാദ് എന്നിവരുടെ അനുഭവം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ് മാവോയിസ്റ്റുകളെ ഇതിന് പ്രേരിപ്പിച്ചത്. പൊതു സമൂഹത്തില്‍ മാവോയിസ്റ്റ് നീക്കങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കിയിരുന്ന ബുദ്ധിജീവികളെയും ഇവര്‍ കാര്യമായി പരിഗണിക്കുന്നില്ല. കവികളും കലാകാരന്മാരും മാവോയിസ്റ്റുകളെ സ്പര്‍ശിക്കുന്നുമില്ല. രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റും അനുബന്ധ സംഭവങ്ങളും സമൂഹത്തില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്നതുകൂടി വിലയിരുത്തണം. രൂപേഷ് സംഘത്തിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രചരിക്കപ്പെട്ട മറ്റൊരു കഥ സംഘടനയ്ക്കുള്ളിലെ വിഭാഗീയതയാണ്. കണ്ണംപള്ളി മുരളിയെന്ന മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് വിഭാഗീയതയുടെ തെളിവായി പരിഗണിക്കുന്നവരുണ്ട്.

രൂപേഷ് കസ്റ്റഡിയില്‍ ആകുന്നതോടെ കേരളത്തിലെ സംഘടനാ സംവിധാനം അമ്പേ തകരുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നവര്‍ യഥേഷ്ടമുണ്ട്. പൊലീസില്‍ തന്നെ ഇങ്ങനെ കരുതിയ ഒരുകൂട്ടര്‍ ഉണ്ടായിരുന്നു. ഈ ധാരണ തെറ്റെന്ന് ഈയിടെ തെളിഞ്ഞു. അട്ടപ്പാടിയില്‍ നക്‌സല്‍ വിരുദ്ധ സേനയ്ക്കുനേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു. തൊട്ടടുത്ത ദിവസം തന്നെ വയനാട്ടിലെ തിരുനെല്ലിയില്‍ എത്തിയ ആയുധധാരികളായ സംഘം മുദ്രാവാക്യം മുഴക്കി, ലഘുലേഖ വിതരണം ചെയ്തു, പോസ്റ്റര്‍ പതിപ്പിച്ചു. തോക്കു ധാരികളായ അഞ്ചംഗ സംഘം അരമണിക്കൂര്‍ നേരം ഇവിടെ തങ്ങി. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ആഹ്വാനം അടങ്ങിയ ലഘുലേഖയും പോസ്റ്ററുമാണ് മാവോയിസ്റ്റ് സംഘം ഇവിടെ വിതരണം ചെയ്തത്.

രൂപേഷിന് പിന്നാലെ മറ്റൊരു മലയാളികൂടി മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടെന്ന വെളിപ്പെടുത്തലും ഈയിടെയുണ്ടായി. വയനാട്ടുകാരനായ സോമന്‍. അട്ടപ്പാടി വെടിവെയ്പ്പില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സോമന്‍, വിക്രം ഗൗഡ, ലത എന്നിവര്‍ക്കായുള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ആഹ്വാനം എന്തെങ്കിലും പ്രതികരണം ഉണ്ടാക്കിയതായി ഇതുവരെ വിവരമൊന്നുമില്ല. നിരന്തരം മാവോയിസ്റ്റ് സാന്നിധ്യമുളള ആദിവാസി കോളനികള്‍ ബഹിഷ്‌ക്കരണ ആഹ്വാനം ചെവിക്കൊള്ളാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ പ്രചാരണത്തെ നേരിടാന്‍ ഭരണകൂടം തയ്യാറാക്കിയ പരിപാടികള്‍ വിജയിച്ചു എന്നുവേണം കരുതാന്‍. വയനാട്ടിലേയോ അട്ടപ്പാടിയിലേയോ ഊരുകള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയൊന്നുമില്ല. മാവോയിസ്റ്റുകള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് മുഖ്യധാരാകക്ഷികളുടേത്. കോളനികളുടെ അവികസിതാവസ്ഥയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ മുന്നണി, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. റോഡും വൈദ്യുതിയും കിണറും വീടുമെല്ലാം ആദിവാസികള്‍ക്കായി വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. വാഗ്ദാനപ്പെരുമഴയിലും ആദിവാസികള്‍ പൊതുവെ നിസ്സംഗരാണ്.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍