UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനസ്സ് തുറക്കാതെ എറണാകുളം

Avatar

സ്മിത എന്‍.

എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷനും 13 നഗരസഭകളും 84 പഞ്ചായത്തുകളും നവംബര്‍ 5ന് വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ എല്ലാ പ്രവചനങ്ങളും അപ്രസക്തമാക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളത് എന്നു വേണം കരുതാന്‍. 2010 ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ മുന്നേറ്റം നിലനിര്‍ത്താന്‍ യുഡിഎഫും, തങ്ങള്‍ക്കു നഷ്ടപ്പെട്ട ഇടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഠിന പരിശ്രമം നടത്തുന്ന എല്‍ ഡി എഫും പുതിയ സാമുദായിക കൂട്ടു കെട്ടുകളും കരു നീക്കങ്ങളുമായി ബിജെപിയും അരയും തലയും മുറുക്കി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിമതരും രംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരസഭകളില്‍ 10 ലും 66 ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം നേടിയതിന്റെ ബലത്തിലാണ് യു ഡി എഫ് ഇക്കുറിയും വിജയം കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചു പോയത് നോക്കി നില്‍ക്കേണ്ടി വന്ന ഇടതുമുന്നണി ഇക്കുറി വളരെ കരുതലോടെയാണ് ചുവടു വെക്കുന്നത്. മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി മാത്രമാണ് കഴിഞ്ഞ തവണ ഇടതു മുന്നണിക്കൊപ്പം നിന്നത്.

നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നഗരസഭ ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കുമ്പോള്‍ യു ഡി എഫിന് ഉണ്ടായ ആത്മവിശ്വാസം ഇക്കുറി അവരെ അമിത പ്രതീക്ഷയിലേക്ക് തള്ളി വിട്ടോയെന്ന് സംശയിക്കുന്നവരും ഉണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വിമതരെ നിയന്ത്രിക്കുന്ന കാര്യത്തിലും പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ എല്ലാ മുന്നണികളും ഒരേ പോലെ ശ്രദ്ധിച്ചിട്ടുണ്ട്. കൊച്ചിയില്‍ മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി ഭദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി, വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്ജ് തുടങ്ങി എല്ലാവരും പുതുമുഖങ്ങള്‍ക്കായി സ്ഥാനം ഒഴിഞ്ഞു കൊടുത്തു എന്നത് ശ്രദ്ധേയമാണ്.

അതേ സമയം ഇടതുമുന്നണിയാകട്ടെ ഇത്തവണ പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. വിമത ശല്യം കാര്യമായി ഇല്ല എന്നതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഘടകകക്ഷികളോട് കാണിച്ച ഉദാര സമീപനവും മുന്നണിയില്‍ മുമ്പത്തേക്കാള്‍ ഏറെ കെട്ടുറപ്പും ആത്മവിശ്വാസവും ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ഇടതുമുന്നണി ശ്രദ്ധിച്ചു. കൊച്ചി കോര്‍പ്പറേഷനിലാകട്ടെ, നിലവിലെ 50 ശതമാനം സംവരണത്തിന് പുറമെ കൂടുതല്‍ സ്ത്രീകളെ രംഗത്തിറക്കാനും അവര്‍ക്ക് സാധിച്ചു.

ഭരണ വിരുദ്ധ വികാരം ജില്ലയില്‍ ഒരിടത്തും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കരുതലിനും വികസനത്തിനും ഊന്നല്‍ നല്‍കി കൊണ്ടുള്ള ഭരണത്തിന് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ ഒരിക്കല്‍ കൂടി അംഗീകാരം നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉറപ്പിച്ചു പറയുന്നു. ഡിസിസി പ്രസിഡ് വി. ജെ പൗലോസിന്റെ അഭിപ്രായത്തില്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണ് പാര്‍ട്ടിക്ക് എറണാകുളത്ത് ഉള്ളത്.

തദ്ദേശ സ്വയംഭരണ സഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എങ്കിലും പൊതുവില്‍ ദേശീയ സംസ്ഥാന വിഷയങ്ങളാണ് പ്രചരണ വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. മോദി ഗവണ്‍മെന്റ് മതേതരത്വത്തിനും സമൂഹത്തിന്റെ ബഹുസ്വരതക്കും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയും ബീഫ് വിവാദവും ബാര്‍ കോഴ കേസിലെ പുതിയ വഴിത്തിരിവും ബിജെപി- എസ് എന്‍ ഡി പി കൂട്ടുകെട്ടും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണത്തിന് കൊഴുപ്പു കൂട്ടുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി മലിനീകരണം, കൊതുക്, തെരുവു നായ നിയന്ത്രണം തുടങ്ങിയവയൊന്നും പ്രചരണപരിപാടികളില്‍ കാര്യമായി ഉയര്‍ന്നു കേട്ടതേയില്ല.

ഏലൂരിലെ അതി ഗുരുതരമായ വ്യാവസായിക മലിനീകരണവും അതു മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇക്കാര്യം എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ചര്‍ച്ച ചെയ്തില്ല എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു. വൈപ്പിനിലെ വര്‍ഷങ്ങളായുള്ള കുടിവെള്ള ക്ഷാമം, ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന് എതിരെയുള്ള പൊതുജന സമരം, കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ വീഴ്ചകള്‍, മെട്രോപദ്ധതി മൂലമുണ്ടായിട്ടുള്ള റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും തുടങ്ങി ഒട്ടേറെ ജനകീയ പ്രശ്‌നങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ തീര്‍ത്തും അപ്രധാനമായി മാറി.

അതേ സമയം ഇടതുമുന്നണിയുടെ അവകാശവാദം വളരെ ജനാധിപത്യപരമായ രീതിയിലാണ് തങ്ങള്‍ ഇത്തവണ പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭിപ്രായം.  ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വ്യക്തമായ സമയ ക്രമത്തില്‍ അവ ഓരോന്നും നടപ്പാക്കുമെന്നും രാജീവ് പറയുന്നു.

അതേ സമയം ബിജെപി യുടെ പുതിയ രാഷ്ട്രീയ കരുനീക്കങ്ങളെ ഇരുമുന്നണികളും ഏറെ കരുതലോടെയാണ് വീക്ഷിക്കുന്നത്. എസ് എന്‍ ഡിപിയുമായുള്ള ബിജെപിയുടെ കൂട്ടുകെട്ട് എങ്ങനെയാവും തങ്ങളുടെ വോട്ട് ബാങ്കുകളില്‍ സ്വാധീനം ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ ഇരുമുന്നണികളും ആശങ്കാകുലരാണ്. എന്നാല്‍ അക്കാര്യം തുറന്നു പറയാന്‍ അവര്‍ ഒരുക്കവുമല്ല.

കൊച്ചിയെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതമായി ബിജെപിക്ക് സ്വാധീനമുള്ള പശ്ചിമകൊച്ചിയിലെ ചില സീറ്റുകളിലും, എറണാകുളം സെന്‍ട്രല്‍ ഡിവിഷനിലും അല്ലാതെ പനമ്പിള്ളി നഗര്‍, രവിപുരം പോലെയുള്ള ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഏറ്റുമുട്ടുന്ന താരമൂല്യമുള്ള സ്ഥലങ്ങളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളാവും ഫലം നിര്‍ണ്ണയിക്കുക. നിലവില്‍ രണ്ട് സീറ്റുകളാണ് ബിജപിക്ക് കൊച്ചി കോര്‍പ്പറേഷനില്‍ ഉള്ളത്.

ഒരു സീറ്റുള്ള തൃപ്പൂണിത്തുറയിലും മൂന്നു സീറ്റുള്ള ഏലൂരിലും നില മെച്ചപ്പെടുത്താനാവും എന്നു തന്നെയാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ശക്തമായി പ്രചരണ രംഗത്ത് ഇറങ്ങാനും ഇത്തവണ ബിജെപി കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. എറണാകുളത്ത് 1700 സ്ഥാനാര്‍ത്ഥികളാണ് എന്‍ ഡി എക്ക് ഉള്ളത്.

എറണാകുളം ജില്ലാ പഞ്ചായത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 2010ല്‍ 26 ഡിവിഷനുകളില്‍ 22 ഉം പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലാകട്ടെ ഒരണ്ണം മാത്രമാണ് ഇടതുമുന്നണിക്കൊപ്പം നിന്നത്.

ഇത്തവണ ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലും ശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെക്കുന്നത്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ പോലുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് അവര്‍ രംഗത്ത് ഇറക്കിയിരിക്കുന്നത്.

പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ എത്തി നില്‍ക്കുമ്പോള്‍ എറണാകുളം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ പിടിതരാത്ത വിധം പ്രവചനാതീതമാണ്. എങ്കിലും എല്ലാവരും അംഗീകരിക്കുന്ന ഒന്ന്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടുന്ന വോട്ടും, വിമതരും സ്വതന്ത്രരും പിടിക്കുന്ന വോട്ടും ആയിരിക്കും വിധി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍.

എന്തായാലും, ബാര്‍ കോഴയും ബീഫും കത്തി നില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെവികസന പ്രശ്‌നങ്ങളും അവിടെ നടക്കുന്ന വന്‍കിടപദ്ധതികളും വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുമോ എന്ന കാര്യം സംശയമാണ്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍