UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടതു മുന്നേറ്റത്തിന്റെ സൂചനകള്‍

Avatar

സാജു കൊമ്പന്‍

നീണ്ട കാലത്തെ വിജയങ്ങളുടെ വരള്‍ച്ചയില്‍ നിന്ന് സിപി എം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഇടതിന്‍റെ ജനകീയ അടിത്തറയില്‍ വിള്ളലുണ്ടായി എന്ന പ്രചരണത്തിന്റെ മുന ഒടിക്കുന്നതായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം. രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്ക്കെതിരെ വ്യാപകമായി ഉയര്‍ന്നു വരുന്ന പ്രതിഷേധത്തില്‍ മൃദു സമീപനം സ്വീകരിച്ചതും നിലപാടുകളിലെ വ്യക്തതയില്ലായ്മയും അമിതമായ ആത്മവിശ്വാസവും കോണ്‍ഗ്രസിനെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് എടുത്തെറിഞ്ഞപ്പോള്‍ മൂന്നാം മുന്നണി എന്ന സാധ്യത കൂടുതല്‍ ശക്തമായി മുന്നോട്ട് വെയ്ക്കാന്‍ അവരെ പ്രാപ്തമാക്കുന്നതായി ബി ജെ പിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ചില സൂചനകള്‍.

1. വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും അത് ശക്തമായ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ഇടതു പക്ഷം വിജയിച്ചു എന്നതിന്‍റെ പ്രത്യക്ഷ ഫലമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. ദാദ്രി കൊലപാതകവും ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംഘ പരിവാര്‍ സംഘടനകളുടെ കരി ഓയില്‍ പ്രയോഗവും വലിയ തോതില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതരാക്കിയിരുന്നു. രാജ്യത്തെ സാഹിത്യകാരന്മാരും ചലചിത്ര പ്രവര്‍ത്തകരും ചരിത്രകാരന്‍മാരുമെല്ലാം ശക്തമായ നിലപാടെടുത്ത് മുന്നോട്ട് വന്നപ്പോള്‍ ഇടതുപക്ഷം കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുകൊണ്ടു അതിന്റെ കൂടെ നില്‍ക്കുകയും ബി ജെ പിക്കെതിരെ തങ്ങളുടെ കുന്തമുന തിരിച്ചു വയ്ക്കുകയും ചെയ്തു. എന്നാല്‍ ആന്റണിയില്‍ നിന്നു വ്യത്യസ്തമായി കേരളത്തിലെ യു ഡി എഫിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഈ കാര്യത്തില്‍ മൃദു സമീപനമാണ് സ്വീകരിച്ചത്. ബി ജെ പിയെയും വെള്ളാപ്പള്ളിയെയും എതിര്‍ക്കുന്നതിലൂടെ സി പി എമ്മിന് നഷ്ടമാകുന്ന ഹിന്ദു വോട്ട് ന്യൂനപക്ഷ ഏകീകരണത്തിലൂടെ സ്വരൂപിക്കാം എന്ന അടവ് നയത്തിനേറ്റ അടി കൂടിയാണ് യു ഡി എഫിനേറ്റ പരാജയം.

2. വെള്ളാപ്പള്ളിയിലൂടെ ഉത്തരേന്ത്യന്‍ മോഡല്‍ ജാതി കാര്‍ഡ് ഇറക്കി കളിക്കാനുള്ള അമിത് ഷായുടെ പദ്ധതിക്കേറ്റ പരാജയമാണ് ഈ തെരഞ്ഞെടുപ്പിന്‍റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത. വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ അടക്കം ബിജെപി പിന്നോക്കം പോയി എന്നതാണ് കൌതുകകരമായ കാര്യം. ശ്രീനാരായണ ഗുരുവിനെ കുരിശേറ്റി എന്നാരോപിച്ച് സി പി എമ്മിനെതിരെ ബി ജെ പിയും വെള്ളാപ്പള്ളിയും പ്രചണ്ഡമായ പ്രചരണമാണ് അഴിച്ചു വിട്ടത്. പിണറായി വിജയന്‍റെ പൊതുയോഗത്തില്‍ അടക്കം യോഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഈ അപകട സന്ധി മനസിലാക്കിയ സി പി എം എല്ലാ ആനൈക്യവും മറന്നു അതിശക്തമായി വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിക്കുന്നതാണ് തുടര്‍ന്നു കണ്ടത്. മൈക്രോ ഫിനാന്‍സ് അഴിമതി, ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതോടെ വെള്ളാപ്പള്ളിയും ബി ജെ പിയും പ്രതിരോധത്തിലായി. തങ്ങളുടെ അടിത്തറ തകര്‍ക്കാനുള്ള ബി ജെ പി തന്ത്രത്തെ ശക്തമായി നേരിടാന്‍ സി പി എമ്മിന് കഴിഞ്ഞു എന്നതാണ് ഈ വിജയം സൂചിപ്പിക്കുന്നത്.   

3. ബി ജെ പി കൊണ്ടു പോവുന്നത് സി പി എമ്മിന്റെ വോട്ടായിരിക്കും  എന്ന കോണ്‍ഗ്രസിന്‍റെ മൂഢധാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞു വീണത്. തിരുവനന്തപുരം നഗര സഭ തന്നെ അതിന്റെ മുഖ്യ ഉദാഹരണം. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കാസര്‍ഗോഡും പാലക്കാടും ബി ജെ പി മുന്നേറ്റം സി പി എമ്മിനെ ബാധിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്‍റെ വോട്ടിലും ബി ജെ പി വന്‍ തോതില്‍ കടന്നു കയറിയിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

4. വികേന്ദ്രീകരണാസൂത്രണത്തിലും താഴെതട്ടിലുള്ള വികസനത്തിലുള്ള മരവിപ്പും തെരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും യു ഡി എഫിന്റെ അധീനതയിലായിരുന്നിട്ടും ഏകോപനത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി ഭാഗിച്ചെടുത്തതു മുതല്‍ ഈ തെറ്റായ പോക്ക് ആരംഭിച്ചിരുന്നു. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലും കുടുംബശ്രീ അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിലും മാലിന്യ സംസ്കരണം, തെരുവ് നായ വിഷയം പോലുള്ള ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശനങ്ങളെ കൈകാര്യം ചെയ്യുന്നതിലും നിലവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഇത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ എന്നതിലുപരി താഴെ തട്ടിലുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവിധിയായി മാറി. 

5. കെ എം മാണി പ്രതിയാണ് എന്നു പ്രഥമ ദൃഷ്ട്യാ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയ ബാര്‍കോഴ, ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും നിരവധി മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട സോളാര്‍, കടകംപള്ളി-കളമശേരി ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ യു ഡി എഫിനേ പിടിച്ചുകുലുക്കുകയുണ്ടായി. എന്നാല്‍ ധാര്‍മികതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാട്. ഇതും ഈ ജനവിധിയില്‍ ചെറുതല്ലാത്ത രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

6. അരുവിക്കര തെരഞ്ഞെടുപ്പോടെ തുടര്‍ ഭരണ സ്വപ്നത്തില്‍ മുഗ്ധരായ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വഴക്കും അതിനെ തുടര്‍ന്നുണ്ടായ വിമത നീക്കങ്ങളും ശക്തമായി. അത് പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അനൈക്യവും മുറിവുകളും ഉണ്ടാക്കി എന്നതാണ് യാഥാര്‍ഥ്യം. അത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്ന് മുന്നണിയിലും വ്യാപിച്ചു എന്നതാണ് 24 ഓളം പഞ്ചായത്തുകളില്‍ മലപ്പുറത്ത് ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എതിരിട്ടതില്‍ നിന്നു തെളിഞ്ഞത്. ഇത് അതാത് സ്ഥലങ്ങളില്‍ മാത്രമല്ല സംസ്ഥാനമൊട്ടാകെ മുന്നണിയില്‍ ഐക്യമില്ല എന്ന തോന്നല്‍ ഉണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു എന്നു വേണം കരുതാന്‍. 

7.സി പി എമ്മിനകത്തെ ഐക്യവും വി എസിന് പ്രചാരണ രംഗത്ത് നല്കിയ പൂര്‍ണ്ണ സ്വാതന്ത്ര്യവും ഇടതു മുന്നണിയുടെ മുന്നേറ്റത്തില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വി എസിന്‍റെ പ്രചാരണ യോഗങ്ങള്‍ വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. പൊതുവേ കുറച്ചുകാലങ്ങളായി ഇടതുമായി അകന്നു നിന്നവരെ തിരിച്ചു കൊണ്ടുവരാനും സി പി എമ്മിന്‍റെ ഐക്യത്തിലൂടെ സാധിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെ പാര്‍ട്ടിയില്ല എന്ന തരത്തില്‍ താഴെതട്ടില്‍ കൊടുത്ത ജാഗ്രത നിര്‍ദേശവും ഫലം കണ്ടു എന്നു വേണം കരുതാന്‍. കൂടാതെ ജനകീയ ജൈവ പച്ചക്കറി, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ജനങ്ങളുമായി നഷ്ടപ്പെട്ട ഇഴയടുപ്പം വീണ്ടെടുക്കാന്‍ സി പി എമ്മിനെ സഹായിച്ചിട്ടുണ്ട്.

8. മൂന്നാം ശക്തിയാണ് തങ്ങളെന്ന് പറയാന്‍ സാധിക്കുന്ന തരത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും എസ് എന്‍ ഡി പി-ബി ജെ പി കൂട്ടുകെട്ട് പൂര്‍ണ്ണമായും ചാപിള്ളയായി പോയതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. കൂടാതെ തീവ്ര ഹിന്ദുത്വത്തിലൂടെ കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിയില്ല എന്ന് ഒരിക്കല്‍ കൂടി ബി ജെ പിയെ ഈ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നുണ്ട്.

മാസങ്ങള്‍ക്കുളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഡ്രസ് റീഹേര്‍സല്‍ ആയ ഈ തെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു. അരുവിക്കരയോടെ ഭരണ തുടര്‍ച്ച പ്രതീക്ഷിച്ചിരുന്ന യു ഡി എഫിന് കനത്ത തിരിച്ചടിയായി മാറി ഈ തെരഞ്ഞെടുപ്പ്. ഇത് മുന്നണിയുടെ കെട്ടുട്ടുറപ്പിനെ മാത്രമല്ല കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരിനെയും മൂര്‍ഛിപ്പിക്കും. ബാര്‍ കോഴ പാലയില്‍ ഏശിയില്ല എന്ന കെ എം മാണിയുടെ പ്രതികരണം പരാജയത്തിന്റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവെയ്ക്കാന്‍ അനുവദിക്കില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ്. ബാര്‍ കോഴ വിഷയത്തില്‍ ഉണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവെക്കണം എന്നാവിശ്യപ്പെടാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുള്ള ഒരു മുഴം മുന്നേയുള്ള എറാണ് മാണി നടത്തിയത്. അതോടൊപ്പം ഇത് യു ഡി എഫ് ഗവണ്‍മെന്റിന്റെ ഭരണത്തിന്‍റെ വിലയിരുത്തലായിരിക്കും എന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ തെരഞ്ഞെടുപ്പ് ഫലം കീറാമുട്ടി ആയിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

ഇടതുപക്ഷത്തെ പ്രത്യേകിച്ചും സി പി എമ്മിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആത്മവിശ്വാസം നല്‍കുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയിലെ അനൈക്യത്തെ താല്‍ക്കാലികമായി പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമല്ല ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രാദേശിക ജനപ്രതിനിധികളെ താഴെതട്ടില്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ വെള്ളാപ്പള്ളി എന്ന ഭീക്ഷണി ഒന്നുമല്ലെന്നും തെളിയിക്കാനും മുന്നണിക്കായി. സംഘ പരിവാറിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ നിലപാട് എടുക്കുക വഴി ന്യൂനപക്ഷത്തിനിടയില്‍ ഒരു അനുകൂല മനോഭാവം സൃഷ്ടിക്കാനും ഇടതു മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. 

ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിയമ സഭയില്‍ അക്കൌണ്ട് തുറക്കുക എന്ന ചിരകാല അഭിലാഷത്തിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ വിലയിരുത്തുക. തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് കേന്ദ്രീകരിച്ച് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനും കൂടുതല്‍ മത-സാമുദായിക-രാഷ്ട്രീയ കക്ഷികളെ തങ്ങളുടെ കുടക്കീഴില്‍ അണിനിരത്താനും ഇനിയുള്ള മാസങ്ങളില്‍ ബി ജെപി ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍