UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് വിജയം (കിറ്റക്സ് മോഡല്‍) മലയാളിയുടെ കരണത്തേറ്റ അടി

Avatar

ശ്രീനാഥ്‌ പുത്തന്‍പുരക്കല്‍

കേരള ജനതയുടെ മുന്നില്‍ ഒരുപാട് ചൂണ്ട് പലകകള്‍ തെക്ക് മുതല്‍ വടക്ക് വരെ നിരന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കേസ് ക്രിമിനല്‍ ആയാലും സിവില്‍ ആയാലും ജുഡിഷ്യറി അല്ല ജനങ്ങളുടെ കോടതി ആണ് വിധി പറയാന്‍ അര്‍ഹര്‍ എന്ന് കണ്ണിറുക്കി, കൌശലത്തോടെ ബ്ബ ബ്ബ എന്ന് പറഞ്ഞു ഇത് വരെ “അരുവികള്‍” നീന്തിക്കയറിയ, അധികാരത്തിന് വേണ്ടി എന്ത് കൊള്ളരുതായ്മകളും കണ്ണടച്ച് മറയ്ക്കുന്നതാണ് പ്രായോഗിക രാഷ്ട്രീയം എന്ന് തിരുത്തിയെഴുതിയ, ഒട്ടകപക്ഷികളുടെ നീണ്ട കഴുത്ത് ജനമെന്ന കഴുതയുടെ നല്ലൊരു തൊഴിയില്‍ ഒടിഞ്ഞു വീണത്‌ നാം കണ്ടു.  എന്തായാലും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് ശരിക്കുമുള്ള ജനം ആരാണെന്നു പിടി കിട്ടി. അറിഞ്ഞോ അറിയാതെയോ ജനങ്ങളില്‍ ആര്‍ജിക്കപ്പെട്ട മത  വികാരങ്ങളുടെ ഉപയോഗത്തിലൂടെ പൊതുശത്രുവിനെ അവതരിപ്പിക്കുകയും, ആ ശത്രുവിനെതിരെ സംഘടിക്കേണ്ടതിന്‍റെ  ആവശ്യകതയെക്കുറിച്ചു നിരന്തരം പ്രബോധനം നടത്തി, അവകാശങ്ങള്‍ക്ക് മുന്നില്‍ വിലങ്ങു തടി ആകുന്ന അല്ലെങ്കില്‍ അവകാശങ്ങള്‍ അനര്‍ഹമായി തട്ടിക്കൊണ്ട് പോകുന്ന അപരനെതിരെ പൊരുതുന്നത് തങ്ങളാണെന്ന് വരുത്തി തീര്‍ത്തപ്പോള്‍ കൂടെ കൂടിയവരുടെ എണ്ണം കൂടിയെന്ന് ബി.ജെ.പി തെളിയിച്ചു. എസ്. എന്‍. ഡി. പി എന്ന സംഘടനയുടെ നിര്‍ലോഭമായ ആശ്ലേഷം മതേതരമായി ചിന്തിക്കുന്നവരുടെ ഇടയില്‍ ഒരു അശ്ലീലം പോലെ ആയിരുന്ന ആര്‍ എസ് എസിന് ഒരല്പം സ്വീകാര്യത നല്കാതിരുന്നില്ല. കോണി കയറാന്‍ മാത്രമല്ല ഇറങ്ങാനും ഉള്ളതാണെന്ന് ലീഗും തെളിയിച്ചു. രാഷ്ട്രീയം പറഞ്ഞ ഇടതു കക്ഷികളെ ജനം വിശ്വാസത്തിലെടുത്തു എന്ന് വേണം കരുതാന്‍.

കേരള ജനത മിക്കപ്പോഴും അപവാദമായിരുന്നു, പൊതുബോധം ഇതുപോലെ ആയിരിക്കും എന്ന് പറഞ്ഞു കള്ളികളില്‍ പെടുത്തിയപ്പോള്‍ അവര്‍ കലഹിച്ചു പുറത്തു ചാടിയിട്ടുണ്ട്. കുറെ ആത്മാക്കളെ മഴയത്ത് നിര്‍ത്തി എന്ന് ആരോപിതനായ കെ. കരുണാകരനെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിട്ടില്ലേ?  മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ സഖ്യ കക്ഷികളിലൂടെ നില നിര്‍ത്താന്‍ കഴിയുമ്പോള്‍  ബി.ജെ.പി നേടുക സി. പി എമ്മിന്‍റെ വോട്ടുകള്‍ ആയിരിക്കും എന്ന അരുവിക്കര ഫോര്‍മുല  കോണ്‍ഗ്രസിന്‌ വിജയം നേടി കൊടുക്കും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷെ മലയാളി അവന്‍റെ ഗുണം കാണിച്ചു.

കേരളീയരുടെ രാഷ്ട്രീയ ബോധത്തിന് കനത്ത തിരിച്ചടി എന്ന് കരുതുന്നത് കിഴക്കമ്പലം പഞ്ചായത്തിലെ  ട്വന്റി 20 എന്ന സംഘടനയുടെ  വിജയമാണ്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി (സി. എസ്. ആര്‍) എന്ന പദം നമുക്ക് അത്ര വലിയ പരിചയമില്ലെങ്കിലും അപരിചിതത്വം ഉണ്ടാകാന്‍ വഴിയില്ല. വേദാന്തയെ പോലുള്ള കോര്‍പറേറ്റുകള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നു എന്നുള്ള വാദം വരുമ്പോള്‍ ഉയരുന്ന എതിര്‍ വാദങ്ങളില്‍ ഒന്നാണല്ലോ അവര്‍ തദ്ദേശവാസികള്‍ക്കായി  കെട്ടിപ്പപടുക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ സൌകര്യങ്ങളും വിദ്യാഭ്യാസ ആശുപത്രി സമുച്ചയങ്ങളുടെ കണക്കുകള്‍. കമ്പനീസ് ആക്ട്‌-2013, ലെ സി എസ് ആറുമായി ബന്ധപ്പെട്ട ക്ലോസുകള്‍ പ്രകാരം അതിനു വേണ്ടി ചിലവഴിക്കുന്ന തുക ഉത്തരവാദിത്തമാണ്, അല്ലാതെ സൌജന്യങ്ങളോ ഔദാര്യമോ എന്ന് ആരെങ്കിലും തെറ്റിധരിപ്പിച്ചു വശായിട്ടുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടതുണ്ട് (തെറ്റിധരിപ്പിക്കല്‍ ഒരു ദേശീയ രൂപമായി ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നതിനു മുന്‍പ് തന്നെ). ഒരു പഞ്ചായത്തിലെ ഭരണം പിടിച്ചടക്കാന്‍ കിറ്റെക്സ്‌ എന്ന കമ്പനിക്ക് തങ്ങളുമായി ബന്ധപ്പെട്ട ട്വന്റി 20 എന്ന സംഘടനയിലൂടെ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇതൊരു (അ)രാഷ്ട്രീയ പരീക്ഷണമായി കണക്കിലാക്കിയാല്‍ മതി. നിയമസഭക്കും പാര്‍ലമെന്റിനും പുറത്തിരുന്നു രാഷ്ട്രീയ ഉപജാപങ്ങള്‍ നടത്തിയിരുന്ന കോര്‍പ്പറേറ്റുകള്‍ അധികാരത്തിലെത്താന്‍ ഇന്ന് വേറൊരു എളുപ്പ വഴി കണ്ടിത്തിയിരിക്കുന്നതല്ലെന്നു എങ്ങനെ ഉറപ്പിച്ചു പറയും. പണം കൊണ്ട് രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുന്നതിലും എളുപ്പം അധികാര കേന്ദ്രത്തിലെ സ്വയം പ്രതിഷ്ഠ ആണെന്നുള്ള തിരിച്ചറിവ് ചില്ലറ കാര്യമല്ല. തങ്ങള്‍ പ്രായോജകര്‍ ആയിട്ടുള്ള പ്രതിനിധികള്‍ തങ്ങളുടെ നേര്‍ക്ക്‌ തിരിയില്ല എന്ന ആത്മവിശ്വാസത്തിന് പുറമേ നിര്‍മിച്ചെടുക്കുന്ന ഗുഡ് വില്ലിനു എന്നും കമ്പനികളുടെ ആസ്തികളുടെ പട്ടികയില്‍ തന്നെ ആയിരിക്കും സ്ഥാനം.

കാരുണ്യം വിളമ്പാന്‍ മുഖ്യമന്ത്രി തന്നെ ആഘോഷമേളകള്‍ നടത്തുന്ന ഒരു സംസ്ഥാനത്തിന് എന്നും ഇത്തരം പരീക്ഷണത്തിന്‌ അര്‍ഹതയുണ്ട്. കണ്ണുനീരില്‍ ഖദര്‍ നനയുമ്പോള്‍ അത് ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ മത്സരിക്കുന്ന, ആ കാഴ്ചകള്‍ കണ്ടു നേതാവിന് ജയ് വിളിക്കുന്ന ആളുകളുള്ള ഒരു ദേശത്തിന് എന്നും അര്‍ഹതയുണ്ട് ഇത്തരം സംവിധാനങ്ങളെ. കോണ്‍ഗ്രസ്സിനും ബി ജെ പിക്കും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും, മറ്റു കക്ഷികളുടെയും പിന്നിലും മുന്നിലും അണി നിരന്നു രാഷ്ട്രീയം പറഞ്ഞവര്‍ ടാറ്റക്കും അദാനിക്കും അംബാനിക്കും പിന്നില്‍ അണി നിരക്കുന്ന കാഴ്ച അത്ര വിദൂരമല്ലെന്ന സന്ദേശമാണ് ട്വന്റി 20 കിഴക്കമ്പലത്ത് നിന്ന് ഇന്ത്യയോട് വിളിച്ചു പറയുന്നത്.

മുഖ്യധാര കക്ഷിരാഷ്ട്രീയത്തിനുമപ്പുറം ശ്രദ്ധ നേടുന്ന മറ്റ് ചില വിജയങ്ങള്‍, ചില ചലനങ്ങള്‍  പരാമര്‍ശിക്കാതെ പോകുന്നത് നീതിയല്ല. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ വിജയം. രാത്രിയിലും പകലിലും ചാനലുകള്‍ക്ക് മുന്നില്‍ നിന്ന് ആത്മാഭിമാനത്തോടെ സംവദിച്ച ആ മുഖം മറക്കുന്നതെങ്ങനെ? നിലനില്‍പ്പിനായി സ്വന്തം ജീവിതം മുന്നില്‍ വെച്ചു പോരാടിയ ആ തൊഴിലാളി മുന്നേറ്റം വ്യവസ്ഥാപിത തൊഴിലാളി യൂണിയനുകളുടെ തെറ്റ് തിരുത്തല്‍ രേഖയിലെ ( അങ്ങനെ ഒരു രേഖയോ, തെറ്റുകള്‍ സംഭവിച്ചു എന്ന ഒരു ബോധം ഉണ്ടെങ്കിലോ) അടിക്കുറിപ്പാണ്. ഏതൊരു സാധരണക്കാരന്റെയും വിജയമായി ആഘോഷിക്കപ്പെടെണ്ടതാണ് ഗോമതിയുടെ വിജയം.

(അനാഥരായ കുട്ടികളുടെ ഇടയിലുള്ള ഒരു  ഗവേഷണ പ്രൊജെക്റ്റിന്റെ മേല്‍നോട്ട ചുമതലയുമായി ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍