UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ഷര നഗരിയുടെ അധ്യക്ഷ ഡോക്ടറാണ്

Avatar

അഖില്‍ രാമചന്ദ്രന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

അക്ഷരനഗരിയുടെ പ്രഥമ പൗരയായി സ്ഥാനമേറ്റിട്ട് ഏതാനും ദിവസമായിട്ടേ ഉളളുവെങ്കിലും പ്രവര്‍ത്തനരംഗത്ത് കര്‍മനിരതയായി കഴിഞ്ഞു പുതിയ ചെയര്‍പേഴ്സണ്‍ ഡോ. സോന പി.ആര്‍. പ്രസരിപ്പ് കൊണ്ടും ചുറുചുറുക്ക് കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. അധ്യാപിക കവിതയും കഥയും നെഞ്ചിലേറ്റുന്ന ഭാഷാസ്‌നേഹി അങ്ങനെ അക്ഷര നഗരിക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒത്തിണങ്ങി കിട്ടിയ യുവത്വത്തിന്റെ പ്രതീകം.കോട്ടയം നഗരസഭയുടെ ചെയര്‍പേഴസണായി സ്ഥാനമേറ്റ സോന അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുന്നു.  

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. പ്രഥമ പൗരയായി സ്ഥാനമേറ്റെടുത്ത ദിവസം തന്നെ ഡോക്ടറേറ്റ് ലഭിച്ച യുവഗവേഷക. ഡോക്ടറേറ്റുളള സംസ്ഥാനത്തെ ഏക മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. സോനയുടെ സ്ഥാനാരോഹണം മാധ്യമങ്ങള്‍ ആഘോഷിച്ചത് ഈ വിശേഷണങ്ങളോടെ ആയിരുന്നു. ഏറ്റെടുക്കുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്ന പ്രകൃതം. ആരെയും മുഷിപ്പിക്കാത്ത സംസാരം,മുഖത്ത് തെളിഞ്ഞ് നില്‍ക്കുന്ന പുഞ്ചിരി. ഇതിനെല്ലാം അപ്പുറത്ത് അക്ഷരനഗരിക്കാര്‍ പറയും ‘ ഞങ്ങളുടെ ചെയര്‍പേഴ്‌സണ്‍ ഡോക്ടറാണ്’.

ഏറണാകുളം നോര്‍ത്ത് പറവൂരുകാരിയായ സോന ഭര്‍ത്താവ് ഷിബു പുത്തന്‍പറമ്പിലിന്റെ ജിവിതത്തിലേക്ക് കടന്ന് വന്നതോടു കൂടിയാണ് കോട്ടയംകാരിയാവുന്നത്. കോട്ടയം നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തേക്ക് എത്തുന്നിടം വരെ രാഷ്ട്രീയത്തെപ്പറ്റിയോ ഭരണത്തെപ്പറ്റിയോ കാര്യമായി ചിന്തിച്ചിരുന്നില്ലായെന്ന് സോന പറയുന്നു. വാര്‍ഡിന് പുറത്ത് നിന്നൊരാളെ തങ്ങളുടെ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതിന് പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മാന്നാനം കെ.ഇ.കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന സോന ധൈര്യസമേതം പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും ആവശ്യം ഏറ്റെടുക്കുകയും ചെയ്തു. ‘രാഷ്ട്രീയത്തില്‍  പ്രവര്‍ത്തിച്ചുളള മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ കുട്ടികളെ പഠിപ്പിച്ചിരുന്നതിനാല്‍  ഒരു വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുളള ഭയം തോന്നിയില്ല. ആളുകള്‍ക്ക് മുന്‍പില്‍ പ്രസംഗിക്കുന്നതിനും പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇത്തിരി പ്രയാസം തന്നെയാണ്. പ്രചാരണ രംഗത്ത് സജീവമായപ്പോള്‍ തന്നെ ജയിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വലിയ പിരിമുറുക്കമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ജീവിതത്തിന് അല്‍പ്പം തിരക്കേറിയ പോലെ തോന്നുന്നുണ്ട്. ആളുകളുടെ പൊതുപ്രശ്‌നങ്ങളിലും മറ്റും ഇടപെടാന്‍ സന്തോഷമേയുളളു. കോട്ടയത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ എല്ലാവരെയും ഒത്തൊരുമിച്ച് നിര്‍ത്തി കൊണ്ട് പ്രശ്‌ന പരിഹാരങ്ങള്‍്ക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കും’, സോന പറയുന്നു.

അക്ഷരനഗരിയുടെ ചെയര്‍പേഴസണാണെങ്കിലും അധ്യാപനമാണോ രാഷ്ട്രീയമാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഉടനെയെത്തി മറുപടി അധ്യാപനം തന്നെ. ‘രാഷ്ട്രീയം ഒരല്‍പ്പം കട്ടിയാണ്. വിശ്വാസമര്‍പ്പിച്ച ഒരു വലിയ സമൂഹത്തോട് എപ്പോഴു പ്രതിജ്ഞാബദ്ധയായിരിക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ ഉത്തരവാദിത്വമുണ്ട്. ‘നോവലും സ്ഥലവും- എം.മുകുന്ദന്‍,സാറാ ജോസഫ്, എന്‍.എസ്.മാധവന്‍ എന്നുവരുടെ നോവലുകള്‍ ആധാരമാക്കിയുളള പഠനം ‘എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. മലയാള ഭാഷയോട് പണ്ട് മുതല്‍ക്കേ ഒരടുപ്പമുണ്ട്. സ്‌കൂളില്‍ എന്‍എസ്എസ്സില്‍ അംഗമായിരുന്നു. എന്‍എസ്എസ്സിലുണ്ടായിരുന്ന ചില കുട്ടികള്‍ നന്നായി കവിത ചൊല്ലിയിരുന്നു. ആ കവിതകള്‍ കേട്ടാണ് മലയാളത്തെ സ്‌നേഹിച്ച് തുടങ്ങിയത്. ഇപ്പോഴും കവിതകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. ആലുവ യുസി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും,എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. എം ഫില്‍  പൂര്‍ത്തിയാക്കിയത്  ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയി ല്‍ നിന്നാണ്. പഠിച്ചിരുന്ന കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുളള അവസരമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അക്കാലത്ത് ഏതെങ്കിലും പാര്‍ട്ടി എന്നതിനേക്കാള്‍ വ്യക്തികളെ നോക്കിയായിരുന്നു ഞാന്‍ സമ്മതിദാന അവകാശം പോലും വിനിയോഗിച്ചിരുന്നത്. പില്‍ക്കാലത്ത് എപ്പോഴെങ്കിലും രാഷ്ട്രീയത്തില്‍ വരണമെന്നോ വരുമെന്നോ ചിന്തിച്ചിരുന്നില്ല. ഇന്ന് സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്ക് കടന്ന് വരുന്നുണ്ട്. കുടുംബശ്രീ പോലുളള പദ്ധതികള്‍ സ്ത്രീശാക്തീകരണത്തിന് ഏറെ സഹായകരമായി. നല്ലൊരു ശതമാനം സ്ത്രീകള്‍ ഇന്ന് അടുക്കള വിട്ട് അരങ്ങത്തേക്ക് വരാന്‍ തയ്യാറായിരിക്കുന്നു.’

വായനയും എഴുത്തും തന്നെയാണ് ഏതൊരു ഭാഷാസ്‌നേഹിയുടെ പോലെ തന്നെ സോനയുടെയും വ്യക്തിപരമായ ഇഷ്ടങ്ങള്‍. ഇഷ്ടമില്ലാത്തതെന്തെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ആരെയും ഉപദേശിക്കാന്‍ ഇഷ്ടമില്ലായെന്നതായിരുന്നു. പറയുന്ന വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന ആളാണ് സോന. മത്സരരംഗത്ത് എത്തിയപ്പോഴും അധ്യാപനം ഉപേക്ഷിക്കാതെ മുന്‍പോട്ട് പോകാമെന്നായിരുന്നു കരുതിയിരുന്നത്.എന്നാല്‍ ചെയര്‍പെഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് തല്‍ക്കാലത്തേക്ക് അധ്യാപനത്തെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് . കോട്ടയത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് അക്ഷരനഗരിയുടെ വികസന കുതിപ്പിന് ആക്കം വര്‍ദ്ധിപ്പിക്കാന്‍ ഡോക്ടറായ ഈ ചെയര്‍പേഴ്‌സണ് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

(മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് അഖില്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍