UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം; ഫൈനല്‍ കൊഴുക്കും, സംശയം വേണ്ട

Avatar

ജിജി ജോണ്‍ തോമസ്‌

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥ്യം ആര്‍ക്കെന്നു നിശ്ചയിക്കുന്നതില്‍ ഉപരി, നിയമസഭാ തെരെഞ്ഞെടുപ്പിന് കേവലം ആറു മാസം മാത്രം അവശേഷിക്കുന്ന കാലായളവില്‍ നടന്ന തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ് പല രാഷ്ട്രീയ കഷികള്‍ക്കും പ്രാധാന്യം അര്‍ഹിക്കുന്നത് ആയിരുന്നു. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പു വിജയത്തിനു ശേഷം ഒരു തെരെഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഐക്യ ജനാധിപത്യ മുന്നണിക്കുമേല്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിയാതിരുന്ന ഇടതു മുന്നണിക്കായിരുന്നു ഈ തെരെഞ്ഞെടുപ്പു ഏറെ നിര്‍ണായകം. പുതിയ പരീക്ഷണങ്ങളിലൂടെ സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ ബദ്ധ ശ്രദ്ധരായ ബി.ജെ.പിയ്ക്കും പലതും തീരുമാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ തെരെഞ്ഞെടുപ്പ്. 2009 മുതല്‍ സംസ്ഥാനത്തു തുടര്‍ച്ചയായിവിജയം നേടുന്ന ഐക്യ മുന്നണിക്ക് ജയം തുടരാനായിരുന്നെങ്കില്‍ അരുവിക്കരയില്‍ തുടക്കമിട്ട ഭരണത്തുടര്‍ച്ചാ വാദം ഊട്ടി ഉറപ്പിക്കാനാകുമായിരുന്നു എന്ന നിലയ്ക്കായിരുന്നു തദ്ദേശ തെരെഞ്ഞെടുപ്പ് പ്രാധാന്യം.

2009 ലോക്‌സഭാ തെരെഞ്ഞെടുപ്പു മുതല്‍ ഇടതു മുന്നണി നേരിട്ട തിരിച്ചടി ഈ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍, അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണിയെ വെല്ലുവിളിക്കാന്‍ പോന്ന ഒരു ശക്തിയല്ല സംസ്ഥാനത്ത് അവരെന്ന തരത്തില്‍ തന്നെ വിലയിരുത്തപ്പെടുമായിരുന്നു. അതു സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ബി.ജെ.പിക്ക്, സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എതിരിടാന്‍ തങ്ങളെയുള്ളൂ എന്ന മട്ടില്‍ സ്വയം പ്രതിഷ്ഠിക്കാനും ഒരു പക്ഷേ അവസരമേകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഭാവിയില്‍ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യുമായിരുന്നു. ഇത്തരമൊരു സഹചര്യം മുന്‍കൂട്ടി കണ്ട് അത്യധികം ജാഗ്രതയോടും അതിലേറെ കെട്ടുറപ്പോടുമാണ് ഇടതു മുന്നണി തെരെഞ്ഞെടുപ്പിനെ നേരിട്ടത്. അതിന്റെ നേട്ടം അവര്‍ കൊയ്യുക തന്നെ ചെയ്തു.

2009-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പു കാലയളവു മുതല്‍ ഇടതു ഭരണ നേതൃത്വത്തില്‍ നിന്ന് വി.എസ്.അച്യുതാനന്ദന്‍ ഒഴിവാക്കപ്പെടും എന്ന ധാരണ പ്രബലമായിരുന്നു. എന്നാല്‍ ഓരോ പ്രതിസന്ധിയും സമര്‍ത്ഥമായി അതിജീവിച്ച വി.എസ്. ഇക്കുറി ഇടതു മുന്നണിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവും പ്രചാരകനുമായി മാറി എന്നതാണ് ശ്രദ്ധേയം. സി.പി.എമ്മിന്റെ ഔദ്യോഗിക പക്ഷം വി.എസിനെ വെട്ടി നിരത്താന്‍ ആവുന്നതെല്ലാം ചെയ്തിരുന്നതിനാല്‍ ഇനിയധികനാള്‍ വി.എസിനു പിടിച്ചു നില്‍ക്കാന്‍ ആവില്ലയെന്ന തോന്നലിനിടയിലാണ് വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പ്രവേശനം. ഈഴവ വിഭാഗത്തില്‍ സി.പി.എമ്മിനെ പിന്തുണച്ചു വന്നിരുന്നവരില്‍ നിന്ന് വെള്ളാപ്പള്ളി – ബി.ജെ.പി സഖ്യത്തിലേക്കു ശക്തമായ തോതില്‍ ഒഴുക്കുാകുമോ എന്നു ശങ്കിച്ച്, എന്തു ചെയ്യണം, എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ പാര്‍ട്ടി നേതൃത്വം പരുങ്ങി നിന്നപ്പോള്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായി ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ അതിശക്തമായി നിലയുറപ്പിച്ച് വി.എസ്. സി.പി.എമ്മിന്റെ രക്ഷകനായി, ഒപ്പം സ്വന്തം സ്ഥാനം ഒരിക്കല്‍ കൂടി സമര്‍ത്ഥമായി പരിരക്ഷിക്കുകയും ചെയ്തു.

അതിനു ശേഷം സമീപ കാലങ്ങളില്‍ ദൃശ്യമായിട്ടില്ലാത്തവിധമുള്ള യോജിപ്പാണ് ഇടതു പക്ഷത്തു പ്രകടമായത്. ഔദ്യോഗിക പക്ഷത്തു നിന്നുള്ള ആരും വി.എസിനെ അലോസരപ്പെടുത്തിയില്ല. മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കെ, തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു ചരിത്രത്തിലേക്കും വലിയ പരാജയം സമ്മാനിച്ച വി.എസ്. ഇത്തവണ അവരുടെ തിരിച്ചു വരവില്‍ നിര്‍ണായക പങ്കു വഹിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രചാരക സ്ഥാനത്തിനപ്പുറം എന്തെങ്കിലും വി.എസിനു നല്‍കാന്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷം തയ്യാറാകുമോ എന്നു കണ്ടറിയുക തന്നെവേണം.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ദേശീയ തലത്തില്‍ തിളക്കമാര്‍ന്ന ജയം നേടിയപ്പോഴും കേരളം താമരയോട് മുഖം തിരിച്ചു നിന്നു. ശക്തമായ ഇടതു- വലതു രാഷ്ട്രീയ ധ്രുവീകരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജയസാദ്ധ്യതാ തലത്തിലേക്കു പാര്‍ട്ടിയെ പ്രതിഷ്ഠിക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുന്നതിനാല്‍, പാര്‍ട്ടിയോട് അനുഭാവമുള്ളവര്‍ തന്നെ അവര്‍ക്കു വോട്ടു ചെയ്യാന്‍ മടിക്കുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള ഉരകല്ല് എന്ന നിലയിലാണ് ബി.ജെ.പി. തദ്ദേശ തെരെഞ്ഞെടുപ്പിനെ സമീപിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയും എന്നു കേരളീയരെ, പ്രത്യേകിച്ചു ബി.ജെ.പി.അനുഭാവികളെ, ബോദ്ധ്യപ്പെടുത്തുകയാണ് വിജയത്തിന് ആദ്യം വേണ്ടതെന്ന ബോധ്യത്തിലാണ് അത്തരമൊരു സാഹചര്യത്തിനുതകും വിധം രാഷ്ട്രീയ സഖ്യത്തിന് ബി.ജെ.പി. ദേശീയ നേതൃത്വം മുന്‍കൈ എടുത്തത്. ഏതെങ്കിലുമൊരു ബാന്ധവമില്ലെങ്കില്‍ സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന് അടുത്ത ദശകത്തിലും പറഞ്ഞു കൊണ്ടിരിക്കുകയേ ഉള്ളൂ എന്ന് ബോധ്യപ്പെട്ട ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനത്തു പാര്‍ട്ടിക്ക് വിജയിക്കാന്‍ വേണ്ട -ഒരു ‘ബ്രേക് ഈവനു’ള്ള – വഴികളാണ് ആരാഞ്ഞത്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലായുള്ള ഇരുപതിനായിരത്തിലേറെ അംഗങ്ങളില്‍ കേവലം അഞ്ഞൂറില്‍ പരം അംഗങ്ങളെ മാത്രം കഴിഞ്ഞ തവണ സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നുള്ളൂ. കേന്ദ്രത്തില്‍ തനിച്ച് അധികാരത്തിലേറും വിധം ബി.ജെ.പി വളര്‍ന്ന, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍, അവര്‍ക്ക് കഴിഞ്ഞ തവണത്തേതില്‍ നിന്നു കാര്യമായ ഒരു വളര്‍ച്ച ഉണ്ടാകുമെന്നതില്‍ സംശയം ഉണ്ടായിരുന്നില്ല. ബി.ജെ.പി.യുടെ വളര്‍ച്ചയ്‌ക്കൊപ്പം ബി.ജെ.പി.- വെള്ളാപ്പള്ളി സഖ്യത്തിന്റെ സ്വീകാര്യതയും ചര്‍ച്ച ചെയ്യപ്പെട്ട തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി. കൈവരിച്ച നേട്ടം ആരുടെ സംഭാവനയാണെന്നതാണെന്നത് അടുത്ത നിയമ സഭാ തെരെഞ്ഞെടുപ്പിലെ സഖ്യ നിര്‍ണയത്തില്‍ നിര്‍ണായകമാകും.

വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യ ആഹ്വാനവും, എസ്.എന്‍.ഡി.പി. യോഗം പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്കൊപ്പം നിലയുറപ്പിക്കും എന്ന സൂചന നല്‍കിയതും ബി.ജെ.പിയുടെ വിജയ സാദ്ധ്യതാ പരിവേഷം വര്‍ദ്ധിപ്പിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, എസ്.എന്‍.ഡി.പി.യ്ക്ക് വ്യക്തമായ സ്വാധീനമുള്ള ആലപ്പുഴയിലും, കൊല്ലത്തും ബി.ജെ.പിക്ക് കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ല. ഇതില്‍ നിന്നും ഈഴവരില്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ വി.എസിനാണു വില കൊടുത്തത് എന്ന് കരുതേണ്ടി വരുന്നു. തിരുവനന്തപുരം നഗരസഭയിലുള്‍പ്പടെ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചയിടങ്ങളില്‍ കാര്യമായ തോതില്‍ എസ്.എന്‍.ഡി.പി.യുമായി സഖ്യമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സവര്‍ണ ഹിന്ദുക്കള്‍ കൂടുതലായൂള്ള മേഖലകളിലാണ് ബി.ജെ.പിക്ക് കൂടുതല്‍ നേട്ടം കൈവരിയ്ക്കാനായിട്ടുള്ളത്.

നിരവധി ആരോപണങ്ങള്‍ നിരന്തരം നേരിട്ട ഐക്യമുന്നണി അതിനിടയിലും വിജയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് അമിത ആത്മ വിശ്വാസം പകര്‍ന്നതും പ്രവര്‍ത്തകര്‍ ആലസ്യത്തിലാണ്ടതുമാണ് അവര്‍ പരാജയപ്പെടാന്‍ കാരണമെന്ന ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ കണ്ടെത്തല്‍ ജനകീയ തിരിച്ചടിയെ ലളിതവത്കരിക്കുകയാണ്. കേവലം രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഐക്യമുന്നണി, ഉമ്മന്‍ ചാണ്ടി എന്ന ഒറ്റയാള്‍പട്ടാളത്തിന്റെ മേല്‍ വിലാസത്തിലാണ് നാളിതു വരേയും തെരെഞ്ഞെടുപ്പു വിജയങ്ങള്‍ നേടിവന്നത്. തദ്ദേശ സഭകളിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വിജയം തുടരാന്‍ അതു മതിയാകുമായിരുന്നില്ല എന്ന പാഠവും യു.ഡി.എഫ് നേരിട്ട തിരിച്ചടി നല്‍കുന്നു.

എന്നാല്‍ ഒരു കാര്യം വ്യക്തമാണ്, അരുവിക്കരയെ ഒരു ‘ജീവന്‍ മരണ’ പോരാട്ടം എന്ന നിലയില്‍ സമീപിച്ച രീതിയില്‍ നിര്‍ണായക തെരെഞ്ഞെടുപ്പായി തദ്ദേശ തെരെഞ്ഞെടുപ്പിനെ യു.ഡി.എഫ്. കൈകാര്യം ചെയ്തിരുന്നില്ല. ഇടതു പക്ഷത്തിന്റെ അടിത്തറ ഇളകിയെന്ന ചിന്തയ്ക്കപ്പുറം തദ്ദേശ തെരെഞ്ഞെടുപ്പു ഫലം എന്തായാലും ഈ ആറുമാസത്തില്‍ അതിന്റെ പേരില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു മാറ്റവും സംഭവിയ്ക്കനിടയില്ലെന്ന ചിന്തയും അതിനു കാരണമായിട്ടുണ്ടാകും.  വി.എസ്. മുഖ്യമന്ത്രിയായിരിക്കേ, മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഇടതു പക്ഷം കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിട്ടും അധികാര തലങ്ങളില്‍ ഒന്നും സംഭവിച്ചിരുന്നില്ല.

ഐക്യമുന്നണിയില്‍ തദ്ദേശ തെരെഞ്ഞെടുപ്പിനെ ‘ജീവന്‍ മരണ’ പോരാട്ടമാകിയത് കെ.എം. മാണിയായിരുന്നു. തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മന്ത്രി സ്ഥാനം തെറിക്കാനുള്ള സാധ്യത അദ്ദേഹം മണത്തു. കെ.എം. മാണി തിളക്കമാര്‍ന്ന ജയം ഉറപ്പിച്ചതിലൂടെ യു.ഡി.എഫ്.ന് ബാര്‍ കോഴാ പാപഭാരം തുടര്‍ന്നും പേറേണ്ടി വരുമെന്നുറപ്പായി. പിന്നാക്കം പോയത് കോണ്‍ഗ്രസ്സായതിനാല്‍ അവരുടെ കണ്ണുരുട്ടൊന്നും ഇനി വിലപ്പോവില്ല!

ഐക്യമുന്നണിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി തുടങ്ങിയ കാലം മുതല്‍ മുന്നണി ശിഥിലീകരണം ഇടതു പക്ഷം പ്രതീക്ഷിച്ചു വരികയാണ്. എന്നാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വിജയങ്ങളിലൂടെ ഐക്യമുന്നണി ഇക്കാലമത്രയും അവരുടെ സ്വപ്നത്തെ ചെറുത്തു എന്നു മാത്രമല്ല, ഇടതു പക്ഷത്തു നിന്നു ആര്‍.എസ്.പി.യുള്‍പ്പടെയുള്ള കക്ഷികള്‍ വലതു പക്ഷത്തേയ്ക്കു വരികയും ചെയ്തിരുന്നു. തന്റെ വിജയത്തിലൂടെ ലോക്‌സഭാ തെരെഞ്ഞെടുപ്പുകാലത്തെ മുന്നണി മാറ്റത്തെ പ്രേമചന്ദ്രന് ന്യായീകരിയ്ക്കാനായിരുന്നു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി അവരുടെ രാഷ്ട്രീയാടിത്തറ ചോദ്യം ചെയ്യപ്പെടുമാറാക്കിയിരിക്കുന്നു. കൊല്ലത്ത് ഇടതു പക്ഷം നേടിക്കൊണ്ടിരുന്ന വിജയങ്ങള്‍ തങ്ങളുടെ കരുത്തിലാണെന്ന ആര്‍.എസ്.പി.യുടെ വാദത്തിന്റെ മുനയൊടിയ്ക്കുന്നതാണ് അവര്‍ക്കേറ്റ തിരിച്ചടി. എന്നിരുന്നാലും, ആര്‍.എസ്.പി.യുടെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം നടന്നു കഴിഞ്ഞതിനാല്‍ ഉടനൊരു തിരിച്ചുപോക്കിനു സാധ്യതയേതുമില്ല.

ജനതാ ദള്‍ മാത്യു ടി. വിഭാഗം, ഐക്യ മുന്നണിയുമായി ബാന്ധവം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, ഐക്യ മുന്നണിയുടെ ആവര്‍ത്തിക്കുന്ന തെരെഞ്ഞെടുപ്പു വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയും ദേശീയ തലത്തില്‍ ജനതാദള്‍ സെക്യുലറും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്ന പക്ഷം അതു പറഞ്ഞും അവരെ വലതു പക്ഷത്ത് എത്തിക്കാനാകുമെന്നു വീരേന്ദ്രകുമാറും ഐക്യമുന്നണിയും കരുതിയിരുന്നു. ഐക്യ മുന്നണിയുടെ വിജയപരമ്പരയ്ക്ക് ‘ബ്രേയ്ക്’ വീണതു കാരണം ഇനി ഏതായാലും മത്യു. ടി. വലതു പക്ഷത്തേക്കുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍, ദേശീയ തലത്തിലെ ജനതാ ഐക്യത്തിന്റെ പേരില്‍ വീരന്‍ പടിയിറങ്ങുമോ എന്നതേ അറിയാനുള്ളൂ. ബീഹാര്‍ ഫലം ആയിരിക്കും ഇവിടെ നിര്‍ണായകം.

ഇടതു പക്ഷത്തിന്റെ രാഷ്ട്രീയടിത്തറ അമ്പേ തകര്‍ന്നു എന്ന പ്രഘോഷങ്ങള്‍ക്ക് അര്‍ഥമില്ല എന്നു വ്യക്തമാക്കുന്നതാണ് തദ്ദേശ വിധിയെഴുത്ത്. എന്നിരിക്കിലും തദ്ദേശ ഫലം ഭരണ മാറ്റത്തിന്റെ സൂചന ആയി വിലയിരുത്താനാവില്ല. വിവിധ സഭകളിലേക്കു, വിവിധ കാലയളവില്‍ നടക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വ്യത്യസ്തമായി പ്രതികരിക്കാറുണ്ട്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയാതീതമായി ഒട്ടനവധി വോട്ടുകള്‍ രേഖപ്പെടുത്തപ്പെടാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വ്യക്തമായ മേല്‍ക്കൈ നേടിയത്, എന്തായാലും, ഐക്യ മുന്നണി അരുവിക്കര മുതല്‍ പറഞ്ഞു വന്നിരുന്ന ഭരണത്തുടര്‍ച്ച അനായാസമാകില്ല എന്ന സൂചന നല്‍കുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് യഥാര്‍ഥ ഫൈനലിന്റെ ആവേശവും, വീറും വാശിയും പുലര്‍ത്തുമെന്നുറപ്പായിരിക്കുന്നു. ആ സാഹചര്യം ചെറുകക്ഷികള്‍ക്ക് വിലപേശല്‍ സാദ്ധ്യത വര്‍ദ്ധിപ്പിച്ചു കൂടായ്കയില്ല എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ സംഭാവനയാണ്.

(തിരുവല്ല സ്വദേശിയാണ് ലേഖകന്‍. നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍