UPDATES

മലബാറില്‍ എല്‍ ഡി എഫിന് മേധാവിത്വം; കാസര്‍ഗോഡ് ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമില്ല

Avatar

കെ എ ആന്റണി

എല്‍ഡിഎഫിന്റേയും ബിജെപിയുടേയും മുന്നേറ്റം, യുഡിഎഫിന്റെ പിന്നാക്കം പോക്ക്, ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ ആര്‍എംപിയെ പിന്തള്ളിയത് കാരായിമാരുടെ വിജയം. പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതര്‍ യുഡിഎഫിനെ തൃശങ്കുവിലാക്കി. ചുരുക്കി പറഞ്ഞാല്‍ കോഴിക്കോട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ എടുത്ത് പറയാവുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്. 40 വര്‍ഷമായി ഭരണം നടത്തുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായതും വില കുറച്ച് കാണാനാകില്ല.

അതേസമയം വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച ബിജെപിക്ക് കണ്ണൂരില്‍ വേണ്ടത്ര നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയ മുന്നേറ്റം പക്ഷേ ആ പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള കാസര്‍ഗോഡ് നടത്താന്‍ കഴിഞ്ഞില്ലെന്നതും കാണാതിരുന്ന് കൂട.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെയുള്ള 75 സീറ്റുകളില്‍ 47 ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് വെറും 21 സീറ്റ് മാത്രം. നിലവില്‍ ഒറ്റ സീറ്റും ഇല്ലാതിരുന്ന ബിജെപി ഇവിടെ ഏഴ് സീറ്റ് നേടി.

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 27-ല്‍ 15 സീറ്റും യുഡിഎഫ് 12 സീറ്റും നേടിയപ്പോള്‍ ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് രണ്ടെണ്ണം മാത്രം വിട്ടു കൊടുത്ത് എല്‍ഡിഎഫ് പത്തെണ്ണവുമായി ആധിപത്യം സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് നേരിയ മുന്‍തൂക്കം.

ഏഴ് നഗരസഭകളില്‍ പുതുതായി രൂപീകരിക്കപ്പെട്ട മുക്കത്ത് അടക്കം എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആകെയുള്ള ഏഴില്‍ അഞ്ചെണ്ണം അവര്‍ നേടിയപ്പോള്‍ യുഡിഎഫിന് കിട്ടിയത് രണ്ടെണ്ണം മാത്രം, കൊടുവള്ളിയും പയ്യോളിയും.

ഒഞ്ചിയത്ത് ആര്‍എംപിക്ക് മേല്‍ സിപിഐഎം നേടിയ മേല്‍ക്കൈയാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇവിടെ പഴയ സിപിഐഎം വിരുദ്ധ തരംഗം ആവര്‍ത്തിക്കാന്‍ ആര്‍എംപിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല സിപിഐഎം അവരേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ നേടുകയും ചെയ്തു. ഇവിടെ ആര്‍എംപിക്ക് ആറ് സീറ്റും സിപിഐഎമ്മിന് ഏഴ് സീറ്റും ലഭിച്ചു.

കണ്ണൂരിലേക്ക് എത്തുമ്പോള്‍ കാണാന്‍ കഴിയുന്ന ഒരുകാര്യം കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം സിപിഐഎമ്മിന് കോട്ടം ഒന്നും വരുത്തിയില്ല. കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കും കാരായി രാജന്‍ പാട്യത്ത് നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും വന്‍ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 55 സീറ്റില്‍ 27 വീതം നേടി എല്‍ഡിഎഫും യുഡിഎഫും തുല്യത പാലിച്ചപ്പോള്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി കെ രാഗേഷിനായി. കണ്ണൂര്‍ ഡിസിസിക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ച് രാഗേഷും സംഘവും രംഗത്ത് വന്നതാണ് സത്യത്തില്‍ എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തരത്തില്‍ ഒരു മുന്നേറ്റം നടത്താന്‍ സഹായകമായത്.

കണ്ണൂരിലെ എട്ട് നഗരസഭകളില്‍ യുഡിഎഫും എല്‍ഡിഎഫും നാലെണ്ണം വീതം പങ്കിട്ടെടുത്തു. തലശേരിയില്‍ പ്രതീക്ഷിച്ചത് പോലെ രണ്ട് സീറ്റ് ബിജെപി നേടി. പാനൂരിലും ബിജെപി നേട്ടം ഉണ്ടാക്കിയെങ്കിലും ഈ രണ്ട് നേട്ടങ്ങളും വെള്ളാപ്പള്ളിയുടെ അക്കൗണ്ടില്‍പ്പെടുത്താന്‍ ആകുമെന്ന് തോന്നുന്നില്ല. പതിവ് പോലെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് തന്നെ നേട്ടം.

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ നിലനിര്‍ത്തിയ എല്‍ഡിഎഫ് കാഞ്ഞങ്ങാട് നഗരസഭ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. കാസര്‍ഗോഡ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. കഴിഞ്ഞതവണ ഒറ്റ സീറ്റും ഇല്ലാതിരുന്ന എല്‍ഡിഎഫിന് ഇവിടേയും നാല് സീറ്റ് ലഭിച്ചു. ബിജെപി തങ്ങളുടെ സീറ്റുകളുടെ എണ്ണം 11-ല്‍ നിന്നും പതിനഞ്ചാക്കി ഉയര്‍ത്തി. എന്നാല്‍ ബിജെപിക്ക് ഏറെ വേരോട്ടമുള്ള കാസര്‍ഗോഡ് അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല എന്നത് വാസ്തവം.

പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂരില്‍ സിപിഐഎമ്മിന് സമഗ്രാധിപത്യം ലഭിച്ചു എന്നതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. 28-ല്‍ 28 സീറ്റും എല്‍ഡിഎഫ് നേടിയ ഈ നഗരസഭ സത്യത്തില്‍, പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന്റെ പരിണിതഫലമാണ്. തളിപ്പറമ്പ് നഗരസഭയുടെ ഭരണം എല്‍ഡിഎഫില്‍ നിന്നും തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ് തളിപ്പറമ്പില്‍ നിന്നും ആന്തൂരിനെ യുഡിഎഫ് സര്‍ക്കാര്‍ വേര്‍പ്പെടുത്തി നഗരസഭയാക്കി ഉയര്‍ത്തിയത്. വോട്ടെടുപ്പ് നടക്കും മുമ്പ് തന്നെ 14 സീറ്റും നേടി എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു. സിപിഐഎം ഭീകരതയ്ക്ക് അപ്പുറം യുഡിഎഫിന്റെ ഭാഗത്തു നിന്നുമുള്ള അനാസ്ഥ കൂടിയാണ് ആന്തൂരില്‍ ഇങ്ങനെ സംഭവിക്കാന്‍ കാരണമായത് എന്നതാണ് വാസ്തവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍