UPDATES

പത്തനംതിട്ട; ആറ്റിന്‍കരയില്‍ വിമാനമിറങ്ങുമോയെന്ന് ആരും ഇന്ന് ചോദിക്കുന്നില്ല

Avatar

എം കെ രാംദാസ്

മാസങ്ങള്‍ മുമ്പുവരെ ആറന്മുള പത്തനംതിട്ടയില്‍ മാത്രമല്ല സംസ്ഥാനത്താകെ വാര്‍ത്തയായിരുന്നു. കണ്ണാടി മാറ്റിനിര്‍ത്തിയാല്‍ ആറന്മുളയ്ക്ക് ഇന്ന് അത്രയേറെ പ്രാധാന്യമില്ല. ക്ഷേത്രക്കൊടിമരത്തേക്കാള്‍ ഉയരത്തില്‍ പൊങ്ങുന്ന വിമാനത്താവള സിഗ്നല്‍ സംവിധാനം ഇന്ന് ആറന്മുളക്കാരുടെ ഉറക്കം കെടുത്തുന്നില്ല. വിമാനത്താവളമെന്ന സ്വപ്നം സൂക്ഷിക്കുന്നവര്‍ പ്രവാസികളായ ചിലര്‍മാത്രം. ഈ പിന്തുണയുടെ പിന്‍ബലത്തില്‍ താവളം നിര്‍മ്മാതാക്കളായ കെ ജി എസ് ഗ്രൂപ്പ് പിന്തിരിഞ്ഞിട്ടില്ല. പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ആളില്ലാത്തതിനാല്‍ വിമാനത്താവളം തെരഞ്ഞെടുപ്പ് വിഷയമായി മുന്നണികളോ പാര്‍ട്ടികളോ പരിഗണിക്കുന്നുമില്ല.

നിര്‍ദ്ദിഷ്ട വിമാനത്താവള നിര്‍മ്മാണ പ്രദേശങ്ങളായ ആറന്മുളം, മല്ലപ്പുഴശ്ശേരി എന്നിവിടങ്ങളില്‍ ബീഫും ബാറുമൊക്കെയാണ് വിഷയം. മദ്യോപഭോഗത്തില്‍ മുന്നിലുള്ള സമീപ പ്രദേശമായ കോഴഞ്ചേരിയിലും സ്ഥിതി ഇതുതന്നെ. പൊങ്ങനാത്തോടിനെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം ആഹ്വാനം ചെയ്തിട്ടുണ്ട് ഒരു കൂട്ടരിവിടെ. പരിസ്ഥിതി, ബദല്‍ രാഷ്ട്രീയ നീക്കങ്ങളില്‍ പങ്കാളികളായവരുടെ നേതൃത്വത്തിലാണ് ബഹിഷ്‌ക്കരണാഹ്വാനം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള വിഷമാലിന്യം പമ്പയാറിലേയ്ക്ക് നേരിട്ട് ഒഴുക്കുന്നതിനെതിരെയാണ് പ്രതിഷേധം.

സുഗുമാമന്‍ ജോര്‍ജ്, ജോണ്‍ പെരുവന്താനം, രാജീവ്, രേഖ, ലക്ഷ്മി തുടങ്ങിയ പരിസ്ഥിതി – ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പുഴ മലീനീകരണ വിഷയത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതില്‍ മുന്നിലുണ്ട്.

ഇടത് – വലത് മുന്നണികള്‍ക്കും ബി ജെ പിക്കുമെതിരെ സ്വതന്ത്രരുടെ രംഗപ്രവേശം ചിലയിടങ്ങളില്‍ സ്ഥലം മാറ്റിമറിയ്ക്കും. കരിങ്കല്‍ ക്വാറികള്‍ക്കെതിരായ സമരത്തിലൂടെ ശ്രദ്ധേയമായ കലഞ്ഞൂര്‍, പുല്ലാട്ട്, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഇരുപത്തിയഞ്ചോളം സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പിന്തുണ ഇവര്‍ക്കുണ്ട്.

തീര്‍ത്ഥാടന പുണ്യവും പ്രകൃതി രമണീയതയും മലയോര കര്‍ഷക കഠിനാദ്ധ്വാനവും മുദ്ര ചാര്‍ത്തിയ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് മുഖം മറ്റൊരു രീതിയിലും വായിക്കാം.

”പില്‍ഗ്രിം ക്യാപിറ്റല്‍ ഓഫ് കേരള” എന്നൊരു വിളിപ്പേരുണ്ട് പത്തനംതിട്ടയ്ക്ക്. പന്തളം രാജവംശത്തിന്റെ പെരുമയുള്ള നാട്. പടയണിയും ചുവര്‍ ചിത്രകലയും ആറന്മുളക്കണ്ണാടിയും എല്ലാചേര്‍ന്ന് സാംസ്കാരിക ഭൂപടത്തില്‍ പത്തനംതിട്ട സവിശേഷ സ്ഥാനത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് – വലത് മുന്നണികളെ മാറി മാറി സ്വീകരിക്കുന്ന നിലപാടാണ് കുടിയേറ്റ കര്‍ഷകരുടെ ഈ ജില്ല കാലങ്ങളായി പിന്തുടരുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ രീതിയല്ല ജില്ലയുടേത്. യു ഡി എഫിനൊപ്പം നില്‍ക്കുന്നതാണ് ജില്ലയുടെ പൊതു സ്വഭാവം. 54 ഗ്രാമപഞ്ചായത്തുകളില്‍ 35 എണ്ണവും നിയന്ത്രിക്കുന്നത് യു ഡി എഫാണ്. 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറിടത്ത് യു ഡി എഫിന് തന്നെയാണ് മേല്‍കൈ. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 17ല്‍ 11 ഇടങ്ങളില്‍ യു ഡി എഫ് പ്രതിനിധികളാണുള്ളത്. 3 നഗരസഭകളില്‍ രണ്ടിലും യു ഡി എഫ്. കോണ്‍ഗ്രസിലെ വിമത ശല്യവും എ ഐ ഗ്രൂപ്പ് തര്‍ക്കവും യു ഡി എഫ് വിജയത്തെ ബാധിക്കും. കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നേരിട്ട് ഇടപെട്ട ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ട. പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവപ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ വിമതരായി മത്സര രംഗത്തുണ്ട്.

റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രാധാന്യമുള്ള ഗ്രാമങ്ങളില്‍ റബ്ബര്‍ വില ചര്‍ച്ചാവിഷയമാണ്. ഈ കര്‍ഷകര്‍ സ്ഥീകരിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. വിമാനത്താവള വിഷയം ഉയര്‍ത്തിക്കാണിച്ച് വോട്ട് നേടാനുള്ള ബി ജെ പി തന്ത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാളിപ്പോയി. എം ടി രമേശിനെ രംഗത്തിറക്കിയിട്ടും ബി ജെ പിയ്ക്ക് നേട്ടം കൊയ്യാനായില്ല. ഇതേ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപേക്ഷിച്ച ഫിലിപ്പോസ് തോമസിനെ രംഗത്തിറക്കി വോട്ട് നേടാനുള്ള ഇടത് ശ്രമവും വിജയിച്ചില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് യു ഡി എഫ് വിശ്വാസം. ബി ജെ പി – എസ് എന്‍ ഡി പി കൂട്ടുകെട്ടില്‍ പത്തനംതിട്ടയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമല്ലെന്നാണ് മുന്നണികളുടെ നിലപാട്. നായര്‍, ഈഴവ വോട്ടുകള്‍ നിര്‍ണായകമാകുന്ന പലയിടങ്ങളിലും സമവായമുണ്ടാക്കാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞിട്ടില്ല. വോട്ട് കണക്കുകള്‍ യു ഡി എഫിന് അനുകൂലമാണെന്നിരിക്കെ പോളിംഗ് ബൂത്തുകളില്‍   എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍