UPDATES

കോണ്‍ഗ്രസ് സഹകരിച്ചാല്‍ തിരുവനന്തപുരം എല്‍ഡിഎഫ് ഭരിക്കും

Avatar

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പ്രതീക്ഷച്ചതിലും കൂടുതല്‍ സീറ്റുകള്‍ പിടിച്ചു. ഇടത് മുന്നണിക്ക് മുട്ടിടിച്ചു. കോണ്‍ഗ്രസ് മൂന്നാമതായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 62 ഡിവിഷനുകളില്‍ ഒന്നാമത് എത്തിയിരുന്ന ബിജെപിക്ക് അത്രത്തോളം പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കിലും 51 സീറ്റ് നേടി ഭൂരിപക്ഷം തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ മോഹത്തെ അട്ടിമറിക്കാനും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും കഴിഞ്ഞു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി ജയന്‍ബാബുവിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് ആയി. നൂറ് അംഗ കൗണ്‍സിലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എല്‍ഡിഎഫിന് 42 സീറ്റുകളും ബിജെപിക്ക് 34 സീറ്റുകളിലും വിജയിക്കാനായപ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് കഴിഞ്ഞതവണത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് നേടാനായത്. കഴിഞ്ഞ തവണ ബിജെപിക്ക് ആറ് സീറ്റുകളാണ് കോര്‍പറേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷത്തിന് വേണ്ട 51 സീറ്റുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് 41 സീറ്റുകളും.

ആഞ്ഞ് പരിശ്രമിച്ചാല്‍ അത്ഭുതം കാണിക്കാമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി. അവര്‍ മുഴുവന്‍ വാര്‍ഡിലും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിക്കാനായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാര്യമായ തര്‍ക്കങ്ങളും ഉണ്ടായില്ല. സിപിഐഎമ്മും തുടക്കത്തിലേ തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ വിമതശല്യം പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് യുഡിഎഫ് വലഞ്ഞിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി പിന്നീട് മുന്നേറുകയും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തിനായി ബിജെപിയോട് മല്ലിടുന്ന അവസ്ഥയും കാണാനായി.

കോര്‍പ്പറേഷനില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം, വീണ്ടും തെരഞ്ഞെടുപ്പ് എന്ന സാധ്യതകള്‍ ബിജെപി പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും യുഡിഎഫിലെ ചെറുകക്ഷികളേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് എല്‍ഡിഎഫിന് അധികാരത്തിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. യുഡിഎഫിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ആറ് ഡിവിഷനുകളില്‍ വിജയിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് സ്വതന്ത്രരും. ഈ ഒമ്പത് പേരും ചേര്‍ന്നാല്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷത്തിന് വേണ്ട 51 എന്ന മാന്ത്രിക സംഖ്യയിലെത്താനാകും. അല്ലെങ്കില്‍ കഴിഞ്ഞ കൗണ്‍സിലില്‍ എല്‍ഡിഎഫിന്റെ ഒരു കൗണ്‍സിലര്‍ മരിക്കുകയും മറ്റൊരാള്‍ സര്‍ക്കാര്‍ ജോലി കിട്ടി പോകുകയും ചെയ്തപ്പോള്‍ അംഗസംഖ്യ 49 ആയി കുറഞ്ഞിരുന്നു. അക്കാലത്ത് അധികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ പരോക്ഷമായ സഹായം എല്‍ഡിഎഫിന് ലഭിച്ചിരുന്നു. സമാനമായി മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചും എല്‍ഡിഎഫിനെ സഹായിക്കാന്‍ സാധ്യതയുണ്ട്. ഏതായാലും അടുത്ത അഞ്ചു വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം സുഗമമാകില്ലെന്ന് ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍