UPDATES

രണ്ടാംഘട്ടം 74 ശതമാനം പോളിങ്

Avatar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രാഥമിക കണക്ക് അനുസരിച്ച് 74 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ന് ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പത്തനംതിട്ട 70, കോട്ടയം 77, ആലപ്പുഴ 77, എറണാകുളം 73, തൃശൂര്‍ 71, പാലക്കാട് 77, മലപ്പുറം 74 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം ജില്ലയില്‍ രാവിലെ വോട്ടിങ് മെഷീനുകളില്‍ സെല്ലോടേപ്പ് ഒട്ടിച്ചും പേപ്പര്‍ തിരുകിയും പശ ഒഴിച്ചും തകരാറിലാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയ ഇടങ്ങളില്‍ രാത്രി ഏഴ് മണിവരെ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടെടുപ്പിനെ ബാധിച്ചതിനെ തുടര്‍ന്ന് മുസ്ലിംലീഗ് എംഎല്‍എമാര്‍ മലപ്പുറം കളക്ടറുടെ ചേമ്പറില്‍ പ്രതിഷേധിച്ചിരുന്നു.വോട്ടെടുപ്പ് തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടായപ്പോള്‍ കളക്ടര്‍ പരാജയപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. മെഷീനുകള്‍ കേടാക്കിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സംശയം ഉണ്ടാക്കിയിട്ടുണ്ട്. റീപോളിങ് നടത്തണമെന്നും സമയം നീട്ടി നല്‍കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലും അട്ടിമറി ശ്രമം ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, അരിമ്പൂര്‍ ബൂത്തുകളിലും തിരുവില്ലാമലയിലെ രണ്ട് ബൂത്തുകളിലും നാളെ റീപോളിംഗ് നടത്തും.

കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ സമസ്ത മുന്നണിയുടെ ബൂത്ത് നശിപ്പിച്ചതായി ആരോപണം ഉണ്ടായി. പത്തനംതിട്ടയില്‍ പന്തളം കുടത്തനാട് എന്‍എസ്എസ് ഹൈസ്‌കൂളില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം ഉണ്ടായതായി ആരോപണം ഉയര്‍ന്നു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആറോളം പേര്‍ പോളിങ് ആരംഭിച്ചയുടനെ പോളിംഗ് സ്റ്റേഷനിലെത്തി. ഇവര്‍ കള്ളവോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലായിലും ഇടത്-വലത് മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ വാഹനത്തില്‍ വോട്ടര്‍മാരെ എത്തിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

പാലക്കാട് വടക്കുംതറയില്‍ ബിജെപി ബൂത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ ബൂത്ത് പിടിച്ചെടുത്തുവെന്ന് ആരോപണം ഉയര്‍ന്നു. പാലക്കാട് നഗരസഭയില്‍ 46-ാം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായും സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. കാഞ്ഞിരപുഴ പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗംഗാധരന്‍ എന്നയാള്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.

പത്തനംതിട്ട പ്രമാടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വോട്ടിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. രാവിലെ വോട്ട് ചെയ്യാനെത്തിയവരെ പോളിങ് സ്റ്റേഷന് സമീപത്തുള്ള സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി പണം നല്‍കിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ നാറാണംമുഴി കണ്ണപ്പള്ളി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്ന റിട്ടയേര്‍ഡ് അധ്യാപികയെ പാമ്പ് കടിച്ചു. മേരിക്കുട്ടി ഫിലിപ്പിനെയാണ് പാമ്പ് കടിച്ചത്.

കോതമംഗലം കവളങ്ങാട് വോട്ട് ചെയ്ത് മടങ്ങിയവര്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കൊച്ചി നാവിക സേനയുടെ ആസ്ഥാനത്ത് രണ്ടാം നമ്പര്‍ ബൂത്തില്‍ 37 പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. നാവിക സേന ഉദ്യോഗസ്ഥരാണ് ഇവിടത്തെ വോട്ടര്‍മാര്‍. 1532 പേര്‍ക്ക് ഈ ബൂത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നു.

എറണാകുളം മരടില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. വളന്തക്കാട് സ്വദേശി ബാബുവാണ് മരിച്ചത്. തൃശൂരിലും ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു. ഗുരുവായൂര്‍ പുത്തമ്പല്ലി പുളിപ്പാടം വീട്ടില്‍ റസാഖാണ് മരിച്ചത്. വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. തൃശൂരിലും വോട്ട് ചെയ്ത് മടങ്ങിയ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു. നടത്തറ കാച്ചേരി ഐടിയിലെ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ മേരിയാണ് മരിച്ചത്.

വോട്ടിങ് മെഷീന്‍ തകരാര്‍ അന്വേഷിക്കണമെന്ന് കാനം

മലപ്പുറത്തും തൃശൂരിലും വോട്ടിങ് മെഷീന്‍ തകരാറിലായത് അന്വേഷിക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. സംഭവം ആസൂത്രിതം എന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍