UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടില്‍ അവരുടെ തെരഞ്ഞെടുപ്പ് ‘ലഹരി’ കഴിഞ്ഞു

Avatar

എം കെ രാംദാസ്

”ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമൊന്നും കിട്ടുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. പ്രത്യേകിച്ചും ഞങ്ങളുടെ സ്ത്രീകള്‍ക്ക്. പാര്‍ട്ടികള്‍ അവരുടെ ന്യായം പ്രചരിപ്പിക്കുകയാണ്. പുറത്തുള്ളതൊന്നും കാണാനും കഴിയാത്തവിധത്തില്‍ ബധിരരും അന്ധരുമാക്കുന്നു. റോഡ്, വെള്ളം, വെളിച്ചം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പോലും ഉന്നയിക്കാന്‍ കഴിയുന്നില്ല. ഒരുതരം തടവറയിലാണ് ഞങ്ങള്‍. മദ്യം വേണ്ടവര്‍ക്ക് അത്. അല്ലെങ്കില്‍ പുകയില. അതുമല്ലെങ്കില്‍ അല്‍പം പൈസ. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളുടെ കൂടെയുള്ളവര്‍ പോലും കേള്‍ക്കില്ല”. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആദിവാസി യുവാവിന്റെ തെരഞ്ഞെടുപ്പ് അവലോകനമാണിത്. വയനാട്ടിലെ ആദിവാസി കേന്ദ്രമായ പാക്കത്ത് കുറുമ രാജാവിന്റെ കുടിയിലെ സരീഷ് എന്ന ചെറുപ്പക്കാരനാണ് രോഷത്തോടെ ഇങ്ങനെ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിന് തലേന്ന് അവിചാരിതമായി കനത്ത് പെയ്ത തുലാമഴയില്‍ നിന്ന് രക്ഷനേടാനായി വഴിവക്കിലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ കുള്ളനും ഗോപാലനും പറഞ്ഞ കഥ സരീഷിന്റെ പ്രതികരണവുമായി ചേര്‍ത്ത് വായിക്കാം. പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന കരിമം പണിയ കോളനിയിലാണ് ഗോപാലനും കുള്ളനും. തെരഞ്ഞെടുപ്പില്‍ അവരുടെ വാര്‍ഡില്‍ മത്സരിക്കുന്ന മുന്നണി സ്ഥാനാര്‍ത്ഥിയുടെ മദ്യം കഴിക്കാനുള്ള ക്ഷണം സ്വീകരിച്ച് പുരയില്‍ നിന്ന് പുറപ്പെട്ടവരാണ് ഇരുവരും. ”സാറ് പറഞ്ഞാല് എങ്ങനെ പോകാണ്ടിരിക്കും”. അവടെ ചെന്നാല്‍ സാറ് സാധനം തരും. നാളെ പിന്നെ അവര്‍ക്ക് വോട്ട് ചെയ്യണം. ഞങ്ങക്കൊക്കെ ശുകം (സുഖം) തന്നെ, 15 ദിവസം കൂടുമ്പോള്‍ അരികിട്ടും. ഞങ്ങക്കു പിന്നെ എന്തു വേണം?”. രണ്ടുപേരും ചേര്‍ന്നാണ് ഇത്രയും പങ്കുവെച്ചത്. ഇപ്പറഞ്ഞതും കേട്ടതും ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച് തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം വയനാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്.

ജനസംഖ്യയില്‍ പാതിയോളം ആദിവാസികളുള്ള നൂല്‍പ്പുഴ പഞ്ചായത്തില്‍ വടക്കനാട്, വള്ളുവാടി തുടങ്ങിയ ഇടങ്ങളിലെ ആദിവാസികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തടങ്കലിലാണെന്ന വാര്‍ത്ത പരന്നിരുന്നു. ഇവിടത്തെ ഒരു കോളനിയിലെ വോട്ടര്‍മാരായ 28 പേരെ രണ്ട് ദിവസം കണ്ടതേയില്ല. എതിരാളികള്‍ക്ക് പിടികൊടുക്കാതിരിക്കാന്‍ താമസസ്ഥലത്തുനിന്നും ഇവരെ മാറ്റുകയായിരുന്നു. എം എല്‍ എയുടെയും മറ്റും പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്ക് മോചനമുണ്ടായത്. ആദ്യ സംഭവമൊന്നുമല്ല നൂല്‍പ്പുഴയിലും ഇത്. പാര്‍ട്ടി വ്യത്യാസമില്ലാതെ ‘കോളനി പിടിത്തം’ എന്ന പേരില്‍ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് കല ഇവിടെ അരങ്ങേറുന്നു. വോട്ടെടുപ്പിന് ഒരാഴ്ചമുമ്പ് സംഘം ചേര്‍ന്ന് കോളനിയെ വളയുകയാണ് പതിവ്. ഈ മതില് തകര്‍ത്തേ മറ്റാര്‍ക്കെങ്കിലും ആദിവാസികളെ നേരില്‍ കാണാന്‍ ആകൂ.  സന്ദര്‍ശകര്‍ക്കുള്ള സമയം നിശ്ചയിക്കുന്നത് ഇങ്ങനെ വളയുന്നവരാണ്. കൈപ്പിടിയില്‍ ഒതുക്കിയ കോളനിയില്‍ ആവശ്യമുള്ളതെല്ലാം ഇവര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, പുകയില, സിഗരറ്റ്, ബീഡി അങ്ങനെ തല്‍ക്കാലത്തേയ്ക്ക് വേണ്ടതെല്ലാം. പണത്തിന് മോഹമുള്ളവരുണ്ടെങ്കില്‍ ചില പത്ത് രൂപ നോട്ടുകളും ഇവര്‍ക്ക് ലഭിക്കും. കോളനി സല്‍ക്കാരത്തില്‍ പ്രധാനി മദ്യം തന്നെ. ലഹരിയോടുള്ള ആദിവാസികളുടെ ആസക്തി പ്രസിദ്ധമാണ്. ഒരു ക്ലാസ് മദ്യത്തിനും ഒരു നുള്ള് പുകയിലയ്ക്കുമായി മണ്ണ് തീറെഴുതിയവരുടെ പിന്‍മുറക്കാരാണിവര്‍. ഇപ്പോഴും തുടരുന്നു. കരുതല്‍ തടങ്കലിലുള്ള ദിവസങ്ങളില്‍ ഇഷ്ടം പോലെ മദ്യം ഇവര്‍ക്ക് എത്തിച്ചുകൊടുക്കും.

വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് മുന്നില്‍ എത്തുന്നതുവരെ ഇത് തുടരും. സമ്മദിദായകരെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വാഹന ഉപയോഗ നിയന്ത്രണ മുള്ളതിനാല്‍ ഓരോ കോളനിയിലുള്ളവരെയും ജാഥ കണക്കേ അവിടെ എത്തിക്കും. ഈ സമയത്തെല്ലാം ചെറിയ ആയുധങ്ങളുമായി മുന്നിലും പിന്നിലുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവരെ പിന്തുടരും. കോളനികളിലെ പ്രവര്‍ത്തന മേല്‍നോട്ടം അതത് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്. ഇവര്‍ക്കാവശ്യമായ സംവിധാനമൊരുക്കാന്‍ നിരവധി പേര്‍ കോളനിക്ക് സമീപത്തുണ്ടാകും. പരാതിയുയര്‍ന്ന് പൊലീസ് രംഗത്തെത്തിയാല്‍ രക്ഷപ്പെടാനുള്ള പഴുത് നേരത്തെ ഒരുക്കിയിരിക്കും. വള്ളുവാടിക്കടുത്തെ ഒരു കോളനിയില്‍ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോടൊപ്പം സന്ദര്‍ശിക്കാനെത്തിയ സ്ഥലം എം എല്‍ എയെ തടഞ്ഞു വെച്ച സംഭവവുമുണ്ടായി.

തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്ന പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ താല്‍ക്കാലിക നിയന്ത്രണം ഏറ്റെടുക്കുന്ന കോളനികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. പിടികൊടുക്കാത്ത കോളനികളോട് പ്രതികാര മനോഭാവത്തോടുകൂടി പെരുമാറുന്നതും അപൂര്‍വ്വമല്ല. വയനാട്ടില്‍ ഭൂരിഭാഗം ആദിവാസി കോളനി കളുടെയും സ്ഥിതി ഇതുതന്നെയാണ്. സംഭവിക്കുന്നതില്‍ അല്‍പം മാത്രമേ പുറംലോകം അറിയുന്നുള്ളൂ.

നുരയും ലഹരിയുടെ കരകാണാക്കയത്തിലാണ് തെരഞ്ഞെടുപ്പ് സമയത്ത് ആദിവാസി ഊരുകള്‍. വാനോളം ഉയരുന്ന പ്രചരണ കോലാഹലങ്ങളൊന്നും ആദിവാസികളെ സ്പര്‍ശിക്കുന്നില്ല. മണ്ണോളമെത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വശമില്ലാത്തതുകൊണ്ട് ലഹരി നല്‍കി മയക്കി മണ്ണിന്റെ മക്കളുടെ വോട്ട് കൈക്കലാക്കുന്നു.

ജനാധിപത്യത്തിന്റെ ഉത്സമാണ് തെരഞ്ഞെടുപ്പ് .. ഉത്സാഹ തിമിര്‍പ്പിലാണ് ഭരണ സംവിധാനവും.  പക്ഷേ, ലഹരിയുടെ മയക്കത്തില്‍ ഇവരുടെ ഓരോ തെരഞ്ഞെടുപ്പും ഇവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത് ഇവര്‍ അറിയുന്നില്ല.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍