UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശഭക്തി പഠിപ്പിക്കാന്‍ വന്ന മോദിഭക്തന് ഒരു സൈനികന്‍ നല്‍കിയ ചുട്ടമറുപടി

Avatar

അഴിമുഖം പ്രതിനിധി

 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ 2014 മെയ് മാസത്തിനു ശേഷം എന്തു പ്രശ്നത്തെക്കുറിച്ച് ആര് ഭിന്നസ്വരം ഉയര്‍ത്തിയാലും മോദി ഭക്തരുടെ അടുത്ത മറുപടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തെ ഓര്‍ത്തു നോക്കൂ എന്നാണ്. രണ്ടാമത്തെ മറുപടി ഇവിടെ ബുദ്ധിമുട്ടുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാം എന്നും. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പ്ടുകള്‍ ചൂണ്ടിക്കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ ആയാലും പുറത്തായാലും മോദി ഭക്തരുടെ സ്ഥിരം പല്ലവിയും അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നുണ്ടല്ലോ, അപ്പോള്‍ രാജ്യനന്മയ്ക്ക് വേണ്ടി മറ്റുള്ളവരും സഹിക്കാന്‍ തയാറാകണം എന്നാണ്. എന്നാല്‍ ദര്‍ശന്‍ ധില്ലന്‍ പഞ്ചാബി സിക്കുകാരന്‍ അത് വകവച്ചുകൊടുക്കാന്‍ തയാറല്ല. അതിനെക്കുറിച്ച് ധില്ലന്‍ തന്നെ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ്. 

 

“ഒരു നീണ്ട ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. നല്ലതിന് വേണ്ടിയുള്ള കാര്യം കെടുകാര്യസ്ഥതകൊണ്ട് ഈ വിധമാക്കിയതില്‍ എനിക്കു ദേഷ്യവും ഉണ്ടായിരുന്നു. ആ സമയത്താണ് എന്റെ പുറകില്‍ നിന്ന ഒരു മോദി ഭക്തന്‍ എന്നോട് പറയുന്നത്, നിങ്ങളെന്തിനാണ് അസ്വസ്ഥനാകുന്നത്? അതിര്‍ത്തിയില്‍ ദിവസം 20 മണിക്കൂര്‍ വരെ നില്‍ക്കുന്ന സൈനികരെക്കുറിച്ച് ചിന്തിക്കൂ എന്ന്. എന്റെ അറുത്തുമുറിച്ച പോലുള്ള മറുപടി അയാളുടെ ദേശഭക്തി അപ്പോള്‍ തന്നെ അവസാനിപ്പിച്ചു; ഒരു ഞെട്ടലോടെ തന്നെ. ഞാന്‍ പറഞ്ഞത് ഇതായിരുന്നു: 20 വര്‍ഷം അതിര്‍ത്തിയില്‍ അങ്ങനെ നിന്നിട്ടുള്ള ഒരു സൈനികനാണ് ഞാന്‍. അതിന്റെ പേരില്‍ കിട്ടുന്ന പെന്‍ഷന്‍ എടുക്കാനാണ് ഞാന്‍ ഈ ക്യൂവില്‍ നില്‍ക്കുന്നത്. മോദിയില്‍ നിന്ന് ഞങ്ങളുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കിട്ടാനും പേ കമ്മീഷന്‍ നടപ്പാക്കാനുമായിരുന്നു അയാള്‍ അയാളുടെ ദേശഭക്തി കാണിക്കേണ്ടിയിരുന്നത്. അല്ലാതെ എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനല്ല.”  

 

ആരാണ് ധില്ലന്‍? 20 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം 2006-ല്‍ വിരമിച്ച് ഇപ്പോള്‍ പഞ്ചാബിലെ ലുധിയാനയില്‍ താമസിക്കുന്ന ലെഫ്റ്റ്. കേണല്‍. 8500-ലേറെപ്പേരാണ് ലെഫ്റ്റ്. കേണല്‍ ധില്ലന്റെ ഈ പോസ്റ്റ് ഷെര്‍ ചെയ്തിരിക്കുന്നത്. സ്ഥാനത്തും ആസ്ഥാനത്തും സൈന്യത്തെ വലിച്ചിഴയ്ക്കുന്ന മോദി ഭക്തര്‍ക്ക് ഒരു സൈനികന്‍ നല്‍കിയ മുഖമടച്ചുള്ള അടി എന്ന വിശേഷണത്തോടെ ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കി. തുടര്‍ന്ന്‍ ധില്ലനെ അധിക്ഷേപിച്ചു കൊണ്ടുള്ള മറുപടികളാണ് മോദി ഭക്തര്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ നല്‍കിക്കൊണ്ടിരിക്കുന്നത്. ധില്ലന്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്നും എതിരാളികള്‍ ആരോപിക്കുന്നു. എന്നാല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ലക്ഷ്യത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അത് നടപ്പാക്കിയ രീതിയെയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒപ്പം എടിഎം ക്യൂവില്‍ പോലും സൈനികരെ വലിച്ചിഴയ്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. തന്റെ ദേശഭക്തിക്ക് സര്‍ട്ടിഫിക്കറ്റ് തരാന്‍ ഈ വിലയില്ലാത്തവന്‍മാര്‍ ആരാണെന്നാണ് അദ്ദേഹം അവസാന പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍