UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലെ പ്രമാണിമാര്‍ ഒരുക്കിയ കേണല്‍ നിരഞ്ജന്‍റെ കൊലനിലം

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

എന്‍സ്ജി കമാന്‍ഡോ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ജീവന്‍ ഇങ്ങനെ നഷ്ടപ്പെടേണ്ടതായിരുന്നില്ല. പക്ഷേ പത്താന്‍കോട്ട് ഭീകരാക്രമണ വിരുദ്ധ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിച്ചവരുടെ ബുദ്ധിശൂന്യതയാണ് അയാളുടെ മരണം ഉറപ്പാക്കിയത്. അയാളുടെ മകള്‍ വളര്‍ന്നുവരുമ്പോള്‍ ആരെങ്കിലും അവളോടു പറയണം, അവളുടെ അച്ഛന്‍ ഒരു ധീരനായാണ് മരിച്ചതെന്നും പത്താന്‍കോട്ട് വ്യോമതാവളത്തിലെ മരണത്തിലേക്ക് നിരഞ്ജനേയും സംഘത്തെയും അയച്ച, ന്യൂഡല്‍ഹിയിലിരുന്ന് പത്താന്‍കോട്ട് ദൗത്യം കെടുകാര്യസ്ഥതയോടെ കൈകാര്യം ചെയ്ത മേലാളന്‍മാരാണ് ആ മരണത്തിന് കാരണക്കാരെന്നും. 

എന്‍എസ്ജി സംഘത്തിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് ദൗത്യം നയിക്കാന്‍ നിരഞ്ജന്‍ സ്വയം മുന്നോട്ടുവന്നു എന്നാണ്.’സാഹിബ് ദൗത്യം നയിക്കാന്‍ സ്വയം തയ്യാറായി വരികയായിരുന്നു,’ കൂട്ടത്തിലെ ഒരാള്‍ പറഞ്ഞു. ‘അഞ്ചു പേരുടെ സംഘമായിരുന്നു. നിരഞ്ജനായിരുന്നു മുന്നില്‍. രണ്ടുപേര്‍ തൊട്ട് പിന്നില്‍. മറ്റ് രണ്ടു പേര്‍ അവര്‍ക്ക് മറയൊരുക്കി. ഞങ്ങള്‍ പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ സംഘം കണ്ടു. അത് പരിശോധിക്കവേ വലിയൊരു സ്‌ഫോടനശബ്ദം കേട്ടു. മൃതദേഹത്തില്‍ ബോംബുകളുണ്ടായിരുന്നുവോ അതോ ഒളിച്ചിരുന്ന ഭീകരര്‍ ഗ്രനേഡ് എറിഞ്ഞോ എന്നറിയില്ല. പൊടിയും പുകയും കാരണം സാഹിബിനടുത്തെത്താന്‍ വിലയേറിയ നിമിഷങ്ങളും നഷ്ടമായി. കൂട്ടത്തില്‍ മുന്നിലായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായി. പിറകില്‍ നിന്ന രണ്ടുപേരുടെ നിലയും ഗുരുതരമാണ്,’ കൂട്ടത്തിലുണ്ടായിരുന്ന ഒരു കമാന്‍ഡോ ബംഗളൂരുവില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 

നിരഞ്ജന്റെ മരണത്തിനു മുമ്പുള്ള അവസാന മണിക്കൂറുകള്‍ നോക്കിയാല്‍ മനസിലാകുന്നത് രാജ്യത്തിന്റെ സുരക്ഷ കാക്കാന്‍ ചുമതലപ്പെട്ട ഉന്നതന്‍മാരുടെ നിരുത്തരവാദിത്തത്തിന്റെയും അലസതയുടെയും ഇരയാണ് ഈ ധീരനായ ഉദ്യോഗസ്ഥന്‍ എന്നാണ്. പത്താന്‍കോട്ട് പ്രദേശത്ത് ഭീകരവാദികള്‍ എത്തിയിട്ടുണ്ടെന്നും അവര്‍ വ്യോമതാവളം ലക്ഷ്യംവയ്ക്കുമെന്നും ഏതാണ്ട് ഒരുദിവസം മുമ്പുതന്നെ പഞ്ചാബ് പൊലീസിനും കേന്ദ്ര സര്‍ക്കാരിനും അറിയാമായിരുന്നു. എന്നിട്ടും എങ്ങനെയാണവര്‍ പ്രതികരിച്ചത്? ജനുവരി ഒന്നാം തിയ്യതി വൈകിട്ടോടെ കുറഞ്ഞത് നാല് തീവ്രവാദികളുടെ സംഘം ആയുധ സന്നാഹങ്ങളോടെ വ്യോമതാവളം ലക്ഷ്യമാക്കി നീങ്ങുന്നു എന്നു വ്യക്തമായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍എസ്ജി കമാന്‍ഡോകളേയും വ്യോമസേനയുടെ ഗരുഡിനെയും അടിയന്തരമായി അവിടെയെത്തിക്കാനും തീരുമാനിച്ചു. 

പക്ഷേ അവര്‍ സൗകര്യപൂര്‍വം മറന്ന കാര്യം, ഭീകരവാദികള്‍ ആ പ്രദേശത്തുതന്നെയുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ നടത്തണമെന്നുമാണ്. സമയം വിലപ്പെട്ടതാണെന്നും ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികര്‍ അതിനായി പത്താന്‍ കോട്ട് പരിസരത്ത് ഉണ്ടെന്നുമുള്ള വസ്തുതയും അവര്‍ മറന്നു. 

ഒരു പരിമിത പ്രദേശത്ത്, പ്രത്യേക ദൗത്യങ്ങള്‍ക്കായി പരിശീലിപ്പിക്കപ്പെട്ടവരാണ് എന്‍എസ്ജിയും ഗരുഡ് സൈനികരുമെന്ന് അവര്‍ മറന്നു. ഒരു നിശ്ചിതപ്രദേശം കേന്ദ്രീകരിച്ച ഭീകരവിരുദ്ധ ദൗത്യങ്ങള്‍ക്കാണ് എന്‍എസ്ജി സജ്ജരാക്കപ്പെട്ടിരിക്കുന്നത്. വ്യോമസേനയുടെ ആസ്തികള്‍ സംരക്ഷിക്കാനാനാണ് ഗരുഡ്. 

വലിയ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്താന്‍ ശേഷിയും പരിചയവുമുള്ള ഇന്ത്യന്‍ സേനയുടെ ആയിരക്കണക്കിന് സൈനികര്‍ പത്താന്‍കോട്ടും പരിസര പ്രദേശത്തും ഉണ്ടെന്നുള്ള കാര്യം ന്യൂഡല്‍ഹിയിലെ യജമാനന്‍മാര്‍ സൗകര്യപൂര്‍വം അവഗണിച്ചു. കാശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെയുള്ള പരിചയം അക്കാര്യത്തില്‍ സേനയ്ക്കുണ്ട്. വ്യോമതാവളത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ മാമ്മുന്‍ കന്റോണ്‍മെന്റില്‍ നിരവധി യൂണിറ്റുകളുണ്ട്. റോഡു മാര്‍ഗം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നോര്‍ത്തേണ്‍ സൈനിക കമാണ്ട്. അത്ര അകലെയല്ലാത്ത ഹിമാചലിലെ യോലേയില്‍ 9 കോര്‍പ്‌സ് (Corps) ഉണ്ട്. 

അന്തിമമായി ആരാണ് ഭീകരവാദികളെ നേരിട്ടത്? ഡി എസ് സി(Defence Securtiy Corsp) യില്‍ ജോലിചെയ്യുന്ന വിമുക്തഭടന്‍മാര്‍. അവരില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. അവരായിരുന്നു ആദ്യം ഏറ്റുമുട്ടിയത്. 

ലെഫ്. കേണല്‍ നിരഞ്ജനും സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും എല്ലാ ഭീകരവാദികളും കൊല്ലപ്പെട്ടോ, കൂടുതല്‍ പേര്‍ ഒളിച്ചിരിക്കുന്നുണ്ടോ, ചുറ്റും സ്‌ഫോടക. വസ്തുക്കളുണ്ടോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ലായിരുന്നു. 

ഭീകരവാദികള്‍ മാത്രമല്ല, ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തെ നിയന്ത്രിക്കുന്ന ഡല്‍ഹിയിലെ പിടിപ്പുകെട്ട മനുഷ്യര്‍ക്കൂടി ഒരുക്കിവെച്ച കുഴിബോംബ് കെണികളുടെ കൊലനിലങ്ങളിലേക്കാണ് നിരഞ്ജനും മേജര്‍ സന്ദീപ് ഉണ്ണികൃഷനുമൊക്കെ നടന്നുകയറിയത്. പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ഭീകരന്മാരോട് ഏറ്റുമുട്ടാന്‍ മുന്നിലെത്തിയ ഓരോ കമാണ്ടോക്കും ഓരോ സൈനികനും ഓരോ ഡി എസ് സി ജവാനും യുവതിയായ ഭാര്യയും മാലാഖ പോലൊരു കുഞ്ഞും പ്രായമായ മാതാപിതാക്കളും സഹോദരന്മാരും വീടുകളിലുണ്ടെന്ന് ശ്രദ്ധിക്കുകയോ അതില്‍ ഒട്ടും വ്യാകുലപ്പെടാതിരിക്കുകയോ ചെയ്യാത്ത ഒരു കൂട്ടം അധികാരികളാണവര്‍. പകരം മനുഷ്യത്വമില്ലാത്ത, നിരുത്തരവാദികളായ ആ പ്രമാണിമാര്‍ അവരെ മരണത്തിലേക്ക് തള്ളിവിട്ടു. ഈ ക്രൂരത അവസാനിപ്പിച്ചേ മതിയാകൂ.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍