UPDATES

വിദേശം

സമരത്തില്‍ സ്തംഭിച്ച് ലുഫ്തന്‍സ എയര്‍ലൈന്‍സ്

Avatar

റിച്ചാര്‍ഡ് വേയ്സ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

ലുഫ്തന്‍സ എയര്‍ലൈന്‍സ് ക്യാബിന്‍ ജീവനക്കാരുടെ സമരം തുടരും. കുറച്ചുകൂടി മെച്ചപ്പെട്ട ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളുമായി കമ്പനി മുന്നോട്ടുവച്ച ഓഫര്‍ ക്യാബിന്‍ ക്രൂ യൂണിയന്‍ നിരസിച്ചതിനെത്തുടര്‍ന്നാണിത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരം ഇതോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാകും.

ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, ഡസല്‍ഡോര്‍ഫ് എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 4.30 മുതല്‍ ക്യാബിന്‍ ജീവനക്കാര്‍ വാക്കൗട്ട് തുടങ്ങിയതിനെത്തുടര്‍ന്ന് ലുഫ്തന്‍സയ്ക്ക് 126 ദീര്‍ഘദൂരസര്‍വീസുകളും 10 യൂറോപ്യന്‍ കണക്ഷനുകളും റദ്ദാക്കേണ്ടിവന്നു. 27300 യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായി. ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന 34 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി വെബ്‌സൈറ്റ് അറിയിച്ചു. ഇതോടെ ഈ മാസം ആറിനു തുടങ്ങിയ സമരത്തില്‍ ഉപേക്ഷിക്കപ്പെട്ട സര്‍വീസുകളുടെ എണ്ണം 1900 കവിയും.

ഓരോ ജീവനക്കാരനും 3000 യൂറോ വീതം നല്‍കാമെന്നായിരുന്നു കമ്പനിയുടെ തിങ്കളാഴ്ചത്തെ ഓഫര്‍. നേരത്തെ 2000 യൂറോയാണ് വാഗ്ദാനം ചെയ്തിരുന്നത്. നേരത്തെ വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ യൂണിയന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സമ്മതിച്ചെങ്കിലും ഇവ പുതുതായി ജോലിക്കു ചേരുന്നവര്‍ക്കു നല്‍കാനാവില്ലെന്നായിരുന്നു നിലപാട്. അടുത്ത വര്‍ഷം മുതല്‍ ചില സെക്ടറുകളില്‍ സര്‍വീസിനു കുറവുവരുത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രകോപനപരമാണെന്നായിരുന്നു യുഎഫ്ഒ ലേബര്‍ യൂണിയന്‍ നേതാവ് നിക്കോളി ബോബ്‌ലൈസിന്റെ പ്രതികരണം.

കോളോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുഫ്തന്‍സ ജീവനക്കാരുടെ വിരമിക്കല്‍ വ്യവസ്ഥകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച സമരം കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ നാലിലും സര്‍വീസുകള്‍ തടസപ്പെടുത്തി. കമ്പനിയുടെ ഏറ്റവും ലാഭകരമായ ഭൂഖണ്ഡാന്തര സര്‍വീസുകളാണ് തടസപ്പെട്ടവയില്‍ ഏറെ. തിങ്കളാഴ്ച   ജീവനക്കാരെ ചര്‍ച്ചയ്ക്കുക്ഷണിച്ചെങ്കിലും ഉടനടി സമരം നിര്‍ത്തണമെന്നു നിബന്ധന വച്ചിരുന്നു. ഇതു പാലിക്കാത്തതിനാല്‍ ചര്‍ച്ചയ്ക്കുള്ള ക്ഷണം പിന്‍വലിച്ചതായി എയര്‍ലൈന്‍ വക്താവ് ഹെല്‍മുട്ട് ടോക്‌സ് ഡോര്‍ഫ് അറിയിച്ചു.

ഓഹരിവിപണിയിലും സമരം കമ്പനിക്കു തിരിച്ചടിയായി. ചൊവ്വാഴ്ച 1.4 ശതമാനം താഴേക്കിറങ്ങിയ കമ്പനിഓഹരികള്‍ക്ക് ഈ വര്‍ഷം 3.5 ശതമാനം വിലയിടിവാണുണ്ടായിട്ടുള്ളത്. ഈമാസം 13 വരെ സമരം തുടരുമെന്നാണ് ക്യാബിന്‍ ക്രൂ യൂണിയന്‍ അറിയിച്ചിട്ടുള്ളത്. നഷ്ടം സംബന്ധിച്ച കണക്കൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ലുഫ്തന്‍സയുടെ യൂറോവിങ്‌സ് വിഭാഗത്തെ ചെലവുകുറഞ്ഞതാക്കാനുള്ള കമ്പനി സിഇഒ കാഴ്‌സ്റ്റെന്‍ സ്‌പോറിന്റെ ശ്രമങ്ങളാണ് ഇപ്പോഴത്തെ തര്‍ക്കത്തിനു തുടക്കമിട്ടത്.  ചെലവുകുറഞ്ഞ വിമാനയാത്രാ മേഖലയില്‍ എതിരാളികളായ റയാന്‍ എയര്‍ ഹോള്‍ഡിങ്‌സ്, ഈസി ജെറ്റ് എന്നിവരുമായി മല്‍സരിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഘടനാപരമായ മാറ്റങ്ങള്‍ ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനിരയായി. എന്നാല്‍ മെയിന്‍ലൈന്‍, യൂറോവിങ്‌സ് ജീവനക്കാരെ വേര്‍തിരിച്ചു നിര്‍ത്തുന്ന പുതുമാതൃകയില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നിര്‍ദേശത്തിനും സ്‌പോര്‍ വഴങ്ങില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇതേ തര്‍ക്കത്തില്‍ പൈലറ്റുമാര്‍ നടത്തിയ പ്രതിഷേധങ്ങളില്‍ ഒന്നരവര്‍ഷത്തിനിടെ ലുഫ്തന്‍സയ്ക്കു നഷ്ടമായത് 352 മില്യണ്‍ യൂറോയാണ്. കോടതി ഇടപെട്ട് പൈലറ്റുമാരുടെ നീക്കം അസാധുവാക്കും വരെ ഇതു തുടര്‍ന്നു. 

അതേസമയം ലുഫ്തന്‍സ ഗ്രൗണ്ട് ജീവനക്കാരുടെ യൂണിയനുമായുള്ള ചര്‍ച്ച തുടരുകയാണ്. ജര്‍മനിയിലെ പുതിയ നിയമമനുസരിച്ച് ഏറ്റവും വലിയ യൂണിയനു മാത്രമേ തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാനുള്ള അധികാരമുണ്ടാകൂ. അതിനാല്‍ സ്വന്തം നില ഭദ്രമാക്കാനും യൂണിയനുകള്‍ ശ്രമിക്കുന്നുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍