UPDATES

കായികം

കളിക്കളത്തില്‍ വീണ്ടും ചീത്ത കുട്ടിയായി; ലൂയി സുവാരസിന് സസ്‌പെന്‍ഷന്‍

Avatar

അഴിമുഖം പ്രതിനിധി

കളിക്കളത്തിലെ ചീത്തകുട്ടിയെന്ന ദുഷ്‌പേര് മാറ്റാനുള്ള ഉദ്ദേശം ലൂയി സുവാരസിന് ഇല്ലെന്നു തോന്നുന്നു. ലോകകപ്പിലെ കടിയുടെ പേരില്‍ ശിക്ഷകിട്ടിയതിനുശേഷം കുറച്ചു നന്നായെന്നു തോന്നലുണ്ടാക്കിയെങ്കിലും വീണ്ടും തനിസ്വരൂപം പുറത്തെടുത്തു സുവാരസ്. കോപ്പ ഡെല്‍റോയില്‍ എസ്പാനിയോളിന് എതിരെയുള്ള മത്സരത്തില്‍ എതിര്‍ കളിക്കാരോട് മോശമായി പെരുമാറിയതിന് രണ്ടു മത്സരങ്ങളില്‍ നിന്നു വിലക്കിയിരിക്കുകയാണ് ബാഴ്‌സയുടെ താരമായ സുവാരസിനെ. എന്നാല്‍ വിലക്കിനെതിരെ ബാഴ്‌സ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എതിര്‍ ടീമിലെ കളിക്കാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നാണ് സുവാരസിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഈ കുറ്റം ബാഴ്‌സ നിഷേധിക്കുമ്പോഴും മാച്ച് റഫറി മാര്‍ട്ടിനസ് മുന്യോറ നല്‍കിയ റിപ്പോര്‍ട്ടില്‍ സുവാരസിനെതിരെയുള്ള കുറ്റം വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി താരത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിപ്പോള്‍ നാലാം തവണയാണ് അച്ചടക്കലംഘനത്തിന്റെ പേരില്‍ സുവാരസ് സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിയുമായുള്ള മത്സരത്തിനിടയില്‍ എതിരാളിയായ ജോര്‍ജിയോ ചെല്ലീനിയെ കളിക്കിടയില്‍ കടിച്ചതിനു നാലു മാസത്തേക്ക് ഒരു സ്‌റ്റേഡിയത്തിലും പ്രവേശിക്കരുതെന്ന കടുത്ത ശിക്ഷയായിരുന്നു സുവാരസിനു ഫിഫ വിധിച്ചത്. സുവാരസിന്റെ പുറത്താകല്‍ ഒരു തരത്തില്‍ ഉറുഗ്വേയുടെ കൂടെയായിരുന്നു. സുവാരസിന്റെ മികവില്‍ ആത്മവിശ്വാസത്തോടെ കളിച്ചുവന്നിരുന്ന ഉറുഗ്വേയ്ക്ക് പിന്നീട് പിഴയ്ക്കാന്‍ തുടങ്ങി. സുവാരസിന്റെ ആരാധകര്‍ പോലും അന്നു പ്രാര്‍ത്ഥിച്ചത് സുവാരസിന് ഇനിയെങ്കിലും നല്ല ബുദ്ധി കൊടുക്കണേയെന്നായിരുന്നു. കളിക്കളത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ പോവുന്ന പ്രതിഭകളുടെ കൂട്ടത്തില്‍പ്പെട്ട് കരിയര്‍ ദുരന്തപൂര്‍ണമാക്കാതിരിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍