UPDATES

കള്ളിമുണ്ടുടുത്തു വന്നയാള്‍ക്ക് നിമയസഭയില്‍ പ്രവേശനം നിഷേധിച്ചു; വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

അഴിമുഖം പ്രതിനിധി

കള്ളിമുണ്ട് ഉടുത്തതിന്റെ പേരില്‍ കേരള നിയമസഭയുടെ സന്ദര്‍ശക ഗാലറിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടയാളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുഞ്ഞിമോയിന്‍ നല്‍കിയ പരാതി സ്വീകരിച്ചുകൊണ്ട് നിയമസഭ സെക്രട്ടറിയോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫോര്‍മല്‍ ഡ്രസ് അല്ല എന്ന പേരിലാണ് കള്ളിമുണ്ടുടുത്തു വന്ന കുഞ്ഞിമോയിനെ സന്ദര്‍ശക ഗാലറിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞത്. നവംബര്‍ എട്ടിനു സഭ നടപടികള്‍ കാണാന്‍ മലപ്പുറത്തുനിന്നും എത്തിയ 38 അംഗ സംഘത്തില്‍പ്പെട്ടയാളായിരുന്നു കുഞ്ഞിമോയിനും. വെള്ളയില്‍ ചെറിയ കളങ്ങളുള്ള മുണ്ടായിരുന്നു കുഞ്ഞിമോയിന്റെ വേഷം. പ്രധാന ഗേറ്റിലോ സഭാ കവാടത്തിലോ ആരും തന്നെ തടഞ്ഞില്ല. എന്നാല്‍ സന്ദര്‍ശക ഗാലറിയിലേക്ക് കയറാന്‍ അനുവദിച്ചില്ല. താന്‍ കളളിമുണ്ട് ഉടുത്തിരിക്കുന്നു എന്നതാണ് തടയാനുള്ള കാരണമെന്നും കുഞ്ഞിമോയിന്‍ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച കമ്മിഷന്‍ നിയമസ സെക്രട്ടറി വി കെ ബാബു പ്രകാശിനോട് സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടു. നിയമസഭയില്‍ ഏതെങ്കിലും ഡ്രസ് കോഡ് നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു കമ്മിഷന്റെ ചോദ്യം.

എന്നാല്‍ നിയമസഭ സ്പീക്കറുടെ ഓഫിസ് നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ കള്ളിമുണ്ട് ഫോര്‍മല്‍ വസ്ത്രമല്ലെന്നും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് സഭയ്ക്കുള്ളിലോ സന്ദര്‍ശക ഗാലറിയിലോ പ്രവേശിക്കുന്നത് അനുവദനീയമല്ലെന്നും അറിയിച്ചു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ നിലനില്‍ക്കുന്ന നിയമങ്ങളാണ് നിയമസഭയും പിന്തുടരുന്നതെന്നും വിശദീകരണത്തില്‍ അറിയിക്കുന്നു. മതചിഹ്നങ്ങള്‍ ധരിച്ചു പ്രവേശിക്കുന്നതില്‍ മാത്രമാണ് ഒഴിവു നല്‍കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു.

അതേസമയം പരാതിക്കാരന്റെ വാദത്തില്‍ വെള്ള ഷര്‍ട്ടും വെള്ള കള്ളിമുണ്ടും മലബാറിലെ പരമ്പരാഗത വേഷവിധാനമാണെന്നും വിശേഷാവസരങ്ങളിലടക്കം ഈ വസ്ത്രരീതിയാണ് പിന്തുടരുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ കള്ളിമുണ്ട് ധരിച്ച് വരുന്നവര്‍ക്ക് സഭയ്ക്കുള്ളില്‍ പ്രവേശനമില്ലെന്ന നിയമം തിരുത്തണമെന്നും കുഞ്ഞിമോയിന്‍ തന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍