UPDATES

വായിച്ചോ‌

മുസഫര്‍പൂരിലെ കുട്ടികളില്‍ രോഗം പടര്‍ത്തുന്ന വില്ലനെ കണ്ടെത്തി: ലീച്ചിപ്പഴം

കുട്ടികള്‍ക്ക് കണ്ടുവരുന്ന അപൂര്‍വ രോഗത്തിന് കാരണം വെറും വയറ്റില്‍ ലീച്ചി പഴങ്ങള്‍ തിന്നുന്നതാണെന്ന് പുതിയ കണ്ടെത്തല്‍.

ബിഹാറിലെ മുസഫര്‍പൂര്‍ ഭാഗത്ത് കുട്ടികള്‍ക്ക് കണ്ടുവരുന്ന അപൂര്‍വ രോഗത്തിന് കാരണം വെറും വയറ്റില്‍ ലീച്ചി പഴങ്ങള്‍ തിന്നുന്നതാണെന്ന് പുതിയ കണ്ടെത്തല്‍. രാത്രിയില്‍ പൂര്‍ണാരോഗ്യവാന്മാരായി ഉറങ്ങുന്ന കുട്ടികള്‍ പ്രഭാതത്തില്‍ വലിയ നിലവിളിയുമായാണ് ഉണരുക. പിന്നീട് കുട്ടികള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചിലര്‍ക്ക് ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു. ആശുപത്രിയില്‍ എത്തിക്കുന്ന നാല്‍പത് ശതമാനം കുട്ടികളും മരണത്തിന് ഇരയാവാന്‍ തുടങ്ങിയതോടെയാണ് വിഷയത്തിന്റെ ഗൗരവം ആരോഗ്യപ്രവര്‍ത്തകരെ അലട്ടാന്‍ തുടങ്ങിയത്. ജൂലൈയില്‍ മഴക്കാലം ആകുന്നതോടെ പിടിച്ചു നിറുത്തിയത് പോലെ രോഗം നിലയ്ക്കുകയും ചെയ്തിരുന്നു.

എലികള്‍, വവ്വാലുകള്‍, ചില പ്രാണികള്‍ എന്നിവ വഴി പകരുന്ന എന്തോ പകര്‍ച്ച വ്യാധി എന്ന നിലയിലാണ് ആദ്യം ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ ലീച്ചി തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളെ കുറിച്ചും അന്വേഷണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ രോഗനിയന്ത്രണത്തിനുള്ള ഇന്ത്യയുടെ ദേശീയ കേന്ദ്രവും അത്‌ലാന്റയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍സ് ആന്റ് പ്രിവന്‍ഷന്റെ ഇന്ത്യന്‍ കേന്ദ്രവും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വില്ലനെ പിടികിട്ടിയിരിക്കുന്നത്. പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെറും വയറ്റില്‍ ലീച്ചി പഴങ്ങള്‍ തിന്നുമ്പോള്‍ കുട്ടികളില്‍ പോഷകക്കുറവ് ഉണ്ടാകുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. 2015 മുതല്‍ കുട്ടികള്‍ക്ക് നന്നായി അത്താഴം നല്‍കാനും ലീച്ചി പഴങ്ങള്‍ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാനും മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു വരുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി രോഗബാധ വളരെയേറെ കുറിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എന്തെങ്കിലും തരത്തിലുള്ള അണുബാധ നിമിത്തമാണോ കുട്ടികളുടെ തലച്ചോര്‍ ക്രമാതീതമായി വളര്‍ന്നു വരുന്നതെന്ന് തിരിച്ചറിയാനാവാതെ കഴിഞ്ഞ 20 വര്‍ഷമായി വിഷമിക്കുകയായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍. പല കുട്ടികള്‍ക്കും പനി ബാധിക്കുന്നില്ലെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍ അണുബാധയ്‌ക്കെതിരെ ശരീരം പോരാടുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ രക്തത്തില്‍ വെളുത്ത കോശങ്ങളുടെ അളവ് വല്ലാതെ കുറയുന്നുണ്ടായിരുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവും കുറയുന്നതായി അവര്‍ കണ്ടെത്തി. വെസ്റ്റ് ഇന്‍ഡീസില്‍ കണ്ടുവന്നിരുന്ന ‘ജമൈക്കന്‍ വൊമിറ്റിംഗ് സിക്ക്‌നസ്’ എന്ന രോഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തെ ലീച്ചി പഴങ്ങളിലേക്ക് നയിച്ചത്. അവിടെ അക്കി പഴങ്ങള്‍ കഴിച്ചതായിരുന്നു രോഗത്തിന് കാരണമായത്.

രക്തത്തിലുള്ള ഗ്ലൂക്കോസിനെ സംസ്ലേഷണം ചെയ്യാന്‍ ആ പഴങ്ങള്‍ക്ക് കഴിവുള്ളതിനാല്‍ അത് കടുത്ത ഹൈപോഗ്ലൈസീമിയ അഥവാ രക്തത്തിലെ താഴന്ന് ഗ്ലൂക്കോസ് അളവിന് കാരണമാകും. ഈ കണ്ടെത്തലാണ് ലീച്ചി പഴത്തിലേക്ക് അന്വേഷം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലീച്ചി തോട്ടങ്ങളുള്ളത് മുസാഫര്‍പൂര്‍ മേഖലയിലാണ്. രോഗബാധയുടെ എഴുപത് ശതമാനവും മുസാഫര്‍പൂര്‍ നഗരത്തിന് ചുറ്റുമുള്ള മേഖലയിലായിരുന്നു എന്നതും അന്വേഷണത്തിന് വഴികാട്ടിയായി.

വായിച്ചോ: https://goo.gl/8XubQd

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍