UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ് കയറിയിറങ്ങി കിടക്കുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍; കൗമാരക്കാരന്‍ ആശുപത്രിയില്‍ മരിച്ചു

സര്‍ക്കാര്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയ സൈക്കിള്‍ യാത്രക്കാരനായ കൗമാരക്കാരന്റെ ജീവനാണ് ഇന്ന് നഗരത്തില്‍ പൊലിഞ്ഞത്

അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാതെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രം ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിന് മറ്റൊരു ഇര കൂടി. കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലാണ് ഇന്ന് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയ സൈക്കിള്‍ യാത്രക്കാരനായ കൗമാരക്കാരന്റെ ജീവനാണ് ഇന്ന് നഗരത്തില്‍ പൊലിഞ്ഞത്.

25 മിനിറ്റോളമാണ് അന്‍വര്‍ അലി(18) നാട്ടുകാരുടെ സഹായത്തിനായി റോഡില്‍ കിടന്ന് ചോരയില്‍ കുളിച്ച് അഭ്യര്‍ത്ഥിച്ചത്. സൈക്കിളില്‍ പോകുകയായിരുന്ന ഇയാളെ ബസ് ഇടിച്ചു വീഴ്ത്തുകയും ദേഹത്ത് കൂടി കയറിയിറങ്ങി പോകുകയും ചെയ്തു. ഇതുകണ്ട് ആളുകള്‍ ഓടിയടുത്തെങ്കിലും അന്‍വര്‍ അലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. ചിലര്‍ നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം അന്‍വര്‍ അലി സഹായത്തിനായി കരയുന്നതിന്റെ വീഡിയോയും പകര്‍ത്തുന്നുണ്ടായിരുന്നു. ഒടുവില്‍ ഒരാള്‍ ഇയാള്‍ക്ക് അല്‍പ്പം വെള്ളം കൊടുക്കാന്‍ തയ്യാറായി.

പിന്നീട് ഇയാളെ പോലീസെത്തി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ബംഗളൂരുവില്‍ നിന്നും കൊപ്പലിലാണ് സംഭവം. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചെങ്കില്‍ അന്‍വര്‍ അലിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് സഹോദരന്‍ റിയാസ് പറഞ്ഞു. മൈസൂരില്‍ ബസുമായി കൂട്ടിയിടിച്ച് ജിപ്പിനുള്ളില്‍ കുടുങ്ങിപ്പോയ പോലീസുകാരന്‍ സഹായത്തിനായി യാചിച്ചപ്പോള്‍ നാട്ടുകാര്‍ അതിന് തുനിയാതെ ഫോട്ടോയെടുക്കാന്‍ മാത്രം ശ്രമിച്ച സംഭവം പുറത്ത് വന്നത് രണ്ട് ദിവസം മുമ്പാണ്.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന്റെ ശരീരം രണ്ടായി കിടന്നപ്പോള്‍ ജനങ്ങള്‍ സഹായിക്കാന്‍ നില്‍ക്കാതെ ചിത്രങ്ങള്‍ പകര്‍ത്തിയതും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍