UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്:വിമാന ദുരന്തത്തില്‍ ഒരു മ്യൂസിക് ബാന്‍ഡ് ഇല്ലാതാകുന്നു, ഉത്തരാഖണ്ഡ് ഭൂചലനം

Avatar

1977 ഒക്ടോബര്‍ 20 
ലെനെര്‍ഡ് സ്‌കിനെര്‍ഡ് മ്യൂസിക് ബാന്‍ഡിനെ ഇല്ലാതാക്കിയ വിമാനദുരന്തം

സ്ട്രീറ്റ് സര്‍വൈവേഴ്‌സ് എന്ന ആല്‍ബത്തിലൂടെ എഴുപതുകളില്‍ തരംഗമായ മ്യൂസിക് ബാന്‍ഡാണ് ലെനെര്‍ഡ് സിക്‌നെര്‍ഡ്. പക്ഷേ ക്ഷണപ്രഭമായിരുന്നു ഈ മ്യൂസിക് ബാന്‍ഡിന്റെ ഉയര്‍ച്ച. ഒരാകാശ യാത്ര എന്നന്നേക്കുമായി ലെനെര്‍ഡ് സ്‌കിനെര്‍ഡിനെ ഇല്ലാതാക്കുകയായിരുന്നു.

കോണ്‍വെയര്‍ സിവി-300 എന്ന ചാര്‍ട്ടഡ് വിമാനം 1977 ഒക്ടോബര്‍ 20 ന് മിസ്സിസിപ്പിയിലെ ഗില്‍സ്ബര്‍ഗില്‍ തകര്‍ന്നുവീണത് സംഗീതലോകത്തിന് വലിയനഷ്ടമുണ്ടാക്കിയാണ്. പ്രധാനഗായകനായ റോണി വാന്‍ സാന്റ്, ഗിറ്റാറിസ്റ്റും ഗായകനുമായ സ്റ്റീവ് ഗെയ്ന്‍സ്, മറ്റൊരു ഗായകനായ കാസിയേ ഗെയ്‌നെസ് എന്നിവര്‍ ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ക്കൊപ്പം പൈലറ്റ് വാള്‍ട്ടര്‍ മാക്ക്രിയറി സഹപൈലറ്റ് വില്യം ഗ്രേയ് എന്നിവരും മരണമടഞ്ഞിരുന്നു.

1991 ഒക്ടോബര്‍ 20
ഉത്തരാഖണ്ഡില്‍ ഭൂചലനം

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിനെ പിടിച്ചു കുലുക്കിയ വന്‍ ഭൂചലനത്തില്‍ 1000നു മുകളില്‍ ജനങ്ങളാണ് കൊല്ലപ്പെട്ടത്. അതിലേറെ ജനങ്ങളാണ് ഭൂചലനത്തിന്റെ ഇരകളായി സര്‍വ്വവും നഷ്ടപ്പെട്ടവരായത്. ഹിമാലയ പര്‍വതത്തോട് ചേര്‍ന്ന മേഖലയില്‍ അതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനായിരുന്നു ഉത്തരാഖണ്ഡ് ഇരയായത്. ഉത്തരാഖണ്ഡിലെ 1249 ഗ്രാമങ്ങളില്‍ പ്രത്യാഘാതം സൃഷ്ടിച്ച ഭൂകമ്പം മൂന്നുലക്ഷം ജനങ്ങളെ ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്.

ഉത്തകാശിയെയും ഗംഗോത്രിയെയും ബന്ധിപ്പിക്കുന്ന റോഡ് ഭൂകമ്പത്തില്‍ തകര്‍ന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സഞ്ചാരയോഗ്യമാക്കിയത്. തെഹ്‌റി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന് ഭൂകമ്പം ഭീഷണിയാകുമെന്ന് ഭയവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഈ പ്രൊജക്ടിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അത് വലിയ പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍