UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയാമ്മയുടെ പിറന്നാളിന് മുത്തുവേല്‍ കരുണാനിധി വക ‘പരസ്യ’യുദ്ധം

Avatar

പികെ ശ്രീനിവാസന്‍

തമിഴകത്ത് യുദ്ധം ആരംഭിക്കുകയാണ്. ഇക്കാര്യം ജനം മനസ്സിലാക്കിയത് ഇന്നലെ പുറത്തിറങ്ങിയ ഇംഗ്ലീഷ്-തമിഴ് ദിനപ്പത്രങ്ങളില്‍ നിന്നാണ്. ചെറുകിട- വന്‍കിട പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ട മുഴുപ്പേജ് പരസ്യമാണ് വിപ്ലവത്തിന്റെ വരവ് അറിയിച്ചത്. ഇംഗ്ലീഷിലും തിമിഴിലും വന്ന വര്‍ണ്ണപ്പരസ്യം വായിച്ച സാധാരണക്കാര്‍ക്കാകട്ടെ അതിന്റെ അര്‍ത്ഥം ആദ്യമൊന്നും പിടികിട്ടിയില്ല. ഉദയസൂര്യന്റെ പടം കണ്ടപ്പോള്‍ ജനം സംശയിച്ചു-ഇതില്‍ സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ കരസ്പര്‍ശം ഇല്ലേ? സംശയം ബലപ്പെടാന്‍ കാരണം അതിലെ മദ്രാസി തമിഴ് സ്ലാങിലുള്ള വാക്യഘടനകളാണ്. പരസ്യം ഉവാച:

‘അഞ്ചുവര്‍ഷത്തുല മുതല്‍ വര സ്റ്റിക്കറിലാ പാത്തുരുപ്പീങ്ക. ബാനറിലാ പാത്തുരുപ്പീങ്ക.ടീവീലാ പാത്തുരുപ്പീങ്ക. നേരിലാ പാത്തുരുപ്പീങ്ക? എന്നമ്മാ ഇപ്പടി പണ്‍ട്രീങ്കളേമാ?’

അര്‍ത്ഥം ഇത്രയേയുള്ളു-‘അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയെ സ്റ്റിക്കറില്‍ കണ്ടിട്ടുണ്ടാകും. ബാനറില്‍ കണ്ടിട്ടുണ്ടാകും. ടിവിയില്‍ കണ്ടിട്ടുണ്ടാകും. നേരില്‍ കണ്ടിട്ടുണ്ടോ? എന്തിനാണമ്മാ ഇങ്ങനെ ചെയ്യുന്നത്.’ തൊട്ടുതാഴെ ഉദയസൂര്യന്റെ ചിത്രത്തിനു സമീപം മറ്റൊരു തമാശയും: ‘മുടിയട്ടും വിടിയട്ടും’. അര്‍ത്ഥം: അവസാനിക്കട്ടെ, ഉദിച്ചുയരട്ടെ’ (ഒരു ടെലിവിഷന്‍ ഷോയില്‍ എന്നമ്മാ ഇപ്പടി പണ്‍ട്രീങ്കളേമാ? എന്ന പ്രയോഗം നടത്തിയത് നടനും സംവിധായകുനുമായ ലക്ഷ്മിരാമകൃഷ്ണനാണ്. രജനി മുരുകന്‍ എന്ന സിനിമയില്‍ ഇത് സൂപ്പര്‍ഹിറ്റായ പാട്ടായും വന്നിട്ടുണ്ട്).

മുത്തുവേല്‍ കരുണാനിധിയുടെ ഡിഎംകെയാണ് പരസ്യത്തിന്റെ പിന്നിലെന്ന് ജനം അറിയുന്നത് സാവകാശമായിരുന്നു. മുഖ്യമന്ത്രിയുടെ കുപ്പായവും കിന്നരിത്തലപ്പാവും തയ്പ്പിച്ചുവച്ചശേഷം, പാര്‍ട്ടി ട്രഷററും കലൈജ്ഞറുടെ അരുമസന്താനവുമായ എം കെ സ്റ്റാലിന്‍ തമിഴകത്ത് നടത്തിയ ‘നമുക്ക് നാമേ’യാത്രയില്‍ നിരന്തരം പ്രയോഗിച്ചിരുന്ന മുദ്രാവാക്യമായിരുന്നു ‘മുടിയട്ടും വിടിയട്ടും’. ജയാമ്മയുടെ ഭരണം അവസാനിക്കട്ടെ ഇനി ഉദയസൂര്യന്‍ ഉദിച്ചുയരട്ടെ. തമിഴകത്തെ ചാനലുകളിലും ഇത്തരം പരസ്യങ്ങള്‍ ഡിഎംകെ നല്‍കിയിരുന്നു.

തൊട്ടടുത്ത ദിവസം മറ്റൊരു പരസ്യംകൂടി കരുണാനിധിയുടെ പാര്‍ട്ടി പത്രങ്ങള്‍ക്ക് നല്‍കി.

‘മണല്‍ക്കൊള്ളൈ, പാല്‍ക്കൊള്ളൈ, മിന്‍സാരക്കൊള്ളൈ, ആനാ 86 ലക്ഷം പേരുക്ക് വേലയേ ഇല്ലൈ. എന്നമ്മാ ഇപ്പടി പണ്‍ട്രീങ്കളേമാ?

‘ഒപ്പം ഇംഗ്ലീഷില്‍ മറ്റൊരു അനുബന്ധം കൂടി പരസ്യത്തില്‍ ഉണ്ട്. ‘നോക്കിയായും ഫോക്‌സ്‌ക്കോണും വിട്ടതോടെ തമിഴ്‌നാട്ടില്‍ 75000 പേര്‍ക്ക്‌തൊഴില്‍ നഷ്ടപ്പെട്ടു’. അവിടെയും ഉദയസൂര്യന്‍ കത്തിനിന്നിരുന്നു.

കരുണാനിധിയുടെ ‘വക്രബുദ്ധി’യില്‍ ജനിച്ച ഇത്തരം പരസ്യങ്ങള്‍ക്ക് വിപ്ലവനായിക ജയലളിത നേരിട്ടു പ്രതികരിച്ചില്ലെങ്കിലും സോഷ്യല്‍മീഡിയ വഴി തിരിച്ചടിയുമായി എഐഎഡിഎംകെയും രംഗത്തുവന്നു. കൂരമ്പുകള്‍ പൂഴ്ത്തിവച്ച ആ പരസ്യത്തിന്റെ സാരം ഇതായിരുന്നു: ‘അഞ്ചുവര്‍ഷത്തിനുള്ളില്‍ കരുണാനിധിയെ നിങ്ങള്‍ നടിമാരുടെ വിവാഹവേളയില്‍ കണ്ടിട്ടുണ്ടാവും. നടികള്‍ക്ക് സ്വയം നല്‍കിയ അനുമോദന സല്‍ക്കാരത്തില്‍ കണ്ടിട്ടുണ്ടാവും. ‘മാനാടാമൈലാടാ’യില്‍ കണ്ടിട്ടുണ്ടാവും. നിയമസഭയില്‍ കണ്ടിട്ടുണ്ടോ?’(ഡിഎംകെയുടെ ടെലിവിഷന്‍ പരിപാടിയാണ് ‘മാനാടാമൈലാടാ’). മാത്രമല്ല സ്റ്റാലിന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വന്തം മണ്ഡലമായ കൊളത്തൂരില്‍ പോയിട്ടില്ലെന്നും എഐഎഡിഎം കെമറ്റൊരു പോസ്റ്ററില്‍ തട്ടിവിട്ടു. ആ പോസ്റ്ററിനു താഴെ മറ്റൊരു മുദ്രാവാക്യവും പ്രത്യക്ഷപ്പെട്ടു: ‘മുടിയട്ടും ഡിഎംകെ! വിടിയട്ടും തമിഴകത്തുക്കും’ (ഡിഎംകെ തുലയട്ടെ, തമിഴകത്ത് പുതിയ പ്രഭാതം വിടരട്ടെ!).

കരുണാനിധി നിയമസഭയില്‍ എത്താത്തത് അവിടെ തലൈവരുടെ വീല്‍ച്ചെയര്‍ കയറ്റാന്‍ സാധിക്കാത്തതിനാലാണെന്ന് പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രസ്താവനയുമായി രംഗത്തുവന്നു. പക്ഷേ വടി കൊടുത്ത് അടി വാങ്ങി എന്ന ചന്താഗതിയാണ് ഒരുവിഭാഗം ഡിഎംകെ പ്രവര്‍ത്തകര്‍ക്കുഉള്ളത്. കാരണം കോടികള്‍ ചിലവിട്ടു നല്‍കിയ പരസ്യത്തിനു സോഷ്യല്‍മീഡിയകളില്‍ മോശപ്പെട്ട പ്രതികരണമാണ് ഉണ്ടായതെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ചില്ലിക്കാശ് ചിലവാക്കാതെ വിപ്ലവനായികയുടെ എഐഎഡിഎംകെ കോടിക്കണക്കിനു രൂപയുടെ പബ്ലിസിറ്റി നേടിയെടുത്തു എന്നാണ് അവരുടെ കണക്കുകൂട്ടല്‍. മാത്രമല്ല ഡിഎംകെക്ക് മാനഹാനിയുണ്ടാക്കുന്ന പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതും.

എന്തായാലും ജയാമ്മയുടെ അറുപത്തെട്ടാം പിറന്നാളിനു ചുളുവിനു കിട്ടിയ പബ്ലിസിറ്റിയില്‍ അണികള്‍ സന്തുഷ്ടരാണ്. പക്ഷേ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുണാനിധി എഴുന്നള്ളിച്ച വക്രബുദ്ധി പരസ്യങ്ങള്‍ പാളിപ്പോയതിലാണ് ഡിഎംകെ അണികള്‍ക്ക് സങ്കടം. പാര്‍ട്ടിയില്‍ കുടുംബത്തിന്റെ കടന്നുകയറ്റം കാരണം പണ്ടേതന്നെ നഷ്ടപ്പെട്ട പ്രതിച്ഛായ ഇനി എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് വീല്‍ച്ചെയറില്‍ ഉപവിഷ്ഠനായ കലൈഞ്ജര്‍.

(പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍