UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം കരുണാനിധി അന്തരിച്ചു

കഴിഞ്ഞ ഒരു വര്‍ഷമായി രോഗക്കിടക്കയിലായിരുന്ന കരുണാനിധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. മൂത്രനാളത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് അനുയായികള്‍ ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ അദ്ദേഹത്തിനു സമീപം ഉണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി രോഗക്കിടക്കയിലായിരുന്ന കരുണാനിധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആശുപത്രിക്ക് സമാനമായ സംവിധാനങ്ങള്‍ ഒരുക്കി, വീട്ടിൽ ചികിത്സയിലായിരുന്നു ഇതുവരെ.

1924 ജൂണ്‍ മൂന്നിന് നാഗപട്ടിണം ജില്ലയിലെ തിരുക്കുവലൈ ഗ്രാമത്തില്‍ ജനിച്ച എം കരുണാനിധി, 1969ല്‍ സിഎന്‍ അണ്ണാദുരൈയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി. തുടര്‍ന്ന് 1971, 1989, 1996, 2006 എന്നീ വര്‍ഷങ്ങളിലും മുഖ്യമന്ത്രി പദത്തിലെത്തി. രണ്ടു തവണ പ്രതിപക്ഷ നേതാവായിരുന്നു.

1969ല്‍ അണ്ണാദുരയുടെ നിര്യാണത്തെ തുടര്‍ന്നു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തലപ്പത്തെത്തിയ കരുണാനിധിക്ക് രാഷ്ട്രീയ പരാജയം നേരിട്ടത് മുന്‍ ചങ്ങാതിയും എഡിഎംകെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ എംജിആറില്‍ നിന്നായിരുന്നു. പിന്നീട് എംജിആറിന്റെ നേരാവകാശിയായി രാഷ്ട്രീയ പ്രവേശനം നടത്തിയ ജെ ജയലളിതയുടെ എ എഐഎഡിഎംകെയില്‍ നിന്നും കരുണാനിധി പരാജയമേറ്റുവാങ്ങി. കരുണാനിധിയും ജയലളിതയും തമ്മിലുള്ള രാഷ്ട്രീയശത്രുത ഒരുവേള തമിഴ് രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു.

നാടകത്തിലും കവിതയിലും തന്റെ പ്രതിഭ തെളിയിച്ച കരുണാനിധി 1947ല്‍ ഇരുപതാം വയസ്സില്‍ രാജകുമാരി എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയാണ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സിനിമയെ തന്റെ മാധ്യമമാക്കിയ കരുണാനിധി നാല്‍പ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 1952ല്‍ ശിവാജി ഗണേശന്‍ ആദ്യമായി അഭിനയിച്ച പരാശക്തി തമിഴ് സിനിമയിലെ പുതുയുഗത്തിന് തുടക്കം കുറിച്ചു.

മൂന്നു ഭാര്യമാരിലായി ആറ് മക്കളാണ് കരുണാധിക്കുള്ളത്. സ്പെക്ട്രം അഴിമതിയില്‍ മകള്‍ കനിമൊഴി ജയിലിലായതും എംകെ സ്റ്റാലിനും എംകെ അഴഗിരിയും തമ്മിലുള്ള വഴക്കും അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുമൊക്കെ കരുണാനിധിയുടെ അവസാനകാലത്തെ സംഘര്‍ഷഭരിതമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍