UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനൊരിക്കലും വെള്ളാപ്പള്ളിയുടെ മുന്നില്‍ കൈനീട്ടില്ല: എം ലിജു-അഭിമുഖം

Avatar

15 ാം കേരള നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ചരിത്രത്തില്‍ ഇല്ലാത്തവണ്ണം അഴിമതിയുടെയും തട്ടിപ്പുകളുടെയും ലൈംഗികാരോപണങ്ങളുടെയും കറകള്‍ പുരണ്ട് മലീമസമായിരിക്കുന്ന അവസ്ഥയിലാണ് മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. പല രാഷ്ട്രീയബിംബങ്ങളെയും ഇത്തവണ ജനം തള്ളിക്കളഞ്ഞേക്കാം. സമൂഹത്തിന്റെ പ്രതീക്ഷ ഇനി യുവ നേതാക്കളിലാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ചെറുപ്പക്കാരായ രാഷ്ട്രീയനേതാക്കളുമായി അഴിമുഖം സംസാരിക്കുന്നു.

ഈ പരമ്പരയില്‍ ആദ്യം വരുന്നത് കോണ്‍ഗ്രസ് നേതാവ് എം ലിജുവാണ്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തലങ്ങളില്‍ മികവുറ്റ നേതൃത്വപാടവം കാഴ്ച്ചവച്ച ലിജു തന്റെ സംഘടന മികവിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനും അര്‍ഹനായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തും സംഘടനരംഗത്തും ഒരുപോലെ തന്റെ സേവനം പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാക്കുന്ന ലിജു വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷയാണ്. എം ലിജുവുമായി അഴിമുഖം പ്രതിനിധി രാകേഷ് സനല്‍ സംസാരിക്കുന്നു...

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി വളരെ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് മന്ത്രി കെ ബാബു രാജിവച്ചു. മുഖ്യമന്ത്രിക്കെതിരെയും മറ്റൊരു മന്ത്രിക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. വല്ലാതെ കലങ്ങി മറിഞ്ഞിരിക്കുന്നു പാര്‍ട്ടിയും യുഡിഎഫ് സര്‍ക്കാരും.
തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വല്ലാത്തൊരു ശ്രമം നടക്കുന്നുണ്ട്. ബാര്‍ ലോബിയുടെ ഭാഗത്തു നിന്നും സര്‍ക്കാരിനെതിരെ വളരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടാകുന്നുണ്ട്. സരിതയെ സംബന്ധിച്ചാണെങ്കില്‍, നിലനില്‍ക്കുന്ന ആരോപണങ്ങളല്ല അവര്‍ ഇതുവരെയും ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പറയാതിരുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പറയുന്നുണ്ടെങ്കില്‍ അവര്‍ക്കിത് ധനസമ്പാദനത്തിനുള്ള മാര്‍ഗം ആണ്. അതിനാല്‍ ഈ ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണ്. ഇതൊന്നും ഒരു തരത്തിലും പാര്‍ട്ടിയോയോ സര്‍ക്കാരിനെയോ ബാധിച്ചിട്ടില്ല.

ഇതിലൊരു ധാര്‍മികതയുടെ പ്രശ്‌നമുണ്ട്. പ്രത്യേകിച്ച് കോടതിയുടെ പരാമര്‍ശങ്ങള്‍. കോടതിയില്‍ നിന്നും ഒരേ പോലെ എതിര്‍വിധികള്‍ ഉണ്ടായവരില്‍ ഒരാള്‍ രാജിവയ്ക്കുന്നു. മറ്റു രണ്ടുപേര്‍ ആ മാതൃക പിന്തുടരുന്നില്ല.
ധാര്‍മികത എന്നത് ആപേക്ഷികമാണ്. കെ ബാബു ആദ്യം മുതല്‍ പറയുന്നുണ്ട് എന്റെ പേരില്‍ എഫ് ഐ ആര്‍ വന്നാല്‍ ഞാന്‍ രാജിവയ്ക്കുമെന്ന്. എന്നാല്‍ ഉമ്മന്‍ ചാണ്ടി അത്തരമൊരു നിലപാട് എടുത്തിരുന്നില്ല. ഹൈക്കോടതി ഉത്തരവ് വന്നതോടെ കെ ബാബുവിന്റെ രാജിയുടെ സാഹചര്യം ഇല്ലാതായിരിക്കുകയാണ്. ഇനി തീരുമാനം എടുക്കേണ്ടത് കെ ബാബുവാണ്.

വിജിലന്‍സ് കോടതി വിധികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ നടപടികളില്‍ തന്നെ എല്ലാം വ്യക്തമല്ലേ. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാന്‍ പറയുന്നത്, പ്രാഥമികാന്വേഷണം പോലുമില്ലാതെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. നിലവിലുള്ള ജഡ്ജ്‌മെന്റുകളുടെയും സിആര്‍പിസിയുടെയുമെല്ലാം ലംഘനമായാണ് ഇതിനെ കാണാവുന്നത്. നമ്മുടെ ജഡ്ജിമാര്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. നീതിയുടെ പക്ഷത്തു നിന്നുള്ള വിധിയാണ് കോടതികളില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത്. കോടതി ലാഘവത്തോടെയല്ല കാര്യങ്ങളെ കാണേണ്ടത്.

സോളാര്‍ കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു നിങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ രണ്ടുവര്‍ഷങ്ങള്‍ ഒന്നും ചെയ്യാതിരുന്നിട്ട് ഇപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നതോ?
അതൊരിക്കലും രാഷ്ട്രീയതീരുമാനമല്ല. സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷിചേരുകയായിരുന്നു. ലാവ്‌ലിന്‍ കേസ് കേരളത്തിന് കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കിയ ഒരു അഴിമതിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും എതിര്‍ അഭിപ്രായവുമില്ല. സ്വഭാവികമായും ഇതിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണം.

സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ താമസിച്ചു എന്നതിനോട് വ്യക്തിപരമായി ഞാനും യോജിക്കുന്നു. നേരത്തെ അതു ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

ഇതാദ്യമല്ല അഴിമതിക്കേസിലെ പ്രതിക്കെതിരെ സര്‍ക്കാര്‍ കോടതയില്‍ പോകുന്നതും. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയില്‍ പോയത് തെരഞ്ഞെടുപ്പിന് മുമ്പ് ആയിരുന്നു. ആ വിധി തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇത്തരം ഉദാഹരണങ്ങളൊക്കെ മുന്‍കാലങ്ങളിലുണ്ട്.

ലാവ്‌ലിന്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ മാത്രമല്ലല്ലോ കോടതിയെ സമീപിച്ചിരിക്കുന്നത്, 2006 ല്‍ വി എസ് തന്നെ സുപ്രിം കോടതിയില്‍ പോയകാര്യം മറക്കരുത്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷ യാത്ര എന്തുകൊണ്ട് മാധ്യമശ്രദ്ധ നേടാതെ പോകുന്നു.
മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതാണോ ഒരു കാര്യത്തിന്റെ നെഗറ്റീവും പോസറ്റീവും നിശ്ചിക്കാനുള്ള അടിസ്ഥാനം. സുധീരന് മുമ്പ് നടത്തിയ ജനപക്ഷയാത്രയില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മാധ്യമങ്ങളത് ശ്രദ്ധിച്ചില്ല. വെള്ളാപ്പള്ളി നൗഷാദിനെക്കുറിച്ചു പറഞ്ഞത് മാധ്യമങ്ങള്‍ ആഘോഷിച്ചു. അതുകൊണ്ട് സുധീരന്‍ പറഞ്ഞത് മോശവും വെള്ളാപ്പള്ളി പറഞ്ഞത് ശരിയുമാകുമോ? ജനങ്ങളോട് പറയാനുള്ളത് നേരിട്ട് അവരോടാകാം. അതിനു മാധ്യമങ്ങളുടെ സഹായം വേണ്ട. ജനരക്ഷ യാത്ര ജനങ്ങളുമായി സംവദിച്ചു മുന്നേറുന്നുണ്ട്. പിന്നെ, കെപിസിസി പ്രസിഡന്റിന്റെ ശൈലി വളരെ മാന്യമാണ്. വെള്ളാപ്പള്ളിയുടെയോ, വി എസ്സിന്റെയോ വായില്‍ നിന്നു വീഴുന്നതുപോലുള്ള ഡയലോഗുകള്‍ സുധീരനില്‍ നിന്നും കിട്ടില്ല. അതാകാം മാധ്യമങ്ങള്‍ക്ക് അദ്ദേഹമൊരു ഇരയാണെന്നു തോന്നാത്തത്.

യുഡിഎഫിനും കോണ്‍ഗ്രസിനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആകെയൊരു പരിഭ്രാന്തി.
അതുവെറും തോന്നലാണ്. അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടെന്നു പ്രതിപക്ഷം പ്രചരിപ്പിക്കാന്‍ നോക്കുന്നു. അസത്യങ്ങള്‍ക്ക് നിലനില്‍പ്പില്ല. സത്യം ജനങ്ങള്‍ക്ക് അറിയാം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പരാജയമാണെന്നു പറയുന്നതു തന്നെ ശരിയല്ല. യുഡിഎഫിന്റെ രാഷ്ട്രീയചരിത്രത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണി നേടിയ രണ്ടാമത്തെ വലിയ വിജയമായിരുന്നു ഇത്തവണത്തേത്. 2010 ല്‍ കിട്ടിയതായിരുന്നു ഏറ്റവും വലിയ വിജയം. ഇതിനു മുമ്പ് യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍പോലും ലോക്കല്‍ബോഡി ഇലക്ഷനില്‍ മുന്‍തൂക്കം നേടിയിരുന്നത് എല്‍ഡിഎഫ് ആയിരുന്നു. 2010 ല്‍ തൊട്ടാണ് ആ ട്രെന്‍ഡിന് മാറ്റം വന്നത്. അതുകൊണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഒരുതരത്തിലും യുഡിഎഫിന്റെ പരാജയമായി കാണാന്‍ സാധിക്കില്ല. ചിലയിടങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍, പ്രത്യേകിച്ച് തിരുവനന്തപുരത്ത സ്ഥാനാര്‍ത്ഥി നിര്‍ണയിത്തിലൊക്കെ വന്ന പാളിച്ചകള്‍ ചെറിയ തിരിച്ചടികളായിട്ടുണ്ട്. അതില്‍ നിന്നെല്ലാം പഠിക്കാന്‍ ഏറെയുണ്ട്.

ആത്മവിശ്വാസം ഏറിപ്പോയി എന്നല്ലേ പറയേണ്ടത്. അല്ലെങ്കില്‍ മുന്‍വിജയങ്ങളില്‍ കുറച്ച് അഹങ്കരിച്ചു എന്നും പറയാം. എ കെ ആന്റണിയുടെ നിരീക്ഷണമാണിത്.
ശരിയാണ്, നിഷേധിക്കാന്‍ പറ്റില്ല. വീഴ്ച്ചകള്‍ വന്നിട്ടില്ല. ചെറിയ പാളിച്ചകള്‍. പരിഹരിക്കാവുന്ന പാളിച്ചകള്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ യുഡിഎഫ് സമീപിക്കുന്നത് ഈ പാളിച്ചകളെല്ലം തിരുത്തിയാണ്. യുഡിഎഫ് ഭരണത്തുടര്‍ച്ചയ്ക്കായി ജനങ്ങളെ സമീപിക്കുന്നത് ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ വികസനങ്ങളുമായാണ്. മെട്രോ റയില്‍, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം… ഞങ്ങള്‍ക്ക് അഭിമാനപൂര്‍വം തന്നെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാം. നിലനില്‍പ്പില്ലാത്ത ആരോപണങ്ങള്‍ക്കു മറുപടി പറയനല്ല, ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും നാടിന്റെ വികസനത്തിനുമായിരുന്നു സര്‍ക്കാര്‍ സമയം ചെലവഴിച്ചത്. മുന്‍മാതൃകകളില്ലാത്ത നേട്ടങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ളത്.

ഇതിനിടയില്‍ ബാര്‍ക്കോഴ, സോളാര്‍ക്കേസ് എന്നിങ്ങനെ വെറും രാഷ്ട്രീയാരോപണങ്ങളുമായി എത്തുന്ന പ്രതിപക്ഷത്തിനെയായിരിക്കും ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്.

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്‍വര്‍ഷങ്ങളിലേതുപോലെ ഇടതു വലതു പോരാട്ടത്തിലേക്ക് ഒതുങ്ങില്ല. ബിജെപി- വെള്ളാപ്പള്ളി പാര്‍ട്ടികള്‍ കാര്യമായ ഇടപെടലുകള്‍ നടത്തും.
അവിടെ തന്നെയാണ് യുഡിഎഫിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ബിജെപി-ബിഡിജെഎസ് വര്‍ഗീയകക്ഷികളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനാണ്. ഇന്ത്യയൊട്ടാകെ പടര്‍ന്നു പിടിക്കുന്ന ഫാസിസത്തെ ദേശീയതലത്തില്‍ പ്രതിരോധിക്കുന്ന കോണ്‍ഗ്രസിന് തന്നെയാണ് ഫലപ്രദമായി കേരളത്തിലും ആ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കുക. മതേതരത്വ അടിത്തറ ശക്തമാക്കാന്‍ കോണ്‍ഗ്രസിന്റെ തുടര്‍ഭരണമാണ് വേണ്ടത്. സിപിഎമ്മിന് ഫാസിസത്തിന്റെ ശക്തിയെ പ്രതിരോധിക്കാന്‍ സാധ്യമല്ല. അവരുടെ പ്രാതിനിധ്യം കേരളത്തിലും ത്രിപുരയിലും മാത്രമാണ്. അതുകൊണ്ടു തന്നെ വികസന തുടര്‍ച്ചയ്ക്കും വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനും യുഡിഎഫ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കേരളത്തില്‍ വേറുറയ്ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയകക്ഷികളെ തോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബിജെപിയെ അത്ര നിസാരമായി കാണേണ്ടതുണ്ടോ? തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അവര്‍ കോണ്‍ഗ്രസിനെ പിന്തള്ളിയതാണ്.
തിരുവനന്തപുരത്ത് ചില പാളിച്ചകള്‍ സംഭവിച്ചതാണ്. ബിജെപി പറയുന്നതുപോലെ അവര്‍ തിരുവനന്തപുരത്ത് നേട്ടമുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിന് കിട്ടിയ വോട്ടുകള്‍ അനുസരിച്ചാണെങ്കില്‍ ബിജെപിക്ക് ഇത്തവണ അറുപതിലേറെ സീറ്റുകള്‍ കിട്ടണമായിരുന്നു. അതുണ്ടായിട്ടില്ല. എല്‍ഡിഎഫിന്റെ സഹായംകൊണ്ടുകൂടിയാണ് അവര്‍ക്ക് ഇത്രയെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ബിജെപയുടെ വളര്‍ച്ചയുടെ മാതൃകയായി കാണരുത്. അവിടെ കോണ്‍ഗ്രസിനുണ്ടായ ചെറിയൊരു തളര്‍ച്ചയാണ് അവര്‍ മുതലെടുക്കാന്‍ കഴിഞ്ഞത്. ആ പാളിച്ചകള്‍ നേരത്തെ പറഞ്ഞതുപോലെ ഞങ്ങളുടെ അമിതാത്മവിശ്വാസത്തിന്റെ ഫലമായിരുന്നു. തെറ്റുകള്‍ തിരുത്തുന്നതോടെ കോണ്‍ഗ്രസ് തിരിച്ചെത്തും. പിന്നെയിവിടെ ബിജെപി അപ്രസക്തമാണ്.

വെള്ളാപ്പള്ളി-ബിജെപി ബന്ധത്തിനെതിരെ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചു, പ്രത്യേകിച്ച് വി എസ്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തന്ത്രപരമായ മൗനം പാലിച്ചു. അതു തിരിച്ചടിയായി. ശരിയല്ലേ?
വെള്ളാപ്പള്ളി-ബിജെപി ബന്ധത്തിന്റെ അപകടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച്ച വന്നിട്ടില്ല. അതേസമയം തന്നെ അക്കാര്യത്തില്‍ ചില പിന്നോട്ടടികള്‍ ഉണ്ടായിട്ടുമുണ്ട്. വി എസ്സൊക്കെ വളരെ ശക്തമായ ഭാഷയിലാണ് വെള്ളാപ്പള്ളിയെ ആക്രമിച്ചത്. അത്രത്തോളം കടുത്ത രീതിയില്‍ പ്രതികരിക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. ഇത് ചെറിയൊരു മതേതരവിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയിട്ടുണ്ട്. അവര്‍ സ്വാഭാവികമായി ഇടതുപക്ഷത്തെ വിശ്വസിച്ചു.

കോണ്‍ഗ്രസ് ഒരിക്കലും അതിന്റെ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കാറില്ല. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് എതിരിടുകയാണ് രീതി. വെള്ളാപ്പള്ളിയുടെ കാര്യത്തിലും എടുത്ത നിലപാട് അതായിരുന്നു. അതുപക്ഷേ വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസ് മൃദുസമീപനം കാണിക്കുന്നു എന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ ഒരുവിഭാഗത്തിനുണ്ടായി. പശു അമ്മയാണെങ്കില്‍ കാള അച്ഛനാണോ എന്നു വി എസ് ചോദിക്കുമ്പോള്‍ ജനങ്ങള്‍ അതാസ്വദിക്കുകയും മാധ്യമങ്ങളതിന് വലിയ കവറേജ് നല്‍കുകയും ചെയ്തു. ഒരിക്കലും വി എം സുധീരനോ ഉമ്മന്‍ ചാണ്ടിക്കോ അത്തരമൊരു ഭാഷ പ്രയോഗത്തിലേക്ക് പോകാന്‍ പറ്റില്ല. വ്യക്തികളുടെ സംസ്‌കാരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

വെള്ളാപ്പള്ളിയെ ആണെങ്കിലും ബിജെപിയെ ആണെങ്കിലും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു തന്ത്രത്തിനും പാര്‍ട്ടി നിന്നിട്ടില്ല. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ അതിനുള്ള തെളിവല്ലേ. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടല്ലേ മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്. ശങ്കറിന്റെ പുത്രന്‍ പോലും കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങിലാണ് പങ്കെടുത്തത്. ഇത് കോണ്‍ഗ്രസിന്റെ / യുഡിഎഫിന്റെ വിജയമാണ്.

വെള്ളാപ്പള്ളിയുടെ എന്നത്തേയും ശത്രുക്കള്‍ കോണ്‍ഗ്രസുകാരാണ്. ആ ശത്രുത മുതലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവരീ കാണിക്കുന്ന എതിര്‍പ്പൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. വെള്ളാപ്പള്ളിക്കു വേണ്ടി ഹാജരായ രാജന്‍ ബാബുവിനെ ഞങ്ങള്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടെ പിറന്നാളിനു കുടുംബസമേതം പോയി സദ്യയുണ്ട ജി സുധാകരനെതിരെ അവര്‍ എന്തു നടപടിയെടുത്തു. ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനും വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തെ എന്തുകൊണ്ട് സിപിഎം എതിര്‍ക്കുന്നില്ല. സുധാകരനെ പത്രസമ്മേളനം നടത്തി പുകഴ്ത്തുകയാണ് വെള്ളാപ്പള്ളി. വി എസും പിണറായിയുമൊക്കെ പരസ്യമായി ചീത്തവിളിക്കുന്ന ഒരാളുടെ പ്രശംസയാണത്. വെള്ളാപ്പള്ളി നടേശന്റെ പ്രശംസ വേണ്ടെന്നു സുധാകരനോ പാര്‍ട്ടിയോ ഇതുവരെ പറഞ്ഞോ? ഇതൊക്കെയാണ് അവരുടെ കള്ളത്തരം.

വെള്ളാപ്പള്ളി നടേശനെ നേരിട്ട് എതിര്‍ക്കുന്ന കോണ്‍ഗ്രസുകാരനാണ് എം ലിജു
ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ജനാധിപത്യ/ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നൊരാള്‍. എനിക്ക് പ്രതിബദ്ധതയും കടപ്പാടും എന്റെ ജനങ്ങളോടാണ്. എന്റെ പിഴവുകള്‍ക്ക് ഉത്തരം പറയേണ്ടത് അവരോടാണ്. എനിക്ക് വെള്ളാപ്പള്ളിയെ ഭയക്കേണ്ട കാര്യമില്ല. വെള്ളാപ്പള്ളി എന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന ഭയം എന്തിനാണ്. ഈഴവരുടെ കസ്റ്റോഡിയന്‍ അല്ല വെള്ളാപ്പള്ളി. ഭൂരിപക്ഷം സമുദായംഗങ്ങളും യുഡിഎഫിനൊപ്പമാണ്. ആലപ്പുഴയില്‍ എപ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളയാണ് വെള്ളാപ്പള്ളി. അപ്പോഴോക്കെ സ്വന്തം സമുദായക്കാര്‍ തന്നെ അതിനു തിരിച്ചടി കൊടുത്തിട്ടുണ്ട്. ഞാനൊരിക്കലും വെള്ളാപ്പള്ളിക്കു മുന്നില്‍ കൈനീട്ടാന്‍ പോകില്ല.

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ വന്നൊരു നേതാവാണ് എം ലിജു. ഇന്നത്തെ കാമ്പസുകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടോ? പ്രത്യേകിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ വീഴുന്ന സാഹചര്യത്തില്‍?
കാമ്പസുകളുടെ സര്‍ഗാത്മകരാഷട്രീയപ്രവര്‍ത്തനത്തിന് തിരിച്ചടി വന്നിട്ടുണ്ടെന്നത് സത്യമാണ്. മാനേജ്‌മെന്റുകളുടെ ശൈലിക്ക് അവര്‍ വിധേയരാകുന്നുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സമൂഹത്തെ അഡ്രസ് ചെയ്യുന്ന രീതികള്‍ മാറ്റണം. ഇതിലൂടെ പുതിയ തലമുറയില്‍ സ്വാധീനം ചെലുത്താന്‍ കഴിയണം. നമ്മള്‍ നേടിയെടുത്തൊരു നവോഥാനപുരോഗതിയുണ്ട്. അത് നഷ്ടപ്പെടരുത്. കാമ്പസുകള്‍ക്ക് അതില്‍ സജീവപങ്ക് വഹിക്കാനുണ്ട്.

അതേസമയം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നത് അക്രമമാണ് എന്ന അവസ്ഥയിലും മാറ്റം ഉണ്ടാകണം. ടി പി ശ്രീനിവാസനെ പോലുള്ളൊരാളെ അടിച്ചു താഴെയിടുന്ന രാഷ്ട്രീയം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നമ്മളേവരും ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സംഭവമാണ് എസ്എഫ്‌ഐക്കാര്‍ ഉണ്ടാക്കിവച്ചത്. ഇങ്ങനെയാണവര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കില്‍ അപകടമാണ്. കോടതികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതും മാനേജ്‌മെന്റുകള്‍ പിടിമുറുക്കുന്നതുമൊക്കെ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അവസരങ്ങളിലാണ്. സര്‍ഗാത്മക സമരങ്ങളും ചെറുത്തുനില്‍പ്പുകളുമാണ് കാമ്പസുകളില്‍ നിന്നുണ്ടാവേണ്ടത്. വാര്‍ത്തസൃഷ്ടിക്കാനുള്ള പ്രകടനങ്ങളാവരുത്.

ഇത്തവണ ആലപ്പുഴയില്‍ ലിജുവിന്റെ നായകത്വത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നഗരസഭ യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.
എന്റെ മാത്രം മികവല്ല. എല്ലാവരുടെയും ശ്രമഫലമാണ് ഈ വിജയം. ബിജെപി- സിപിഎം-വെള്ളാപ്പള്ളി എന്നിവരെ എതിര്‍ത്താണ് ഈ വിജയം നേടിയതെന്നത് വലിയ കാര്യമാണ്. പക്ഷേ തദ്ദേശസ്വയയംഭരണ തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭ തെരഞ്ഞെടുപ്പ്.

മത്സരരംഗത്ത് ഇത്തവണയും ഉണ്ടാകുമോ?
പാര്‍ട്ടിയാണ് അതിന് ഉത്തരം പറയേണ്ടത്. പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നതാണ് എന്റെ ഉത്തരവാദിത്വം. കഴിഞ്ഞ തവണ അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. വലിയ പ്രതീക്ഷയില്ലായിരുന്നെങ്കിലും ശക്തമായ പോരാട്ടം നടത്താന്‍ പറ്റി.

ഞാനൊരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താല്‍പര്യപ്പെടുന്നൊരാളല്ല. സാമൂഹിപ്രവര്‍ത്തനവും സംഘടനപ്രവര്‍ത്തനവുമാണ് എന്റെ ഇഷ്ടമേഖലകള്‍. കെഎസ് യുക്കാരനായി, പിന്നീട് യൂത്ത് കോണ്‍ഗ്രസിലെത്തി. രാഹുല്‍ ഗാന്ധിയുടെ പ്രത്യേകതാത്പര്യപ്രകാരം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. ഇതൊക്കെയല്ലേ വളര്‍ച്ച. ഏതൊക്കെ അധികാരസ്ഥാനങ്ങളിലെത്തി എന്നതല്ല ഒരാളുടെ രാഷ്ട്രീയപ്രസക്തിയെ കാണിക്കുന്നത്. എനിക്ക് ജീവിക്കാനും പ്രവര്‍ത്തിക്കാനും അധികാരപദവികള്‍ വേണ്ട. ഞാനൊരു അഭിഭാഷകനാണ്. ആ മേഖലയില്‍ ശോഭിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എനിക്ക് ജീവിക്കാന്‍ അതുമതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍