UPDATES

യാത്ര

ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി

Avatar

ശ്രീകൃഷ്ണനെകുറിച്ച് പറയാറുള്ളതുപോലെ പലര്‍ക്കും പലതാണ് എം.എന്‍. കാരശ്ശേരി. നാട്ടുകാര്‍ക്ക് തോളില്‍ കൈയ്യിട്ട് നടക്കാവുന്ന ഒരു സുഹൃത്ത്. വിദ്യാര്‍ത്ഥികള്‍ക്ക് സരസനും സഹൃദയനുമായ അദ്ധ്യാപകന്‍. സുഹൃത്തുക്കള്‍ക്ക് മനസാക്ഷി സൂക്ഷിപ്പുകാരന്‍. മൂല്യങ്ങളും ആദര്‍ശങ്ങളും കൈവിടാത്തവര്‍ക്ക് വഴിവിളക്ക്. മതമൗലികവാദികള്‍ക്ക് പേടിസ്വപ്നം. യാത്രികന് ആരാണ് നീണ്ടുമെലിഞ്ഞ ഈ മനുഷ്യന്‍? ഒരു വാക്കിലോ വാക്യത്തിലോ വാക്യങ്ങളിലോ ഒതുക്കാനാവാത്ത സ്‌നേഹാനുഭവം. ഏകദേശം ഇരുപത്തഞ്ച് വര്‍ഷത്തോളമായെങ്കിലുമുള്ള സൗഹൃദവും സൗഹാര്‍ദ്ദവും യാത്രികന് ഈ കൃശഗാത്രനുമായുണ്ട്. യാത്ര കോഴിക്കോട് നഗരത്തോട് യാത്ര പറഞ്ഞപ്പോള്‍ നേരെ കാരശ്ശേരിയിലേക്ക് പോകാനുള്ള പ്രേരണ അതാകാം. മൗലികവാദം തലനീട്ടിയ കാലത്ത് എം.എന്‍. കാരശ്ശേരിയെ ആരോ മുസ്ലീം നാമധാരിയെന്ന് പരിഹസിച്ചപ്പോള്‍ താന്‍ സ്ഥലനാമധാരിയാണെന്ന് കാരശ്ശേരി തിരിച്ചുപറഞ്ഞ ഒരു കഥ കേട്ടിട്ടുണ്ട്. ആ സ്ഥലത്താണ് യാത്രികന്‍ ഇപ്പോള്‍. എസ്.കെ.പൊറ്റക്കാടിന്റെ ‘നാടന്‍ പ്രേമം’ എന്ന ചേതോഹരമായ കഥയ്ക്ക് ഒഴുക്കും കുളിര്‍മ്മയും പകര്‍ന്ന തിരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള കാരശ്ശേരി എന്ന ഗ്രാമത്തില്‍ അമ്പാടി എന്ന് പേരിട്ട വീട്ടില്‍ മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി വിശ്രമമെന്തെന്നറിയാതെ വിശ്രമജീവിതം നയിക്കുകയാണ്. തമാശ പറഞ്ഞതല്ല, ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കഥയിലെ മൂക്കനെപ്പോലെ നാട്ടുകാര്‍ക്ക് എന്തിനും ഏതിനും കാരശ്ശേരിയെ വേണം. പ്രസംഗത്തിന്, പുസ്തകപ്രകാശനത്തിന്, കലാസമിതി ചടങ്ങുകള്‍ക്ക്, സെമിനാറുകള്‍ക്ക്, ചാനല്‍ ചര്‍ച്ചയ്ക്ക്. വയ്യ എന്ന പദം കാരശ്ശേരിയുടെ നിഘണ്ഡുവില്‍ കാണില്ല. കാരശ്ശേരിയുടെ വേരുകള്‍ പടര്‍ന്ന നാട്, തറവാട്, ബാപ്പ, ഉമ്മ കുട്ടിക്കാലം അങ്ങനെ ചില കാര്യങ്ങള്‍ ചോദിച്ചാണ് തുടങ്ങിയത്.     

കാരശ്ശേരി: ഞാന്‍, എല്ലാ അര്‍ത്ഥത്തിലും ഇന്നുപോലും കുഗ്രാമമെന്ന് പറയാവുന്ന ഒരു സ്ഥലത്ത്, കാരശ്ശേരിയെന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്നൊരാളാണ്. എന്റെ ബാപ്പ കോണ്‍ഗ്രസുകാരനാണ്. തമാശയായിട്ടുള്ളൊരു കാര്യമെന്നു വച്ചാല്‍, ബാപ്പയുടെ രൂപത്തിനും ഗാന്ധിയുടെ രൂപത്തിനും വലിയൊരു സാമ്യമുണ്ട്. വലിയ ചെവി, നീണ്ട മൂക്ക്, കറുത്ത നിറം, പിന്നെ ചിരിക്കുന്നത് ഒക്കെ. മാതൃഭൂമി പത്രം കുട്ടിക്കാലത്ത് കാണുമ്പോള്‍ അതില്‍ ഗാന്ധിയുടെ ചിത്രം കാണും. ഞാന്‍ വിചാരിക്കുന്നത് അത് ബാപ്പയുടെ ചിത്രമാണെന്നാണ്. അതുകൊണ്ട് എനിക്ക് വലിയ ഇഷ്ടമാണ് മാതൃഭൂമി കാണാന്‍.  ബാപ്പയുടെ ചിത്രം അടിച്ചുവരുന്നതാണല്ലോ…. ബാപ്പയാണെങ്കില്‍ എപ്പോഴും കോലായില്‍ ചാരുകസേരയില്‍ കിടന്ന് തമാശ പറയുന്നയാളാണ്.  അദ്ദേഹത്തിന് കോണ്‍ഗ്രസിനോടും, ഗാന്ധി, നെഹ്‌റു, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ എന്നിവരോടുമൊക്കെ വലിയ ബഹുമാനമുള്ളൊരാളാണ്. അദ്ദേഹത്തിന് ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തോടൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല.

ഉമ്മ കെ.സി.ആയിഷക്കുട്ടിയെ കാരശ്ശേരി ഓര്‍മ്മിച്ചെടുത്തത് കണ്ണീരോടെ.

കാരശ്ശേരി: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആളാരാണെന്ന് ചോദിച്ചാല്‍ ഉമ്മയാണ്. അതിന്റെ പ്രധാന കാരണം, അവര് ഒന്നാമതായി വളരെ മൂല്യങ്ങളില്‍ ജീവിച്ച ഒരാളാണ്. അവര് ഒരു കളവ് പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ വേണ്ടി ബാപ്പയോടോ വേറെ ആളുകളോടോ ഒരു വാക്കും പറഞ്ഞിട്ടില്ല. പിന്നെ അവര്‍ക്ക് വിമര്‍ശിക്കണമെന്ന് തോന്നുന്ന ആരെയും അവര്‍ വിമര്‍ശിക്കും. അതിനൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. അവരുടെ ബോധ്യമാണ് അവര്‍ക്ക് മതം. അവര്‍ വലിയ മതവിശ്വാസമുള്ള ആളാണ്. ഭക്തിയുള്ള ആളാണ്. ചേകന്നൂര്‍ മൗലവിയെ കൊന്നു എന്നെനിക്ക് ബോധ്യമായപ്പോള്‍, ഞാന്‍ ആ സമരം തുടങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ഉമ്മയോട് പറഞ്ഞു, ‘ഇങ്ങനൊരു കാര്യമുണ്ട് ഉമ്മ’ ‘അതിന് കൊന്നുവോ’ എന്നുമ്മ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘കൊന്നുവെന്നാണ് എനിക്ക തോന്നുന്നത്.’ കൊന്നാല്‍ അത് തെറ്റാണ്… നിസ്‌കാരം മൂന്നാണെന്ന് അയാള്‍ പറഞ്ഞു. നമ്മള്‍ അഞ്ച് നിസ്‌കരിക്കുന്നുണ്ട്. അയാള്‍ അവിടിരുന്നു പറഞ്ഞോട്ടെ… അയാളോട് പടച്ചോന്‍ ചോദിച്ചോളൂലേ.. നിങ്ങളെന്തിനാണ് ചോദിക്കാന്‍ പോണത്…’ എന്ന തരത്തിലുള്ള ഒരു നീതിബോധം, ഒരു കോമണ്‍സെന്‍സ് ഉള്ള ഒരാളാണ്. ഞാന്‍ അനവധി കാര്യങ്ങളില്‍, കുട്ടിക്കാലം തൊട്ട് അവരുടെ ഒരാരാധകനായി വന്ന ഒരാളാണ്. ഭയങ്കര സ്ട്രിക്റ്റാണ്. ബാപ്പയുടെ മതമെന്ന് പറയുന്നത് അതിന്റെ കാര്‍ക്കശ്യമാണ്, അതിന്റെ നിഷ്ഠൂരതകളാണ്, അതിന്റെ നിഷ്ഠകളാണ്, ഉമ്മയുടെ മതമെന്ന് പറയുന്നത് അതിന്റെ അലിവാണ്. മതത്തിന്റെ പേരില്‍ അവര്‍ ഒരു കാര്‍ക്കശ്യവും കാണിക്കില്ല. എല്ലാ അലിവും അവര് കാണിക്കും. ഒരിക്കല്‍ എന്നെ അമ്പരപ്പിച്ച ഒരു കാര്യം. ഒരു സ്ത്രീയെ ഉമ്മ എന്തോപറഞ്ഞു. ഞാന്‍ ശരിക്കും ബേജാറായി. ഒന്നും പറയാതെ അവര്‍ പോയി. ഞാന്‍ ഉമ്മയോട് ചോദിച്ചു, ഒരു രണ്ടു മണിക്കൂര്‍ മുമ്പ് നിങ്ങള്‍ ഒരു സ്ത്രീക്ക് അരിയും തേങ്ങയുമൊക്കെ കൊടുത്തില്ലേ അവരെപ്പറ്റി ഇങ്ങനെ പരാതിയുണ്ടല്ലോ… പുയ്യാപ്ലയില്ലാതെ മൂന്നു പെറ്റില്ലേയെന്ന് ചോദിച്ചു. ഞാന്‍ അമ്പരക്കുന്ന ഒരു മറുപടിയാണ് ഉമ്മ പറഞ്ഞത്. ഉമ്മ പറഞ്ഞു: ആരോരുമില്ലാതെ മൂന്നെണ്ണത്തിനെ അവര് പെറ്റുപോറ്റി. അതിന്റെ ഇടങ്ങേറ് നിങ്ങക്ക് ആണുങ്ങള്‍ക്ക് തിരിയൂല… അത്ര കഷ്ടപ്പെട്ട പെണ്ണാണത്… ഓള്‍ക്ക് അള്ളാഹു പൊറുത്തുകൊടുക്കും. എനിക്കറിയാം. ഏത് മതമാണെന്ന് ഞാന്‍ പറയുകയാണെങ്കില്‍… ഞാന്‍ എന്റെ ബാപ്പയുടെ മതത്തെ നിഷ്ഠൂരമായി ആക്രമിച്ചു… എന്റെ ഉമ്മയുടെ മതത്തെ ഞാന്‍ അങ്ങേയറ്റം ആശ്രയിച്ചു. ഞാന്‍ ഒരിക്കല്‍ റംസാന്‍ മാസത്തില്‍ 27ന്റെ അന്ന് കഴ്ബയില്‍ പോയി. മക്കയിലെ കഴ്ബ ദേവാലയത്തില്‍. അപ്പോള്‍ അവിടെ കുട്ടിയെ കാണാതായ ഒരു പാകിസ്ഥാന്‍ കുടുംബത്തെ സഹായിക്കാനായി ഞാന്‍ പോയ കഥ ഉമ്മയോട് പറഞ്ഞു. അതായത് റംസാന്‍ മാസം 27ന് ഞാന്‍ കഴ്ബയിലുണ്ടായിട്ട് ഞാന്‍ നിസ്‌കാരത്തിന് പോയില്ല. പകരം ആ കുടുംബത്തെ സഹായിക്കാനായി പോയി. അതുകേട്ട ഉമ്മ എന്നോട് പറഞ്ഞു. നീ നിസ്‌കരിക്കാന്‍ പോകാതെ ഈ പാകിസ്ഥാന്‍കാരുടെ കൂടെ പോയതാണ് നന്നായത്. ഇതാണ് അവരുടെ ഒരു മതം. 

പ്രാഥമിക വിദ്യാഭ്യാസകാലത്തുള്ള അദ്ധ്യാപകര്‍ കാരശ്ശേരിയെ അവരറിയാതെ തന്നെ സ്വാധീനിച്ചു. അത് പഠന വിഷയങ്ങളില്‍ മാത്രമായിരുന്നില്ല. 

കാരശ്ശേരി: ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാനപ്പെട്ടൊരാളായിരുന്നു നെട്ടയം ശിവദാസ് എന്ന പേരില്‍ ചിലതൊക്കെ എഴുതിയിരുന്ന പി.ശിവദാസന്‍ മാഷ്. ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്നു. എന്നെ വളരെയധികം സ്വാധീനിച്ച ഒരുദ്ധ്യാപകനാണദ്ദേഹം. ഞാന്‍ എന്റെയൊരു പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കാരശ്ശേരിയില്‍ പള്ളി, മദ്രസ, സ്‌കൂള്‍, മതം, രാഷ്ട്രീയം എല്ലാം ചോദ്യം ചെയ്യാവുന്നതാണ് എന്ന് ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങള്‍ക്ക് മാതൃക കാട്ടിത്തന്നത് ശിവദാസന്‍ മാഷാണ്. അദ്ദേഹം ഒന്നാംതരം അദ്ധ്യാപകനാണ്, നല്ല പണ്ഡിതനാണ്.  

ബാപ്പ പീടികയില്‍ നിന്നു കൊണ്ടുവന്ന കടലാസു കൂട്ടത്തില്‍ വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടെത്തിയതും അതുചൊല്ലി കണ്ണീര്‍കുതിര്‍ത്തതും കാരശ്ശേരി ഓര്‍മ്മിച്ചു. പിന്നീട് കുട്ടികൃഷ്ണമാരാരുടെ രണ്ട് അഭിവാദനങ്ങള്‍ വായിച്ചപ്പോള്‍ രണ്ടു കാരശ്ശേരിമാരുണ്ടായി. അത് വായിക്കുന്നതിന് മുമ്പുള്ള കാരശ്ശേരിയും വായിച്ചതിനു ശേഷമുള്ള കാരശ്ശേരിയും.    

കാരശ്ശേരി: കുരുക്ഷേത്രഭൂമിയില്‍ ഭീഷ്മപിതാമഹനെ നമസ്‌കരിക്കാന്‍ വേണ്ടി യുധിഷ്ഠിരന്‍ വരുന്നു. മരണം കാത്ത് ശരശയ്യയില്‍ കിടക്കുമ്പോള്‍ ഇതേ ഭീഷ്മരെ നമസ്‌കരിക്കാന്‍ വേണ്ടി കര്‍ണ്ണന്‍ വരുന്നു. ഈ രണ്ട് അഭിവാദനങ്ങളുടെയും രൂപപ്പൊലിമയും ഭാവപ്പൊലിമയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള മാരാരുടെ ലേഖനം വായിച്ചിട്ട് ഞാന്‍ ശരിക്കും അമ്പരന്നിട്ടുണ്ട്. അതിനു മുമ്പത്തെ ഞാനും പിന്നത്തെ ഞാനും രണ്ടും രണ്ടാണ്. ഇങ്ങനെ കഥകളെയെടുത്ത് വിശകലനം ചെയ്യാന്‍, അത് യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍, അതി മനോഹരമായ ഭാഷയില്‍ അതിന്റെ മൂര്‍ച്ച, അതിന്റെ ഭംഗി, അതിന്റെ സാംസ്‌കാരികമായ ആഴം എല്ലാമായിട്ട് ഞാനാകെ മാറി. എനിക്ക് പിന്നെയെന്തേ വേണ്ടൂ.കുട്ടികൃഷ്ണമാരാരുടെ എന്തെങ്കിലുമുണ്ടോയെന്ന് നോക്കുകയേ വേണ്ടൂ. അന്നത്തെകാലത്ത് ഞാന്‍ കുഞ്ഞുണ്ണിമാഷോട് ലോഹ്യമായി, പരിചയമായി. മാരാരവിടുണ്ട് അദ്ദേഹത്തിന് നല്ല സുഖമില്ല, കുറച്ച് ഓര്‍മ്മക്ഷയമുണ്ട് എന്നൊക്കെ കേട്ടു. ഞാന്‍ കുഞ്ഞുണ്ണിമാഷോട് പറഞ്ഞു. മാഷിന്നി അങ്ങോട്ട് പോകുമ്പോള്‍ എന്നെ കൂടി കൂട്ടിക്കൊണ്ടു പോകണമെന്ന്. അപ്പോള്‍ കുഞ്ഞുണ്ണി മാഷ് എന്നോട് പറഞ്ഞു. ഞാന്‍ തന്നെ കൂട്ടിക്കൊണ്ടുപോവില്ല… ഞാന്‍ തനിക്കൊരു ഉപദേശം തരാം. കുട്ടികൃഷ്ണമാരാരെ താന്‍ ഒരിക്കലും പോയി കാണരുത്. ഞാന്‍ ചോദിച്ചു അതെന്താ… കുഞ്ഞുണ്ണിമാഷ് പറഞ്ഞു.. തന്റെ മനസ്സിലുള്ള മാരാര്‍ക്ക് എത്ര വലിപ്പമുണ്ടെന്ന് എനിക്കൊരു ധാരണയുണ്ട്. ആ മാരാരാവില്ല അവിടെ കാണുന്നത്. അതുകൊണ്ട് തനിക്ക് മാരാര് നഷ്ടം വന്നുവെന്ന് വരും. അതുകൊണ്ട് പോവരുത്. അതുകൊണ്ട് ഞാന്‍ മാരാരെ കാണാന്‍ പോയില്ല. ഞാന്‍ മാരാരെ ആദ്യമായിട്ട് കാണുന്നത് അദ്ദേഹത്തിന്റെ മൃതദേഹമാണ്. 

ബഷീര്‍. കാരശ്ശേരിയുടെ ജീവിതത്തില്‍ ഉപ്പുപോലെ ലയിച്ചു ചേര്‍ന്ന മനുഷ്യന്‍. ബഷീറിന്റെ ആധികാരിക ജീവചരിത്രകാരന്‍ കൂടിയായ കാരശ്ശേരി തന്നെയാവണം ബഷീറിനെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുണ്ടാവുക. ആ പഠനമനനങ്ങള്‍ക്കെല്ലാം അപ്പുറത്താണ് കാരശ്ശേരിക്ക് ബഷീര്‍.  

കാരശ്ശേരി: ഒരിക്കല്‍ ഞാനങ്ങോട്ട് ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തേക്കിറങ്ങി. അപ്പോള്‍ ഞാന്‍ ചോദിച്ചു എങ്ങോട്ടാ? നിങ്ങളിരിക്ക് ഞാന്‍ മീന്‍ വാങ്ങീട്ട് വരാം. അപ്പോള്‍ ഞാന്‍ പറഞ്ഞു മീന്‍ വാങ്ങാന്‍ ഞാനും വന്നാലോ. ന്നാല്‍ പോരെന്ന് പറഞ്ഞു. അപ്പോള്‍ ബേപ്പൂര്‍ അങ്ങാടിയിലേക്ക് പോയി.  നാലടി നടന്നപ്പോള്‍ ഞാന്‍ പറഞ്ഞു ചെരിപ്പ് എടുക്കാന്‍ മറന്നുപോയല്ലോയെന്ന്. ഓ… വേണ്ടാ… എന്നായി. പിന്നെ ഞാന്‍ പലവട്ടമായി ശ്രദ്ധിച്ചു. അദ്ദേഹം ഒരിക്കലും ചെരിപ്പിടില്ല. പിന്നെ ഞാന്‍ ചോദിച്ചു എന്താ ചെരിപ്പിടാത്തതെന്ന്. ഒരു മിനിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഒരു പ്രത്യേക ശബ്ദത്തില്‍ പറഞ്ഞു. എനിക്ക് ഈ ഭൂമിയെ ചെരിപ്പിട്ട് ചവിട്ടാന്‍ പ്രയാസമുണ്ട്. ഇത് ഒരു ബഷീര്‍കഥയിലും ഒരു പുസ്തകത്തിലുമില്ല. ഭൂമാതാവേ എന്റെ പാദസ്പര്‍ശം ക്ഷമിക്കേണമേ എന്നൊക്കെ വേദങ്ങളിലുണ്ടെന്ന് വേറെയും പഠിച്ചിട്ടുണ്ട്. അതൊന്നും വായിച്ചു പഠിച്ച ആളല്ല ബഷീര്‍. അദ്ദേഹത്തിനിതൊന്നും പഠിക്കണ്ട. 

ശിംശിപ വൃക്ഷം പോലെ തന്നെ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ബഷീറിന്റെ മാംഗോസ്റ്റൈയിന്‍ കാരശ്ശേരിയുടെ വീട്ടുമുറ്റത്തും പന്തലിച്ച് കണ്ടപ്പോള്‍ യാതൊരു ഗൃഹാതുരത്വവും തോന്നിയില്ല.   

കാരശ്ശേരി: രത്‌നാകരന്‍ വിചാരിച്ചതുമാതിരി ബഷീറിനോട് ഇതിനൊരു ബന്ധമുണ്ട്. എന്താണെന്നുവച്ചാല്‍ ഞാന്‍ രണ്ടായിരം മേയില്‍ ഇവിടെ താമസമായി. താമസമായപ്പോള്‍ എന്റെ സ്വീകരണമുറിയില്‍ ബഷീറിന്റെ ഒരു ഫോട്ടോ വയ്ക്കണമെന്ന് ഒരു മോഹം തോന്നി. പിന്നെനിക്കു തോന്നി അതൊക്കെ ഒരു സാധാരണകാര്യമാണ്. ബഷീറിന്റെ സാമിപ്യത്തിന് നല്ലത് ഒരു മാങ്കോസ്റ്റൈന്‍ തൈ ഇവിടെ വയ്ക്കുകയാണ്. അങ്ങനെ എന്റെ ഭാര്യ ഖദീറയുടെ കൈകൊണ്ട് വച്ചതാണ്. ഏഴുകൊല്ലം കഴിഞ്ഞപ്പോള്‍ അത് കായ്ച്ചു. ഇപ്പോള്‍ ധാരാളം കായുണ്ടാകാറുണ്ട്. എന്റെ കണക്കിന് ഇത് ബഷീറിന്റെ ഒരു ഫോട്ടോയാണ്. എന്റെ വീട്ടിന്റെ ചുവരില് വച്ചൊരു ഫോട്ടോയാണ് ഈ പടര്‍ന്നുനില്‍ക്കുന്ന മാംഗോസ്റ്റിന്‍. 

മാപ്പിളപ്പാട്ടിലെ മാലപ്പാട്ടിന്റെ സ്റ്റൈലില്‍ ബഷീറിനെ സ്തുതിച്ച് ബഷീര്‍മാല എന്നൊരു പാട്ട് കാരശ്ശേരി എഴുതിയിട്ടുണ്ട്. 

കാരശ്ശേരി: ഞാന്‍ ജീവിതത്തിലൊരു പാട്ടേ എഴുതിയിട്ടുള്ളു. അത് പാടിയത് യേശുദാസാണെന്നുള്ളത് ഒരു തമാശയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ശേഷം യേശുദാസിനെ എനിക്ക് പരിചയപ്പെടുത്തിതരുകയാണ് കൊരമ്പയില്‍ അഹമ്മദ് ഹാജി, അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച്. അപ്പോള്‍ നമ്മള് വേറെ അറിയും എന്ന് ഞാന്‍ പറഞ്ഞു.  നിങ്ങള് പാടിയ ബഷീര്‍മാല എഴുതിയയാള്‍ ഞാനാണെന്ന്. ഓ… അത് നിങ്ങളാണല്ലേയെന്ന് യേശുദാസ്. 

സുകുമാര്‍ അഴീക്കോട്, കാരശ്ശേരിക്ക് കണ്‍കണ്ട ഗുരുനാഥന്‍. ഗുരുശിഷ്യബന്ധങ്ങള്‍ക്കപ്പുറം സ്‌നേഹസൗഹാര്‍ദ്ദങ്ങളിലേക്ക് പടര്‍ന്ന ബന്ധം.

കാരശ്ശേരി: അദ്ദേഹത്തിന് ക്ലാസ്സെനിക്കു വലിയ കമ്പമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തോട് എനിക്ക് വാസ്തവമായ കമ്പമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ എം.എ. പഠിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ എം.ഫില്ലിന് പഠിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ പി.എച്ച്.ഡി. ബിരുദം നേടി. അപ്പോള്‍, കണ്ട അന്നുതൊട്ടു ഞാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയാണ്. അദ്ദേഹത്തോട് എനിക്ക് പല വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ആ വിമര്‍ശനങ്ങളൊന്നും ഞാന്‍ പരസ്യമായി പറഞ്ഞില്ല. അതില്‍ മിക്കതും ഞാന്‍ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞു. അതിന്റെയൊരു തമാശ ഞാന്‍ പറയാം. അഴിക്കോട് മാഷ് മരിക്കുന്നതിന് നാല് ദിവസം മുമ്പ് ഞാന്‍ രാവിലെ അവിടെ അങ്കമാലിയിലെ ആശുപത്രിയില്‍ ചെന്നു. അവിടെ നിന്നിരുന്ന ഒരു പ്രായമുള്ള സ്ത്രീ മാത്രമേയുള്ളു, വേറെയാരുമില്ല. എന്നോട് അവര് ചോദിച്ചു. നമ്മള് സാറിനെ നേരെയൊന്നു തിരിച്ചു കിടത്തണ്ടേ, പക്ഷെ അവര്‍ക്കത് പറയാന്‍ വയ്യ. അപ്പോള്‍ ഞാന്‍ സാര്‍ എന്നു വിളിച്ചു. ആ… എന്ന് താന്‍ വന്നോ എന്ന അര്‍ത്ഥത്തില്‍ കണ്ണു തുറന്നു. അപ്പോള്‍ ഞാന്‍ സാര്‍ സാറിനെയൊന്നു ഞങ്ങള്‍ നേരെ കിടത്തട്ടേയെന്ന് ചോദിച്ചു. ആ..എന്ന് മൂളി.തിരിച്ചു കിടത്തിയ ശേഷം ഞാന്‍ പറഞ്ഞു… ഇടത്തോട്ടൊരു ചായ്‌വുണ്ടായിരുന്നു, ഇപ്പോള്‍ മധ്യത്തിലായി എന്ന്. അദ്ദേഹത്തോട് ഞാന്‍ അവസാനം പറഞ്ഞ വാക്യം അതാണ്. അദ്ദേഹം ചിരിച്ചു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര
നീര്‍മാതളം പൂത്ത വേനല്
ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടക്കുമ്പോള്‍
മംഗളാദേവി: ഘനമൗനത്തിലായ കാട്
ഒരു ചെന്നൈ യാത്രയുടെ കഥ; എയര്‍ ഇന്ത്യയുടെതും

 

 

ഈ മനുഷ്യന്‍ മതമൗലികവാദികളുടെ പേടിസ്വപ്നമാണെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. അതെ, യാത്രികനും അതനുഭവമാണ്. ചേകന്നൂര്‍ മൗലവി വധിക്കപ്പെട്ടപ്പോള്‍ നീതിതേടുന്ന വാക്കുമായി എം.എന്‍.കാരശ്ശേരി ഒറ്റയാള്‍ പട്ടാളം പോലെ നിലകൊണ്ടു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ യാത്രികനും ആ പോരാട്ടത്തില്‍ തോള്‍ചേര്‍ന്ന് നിന്നിരുന്നു. ഖുറാന്‍ വചനമായിരുന്നു കാരശ്ശേരിയുടെ പടവാള്‍. അന്യായമായി ഒരുവനെ വധിച്ചവന്‍ മനുഷ്യവംശത്തെ മുഴുവന്‍ വധിച്ചവനെപ്പോലെയാണ്.

കാരശ്ശേരി: ഇദ്ദേഹത്തിന്റെ ഒരു പ്രശ്‌നം മതം പഠിച്ചയാളാണ്. ഭയങ്കരമായ ഓര്‍മ്മശക്തിയാണ്. ഭയങ്കരമായ വിമര്‍ശനമാണ്. അതിരൂക്ഷമായ പരിഹാസം. അപ്പോള്‍ ഇദ്ദേഹത്തിന് മറുപടി പറയാന്‍ വലിയ പ്രയാസമാണ്. ഇവിടെ നിലവിലുള്ള ശരിയത്ത് പരിക്ഷ്‌ക്കരിക്കണമെന്ന് മാത്രമല്ല, സാക്ഷാല്‍ ശരിയത്ത് തന്നെ പരിഷ്‌ക്കരിക്കണം എന്ന് പറഞ്ഞിട്ട് അദ്ദേഹം നബിവചനങ്ങളുടെ സമാഹാരങ്ങളായ അതീസിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. അങ്ങനെയൊക്കെ വന്നിട്ടാണ് 93 ജൂലൈ 29-ആം തീയതി അദ്ദേഹത്തെ മതഭീകരവാദികള്‍ ഒരു  മതപ്രസംഗത്തിന് അദ്ദേഹത്തിന്റെ അനുയായികളാണെന്ന് ഭാവിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഉണ്ടായത്. മൗലവിക്ക് ആരുമില്ല. അത് ചോദിക്കാനും പറയാനും ആരുമില്ല. മൗലവിയെക്കൊന്നാല്‍ ഇത്തരത്തിലുള്ള ശരിയത്ത് വിമര്‍ശനങ്ങളെ തന്നെ നിശബ്ദമാക്കാം എന്നുള്ളൊരു ധാരണയാണ് അതിലുണ്ടാകുന്നത്. അപ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതെന്താണെന്ന് വച്ചാല് കേരളത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യത്തെ രക്തസാക്ഷിയുണ്ടാവുകയാണ്. പക്ഷേ ഒരു കാര്യമുണ്ട്, ചേകന്നൂര്‍ മൗലവിയെ കൊന്നപോലെ ഇവരെ എതിര്‍ക്കുന്നവരെ കൊല്ലുക എളുപ്പമല്ല. പക്ഷെ കേരളത്തിലെ പൊതുസമൂഹം, ഇവിടത്തെ മുഖ്യധാര, ഇവിടുത്തെ പൗരാവകാശബോധം, സ്വാതന്ത്ര്യ ബോധം, ഇവിടുത്തെ മതേതരബോധം, ഒന്നും വിട്ടുകളിക്കില്ലെന്ന് ഈ ആളുകള്‍ക്കൊക്കെ മനസ്സിലായി. അത് അവിടെ അവസാനിച്ചു. ചേകന്നൂര്‍ സമരം വന്‍വിജയമാണ് എന്നതിന്റെ സൂചനയാണ്  ജോസഫിന്റെ കൈവെട്ടിയപ്പോള്‍ എല്ലാ ആളുകളും ഇവിടുത്തെ മതമൗലികവാദികളടക്കം അതിനെതിരായി രംഗത്തുവന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാരശ്ശേരി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കിയ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ പല നെറ്റികളും ചുളിഞ്ഞു. കാരശ്ശേരി അപ്പോഴും തെളിഞ്ഞു ചിരിച്ചതേയുള്ളു. 

കാരശ്ശേരി: ഇവിടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ ഒരു പ്രതീക്ഷയുടെ നാമ്പു കാണും. ചെറുപ്പക്കാര്‍ക്ക് അതിലൊരു പ്രതീക്ഷയുണ്ട്.. അന്നുണ്ടായിരുന്നു. ഞാനാ ചെറുപ്പക്കാരുടെ പ്രതീക്ഷയുടെ കൂടെയാണെന്ന് കാണിക്കാനുള്ള ഒരു ചെറിയ സൂചന മാത്രമാണ് ഞാന്‍ അതില്‍ മെമ്പറായെന്നുള്ളത്. ഞാന്‍ മെമ്പറാവുമ്പോള്‍ തന്നെ അവരോട് പറഞ്ഞിരുന്നു, ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ, സംഘടനയുടെ ഏതെങ്കിലും സ്ഥാനത്ത് ഇരിക്കാനോ, ഇലക്ഷനു മത്സരിക്കാനോ പോകുന്നില്ല. അന്ന് അത് വലിയൊരു ശ്രദ്ധയായത് ഞാന്‍ ഇലക്ഷന് മത്സരിക്കാന്‍ പോകുന്നുവെന്ന ഒരു തെറ്റിദ്ധാരണകൊണ്ടായിരിക്കാമെന്ന് ഞാന്‍ വിചാരിക്കുന്നു.

ആം ആത്മി പരീക്ഷ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലായ ദശാസന്ധിയില്‍ നിരാശയോ മനംമാറ്റമോ ഉണ്ടോ? യാത്രികന്‍ ചോദിച്ചു. 

കാരശ്ശേരി: ഇപ്പോഴും അന്നത്തെ ആളവിലുള്ള പ്രതീക്ഷയില്ല. പക്ഷേ പ്രതീക്ഷ മുഴുവന്‍ കയ്യൊഴിക്കുന്ന ഒരു തരമല്ല ഞാന്‍. ഒരു നാമ്പ് അവിടെ കിടന്നാല്‍ ചിലപ്പോള്‍ അതിന് വെള്ളോം സൂര്യപ്രകാശവുമൊക്കെ കിട്ടുമ്പോള്‍ ചിലപ്പോള്‍ തെളിച്ചേക്കാം. അത്രേയുള്ളു. അതിനപ്പുറത്തേക്കുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം എന്റെ ശരീരകൂറിനും മാനസികഘടനയ്ക്കും ജീവിതസാഹചര്യത്തിനും ഒന്നും ചേര്‍ന്നതല്ല.  

എം.എന്‍. കാരശ്ശേരിയുടെ നന്മ യാത്രയിലേക്കും പ്രസരിച്ചു. വേണ്ടതെല്ലാം കിട്ടിയോ, എന്തെങ്കിലും വിട്ടുപോയോ… തൃപ്തനാണോ എന്നെല്ലാം പലവട്ടം ചോദിച്ചു. യാത്രികന്‍ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്റെ നോവലിന്റെ തൊടുകുറി ഓര്‍മ്മിച്ചു. Gentleness is like water, invisible. മാന്യത ജലം പോലെ അഭേദ്യമാണ്.

(ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍