UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രായോഗിക വികസനമാണ് വേണ്ടത്: തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ സംസാരിക്കുന്നു

Avatar

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എ എം രാജഗോപാലുമായി അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയന്‍ നടത്തിയ സംഭാഷണം. 

വിഷ്ണു: എം രാജഗോപാല്‍ എന്ന എംഎല്‍എ യെ പെട്ടെന്ന് ശ്രദ്ധേയനാക്കുന്നത് ചെഗുവേര തൊപ്പിയാണ്?

രാജഗോപാല്‍: 27 വര്‍ഷമായി ഞാന്‍ ഈ തൊപ്പി ധരിച്ചു തുടങ്ങിയിട്ട്. യുവാവായിരുന്ന സമയത്താണ് തൊപ്പി ധരിച്ചു പൊതു പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയത്. അന്നൊക്കെ ധീര വിപ്ലവകാരി ചെഗുവേരയോട് അതിയായ ആദരവും അദ്ദേഹത്തിനെ പോലെ നടക്കണം എന്ന മോഹവുമൊക്കെ ആയിരുന്നു. അങ്ങനെയാണ് തൊപ്പിയില്‍ ആകൃഷ്ടനാകുന്നത്. ആദ്യമൊക്കെ കൗതുകമായിരുന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ വൈകാതെ എന്റെ തൊപ്പിക്കും സ്വീകാര്യത നേടി. ഇപ്പോള്‍ ഈ തൊപ്പി എന്റെ അടയാളമാണ്. ശ്രീജിത്ത് പാലേരി സംവിധാനം ചെയ്ത ഒരു സംഗീത ആല്‍ബത്തില്‍ ഞാന്‍ ചെഗുവേരയായി അഭിനയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോഴും ഇതേ രൂപം തന്നെ തുടര്‍ന്നു, ജനങ്ങളുമതാണ് ആവശ്യപ്പെട്ടത്.

വി: തെരഞ്ഞെടുപ്പു സമയത്ത് താങ്കളുടെ ഈ തൊപ്പി വിവാദമായിരുന്നു..

രാ: ഇത്തവണയാണ് ആദ്യമായി ബാലറ്റ് പേപറില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം നല്‍കുന്നത്. ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശം കറുത്ത കണ്ണടയോ തൊപ്പിയോ ധരിച്ച ഫോട്ടോകള്‍ പതിക്കുവാന്‍ പാടില്ല എന്നായിരുന്നു. എന്നെ സംബധിച്ചിടത്തോളം വിത്ത് ക്യാപ് ആണ് എന്റെ ഐഡന്റിറ്റി. തൊപ്പിയില്ലാതെ എന്നെ ആരും ഇതുവരെ കണ്ടിട്ടില്ല. എന്റെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി എല്ലാ തിരിച്ചറിയല്‍ രേഖകളിലും ഈ തൊപ്പിയുണ്ട്. അങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ ഞാന്‍ ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചു. അവര്‍ക്കതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല കേന്ദ്ര തെരഞ്ഞെടുപ് കമ്മിഷനെ സമീപിക്കാന്‍ പറഞ്ഞു. അങ്ങനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും എന്റെ ഐഡന്റിറ്റിയാണ് ഇതെന്ന് പറഞ്ഞ് അപേക്ഷ കൊടുക്കുകയും അനുമതി നേടുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

വി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

രാ: കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന മണ്ഡലമാണ് തൃക്കരിപ്പൂര്‍. 1957-ല്‍ ഇഎംഎസ് വിജയിച്ച നീലേശ്വരം മണ്ഡലം ഇപ്പോള്‍ തൃക്കരിപ്പൂരിന്റെ ഭാഗമാണ്. 77-ലെ മണ്ഡല പുനര്‍നിര്‍ണയശേഷം ഇടതുപക്ഷമാണ് ഇവിടെ വിജയിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ എംഎല്‍എ നടത്തിവെച്ച വികസന തുടര്‍ച്ച എനിക്കും കൊണ്ടുപോകേണ്ടതുണ്ട്. ഇടതുപക്ഷത്തില്‍ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ജനങ്ങള്‍ ഇപ്പോഴും ഞങ്ങളെ വിജയിപ്പിക്കുന്നത്. ആ പ്രതീക്ഷ തകര്‍ക്കില്ല. പലപ്പോഴും പശ്ചാത്തല മേഖലയാണ് വികസനത്തിന്റെ മുദ്രയായി ആളുകള്‍ കാണുന്നത്. എന്നാല്‍ ഉത്പാദന മേഖല കൂടി വളര്‍ന്നു വരേണ്ടതുണ്ട്. അതിനായിരിക്കും മുന്‍ഗണന. രണ്ടു മലയോര പഞ്ചായത്തുകള്‍ ഉണ്ട് ഇവിടെ. അത് വഴി കടന്നു പോകുന്ന റോഡുകള്‍ വികസിപ്പിക്കും.

ടൂറിസത്തിന് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ള മണ്ഡലമാണ് തൃക്കരിപ്പൂര്‍. അതിമനോഹരമായ വലിയ പറമ്പ് ദ്വീപ് ടൂറിസം പദ്ധതി വികസിപ്പിച്ചെടുക്കണം. പക്ഷെ ടൂറിസം മേഖല വികസിപ്പിക്കുമ്പോള്‍ ഈ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒകെ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. പരിസ്ഥിതി സൗഹൃദ നിലപാടുകള്‍ ആയിരിക്കും സ്വീകരിക്കുക.

വി: അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ താങ്കളുടെ നിലപാട് എന്താണ്?

രാ: പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ മാത്രമേ നടപ്പിലാക്കുകയുള്ളു എന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏത് പദ്ധതി കൊണ്ടുവന്നാലും കേവല പരിസ്ഥിതി വാദം എന്ന നിലയ്ക്ക് അതിനെതിരെ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടു പദ്ധതി തന്നെ ഇല്ലാതാക്കുകയെന്നത് കേരളത്തില്‍ ചിലരുടെ സ്ഥിരം സ്വഭാവമാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തന്നെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ഒരുപാടുണ്ട്. അത്തരം പ്രായോഗിക മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുവാന്‍ ആരും തയ്യാറാകുന്നില്ല. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനങ്ങള്‍ മാത്രമേ നടത്തുകയുള്ളൂ എന്ന കാര്യത്തില്‍ സംശയം ആര്‍ക്കും വേണ്ട. യാഥാര്‍ഥ്യങ്ങളോട് നീതി പുലര്‍ത്തുന്ന നിലപാടുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ അഴിച്ചു വിടുന്നത്. സത്യത്തില്‍ അതിനു ശരിയായ പഠനങ്ങള്‍ നടത്തി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് വേണ്ടത്.

വി: ഇപ്പോള്‍ അതിരപ്പിള്ളി പദ്ധതിയെപറ്റി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമെന്നാണോ?

രാ: അനാവശ്യ ചര്‍ച്ചകള്‍ എന്നല്ല. സമഗ്രമായ പഠനങ്ങളും ചര്‍ച്ചകളും ഉണ്ടായത്തിനു ശേഷം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അതിന് ഒരാള്‍ മാത്രം മറുപടി പറയുന്നത് ശരിയല്ല. ഭരണ, പ്രതിപക്ഷങ്ങളും പരിസ്ഥിതി സംഘടനകളും ഒക്കെ ചേര്‍ന്നു ചര്‍ച്ച നടത്തി അതിനു വ്യക്തത വരുത്തട്ടെ.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍