UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധോണി; വച്ചുപൊറുപ്പിക്കാനാകാത്ത ഒരു ബാധ്യതയാകരുത്

Avatar

 ടീം അഴിമുഖം

എല്ലാവരേയും പോലെ തന്നെ അത്‌ലെറ്റുകളും നശ്വരതയ്‌ക്കെതിരെ പൊരുതുന്നു. എന്നാല്‍ പ്രായമേറുന്നതില്‍ മറ്റാരേക്കാളും ആധിയുള്ളത് ഇവര്‍ക്കാണ്. കായിക താരങ്ങള്‍ക്ക്, പ്രത്യേകിച്ച് ടീം ക്യാപ്റ്റന്‍മാര്‍ക്ക് ശരിയായ ഉത്തേജനങ്ങള്‍ വേണം. ഇവരെ സംബന്ധിച്ചിടത്തോളം പ്രായമേറിവരിക എന്നത് ജീവിതത്തിലെ ഏറ്റവും ക്രൂരമായ ഒന്നാണ്. കാരണം ജീവശാസ്ത്രവുമായുള്ള അവരുടെ പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിക്കേണ്ടിവരികയും അതോടെ പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട് താരലോകത്ത് നിന്ന് പുറത്തെറിയപ്പെടുകയും ചെയ്യുന്നുവെന്നത് തന്നെ. അങ്ങനെ സംഭവിക്കുന്നതോടെ അവര്‍ മറ്റുള്ളവരെ പോലെ തന്നെയാകുന്നു. കളിക്കളത്തിലെ അവരുടെ പ്രകടനങ്ങളില്‍ നായകപരിവേഷമുണ്ടാവില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും ഒരു നിരുത്സാഹം പ്രകടമായിരിക്കും.

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ തുടര്‍ച്ചയായി ഒരു പരാജയമായി മാറിയ സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് 2008-ല്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് സജ്ഞയ് മഞ്ജ്‌രേക്കര്‍ പറഞ്ഞത് സച്ചിനു വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നുവെന്നാണ്. സച്ചിന് അന്നു പ്രായം 34 ആയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിന്‍ ലോക കപ്പ് വിജയവുമായി മറുപടി നല്‍കി.

ഏകദിന, ട്വന്റി 20 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോനിക്കും ഇപ്പോള്‍ പ്രായം 34 ആണ്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ക്രിക്കറ്ററല്ല അദ്ദേഹം ഇപ്പോള്‍. എന്നാല്‍ വിരാട് കൊഹ്‌ലി ചര്‍ച്ച ചെയ്യപ്പെടുന്നു. കുറച്ചു കാലമായി ധോനി വലിയ ഫോമിലല്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്കു നയിക്കുന്നത് എന്നാണ് അവസാനമായി നാം കണ്ടത്? 2013 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലോ? ഷാമിന്ത ഇറാംഗ എറിഞ്ഞ കളിയുടെ അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ സിക്‌സറടിച്ച് 15 റണ്‍സ് തികച്ചതോ? ഇതിനു ശേഷം എന്നെങ്കിലും കണ്ടിട്ടുണ്ടോ?

ഉണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ 92 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. എന്നാല്‍ നാം അറിയുന്ന ധോണി ആയിരുന്നോ അത്? ഈ കളിയുടെ തൊട്ടുമുമ്പത്തെ മാച്ചില്‍ പുതുമുഖ താരമായ കഗിസിയോ റബാദ എറിഞ്ഞ ഓവറില്‍ 10 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല. സമാന സാഹചര്യത്തില്‍ രണ്ട് വ്യത്യസ്ത ഫലങ്ങള്‍. എന്തോ മാറ്റം ഉണ്ടായിട്ടുണ്ട്.

ഇറാംഗയും റബാദയും പുതുമുഖങ്ങളാണ്. മുമ്പായിരുന്നെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ധോണി ഇവരെ അടിച്ചു നിലംപരിശാക്കിയിരുന്നേനെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ട്രേഡ്മാര്‍ക്ക് ഹെലികോപ്റ്റര്‍ ഷോട്ടുകളുമായി ബൗളറെ നേരിടുമായിരുന്നെന്നും വിജയം സുനിശ്ചിതമാക്കുമായിരുന്നെന്നും ആരെങ്കിലും വിശ്വസിച്ചിരിക്കാം. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. എല്ലാവരും കാണുന്നത് അദ്ദേഹത്തിന്റെ കവിള്‍തടത്തിലെ നരച്ച രോമങ്ങളാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടു മത്സരങ്ങളിലും ധോണി ഔട്ടായത് നാണിപ്പിക്കുന്ന തരത്തിലാണ്. കോഹ്‌ലിക്കു കീഴില്‍ ഇതേ ടീം തന്നെ ടെസ്റ്റില്‍ ജയിക്കുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിക്ക് സമ്മര്‍ദ്ദമുണ്ട്. 2015-ല്‍ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പര നഷ്ടമായി. സെമിഫൈനലില്‍ പുറത്തായ ലോക കപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയില്‍ ഒരു ത്രിരാഷ്ട്ര പരമ്പരയും നഷ്ടപ്പെട്ടു. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലോ ക്യാപ്റ്റന്‍ എന്ന നിലയിലോ ധോണിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തം. ക്യാപ്റ്റന്‍ പദവിയില്‍ തന്നെ ഉറച്ചുനിന്ന് അദ്ദേഹം തന്റെ ശ്രമം തുടരുമോ? എത്രകാലം അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനാകും? അല്ലെങ്കില്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ് മുമ്പ് ഒരിക്കല്‍ പറഞ്ഞ പോലെ കളി ആസ്വദിക്കാന്‍ ആരംഭിക്കുമോ? (ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഇതു ചെയ്തിട്ടില്ല.) തന്റെ ബാറ്റിംഗ് ഓര്‍ഡര്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അപ്പോള്‍ ലഭിക്കുമോ? അല്ലെങ്കില്‍ ടീം മാനേജ്‌മെന്റ് ആയിരിക്കുമോ നിശ്ചയിക്കുന്നത്? ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാത്രം അദ്ദേഹത്തിന് ടീമില്‍ തുടരാനാകുമോ?

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന, ട്വന്റി 20 പരമ്പരയില്‍ ധോനിയുടെ എല്ലാ നീക്കങ്ങളും സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകും- എത്രാമനായാണ് ബാറ്റിംഗിനിറങ്ങുന്നത് എന്നു തൊട്ട് ഫീല്‍ഡര്‍മാരെ മാറ്റുന്നതടക്കമുള്ള എല്ലാ നീക്കങ്ങളും. ഐപിഎല്ലിന് മുമ്പായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ലോക കപ്പ് ട്വന്റി 20 വരെ ഈ സൂക്ഷമ നിരീക്ഷണം തുടരും. നഷ്ടം ധോനിക്ക് തന്നെയായിരിക്കാം.

ധോനിക്ക് ഇക്കാര്യം അറിയാം. അടുത്ത ട്വന്റി 20 ലോക കപ്പിനു ശേഷം തീരുമാനമെടുക്കും എന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞ ധോനി നേരത്തെ തന്നെ മുന്നോട്ടുള്ള വഴി തീരുമാനിച്ചിട്ടുണ്ടാകാം. ലോക കപ്പിനു ശേഷം ഒരു പക്ഷേ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് മാത്രമായിരിക്കാം അദ്ദേഹം വിരമിക്കുന്നത്.  ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങള്‍ കാര്യമായി ഗണിക്കപ്പെടാറില്ല എന്നതിനാല്‍ തോറ്റാലും ജയിച്ചാലും ഇത് ധോനിക്ക് വലിയ ഗുണമോ ദോഷേമോ ചെയ്യില്ല.

ഒരു പ്രചോദനത്തിനായാണ് ധോനി കാത്തിരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് അധികമൊന്നും ദൂരത്തേക്ക് നോക്കേണ്ടതില്ല. സച്ചിന്‍ 35 വയസ്സിനു ശേഷമാണ്- ധോനിക്ക് ജൂലൈയില്‍ 35 തികയും- ആദ്യമായി ഏകദിന ഇരട്ട സെഞ്ചുറി നേടുന്നതും ലോക കപ്പ് ജയിക്കുന്നതും. കൂടാതെ 175, 163 തുടങ്ങിയ കൂറ്റന്‍ സ്‌കോറുകള്‍ നേടിയതും. എന്നാല്‍ സച്ചില്‍ എത്രയോ കാലം മുമ്പ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചിരുന്നു.

ക്യാപ്റ്റന്‍സി ഉപേക്ഷിക്കുക എന്ന ഒരേ ഒരു പോംവഴി മാത്രമായിരിക്കും ഒരു പക്ഷേ ആക്രമോത്സുകനായ ധോണിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നാം കാണുന്നത്. ഇത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നാം കാണുകയാണെങ്കില്‍ അദ്ദേഹത്തിനു എല്ലാ പ്രതിബന്ധങ്ങളേയും മറികടക്കാം. ധോനിക്ക് ഇനിയും ഒരുപാട് സമയം ഉണ്ടായിരിക്കാം. 2019 ലോക കപ്പ് ഇനിയും മുന്ന് വര്‍ഷം അകലെയാണ്. ഇന്ത്യയ്ക്ക് ആവശ്യം ധോണി എന്ന കളിക്കാരനെയാണ്, വച്ചുപൊറുപ്പിക്കാനാത്ത ഒരു ബാധ്യതയായി മാറിയ ഒരു ക്യാപ്റ്റനെ അല്ല.  എല്ലാത്തിലുമുപരി നശ്വരതയ്ക്കു വേണ്ടി പോരാടുന്ന ക്രിക്കറ്റ് കളിക്കാരും മനുഷ്യരാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍