UPDATES

യാത്ര

മഹാകവി പിയും കോഴിക്കോടും: എം ടി വാസുദേവന്‍ നായര്‍- മാങ്ങാട് രത്നാകരന്‍; ഭാഗം 2

Avatar

മഹാകവി പി.കുഞ്ഞിരാമന്‍നായരുടെ കവിയുടെ കാല്‍പ്പാടുകള്‍’ എന്ന ആത്മകഥ മാതൃഭൂമിയിലാണല്ലോ വരുന്നത്. താങ്കളാണ് അതിന് അവതാരികയെഴുതിയത്; ഇപ്പോഴത്തെ എഡിഷനുകളില്‍ ആ അവതാരിക കാണാനില്ലെങ്കിലും? 
വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല. അദ്ദേഹം എല്ലാവരില്‍ നിന്നും ഒളിച്ചു അകന്നുനിന്നിരുന്ന ഒരാളായിരുന്നുവല്ലോ. ഒരിക്കല്‍ ഞാന്‍ ‘ശാന്തഭവനില്‍’ ആരെയോ കാണാന്‍ പോയപ്പോള്‍ വാതിലിന്റെ ഇടയിലൂടെ ആരോ പതുങ്ങിനോക്കുന്നു. എനിക്കൊരു സംശയം. ഇത് കുഞ്ഞിരാമനനായരല്ലേ? ഞാനങ്ങനെ ചുറ്റിപ്പറ്റി നിന്നു. വാതില്‍ തുറക്കുന്നില്ല. കുറേ കഴിഞ്ഞ് ധൈര്യം അവലംബിച്ച് വാതിലില്‍ മുട്ടി, തുറന്നു, കുഞ്ഞിരാമന്‍നായര്‍ തന്നെ. അടുത്തിടപഴകിയിട്ടില്ലെങ്കിലും വലിയ അടുപ്പമായിരുന്നു, സ്‌നേഹമായിരുന്നു. ഞാന്‍ വളരെ നിര്‍ബന്ധിച്ചാണ് ‘കവിയുടെ കാല്‍പ്പാടുകള്‍’ എഴുതിയത്. അത് അവിടുന്നും ഇവിടുന്നുമൊക്കെ എഴുതിയാണ് അയച്ചത്. 

അവതാരിക എഴുതണമെന്ന് കുഞ്ഞിരാമന്‍നായര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഞാനല്ല അതെഴുതേണ്ടത്, വലിയ ആരെങ്കിലും എഴുതട്ടെ എന്ന്. താനെഴുതണം, അല്ലെങ്കില്‍ പുസ്തകം തരില്ല എന്നു പറഞ്ഞു. അവതാരികയെഴുതുന്നത് വലിയ കാര്യമായിട്ട് കാണുന്നു. പക്ഷേ… അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണ് ചെറിയ ആ അവതാരിക എഴുതിയത്. 

ഇടയ്ക്ക് ഇവിടെ വരുമായിരുന്നു. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നുവല്ലോ. ഈ വീട്ടിലേയ്ക്ക് വരുമ്പോള്‍, ദൂരെ മാവില്‍ നിന്ന് ചില്ലയൊടിച്ച്, ഇലയൊക്കെ പൊട്ടിച്ച്, ഇവിടെ വന്ന് നമ്മുടെ കൈപിടിച്ച് തലയില്‍ വയ്പ്പിക്കും. 

കവിയുടെ ആത്മകഥ ഒരു സംഭവമായിരുന്നുവല്ലോ. അത് അച്ചടിച്ചു വരുമ്പോഴുണ്ടായിരുന്ന പ്രതികരണങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?
(ചിരി) ധാരാളം കോടതിക്കേസുകള്‍ വന്നിരുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതാണ് പല കേസുകളും. ‘മാതൃഭൂമി’ വലിയ സ്ഥാപനമായിരുന്നതുകൊണ്ട് അതൊക്കെ കൈകാര്യം ചെയ്യാനുള്ള ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. 

പത്രാധിപജീവിതത്തിലെ അപൂര്‍വ്വ സംഭവങ്ങളെക്കുറിച്ചും എഴുതിയും പറഞ്ഞും കേട്ടിട്ടുണ്ട്?
നല്ല നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ഓര്‍ക്കുന്നത് റോസി തോമസിനെ കുറിച്ചാണ്. സി.ജെ.തോമസ് ഉള്ള കാലത്തു തന്നെ അവിടെ പോകുന്നുണ്ട്, കാണാറുണ്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ റോസി പറഞ്ഞു, സി.ജെ.യെപ്പറ്റി ഒരു പുസ്തകമെഴുതിയാലോ എന്ന് ആലോചിക്കയാണെന്ന്. എഴുതണം എന്നു ഞാനും പറഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ എഴുതിത്തുടങ്ങി എന്നറിയിച്ച് ഒരു കത്തുവന്നു. പിന്നീട് എഴുതിക്കഴിഞ്ഞു, ഞാനങ്ങോട്ട് അയയ്ക്കുന്നു എന്നൊരു കത്തും. അപ്പോള്‍ പേടിയായി. നമ്മള്‍ കൂടി പറഞ്ഞതാണ്. മാറ്റര്‍ കിട്ടിയിട്ട് അതു നന്നല്ലെന്ന് തോന്നിയാല്‍ എന്തു ചെയ്യും? തിരിച്ചയയ്‌ക്കേണ്ടി വരില്ലേ? പക്ഷേ വായിച്ചു കഴിഞ്ഞപ്പോള്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. സന്തോഷം. സമാധാനം. അന്നു വൈകുന്നേരം വളരെ ഉല്ലാസത്തോടെയാണ് പുറത്തിറങ്ങിയത്. എന്‍.പി.മുഹമ്മദിനെയും  മറ്റും കണ്ടപ്പോള്‍ പറഞ്ഞു. റോസിയുടെ സി.ജെ.ഓര്‍മ്മകള്‍ വായിച്ചു. വളരെ നന്നായിരിക്കുന്നു. അങ്ങനെ ചില നിമിഷങ്ങള്‍ ഉണ്ട്. പത്രപ്രവര്‍ത്തന ജീവിതത്തില്‍. 

പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, കാക്കനാടന്‍, എം.പി.നാരായണപിള്ള – വലിയ എഴുത്തുകാരുടെ കഥകള്‍. എം.ടി.യിലൂടെ വന്നു.
അവരൊക്കെ അവിടെയുണ്ടായിരുന്നു. എന്റെ മുന്നില്‍ വന്നുപെട്ടെന്നേയുള്ളു. നൂറു ചവറ് വായിക്കുന്നതിനിടയില്‍ ഒന്നോ രണ്ടോ നല്ലത് കിട്ടിയാല്‍ അതാണ് പത്രമാപ്പീസിലെ വലിയ സൗഭാഗ്യം. 

വി.എസ്.ഖണ്ഡേക്കറുടെ ‘യയാതി’യും അങ്ങനെയല്ലേ വരുന്നത്. ഈയിടെ പി.മാധവന്‍പിള്ള എം.ടി.യുടെ കത്ത് കിട്ടിയ കാര്യം അനുസ്മരിച്ചെഴുതിക്കണ്ടു?മാധവന്‍പിള്ളയെ അന്നറിയില്ല. അദ്ദേഹത്തിന്റെ വിവര്‍ത്തന ശൈലി അറിയില്ല. പക്ഷേ തര്‍ജ്ജമ വന്നു കഴിഞ്ഞപ്പോള്‍ അതിമനോഹരമായിരുന്നു. 

എം.ടി.യുടെ രചനാ ലോകത്തില്‍ നിന്നു വളരെ വ്യത്യസ്തമായ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്നുണ്ട്?
അന്ന് വെളിയില്‍ നിന്നൊക്കെ വരുന്ന കൃതികള്‍ വായിക്കുന്നുണ്ട്. നമ്മുടെ കണക്കുകൂട്ടലിനപ്പുറത്ത് പലതരം രചനകളുണ്ട് എന്ന ധാരണ അന്നേ ഉണ്ട്.  നമ്മള്‍ എഴുതുന്ന രീതി മാത്രമല്ല, ശരി, എഴുത്തിന്റെ ലോകം വളരെ വലുതാണ്. ലോകസാഹിത്യം വിപുലമായി വായിച്ചിരുന്നതുകൊണ്ട് മനസ്സിനെ അങ്ങനെ പാകപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു. അന്നു ‘ന്യൂയോര്‍ക്കര്‍’ വരുന്നുണ്ട്, ‘സാറ്റര്‍ഡേ ഈവനിംഗ് പോസ്റ്റ്’ വരുന്നുണ്ട്. അതിന് കുറേക്കൂടി ലളിതമായ ഫിക്ഷന്‍ വരും. അവ പിന്നെ ആന്തോളജിയായും വരും. ഈ വായന കാഴ്ച്ചപ്പാടിനെ കുറേക്കൂടി വിശാലമാക്കി. അതുകൊണ്ടാണ് നമ്മള്‍ എഴുതിയ രീതിയില്‍ നിന്നോ മുമ്പെഴുതിയ രീതിയില്‍ നിന്നോ വ്യത്യസ്തമായ രചനകള്‍ വരുമ്പോള്‍ അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത്. 

വിശേഷിച്ചും പട്ടത്തുവിള കരുണാകരന്റെ രചനകള്‍. വളരെ വ്യത്യസ്തമായ എഴുത്തും പ്രമേയവുമായിരുന്നുവല്ലോ?
പട്ടത്തുവിള കരുണാകരന്‍ വ്യക്തിപരമായി അടുത്ത ആളാണ്. കരുണാകരന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാനിവിടെ സ്ഥലം വാങ്ങി വീടെടുക്കുന്നത്. കരുണാകരന്റെ മരുമകന്‍ നടരാജനാണ് വീട് ഡിസൈന്‍ ചെയ്തത്. ഞാനും കരുണാകരനും  തമ്മില്‍ അന്ന് പുസ്തകങ്ങള്‍ കൈമാറും. കരുണാകരന് തീയേറ്റര്‍ ആര്‍ട്‌സ് വന്നിരുന്നു. ന്യൂയോര്‍ക്കര്‍ വന്നിരുന്നു. കരുണാകരന്‍ അമേരിക്കയിലാണല്ലോ പഠിച്ചത്. വായനയിലൂടെ വളര്‍ന്ന സൗഹൃദമായിരുന്നു.

സി.വി.ശ്രീരാമന്റെ മനോഹരമായ കഥകളും ആഴ്ചപ്പതിപ്പില്‍ വന്നു. വാസ്തുഹാര‘, ഇരിക്കപ്പിണ്ഡം…. ?
ശ്രീരാമനെപ്പറ്റി ആരോ പറഞ്ഞു, ഇങ്ങനെയൊരു വക്കീലുണ്ട്, നന്നായിട്ട് എഴുതും എന്ന്. അന്ന് ഞാന്‍ ശ്രീരാമന്റെ കഥകള്‍ വായിച്ചിട്ടില്ല. കഥ അയയ്ക്കാന്‍  പറയൂ, നോക്കട്ടെ എന്നു പറഞ്ഞു. അങ്ങനെയാണ്  ശ്രീരാമന്റെ കഥകള്‍ എന്റെ മുന്നില്‍ എത്തുന്നത്.  വളരെ ലളിതമായി ഏറ്റവും പഴയ രീതിയില്‍ എന്നുതന്നെ പറയാവുന്ന നിലയിലുള്ള കഥകളാണ്. പക്ഷേ ഇന്ന് ആ കഥകള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു. 

എന്‍.പി.മുഹമ്മദുമായി ആത്മസൗഹൃദം സൂക്ഷിച്ചിരുന്നല്ലോ?
ഏതാണ്ട് നിത്യവും കാണുന്നത് എന്‍.പി.യെയാണ്. അതും വായനയിലൂടെയും പുസ്തകങ്ങള്‍ കൈമാറലിലൂടെയും വളര്‍ന്ന സൗഹൃദം. ഞാനന്ന് ആനിഹാള്‍ റോഡിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ചകളില്‍ എന്‍.പിയുടെ വീട്ടില്‍ പോകും. 

പട്ടത്തുവിളയോടും എന്‍.പി.യോടും രചനകളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നോ? അവര്‍ തിരിച്ചും?
ഒരിക്കലും ഉണ്ടായിട്ടില്ല. ഏറി വന്നാല്‍ തന്റെ രചന വായിച്ച്, ഉം തരക്കേടില്ല എന്നു പറയും. അങ്ങനെയല്ലാതെ എഴുതിയത് വായിച്ചു നോക്കാന്‍ കൊടുക്കുക അങ്ങനെയൊന്നും ഇല്ല. ഓരോരുത്തരുടെയും എഴുത്ത് അവരുടെ സ്വകാര്യമായ പ്രവൃത്തിയായി വെച്ചിരുന്നു. അച്ചടിച്ചുവരുമ്പോള്‍ ഞാന്‍ കണ്ടു വായിച്ചു എന്നൊക്കെ പറഞ്ഞേക്കാം. അല്ലാതെ ചിരികൊണ്ടോ ശരീരഭാഷകൊണ്ടോ അതു പ്രകടിപ്പിച്ചേക്കാം. അല്ലാതെ അതിനെക്കുറിച്ചുള്ള വിസ്തരിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. 

വഴിവിളക്ക് (കവിയുടെ കാല്‍പ്പാടുകള്‍ക്കെഴുതിയ അവതാരിക)
മുമ്പേ വന്ന മാതൃകകളുടെ സ്വാധീനം കൊണ്ടാകാം പലപ്പോഴും ആത്മകഥ എഴുതുന്നവര്‍ ആചാരോപചാരങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാവുന്നു.  ‘കവിയുടെ കല്‍പ്പാടുകള്‍’ ഇതില്‍ നിന്ന് വിട്ടുമാറിനില്‍ക്കുന്നു. ആത്മകഥയെന്ന നിലയ്ക്ക് ഇതു കവിയുടെ ജീവിതംപോലത്തന്നെ കഴിഞ്ഞതാണ്. പക്ഷേ, ഇതൊരാത്മകഥയല്ല. കവി സ്വന്തം ഹൃദയം ചിന്തിയെടുത്ത് ചോരവാരുന്ന ഉള്ളറകളിലേക്ക് എത്തിനോക്കുകയാണ്.കവിത തേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീരത്തിലും ഋതുഭേദങ്ങള്‍, വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്‍പ്പാടുകളിലേക്ക് തിരിഞ്ഞുനോക്കുന്നു. ആത്മാലാപനത്തോടെ, ആത്മരോഷത്തോടെ ചിലപ്പോള്‍ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. യാത്രയ്ക്കിടയില്‍ കൈമോശം വന്ന സൗഭാഗ്യങ്ങളുടെയും ഓര്‍മ്മകളുടെ പീഡനത്തേക്കാള്‍ ‘കവിയുടെ കല്‍പ്പാടുകളി’ല്‍ ഉയര്‍ന്നുനില്‍ക്കുന്നു. കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവ് കണ്ടെത്താന്‍ എന്തും സഹിച്ചു തീര്‍ത്ഥാടനം നടത്തുന്ന ഉപവാസത്തിന്റെ തീവ്ര തപസ്യ. 

ഇതു മനുഷ്യനും മനുഷ്യനിലെ കവിയും തമ്മിലുള്ള നിരന്തര സംഘട്ടനത്തിന്റെ ഇതിഹാസമാണ്. മഹാകവി പി.കുഞ്ഞിരാമന്‍നായരുടെ ഈ മഹത്തായ ഗ്രന്ഥത്തെപ്പറ്റി അദ്ദേഹത്തെപ്പറ്റിയോ കൂടുതല്‍ ഞാനെഴുതുന്നില്ല. എനിക്കതിനര്‍ഹതയില്ല എന്നതുകൊണ്ടുതന്നെ. 

എം.ടി.യുടെ കോഴിക്കോട് ഒരു ദൃശ്യസഞ്ചാരം
എം.ടി. വാസുദേവന്‍നായരോടൊപ്പം കൗമാരം തൊട്ട് കാതകങ്ങള്‍ നടന്നിട്ടുണ്ട്. ‘നാലുകെട്ടി’ന്റെ അകത്തളങ്ങളിലും ‘വാരണാസി’യിലെ ഗലികളിലും മധുരാനുഭൂതികളുമായി ഒപ്പം നടന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ നടന്ന എഴുത്തുകാരനൊപ്പം തനിയെ നടന്നു. ചങ്ങമ്പുഴയെയെന്നപോലെ മലയാളം ഓമനിക്കുന്ന എഴുത്തുകാരനൊപ്പമാണ് ഈ യാത്രികന്‍ ഇപ്പോള്‍ നടക്കുന്നത്. യാത്രയ്ക്കിടെ അദ്ദേഹം ഒന്നും സംസാരിച്ചില്ല. യാത്രികന്‍ ഒന്നും ചോദിച്ചുമില്ല. എഴുത്തിലൂടെയാണല്ലോ എം.ടി. മലയാളത്തോട് സംസാരിച്ചത്. എഴുതാനിരിക്കുന്ന വേളകളിലെ മൗനം യാത്രികനു മനസ്സിലാവും.

യാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ എം.ടി.യെ പലവട്ടം ചെന്നുകണ്ടിരുന്നു. തന്നെക്കുറിച്ചു സംസാരിക്കാനുള്ള മടികൊണ്ടാകാം. പിന്നീടാകട്ടെ എന്നു നീട്ടിവെച്ചു. കോഴിക്കോട്ടെ യാത്ര സഞ്ചാരിയായ  കഥാകാരന്‍ എസ്.കെ.പൊറ്റക്കാട്ടില്‍ നിന്നു തുടങ്ങാനാണ് ആശയെന്ന് പറഞ്ഞപ്പോള്‍ പിശുക്കിപ്പിശുക്കി  പുഞ്ചിരിച്ചു. എസ്.കെ.യെക്കുറിച്ച് സംസാരിക്കാം. നാളെ വരു എന്നു പറഞ്ഞു. 

ഒരു പത്രപ്രവര്‍ത്തകനായി തൊഴില്‍ തുടങ്ങിയ  എം.ടി.ക്ക് മറ്റൊരു മാധ്യമപ്രവര്‍ത്തകനെ മനസ്സിലാകാതിരിക്കില്ലല്ലോ. പിന്നെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ ചെറിയ ചെറിയ കണ്ടുമുട്ടലുകളില്‍ നിന്നും ഊറിക്കൂടിയ ഇത്തിരി സ്‌നേഹം കൂടി നീക്കിയിരിപ്പുണ്ടാകാം. അര ദിവസം മതിയാകുമല്ലോ, എം.ടി. ചോദിച്ചു. ഒരു ദിവസം ഞാന്‍ പറഞ്ഞു. ശരി. എം.ടി. പുഞ്ചിരിച്ചു.

1956-ല്‍ ജോലികിട്ടി കോഴിക്കോട്ട് വന്നതുതൊട്ട് എം.ടി. കോഴിക്കോട്ടുകാരനായി. കോഴിക്കോട് എം.ടി.യുടെ പ്രിയ നഗരമായി. കോഴിക്കോട് എം.ടി.യുടെ  രചനകളെ നട്ടുനനച്ചു. എം.ടി. എണ്‍പതു വാര്‍ഷിക വളയങ്ങളുള്ള ഇലഞ്ഞിപ്പൂമരം പോലെ കോഴിക്കോടിനും സുഗന്ധം ചൊരിയുന്നു. കോഴിക്കോടിനെകുറിച്ച് ചോദിച്ചപ്പോള്‍ ഏഴ് പതിറ്റാണ്ട് പിന്നിലേയ്ക്ക് കാലയന്ത്രത്തില്‍ കയറിയിട്ടെന്നപോലെ യാത്ര പോയി. 

ഞാന്‍ കോഴിക്കോട്ട് ആദ്യം വരുന്നത് വളരെ കുട്ടിയായിരുന്നപ്പോഴാണ്. എട്ടോ ഒമ്പതോ വയസ്സു കാണണം. അച്ഛന്‍ സിലോണിലായിരുന്നു. അച്ഛന്‍ സിലോണില്‍ നിന്നു വന്ന സമയത്ത് കോഴിക്കോട്ടേക്ക് പോകുന്നു എന്നു കേട്ടപ്പോള്‍ അമ്മ പറഞ്ഞു. ഇവനും കൂടെ വന്നോട്ടെ, ടൗണ്‍ കണ്ടോട്ടെ എന്ന്.  അച്ഛന്‍ ബാങ്കിലേയ്ക്കാണ് വന്നത്. അന്ന് ബാങ്ക്  എന്നു പറഞ്ഞാല്‍ ഇംപീരിയല്‍ ബാങ്കാണ്. ഇന്നത്തെ സ്റ്റേറ്റ് ബാങ്ക്. 

അച്ഛന്റെ കൂടെ തീവണ്ടിക്ക് വന്നു. അച്ഛന്‍ ബാങ്കിലേക്ക് കയറിയപ്പോള്‍ ഞാന്‍ കാഴ്ചകള്‍ കണ്ട് ആ പരിസരത്ത് ചുറ്റിത്തിരിഞ്ഞു. അന്ന് കുതിരവണ്ടികള്‍ ഓടിയിരുന്നു. കുതിരവണ്ടി എന്ന അത്ഭുതം കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍, ഞാനന്ന് ഭേദപ്പെട്ട ഷര്‍ട്ടും ട്രൗസറുമാണ് ധരിച്ചിരുന്നത്, കുതിര ഒരു കുണ്ടില്‍ ചാടിയിട്ട് ചെളിവെള്ളം മുഴുവനും എന്റെ  ദേഹത്തേക്ക് തെറിച്ചു. ആ വേഷത്തിലാണ് ഞാന്‍ അപ്പോള്‍ നില്‍ക്കുന്നത്. അച്ഛന്‍ വന്നു, അത് സാരമില്ല എന്നു പറഞ്ഞു. അന്നാണ് കോഴിക്കോടിനെ മുഖാമുഖം കാണുന്നത്. 

പിന്നീട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇവിടെ വന്നു. എനിക്ക് തോന്നുന്നത് ഇവിടെ ആകാശവാണി തുടങ്ങിയ ഉടനെയാണ്. പലതിലേയ്ക്കും അയച്ച കൂട്ടത്തില്‍ ആകാശവാണിയിലേക്ക് ഒരു ചെറിയ ലേഖനമോ മറ്റോ അയച്ചിരുന്നു. അതു റെക്കോഡു ചെയ്യാനായിട്ടാണ് വന്നത്. പിന്നീട് പലപ്പോഴായി വന്നു, ഈ നഗരത്തിന്റെ എല്ലാ മാറ്റങ്ങളും കണ്ടു.

അന്ന് കോഴിക്കോടിന്റെ ഭൂമിശാസ്ത്രത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്, ഒന്ന് മാനാഞ്ചിറ. മറ്റൊന്ന് കലക്ടറേറ്റ്. മാനാഞ്ചിറ പ്രത്യേകം ശ്രദ്ധിക്കുന്നത്,  മാനാഞ്ചിറയില്‍ നിന്നാണ് കുടിവെള്ളം കൊണ്ടുപോകുന്നത്. ആ പരിസരത്തുള്ള ചെറിയ ഹോട്ടലുകളിലേക്ക് കൈവണ്ടിയില്‍ ഉന്തിക്കൊണ്ടുപോവുകയാണ് പതിവ്. അങ്ങനെയുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് എസ്.കെ.പൊറ്റക്കാട് കഥയെഴുതിയിട്ടുണ്ട്.  മാനാഞ്ചിറയ്ക്ക് വലിയ മാറ്റമില്ല, കലക്ടറേറ്റിന്റെ രൂപം മാറി. അന്ന് ഇടവഴികളായിരുന്ന റോഡുകള്‍ ഇന്നവ റോഡായി. 

കോഴിക്കോട് എം.ടി.ക്ക് സൗഹൃദങ്ങളുടെ നഗരമാണ്. മുതിര്‍ന് എഴുത്തുകാരെ കാണാനും കൂട്ടുകൂടാനും വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കാനും കഴിഞ്ഞു. അതിലുപരി സ്‌നേഹത്തിന്റെ വലിയൊരു ലോകം തുറന്നുകിട്ടി. ബീച്ചിലിരുന്ന് സംസാരിച്ചപ്പോള്‍ എം.ടി. കോഴിക്കോടന്‍ കടലിനെക്കുറിച്ച് സംസാരിച്ചു.

ഞാനൊക്കെ വരുന്ന പ്രദേശത്ത് കടലൊന്നും ഇല്ലല്ലോ. ഞങ്ങള്‍ പലപ്പോഴും പൊന്നാനിയില്‍ പോകുമ്പോഴാണ് കടല്‍ കാണുക. അച്ഛന്റെ വീട് പുന്നയൂര്‍ക്കുളത്താണ്. കടല്‍ കാണാത്തവര്‍ക്കൊക്കെ കടല്‍ ഒരത്ഭുതമായിരിക്കുമല്ലോ. പിന്നെ കടലിനെക്കുറിച്ച് നമ്മള്‍ പലതും വായിച്ചിട്ടുണ്ട്. ക്വാജന്‍മാര്‍ ഈ സ്ഥലം തെരഞ്ഞെടുത്തതിനെപ്പറ്റിയും മറ്റും. കടലിനെപ്പറ്റി എന്തുകൊണ്ടോ നമ്മള്‍ അധികം എഴുതിയിട്ടില്ല. തിക്കോടിയന്‍ ‘ചുവന്നകടല്‍’ എഴുതിയിട്ടുണ്ട്. അന്ന് പോര്‍ച്ചുഗീസ് കാലഘട്ടത്തിലെ രക്തച്ചൊരിച്ചില്‍ പശ്ചാത്തലമാക്കിയിട്ടുള്ളതാണ്. തകഴിച്ചേട്ടന്‍ ചെമ്മീന്‍ എഴുതിയതുപോലെ കടലിനെ പ്രമേയമാക്കി, ഈ ഭാഗത്തെ കടലിനെ പ്രമേയമാക്കി ആരും എഴുതിയിട്ടില്ല. 

എം.ടി. കോഴിക്കോട്ടെ പേരുകേട്ട ബീച്ച് ഹോട്ടലിനെപ്പറ്റി പറഞ്ഞു. വൈകുന്നേരമായാല്‍ ‘വീറ്റ് ഹൗസില്‍’ കയറി ചായകുടിക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ നടന്ന് ബീച്ചിലേക്ക് വരും. ആകാശവാണിയില്‍ നിന്ന് തിക്കോടിയനും വന്നുചേരും. കുറേ നേരം വര്‍ത്തമാനം പറഞ്ഞിരിക്കും, അപ്പപ്പോള്‍ വായിച്ച പുസ്തകങ്ങളെപ്പറ്റിയൊക്കെയാവണം പറയുന്നത്. ബീച്ചിനെക്കുറിച്ച് പറയുമ്പോള്‍, ബീച്ചിന്റെ ഒരു ഭാഗത്തായിരുന്നു ബീച്ച് ഹോട്ടല്‍. അത് വളരെ പ്രസിദ്ധമായിരുന്നു. ബാലേട്ടന്‍ അത് നടത്തിയിരുന്ന കാലം. ഓലമേഞ്ഞതും അല്ലാത്തതുമായ മേല്‍പ്പുര. കുറച്ചു മുറികളും. അന്ന് സായിപ്പന്‍മാരുടെ കമ്പനിയിലെ ഉദ്യോഗസ്ഥന്‍മാര്‍ മാത്രമേ വന്നിരുന്നുള്ളു. നമുക്കൊക്കെ ഇവിടെ കയറാന്‍ കഴിയുമോ എന്ന് ഇവിടെ വാതില്‍ക്കല്‍ നിന്ന് ശങ്കിച്ചിട്ടുണ്ട്. 

ഞാനൊരു കഥ കേട്ടിട്ടുണ്ട്. പുസ്തകങ്ങളൊക്കെ  തെരഞ്ഞെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സോമര്‍സെറ്റ് മോം കപ്പലില്‍ ലോകം മുഴുവന്‍ സഞ്ചരിച്ച സമയത്ത് ഇവിടെ താമസിച്ചു എന്നു പറയപ്പെടുന്നു. ഓബ്രി മേനോന്‍ ഇവിടെ താമസിച്ചിരുന്നപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ കാലത്തെ വിദേശസഞ്ചാരികളായ ആളുകള്‍ ഇവിടെ താമസിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് നഗരത്തിലെ പ്രമാണിമാര്‍, മുതലാളിമാര്‍ ഒക്കെ താമസിക്കുന്ന സ്ഥലമായിരുന്നു ആ ഹോട്ടല്‍. 

വീറ്റ് ഹൗസായിരുന്നു എം.ടി.യുടെ ഒരു താവളം. ബഷീര്‍, ഉറൂബ്, എസ്.കെ. ചിലപ്പോള്‍ വിരുന്നുകാരനായി വി.കെ.എന്‍. പേരുകേട്ട ഈ ഭക്ഷണശാലയില്‍ വച്ച് 1965-ല്‍ നഗരത്തെ ഞെട്ടിച്ച ഒരു കൊലപാതകം നടന്നു. പൗരപ്രമുഖനായ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ കൊല്ലപ്പെട്ടു. ചീട്ടുകളിക്കിടയിലുള്ള കശപിശ കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. മുഹമ്മദ് സ്രാങ്ക് ആയിരുന്നു പ്രതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്രാങ്കിനെ എം.ടി. കണ്ണൂര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ‘ഭീരു’ എന്ന കഥയുടെ പിറവി അങ്ങനെയായിരുന്നു. പക്ഷേ, ആ സംഭവം  ഓര്‍ക്കാന്‍ എം.ടി. ഇഷ്ടപ്പെട്ടില്ല. 

വീറ്റ് ഹൗസില്‍ നല്ല ഭക്ഷണമായിരുന്നു. ബഷീര്‍ ബേപ്പൂരില്‍ നിന്നും നഗരത്തില്‍ വരുമ്പോള്‍ വീറ്റ് ഹൗസില്‍ കയറി ഊണു കഴിക്കും. ഗോതമ്പ് പ്രചരിപ്പിക്കാന്‍ വേണ്ടി രണ്ടാംലോക മഹായുദ്ധകാലത്ത്  തുടങ്ങിയ ഹോട്ടലാണ്. അതിന്റെ ഒരു ഭാഗത്ത് ക്ലബ്ബ് ആണ്. ചീട്ടുകളിയാണ് മുഖ്യവിനോദം. അവിടെയാണ് ഈ കൊലപാതകം നടന്നത്.

നഗരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും തകര്‍ച്ചയും  കണ്ട കണ്ണുകള്‍. പച്ചപ്പരിഷ്‌ക്കാരങ്ങളെ, തൊല്ലരവിശ്വാസത്തോടെ കണ്ട ഗ്രാമീണ സദസ്സ്. ചന്തുമേനോന്റെ ‘ഇന്ദുലേഖ’ ഇംഗ്ലീഷിലാക്കിയ ഡ്യൂമര്‍ഗ് സായിപ്പിന്റെ പേരിലുള്ള ഫലകം ടൗണ്‍ഹാളില്‍ കുറച്ചുകാലം മുമ്പു വരെ ഉണ്ടായിരുന്നു. ഇന്നത് ഉണ്ടോ ആവോ? എം.ടി. ശങ്കിച്ചു. ചരിത്രത്തോട് കൂറില്ലാത്ത ഒരു സമൂഹം ഉണ്ടായിവരുന്നു. എം.ടി.ക്ക് അതില്‍ വേദനയുണ്ട്.

ഈ നഗരത്തിന്റെ ഘട്ടങ്ങളിലായിട്ടുള്ള വളര്‍ച്ച ഞാന്‍ കണ്ടിട്ടുണ്ട്. ഇടവഴികള്‍ വലിയ റോഡുകളായി; വഴിവക്കത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ മാറി. പടിപടിയായ വളര്‍ച്ചയും തകര്‍ച്ചയും കണ്ടിട്ടുണ്ട്. ഇവിടെ ഈ കടല്‍ത്തീരത്തിനടുത്ത് ഒരുപാട് ഗോഡൗണുകള്‍ ഉണ്ടായിരുന്നു. വോള്‍ക്കാര്‍ട്ട്, അങ്ങനെ ഇംഗ്ലീഷ്, സ്‌കോട്ടിഷ് പേരുകളില്‍ കുറേ കഴിഞ്ഞപ്പോള്‍ അതൊക്കെ ക്രമത്തില്‍ ക്രമത്തില്‍ ഇല്ലാതായി. 

ബഷീറും എസ്.കെ.യും കൗമാരം തൊട്ടേ എം.ടി.യുടെ ആരാധനാമൂര്‍ത്തികള്‍. കോഴിക്കോടന്‍ ജീവിതം അവരുമായി ഹൃദയബന്ധം സൂക്ഷിക്കാന്‍ വഴിയൊരുക്കി. ബഷീര്‍ 1957 ലോ മറ്റോ ആണല്ലോ ഇവിടെ വരുന്നത്. എസ്.കെ. ഇവിടെത്തന്നെയുണ്ട്. എസ്.കെ. ഈ നഗരത്തിന്റെ ഒരു സിംബല്‍ ആണ്. വൈകുന്നേരമായി കഴിഞ്ഞാല്‍ മിഠായിത്തെരുവിലൂടെ എസ്.കെ.യുടെ ഒരു നടത്തമുണ്ട്. ഒരു ലെതര്‍ബാഗ് തോളിലുണ്ടാകും. ടെര്‍ലിന്‍ മുണ്ട്, പോപ്ലിന്‍ ഷര്‍ട്ട് – എസ്.കെ.യുടെ ഒരു വിഹാരരംഗമാണ് മിഠായിത്തെരുവ്.  ആ പരിചയമാണ് ‘ഒരു തെരുവിന്റെ കഥ’ എഴുതാന്‍ വഴിവെച്ചത്. അതിലെ പല കഥാപാത്രങ്ങളെയും മുതിര്‍ന്നവര്‍ക്കൊക്കെ അറിയാമായിരുന്നു. അവരില്‍ പലരും ഇന്നില്ല. 

എം.ടി.യും ബാബുക്കയും – സാഹിത്യസംഗീത ലോകങ്ങളില്‍ കോഴിക്കോടിന്റെ പ്രിയപ്പെട്ടവര്‍. എം.ടി. തിരക്കഥയെഴുതി പി.എന്‍.മേനോന്‍  സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന സിനിമയില്‍ ബാബുരാജ് പാടി അഭിനയിക്കുകയുണ്ടായി. ഒരിക്കല്‍ പ്രിയപ്പെട്ട പത്ത് ചലച്ചിത്രഗാനങ്ങള്‍ തെരഞ്ഞെടുക്കേണ്ടിവന്നപ്പോള്‍ എം.ടി. കൂട്ടിയും കിഴിച്ചും തയ്യാറാക്കിയതില്‍ ഏഴും ബാബുരാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ചവയായിരുന്നു. 

സംഗീതത്തില്‍ താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല. ആ സംഘത്തില്‍ ഞാനധികം ഉണ്ടായിട്ടില്ല. അത് അനന്തമായ ഒന്നായിരുന്നു. പീടികകളുടെ മുകളിലും ക്ലബ്ബുകളിലും വെളുക്കും വരെ നീളുന്ന പരിപാടി. രാവിലെ ആപ്പീസില്‍ പോകണം, രാത്രി വല്ലതും വായിക്കാനും ഉണ്ടാകും. ബാബുവിനെ അസ്സലായിട്ട് അറിയാമായിരുന്നു. ബാബു എപ്പോഴും കോര്‍ട്ട് റോഡിലൂടെ വൈകുന്നേരം നടക്കും. കോര്‍ട്ട് റോഡ് ഞങ്ങളുടെ ഒരു സ്ഥലമാണ്. അവിടെ ചെറിയൊരു ബുക്ക് സ്റ്റാള്‍ ഉണ്ടായിരുന്നു. കെ.ആര്‍.മേനോന്‍ എന്ന ഒരു സഹൃദയന്‍ നടത്തിയ ബുക്ക് സ്റ്റാള്‍. അത് പിന്നീട് കറന്റ് ബുക്ക്‌സ് വാങ്ങിച്ചു. മേനോന്‍ അതിന്റെയുള്ളില്‍ പിന്നിലാണ് കിടക്കുക. നമ്മള്‍ ആരെയെങ്കിലും അന്വേഷിച്ച് അവിടെച്ചെന്നാല്‍ മേനോന്‍ പറയും. അയാള്‍ ഈ വഴിക്ക് അങ്ങോട്ട് പോകുന്നത് കണ്ടു, ഇങ്ങോട്ട് പോകുന്നത് കണ്ടു, ആളുകളുടെ ഗതാഗതത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ്.

കോഴിക്കോടിന്റെ സ്വന്തം ഹോട്ടല്‍ ‘അളകാപുരി’ക്ക് ആ പേരു വന്നത് എം.ടി.യുടെ ഓര്‍മ്മയില്‍ കൗതുകകരമായ തിളക്കത്തോടെ നില്‍ക്കുന്നു. സംഖ്യാശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്ന ശാന്താഭവന്‍ കൃഷ്ണന്‍നായര്‍ മലയാളത്തില്‍ അഞ്ചും ഇംഗ്ലീഷില്‍ ഒമ്പതും അക്ഷരങ്ങളുള്ള ഒരു പേരുതേടി അന്നത്തെ മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോനെ സമീപിച്ചു.

കൃഷ്ണന്‍നായരെ നിങ്ങള്‍ ഒരാവശ്യവുമായി  എന്നെത്തേടിവരുമ്പോള്‍ ഞാനെങ്ങനെ നിരാശപ്പെടുത്തി തിരിച്ചയയ്ക്കും? ഞാനതില്‍ ഒരു പേരു കുറിച്ചിട്ടുണ്ട്. എന്റെ നിര്‍ദ്ദേശം നിങ്ങള്‍ക്ക്  സ്വീകാര്യമാവുമോ എന്നറിയില്ല. ഏതായാലും നോക്കുക. വേണ്ടെങ്കില്‍ ഉപേക്ഷിക്കുക. കൃഷ്ണന്‍നായര്‍ കടലാസ് തുറന്ന് അതിലെഴുതിയ പേര് വായിച്ചു. ”അളകാപുരി.”ഞങ്ങള്‍ക്കൊന്നും ആ പേര് ഇഷ്ടപ്പെട്ടില്ല. എങ്കിലും…. 

കോഴിക്കോടന്‍ അനുഭവങ്ങള്‍ എം.ടി.യുടെ മനസ്സില്‍ കടല്‍പോലെ തിരതല്ലുണ്ടാകും. ആറ്റിക്കുറുക്കി മാത്രം എഴുതിയും പറഞ്ഞും ശീലിച്ചിട്ടുള്ള എം.ടി. മൗനത്തിലൂടെയാണ് പല സംഭാഷണങ്ങളും പൂരിപ്പിച്ചത്. ആ മൗനം സായാഹ്നം പോലെ സാന്ദ്രമായി. സൂര്യശോഭയുള്ള എഴുത്തുകാരനു മുന്നില്‍ സൂര്യന്‍ അന്തിച്ചുവപ്പില്‍ തുടുത്തു.

എം ടി വാസുദേവന്‍ നായര്‍ അഭിമുഖം: ഭാഗം 1 വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വായനക്കാരന്‍ എം ടി: മാങ്ങാട് രത്‌നാകരന്‍റെ യാത്രയില്‍ എം ടി വാസുദേവന്‍ നായര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍