UPDATES

യാത്ര

വായനക്കാരന്‍ എം ടി: മാങ്ങാട് രത്‌നാകരന്‍റെ യാത്രയില്‍ എം ടി വാസുദേവന്‍ നായര്‍- ഭാഗം1

Avatar

തന്നെ സ്വാധീനിച്ച എഴുത്തുകാര്‍, വായനയുടെ ലോകം, പുസ്തകങ്ങള്‍-ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത യാത്രയില്‍ എം ടി വാസുദേവന്‍ നായരുമായി മാങ്ങാട് രത്നാകരന്‍ നടത്തിയ ദീര്‍ഘ സംഭാഷണം.

കുട്ടിക്കാലത്തെ വായന എങ്ങനെയായിരുന്നു ഏതെല്ലാമായിരുന്നു?
ആദ്യകാലത്ത് കിട്ടുന്നതെന്തും വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍ പോയി പുസ്തകമെടുക്കും. മലയാളവും ഇംഗ്ലീഷും.  ഹൈസ്‌കൂളിലൊന്നും അന്ന് അധികം പുസ്തകങ്ങളൊന്നുമില്ല. അതിന്റെ ചുമതലയുള്ള അധ്യാപകനോട്, വൈകുന്നേരം ചെന്നിട്ട് പുസ്തകം ചോദിച്ചാല്‍ ‘പിന്നെ വാ’ എന്ന മറുപടിയാണ് കിട്ടുക. വീട്ടില്‍പ്പോകാനുള്ള തിടുക്കമാണ്. 

കൃത്യമായ വായന തുടങ്ങുന്നത് കോളേജില്‍ എത്തുമ്പോഴാണ്. വിക്‌ടോറിയ കോളേജില്‍ നല്ല ലൈബ്രറി ഉണ്ടായിരുന്നു. പുസ്തകമെടുക്കാന്‍ കാര്‍ഡ് ഉണ്ട്, കാര്‍ഡ് ഉപയോഗപ്പെടുത്താത്തവരുണ്ട്, അവരുടെ കാര്‍ഡ് ഉപയോഗപ്പെടുത്തിയും പുസ്തകമെടുക്കും. അവധിക്കാലമാണെങ്കില്‍ ഒരുപാട് പുസ്തകങ്ങള്‍ എടുത്തിട്ടാണ് വരിക. അന്ന് എന്റെ അദ്ധ്യാപകനായിരുന്നു പ്രൊഫസര്‍ കെ.പി.നമ്പ്യാര്‍.  നല്ല വായനക്കാരനാണ്. അദ്ദേഹം ഞാന്‍ വായിക്കുന്ന പുസ്തകങ്ങളൊക്കെ നോക്കും. ഇങ്ങനെ ചിട്ടയില്ലാതെ വായിക്കരുത്, ഒന്നുകില്‍ ക്ലാസിക്കുകള്‍ തൊട്ട് തുടങ്ങുക. അന്ന് എന്റെ മേശപ്പുറത്ത് ഇബ്‌സന്റെ ഒരു നാടകമുണ്ടായിരുന്നു. ‘താന്‍ ഇബ്‌സനും വായിക്ക്വോ’ എന്നു ചോദിച്ചു. നാടകമാണ് വായിക്കുന്നതെന്നു വെച്ചാല്‍ അതിന്റെ ചരിത്രം കിട്ടാവുന്ന രീതിയില്‍ വായിക്കണം. ഏതെങ്കിലും ഒരു വിഷയത്തില്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍  അതിന്റെ വളര്‍ച്ചയെക്കുറിച്ച് ഒരു ഐഡിയ കിട്ടും എന്നൊക്കെ പറഞ്ഞു തന്നു. 

മൂത്ത ജ്യേഷ്ഠന്‍ എം.ടി.ഗോവിന്ദന്‍ നായര്‍ ധാരാളം വായിച്ചിരുന്ന ആളാണ്. പുസ്തകങ്ങള്‍ക്കായി എന്നെ പലേദിക്കിലേക്കും അയയ്ക്കും.  അന്ന് കെ.പി.മാധവമേനോന്‍ എന്ന വലിയ കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. ദേശാഭിമാനിയുടെ മാനേജര്‍ കൂടിയായിരുന്നു ഒരു ഘട്ടത്തില്‍. അദ്ദേഹം മര്‍ദ്ദനമേറ്റ് അവശനിലയില്‍ കുമരനെല്ലൂരിലെ വീട്ടില്‍ത്തന്നെയായിരുന്നു. പുറത്തേയ്ക്ക് പോകുക പതിവില്ല. ജ്യേഷ്ഠന്‍ കുറിപ്പ് കൊടുത്തയക്കും, അവിടുന്ന് ഞാന്‍ പുസ്തകങ്ങളൊക്കെ കൊണ്ടുവന്ന് കൊടുക്കും. അങ്ങിനെയിരിക്കെ ഏട്ടന്‍, ഇതു വായിച്ചാല്‍ നിനക്ക് മനസ്സിലാകും എന്ന് പറഞ്ഞ് എന്റെ മേശപ്പുറത്തേയ്ക്ക് ഒരു പുസ്തകമിട്ടു. അത് തോമസ് ഹാര്‍ഡിയുടെ ഒരു നോവലായിരുന്നു. അതുവരെ ഞാന്‍ മലയാളം മാത്രമേ വായിച്ചിട്ടുള്ളു.  അതു കുറേശെ കുറേശെ വായിച്ചുനോക്കിയപ്പോള്‍ എനിക്ക് മനസ്സിലാവുന്നുണ്ട്. ആ വായനാശീലമാണ്  പിന്നീട് വിക്‌ടോറിയ കോളേജില്‍ എത്തിയപ്പോള്‍ തുടര്‍ന്നത്.



കേസരി എ.ബാലകൃഷ്ണപിള്ളയാണല്ലോ ഇംഗ്ലീഷിനു പുറത്തുള്ള ഭാഷകളിലെ വലിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നത്. കേസരി പറഞ്ഞ എഴുത്തുകാരെ അക്കാലത്ത് വായിക്കുന്നുണ്ടോ?
കേസരിയുടെ കാലത്ത് ഫ്രഞ്ച് കഥകള്‍, ജര്‍മ്മന്‍ കഥകള്‍ ഒന്നും ആര്‍ക്കും അറിയില്ല. അദ്ദേഹം തേടിപ്പിടിച്ച് വിവര്‍ത്തനം ചെയ്തിട്ടാണ് തകഴിച്ചേട്ടനും ഒക്കെ വായിച്ചിട്ടുള്ളത്. ഞങ്ങളുടെ കാലം എത്തുമ്പോഴേയ്ക്ക് ഈ ഫ്രഞ്ച് കൃതികളെല്ലാം ഇംഗ്ലീഷില്‍ കിട്ടാവുന്ന അവസ്ഥയായി. കോളേജ് ലൈബ്രറിയില്‍ത്തന്നെ മോപ്പസാങ്ങിന്റെ കൃതികളുണ്ട്, ബാല്‍സാക്കിന്റെ കൃതികളുണ്ട്. പിന്നെപ്പിന്നെ ഈ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടാവുന്ന സ്ഥിതിയായി. ഹെമിംഗ്വേയും ഫോക്‌നറും മാര്‍ക്കറ്റില്‍ കിട്ടും എന്നൊരവസ്ഥ വന്നപ്പോഴാണ് ആധുനിക അമേരിക്കന്‍ സാഹിത്യത്തിലേക്ക് കടന്നുചെല്ലുന്നത്. കേസരി പരിചയപ്പെടുത്തുന്ന കാലത്ത്,ഇങ്ങനെ ചില ഭാഷകളില്‍ ഇങ്ങനെ ചില കൃതികള്‍ ഉണ്ട് എന്നു നമുക്ക് അറിവ് തരികയായിരുന്നു. ആ പുസ്തകങ്ങളൊന്നും ഇവിടെ എത്തിയിട്ടില്ല.

ചെറുപ്പകാലത്തുതന്നെ
ഹെമിംഗ്‌വെ: ഒരു മുഖവുര എന്ന പുസ്തകം എഴുതി. മറ്റൊരെഴുത്തുകാരനെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടില്ല. അത്രയ്ക്ക് ആരാധനയും ഇഷ്ടവും ഉണ്ടായിരുന്നോ?
അതു വേണമെങ്കില്‍ ഉണ്ടെന്ന് പറയാം. അല്ല ഉണ്ട്. ഹെമിംഗ് വേയുടെ ജീവചരിത്രം വായിച്ചപ്പോള്‍ അത് അത്ഭുതകരമായി തോന്നി. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ഇളംപ്രായത്തില്‍ പത്രപ്രവര്‍ത്തകനായി പലയിടത്തും പോയി. അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ അങ്ങനെയാണല്ലോ. ശിക്കാറില്‍ താല്‍പ്പര്യമുണ്ട്, ഗുസ്തിയില്‍ താല്‍പ്പര്യമുണ്ട്, ഇതിനൊക്കെ പുറമെ, രണ്ടുതവണ വിമാനാപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ലോകം മുഴുവന്‍ പത്രങ്ങളില്‍ ഹെമിംഗ്‌വേ മരിച്ചുവെന്ന വാര്‍ത്ത വന്നു. തന്റെ ചരമവാര്‍ത്ത തന്നെ ഹെമിംഗ്‌വേയ്ക്ക് വായിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ജീവിതകഥ പല ജീവചരിത്രങ്ങളില്‍ വായിച്ചപ്പോഴുണ്ടായ ഒരു രസം, ക്യൂബയില്‍ അദ്ദേഹം താമസിച്ചിരുന്നപ്പോള്‍, വൈകുന്നേരമായാല്‍ ബാറില്‍ പോയി, ഒരു സ്വര്‍ണ്ണനാണയം വെച്ചിട്ട് ഗുസ്തി പിടിക്കുകയാണ്, ജയിക്കുന്ന ആള്‍ക്ക് എടുക്കാം. ഇങ്ങനെ, ജീവിതത്തില്‍ മറ്റ് എഴുത്തുകാര്‍ക്കില്ലാത്ത അനുഭവങ്ങള്‍, ശിക്കാര്‍, കാളപ്പോര്, മീന്‍പിടുത്തം – ഇങ്ങനെയൊക്കെ വായിച്ചറിഞ്ഞാണ് പ്രത്യേകമായ താല്‍പ്പര്യം തോന്നിയത്. വായനയാണെങ്കില്‍ വളരെ സുഗമമാണ്. ഫോക്‌നറൊക്കെ വായിക്കുക എന്നുപറഞ്ഞാല്‍ അക്കാലത്ത് ഒരു ബാധ്യതയായിരുന്നു – ഇതൊക്കെ വായിച്ചിരിക്കേണ്ടേ എന്നുവെച്ച് വായിക്കുകയാണ്. ഹെമിംഗ്‌വേ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ ശൈലി വളരെ ലളിതമാണ്, ഗഹനവുമാണ്. അതുകൊണ്ട് ഹെമിംഗ്‌വെയെ കൂടുതല്‍ വായിച്ചിട്ടുള്ളത്. 

ഹെമിംഗ് വെയുടെ ജീവിതം,
രീതികള്‍, എഴുത്ത് ഇതെല്ലാം അനുകരണീയമാണെന്ന് തോന്നിയിരുന്നോ?
ഇല്ല, നമുക്കത് സാധിക്കില്ല. പിന്നെ യുദ്ധത്തിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, പട്ടാളക്കാരന്റെ ഔദ്യോഗിക സ്ഥാനം ഒന്നുമില്ല, പാരീസ് കീഴടക്കാന്‍ പോകുന്ന പട്ടാളക്കാരുടെ കൂടെ അദ്ദേഹം സഞ്ചരിച്ചിരുന്നു. അപ്പോഴാണ് ആരോ പറയുന്നത് ആ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പിക്കാസോ ചിത്രം വരയ്ക്കുന്നുണ്ട്. ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും തമാശയെന്നേ തോന്നിയുള്ളു. പറഞ്ഞതു ശരിയാണ്. ചുറ്റുപാടും എന്തൊക്കെ തകര്‍ന്നടിഞ്ഞാലും പിക്കാസ്സോ മുകളിലിരുന്ന് വരച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അദ്ദേഹത്തിന്റെ ജീവിതകഥയില്‍ നിന്നു കിട്ടിയ കുറേ രസങ്ങളുണ്ട്. 

നമുക്ക് സങ്കല്‍പ്പിക്കാന്‍ വയ്യാത്ത ഒരു ജീവിതം.  രചനകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ‘കിഴവനും കടലും’ ആണ്. അതിലെ വൃദ്ധന്‍ പറയുകയാണ്; നിനക്കെന്നെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല. അങ്ങനെയൊക്കെ നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഹെമിംഗ് വെയെക്കുറിച്ച് ഒരു പുസ്തകമെഴുതി, മുഖവുര പോലെ ഒരു പുസ്തകം.



ഫോക്‌നറുടെ യോക്‌ന പട്ടാഫ,
മാര്‍കേസിന്റെ മക്കൊണ്ടോ, ഭാവനാത്മകമായ ഭൂപ്രദേശങ്ങള്‍. കുടല്ലൂര്‍ ഒരു യഥാര്‍ത്ഥ സ്ഥലമാണെങ്കിലും അതിനപ്പുറമുള്ള ഒരു മാനം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നോ?
ഫോക്‌നര്‍ തന്റെ പ്രദേശത്തെപ്പറ്റിയാണ് എഴുതിയത്. യോക്‌നാ പട്ടാഫ എന്ന് അദ്ദേഹം മൊത്തത്തില്‍ വിളിച്ചുവെന്നേയുള്ളു. അങ്ങനെയൊരു സാങ്കല്‍പിക ലോകം നമുക്കില്ല. ഒരു ഗ്രാമം ഒക്കെയാണ് നമ്മുടെ കൈവശം ഉള്ളത്. അതു നന്നേ ചെറിയ ഗ്രാമം. ഫോക്‌നര്‍ അമേരിക്കന്‍ സൗത്തിനെ മുഴുവന്‍, അവിടുത്തെ സംസ്‌കാരം, കൃഷി, നിത്യജീവിതം എല്ലാ ചേര്‍ത്ത് വിപുലീകരിച്ചു. ഫോക്‌നര്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു എഴുത്തുകാരനാണ്.  മറ്റ് എഴുത്തുകാരെപ്പോലെയല്ല, പതുക്കെപ്പതുക്ക വായിച്ചുതീര്‍ക്കണം, ഹെമിംഗ് വേയും ഫോക്‌നറും കൂടാതെ മറ്റ് അമേരിക്കന്‍ എഴുത്തുകാരെയും വായിക്കുന്നുണ്ട്. സ്റ്റില്‍ബക്ക്, ഹെന്റി ജയിംസ്, ജോണ്‍ ദോസ്, പാസോസ് എന്നിവരെയൊക്കെ അവരില്‍ എഴുത്തുകൊണ്ടും ജീവിതം കൊണ്ടും അത്ഭുതപ്പെടുത്തിയത് ഹെമിംഗ്‌വെയാണ്.

നോവലിന് ‘
കാലം’ എന്ന് പേരിടുമ്പോള്‍ ഹെമിംഗ് വേയുടെ ‘ഇന്‍ അവര്‍ ടൈം’ ഓര്‍മ്മയിലുണ്ടായിരുന്നോ?
ഉണ്ടായിരുന്നിരിക്കണം. 

വ്യത്യസ്ത അനുഭവ ലോകങ്ങളുള്ള ഡി.എച്ച്. ലോറന്‍സ്
, ജോസഫ് കോണ്‍റാഡ് തുടങ്ങിയവരും താങ്കളുടെ പ്രിയ എഴുത്തുകാരായിരുന്നു?
ഡി.എച്ച്. ലോറന്‍സ് പ്രത്യേകിച്ചും. കോണ്‍റാഡിന്റേത് മറ്റൊരു വിശേഷപ്പെട്ട ലോകത്താണ്. കോണ്‍റാഡിന്റെ ഭാഷയായിരുന്നില്ല ഇംഗ്ലീഷ്. പഠിച്ചുണ്ടാക്കിയ ഭാഷയാണ്. കപ്പലിലൊക്കെ ജോലിക്കുപോയശേഷം പഠിച്ചുണ്ടാക്കിയ ഭാഷ. അങ്ങനെ പഠിച്ച് എഴുതാന്‍ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ ഭാഷയെക്കുറിച്ച് അക്കാലത്ത് പലരും പറഞ്ഞു, ഈ ഭാഷ ആളുകള്‍ക്ക് മനസ്സിലാവില്ല. ആരും വായിക്കില്ല. എന്നൊക്കെ. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഐ വി മേക്ക് ദെം റീഡ് – ഞാന്‍ വായിപ്പിക്കും എന്ന്. അതിനു സമാനമായി നമുക്ക് പറയാവുന്നത് സിനിമയില്‍ ഗ്രിഫിത്തിനെക്കുറിച്ചാണ്. ആളെ മുഴുവന്‍ കാണിക്കാതെ തലയും കൈയും മറ്റും കാണിച്ചപ്പോള്‍ ഇതാരും കാണില്ല എന്ന് പറഞ്ഞപ്പോള്‍ ഗ്രിഫിത്തും അതുപോലെ പറഞ്ഞു. ”ഐ വില്‍ മേക്ക് ദെം സീ.”

ബെസ്റ്റ് ഓഫ് അഴിമുഖം

എം.ടി: ജീവിതത്തിന്റെ എഡിറ്റര്‍
ബഷീറിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്
നാടോടിയാകാന്‍ ആഗ്രഹിച്ച അച്ഛന്‍- പൊറ്റെക്കാട്ടിന്‍റെ ഓര്‍മകളില്‍ മകള്‍ സുമിത്ര
ചന്ദ്രകാന്തവും കേക്കുകളും മുല്ലപ്പൂവും- ഒരു ബഷീര്‍ ഓര്‍മ്മ
ചോറിനും കവിതയ്ക്കുമൊപ്പം ശാലിനി ജീവിതം പറയുന്നു

അത്ഭുതം തോന്നി, അരനൂറ്റാണ്ട് മുമ്പ് ‘കാഥികന്റെ പണിപ്പുര’യില്‍ ബെര്‍ണാര്‍ഡ് മാലമൂദിനെക്കുറിച്ചെഴുതി, ഇന്നുപോലും മാലമൂദിനെ മലയാളം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. അമേരിക്കന്‍ സാഹിത്യ വായനയുടെ തുടര്‍ച്ചയായിട്ടാണോ മാലമൂദിനെ കാണേണ്ടത്?
അതെ, തുടര്‍ച്ചയായിട്ടാണ്. അവിടെ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ആഗ്രഹം. മാലമൂദിനെയൊക്കെ അക്കാലത്ത് വായിച്ചത് അങ്ങനെയാണ്. ഭാഷയുടെ ലാളിത്യം, പിന്നെ എല്ലാറ്റിലുമുപരി ക്രാഫ്റ്റിലുള്ള കൈയടക്കം.

ഫിക്ഷനു പുറത്തുള്ള വായനകള്‍?
പല പുസ്തകങ്ങളെയും അവതരിപ്പിച്ചിട്ടുള്ളതായി അറിയാം?
ഫിക്ഷന് പുറത്ത് ഞാന്‍ വായിക്കാറുണ്ട്, ജീവചരിത്രം, ആത്മകഥ, ചരിത്രം. ഇതൊക്കെ വായിക്കാന്‍ ഇഷ്ടമാണ്. അതല്ലാത്ത പുസ്തകങ്ങളും വായിക്കും. അതു നമ്മെ വായിപ്പിക്കണം എന്നേയുള്ളു. വളരെ മുമ്പ് ഞാന്‍ ആദ്യത്തെ വിദേശയാത്ര കഴിഞ്ഞുവന്നപ്പോഴാണ് ‘ദ റൈസ് ആന്‍ഡ് ഹാള്‍ ഓഫ് തേഡ് റീഷ്’ വാങ്ങി വായിക്കുന്നത്. ആയിരത്തിലേറെ പേജുള്ള പുസ്തകം. ആ കാലത്ത് ആ പുസ്തകം എവിടെ നിന്നോ കിട്ടി. അത് നോവലിനേക്കാള്‍ താല്‍പ്പര്യത്തോടെ വായിച്ചു. വീണ്ടും വായിച്ചു. ഇപ്പോള്‍ ആ പുസ്തകം എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു. അങ്ങനെയുള്ള പുസ്തകങ്ങള്‍ മുന്നില്‍ എത്തപ്പെട്ടാല്‍ വായിക്കും. ഫിക്ഷന്‍ വായന ഇപ്പോള്‍ കുറവാണ്, അത്രയും നമ്മെ പിടിച്ചിരുത്തുന്ന ഫിക്ഷന്‍ നമ്മുടെ മുന്നില്‍ എത്തുന്നില്ല. അതുകൊണ്ടായിരിക്കാം, പലതും കുറച്ചു വായിച്ചാല്‍ വേണ്ട എന്നു തോന്നും. വായന ആരുടെയും  ബാധ്യതയൊന്നുമല്ലല്ലോ.



ആള്‍ക്കൂട്ടത്തില്‍ തനിയെഎന്ന യാത്രാവിവരണത്തില്‍ താങ്കള്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ കണ്ടെത്തി. അന്ന് മാര്‍കേസിന് നോബല്‍ സമ്മാനം കിട്ടിയിട്ടില്ല?
എന്റെ കൂടെ അന്ന് സഞ്ചരിച്ച ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ഒരു സഹായിയും ദ്വിഭാഷിയും  എന്ന നിലയ്ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ചെറുപ്പക്കാരന്‍. അയാളാണ് എന്നോട് പറയുന്നത്.  ‘വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്’ എന്ന പേരില്‍ മാര്‍കേസിന്റെ നോവല്‍ ഇംഗ്ലീഷില്‍ വന്നിട്ടുണ്ട്. സ്പാനിഷ് ഒറിജിനലാണ് മനോഹരം എന്ന്.  ഞാനവിടെ നിന്നു വരുമ്പോള്‍ ആ നോവല്‍ കൊണ്ടുവന്നു. പിന്നീട് മാര്‍കേസ് നമ്മുടെ എല്ലാ തരത്തിലുള്ള ആരാധനയ്ക്കും പാത്രമായി. മാര്‍കേസിന്റെ ഒരു ഗുണം എത്ര കഴിഞ്ഞിട്ട് ഒരു പുസ്തകം വന്നാലും അതു വീണ്ടും വായിക്കുമ്പോള്‍ മനോഹരമായി തോന്നും. അങ്ങനെ ചില കണ്ടെത്തലുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്. 

അതുപോലെ കേറ്റ് ചാപ്പില്‍. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ മാതൃക എന്നു പറയാവുന്നതാണ് അവരുടെ രചനകള്‍. ‘ദ എവേക്കനിംഗ്’ എന്ന പുസ്തകം അങ്ങനെ കിട്ടുന്നു. ഞാനന്ന് അവരെക്കുറിച്ച് കേട്ടിട്ടില്ല. പിന്നെ അവിടെയും ഇവിടെയുമൊക്ക മറിച്ചുനോക്കിയപ്പോള്‍ കേറ്റ്‌ചോപ്പിന്  വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലായി. 

ഇത്തരം പുസ്തകങ്ങള്‍ കിട്ടുന്നത് ചിലപ്പോള്‍  തെരുവില്‍ നിന്നായിരിക്കാം. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ക്കിടയില്‍ പരതുമ്പോഴായിരിക്കാം അങ്ങനെയൊരു പുസ്തകം കിട്ടുന്നത്. ചിലപ്പോള്‍ അത്ഭുതകരമായി പുസ്തകങ്ങള്‍ നമ്മുടെ മുന്നില്‍ എത്തപ്പെടും. 

പുസ്തകവേട്ട – വിശേഷിച്ചും സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍. മദിരാശിയിലെ മൂര്‍ മാര്‍ക്കറ്റിലും മൈലാപ്പൂരുമൊക്കെ ഇഷ്ടപ്പെട്ട ഇടങ്ങളായിരുന്നുവല്ലോ
?
പഴയകാലത്ത് മൂര്‍മാര്‍ക്കറ്റായിരുന്നു ഒരു പ്രധാന സങ്കേതം, പിന്നെ മൈലാപ്പൂര്‍. ബോംബെയില്‍ ടെലിഗ്രാഫ് ഓഫീസിന്റെ ആ ഭാഗത്ത് ഒരു പാട് സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളുണ്ട്. അതങ്ങനെ നടന്നുനോക്കുന്നത് ഒരു രസമാണ്. അപൂര്‍വ്വമായ ചില പുസ്തകങ്ങള്‍ കിട്ടും. കേട്ടിട്ടുണ്ടാവും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ഒരു കന്യാസ്തീ ആശ്രമം വിട്ട് പുറത്തുവന്നിട്ട് എഴുതിയ ആത്മകഥ (I leap over the wall)  ഐ ലീപ് ഓവര്‍ ദ വാള്‍ – മോണിക്ക ബാള്‍ഡ്വിന്റേത്.

ഒരു ഫുട്പാത്തില്‍ നിന്നാണ് ആകെ മുഷിഞ്ഞ ആ പുസ്തകം കിട്ടിയത്. അവര്‍ പുറത്തുവന്നതിനുശേഷം പുറത്തെ ജീവിതവുമായി, സമൂഹവുമായി ഇണങ്ങിപ്പോകാനുള്ള പ്രയാസം, കന്യാമഠത്തില്‍ 28 വര്‍ഷം ജീവിച്ചതിനുശേഷം ഓടിപ്പോന്നതാണല്ലോ.

അത്തരം ചില പുസ്തകങ്ങളിലെ ശൈലികളെക്കുറിച്ചും പ്രയോഗങ്ങളെകുറിച്ചും താങ്കള്‍ എഴുതിക്കണ്ടിട്ടുണ്ട്. ഒരു പള്‍പ്പ് നോവലില്‍
വേശ്യയുടെ അടിപ്പാവാട പോലെ മുഷിഞ്ഞ ആകാശംഎന്നൊരു പ്രയോഗം കണ്ടതിനെപ്പറ്റിയും മറ്റും?
പള്‍പ്പ് എന്ന് പറഞ്ഞ് അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. ഈസി റീഡിംഗ് ആയതിനാല്‍ നമ്മള്‍ പള്‍പ്പ് എന്നു പറയുന്നു. അതില്‍ത്തന്നെ നല്ല കൃതികള്‍ കണ്ടിട്ടുണ്ട്. നമ്മെ നന്നായി വായിപ്പിക്കുന്ന പുസ്തകങ്ങള്‍. അവയില്‍ അപൂര്‍വ്വമായി നല്ല പ്രയോഗങ്ങള്‍, മെറ്റഫറുകള്‍ കാണാറുണ്ട്. ഇപ്പോഴാണെങ്കില്‍, നമുക്ക് പള്‍പ്പ് വായിച്ച് മടുത്താല്‍ വേണ്ട എന്നുപറഞ്ഞ് ഉപേക്ഷിക്കാം. അന്ന് എവിടുന്നൊക്കെയോ തേടിപ്പിടിച്ച് കൊണ്ടുവരുന്ന പുസ്തകങ്ങളല്ലേ?

രചനയുടെ വേളകളില്‍ വായിക്കാറുണ്ടോഒരു പ്രചോദനമെന്ന നിലയില്‍ വിശേഷിച്ചും?
ഈ വായനയും രചനയും തമ്മില്‍ ഒരു ബന്ധവുമില്ല. ആ സമയത്ത് ഒരു ഡൈവേര്‍ഷനുവേണ്ടി വായിക്കാറുണ്ട്. ചിലപ്പോള്‍ രാത്രി കിടന്നാല്‍ ഉറക്കം വരില്ല. പകലെന്തെങ്കിലും ചെയ്തുവെച്ചതായിരിക്കാം നമ്മെ അലട്ടുക. അതില്‍ നിന്നു മാറിനില്‍ക്കാനായി, വായിക്കാനായി മാറ്റിവച്ചതോ, ഈസി ആയതോ ആയ എന്തെങ്കിലും വായിക്കും.  അതു വായിച്ച് പ്രചോദനം കിട്ടും എന്നു കരുതിയാല്‍ അതു സാധിക്കില്ല. സംഗീതത്തില്‍ താല്‍പ്പര്യമുള്ളവര്‍ പാട്ടു കേള്‍ക്കും. ചില പത്രപ്രവര്‍ത്തകരെ ഞാന്‍ കണ്ടിട്ടുണ്ട്. മരിച്ചുപോയ രവിയേട്ടനെ (പി.കെ.രവീന്ദ്രനാഥ്) പോലെയുള്ളവര്‍. ടൈപ്പ് ചെയ്തുകൊണ്ടിരിക്കും, അതേ സമയം മ്യൂസിക്ക് പ്ലേ ചെയ്യുന്നുണ്ടാവും. അതും ടൈപ്പ് ചെയ്യുന്ന കാര്യവുമായി ബന്ധമൊന്നുമില്ല. അതു വേണമത്രെ. എന്നെ സംബന്ധിച്ച് അങ്ങനെയൊരു ഡൈവെര്‍ഷന്‍ ഇല്ല. ചിലപ്പോള്‍ സിനിമ കാണും. അതും വായനപോലെ ഗൗരവമുള്ള ഒരു കാര്യമാണ്.

മുമ്പേ വന്ന എഴുത്തുകാരുടെ കൃതികള്‍ – ബഷീര്‍, തകഴി, പൊറ്റെക്കാട് എന്നിവരുടെ കൃതികള്‍ വായിക്കുന്നത് എപ്പോഴാണ്?
അവരെയൊക്കെ വായിച്ചു വലിയ ആരാധന തോന്നി. ഓരോ ഘട്ടത്തില്‍ അവരെയൊക്കെ കാണുന്നുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു കാര്യത്തിന് എറണാകുളത്ത് പോയപ്പോള്‍ ബഷീറിനെ കാണണം എന്നു തോന്നി. നേരിട്ടുപോയി കാണാന്‍ ധൈര്യം പോരാ. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു, എനിക്കറിയാം, ഞാന്‍ പരിചയപ്പെടുത്താം എന്ന്. ഞാനന്ന് എഴുതിത്തുടങ്ങുന്ന ഒരു പയ്യനാ. ഞാന്‍ പറഞ്ഞു, വേണ്ട വേണ്ട. എനിക്കൊന്നു കണ്ടാല്‍ മതി. അദ്ദേഹം ബുക്ക് സ്റ്റാളില്‍ ഇരിക്കുന്നത് ദൂരെ നിന്ന് കണ്ട്, പോന്നു. അതും കഴിഞ്ഞ് കുറേ കഴിഞ്ഞാണ് ഞാന്‍ തകഴിച്ചേട്ടനെ കാണുന്നത്. ബഷീറിനെയും വളരെക്കഴിഞ്ഞാണ് തലയോലപ്പറമ്പില്‍ പോയി കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നത്. ഇവരോടോക്കെ വലിയ ആരാധന, ബഹുമാനം. 

പൊറ്റെക്കാടിനെ കാണുന്നത്, ഞാന്‍ പാലക്കാട്  ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുമ്പോഴാണ്. ട്യൂട്ടോറിയലില്‍ ഒരു കൊല്ലം വാര്‍ഷികാഘോഷം നടത്തണമെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, നമുക്ക് പൊറ്റെക്കാടിനെ ക്ഷണിക്കാം. ഒന്നു കാണുക എന്നതായിരുന്നു അതിനു പിന്നില്‍. പിന്നെ കോഴിക്കോട്ട് വന്നതിനുശേഷമാണ്  എസ്.കെ., തിക്കോടിയന്‍, എന്‍.പി. മുഹമ്മദ് എന്നിവരെയൊക്കെ അടുത്തു പരിചയപ്പെടുന്നത്. അതിന് മുമ്പ് അവരെയൊക്കെ പുസ്തകങ്ങളിലൂടെ കണ്ടിട്ടുള്ള അറിവാണ്. എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രത്തിന്റെ വാര്‍ഷികപ്പതിപ്പില്‍  ‘പ്രസന്നകേരളം’ ആണെന്നാണ് ഓര്‍മ്മ, അവരുടെയൊക്കെ ചെറിയ ഫോട്ടോകള്‍ ഉണ്ടായിരുന്നു. അതൊക്കെ ഞാന്‍ ഭദ്രമായി വെട്ടി, വലിയ ഫ്രെയിമിനകത്താക്കി ഒട്ടിച്ച് പഴയ വീടിന്റെ ചുമരില്‍ വെച്ചിരുന്നു. കുറേക്കാലം ഉണ്ടായിരുന്നു അത്.

കവിതയായിരുന്നല്ലോ ആദ്യകാലത്ത് കൂടുതലായി വായിച്ചിരുന്നത്
ആദ്യകാലത്ത് അങ്ങനെയായിരുന്നു. കവിതകളാണ് വായിച്ചത്. ചങ്ങമ്പുഴയുടെ കവിതകള്‍, വൈലോപ്പിള്ളി, ജി. അതിനും മുമ്പ് ആശാന്റെ കവിതകള്‍ ധാരാളം വായിച്ചിരുന്നു. അന്ന് അതൊക്കെയാണ് കിട്ടിയിരുന്നത്. ആശാന്റെ ഖണ്ഡവാക്യങ്ങള്‍, ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യകള്‍ അങ്ങനെ. പിന്നീടാണ് ഫിക്ഷനിലേക്ക് വായന കടന്നത്. അത് അലക്‌സാണ്ടര്‍ ദുമാസില്‍ നിന്നു തുടങ്ങുന്നു എന്നു പറയാം. അന്നത്തെ പല കുട്ടികളോടും ചോദിച്ചാല്‍ ദുമാസിലാണ് വായന തുടങ്ങിയത് എന്ന് പറഞ്ഞേക്കും. 

‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, ത്രീ മസ്‌കിറ്റിയേര്‍സ് തുടങ്ങിയ കൃതികള്‍’. ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ രണ്ടു കോളമായിട്ട് അടിച്ച പുസ്തകമായിരുന്നു. കുമരനെല്ലൂരില്‍ ആ പുസ്തകം എങ്ങനെയോ വന്നെത്തി. മൂന്നാലുദിവസം കൊണ്ട് രാപ്പകലായിട്ട് വായിച്ചു തീര്‍ത്തു. അതു കുട്ടികളെ വളരെ രസിപ്പിക്കുന്ന രചനയാണ്. പിന്നെയാണ് മറ്റു ചിലതിലേയ്ക്ക് തിരിയുന്നത്. അത് ത്യാജഗ്രാഹ്യവിവേചനം ഒന്നും ഇല്ലല്ലോ. അവിടെവിടെയായി വായിക്കുന്ന ലേഖനങ്ങളും മറ്റും അമേരിക്കന്‍ സാഹിത്യകാരന്‍മാരുടെയും ബ്രിട്ടീഷ് സാഹിത്യകാരന്‍മാരുടെയും പേരുകള്‍ കണ്ടു. അതൊക്കെ മനസ്സില്‍ സൂക്ഷിച്ചു. അവരുടെ പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ വായിച്ചു. 

നാലപ്പാട്ടു നാരായണമേനോന്റെ പാവങ്ങള്‍ തര്‍ജ്ജമ അന്ന് വലിയ സംഭവമായിരുന്നല്ലോ. പല എഴുത്തുകാരും അതില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്?
‘പാവങ്ങള്‍’ ഞാന്‍ അന്നു വായിച്ചിട്ടില്ല. അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പലരും എഴുതിയത് വായിച്ചിട്ടുണ്ട്. ‘പാവങ്ങള്‍’ വായിക്കുന്നത് വളരെ പിന്നിട്ടാണ്. യൂഗോവിന്റെ പല പുസ്തകങ്ങളും പിന്നീടാണ് വായിച്ചത്. 

പൊന്നാനിക്കളരിയിലെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു. ഇടശ്ശേരി, ഉറൂബ്?
ഇടശ്ശേരിയാണ് അന്നത്തെ മുതിര്‍ന്ന എഴുത്തുകാരന്‍. അന്ന് ഉറൂബും അവിടെയുണ്ട്. പിന്നീടാണ് ആകാശവാണിയില്‍ ജോലി കിട്ടി കോഴിക്കോട്ട് വരുന്നത്. ഇടശ്ശേരി വക്കീല്‍ ഗുമസ്തനായി അവിടെത്തന്നെയുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ ആദ്യം വായിക്കുന്നു. ‘പുത്തന്‍കലവും അരിവാളും’ ആയിരുന്നു ആദ്യം ഞങ്ങളെയൊക്കെ പിടിച്ചുകുലുക്കിയ കവിത. തുടര്‍ന്ന് അദ്ദേഹത്തിന്റെ മറ്റു കവിതകള്‍ വായിക്കുന്നു. ‘കൂട്ടുകൃഷി’ നാടകം പോയി കാണുന്നു. ഇടശ്ശേരി അങ്ങനെ അപ്രാപ്യനായ ആളല്ല. ഏതു കുട്ടിക്കും കയറിച്ചെല്ലാം. അങ്ങനെയാണ് അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്. പിന്നെ കുമാരനെല്ലൂരില്‍ അക്കിത്തമുണ്ട്. അദ്ദേഹം എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ അനുജന്‍മാരൊക്കെ എന്റെ കൂടെ പഠിച്ചവരാ. പുന്നയൂര്‍കുളം കളരിയിലേക്ക് ഞാന്‍ കടന്നുചെന്നിട്ടില്ല. അവിടെ വള്ളത്തോള്‍ ഉണ്ട്, നാലപ്പാട്ട് നാരായണമേനോന്‍ ഉണ്ട്, കുട്ടികൃഷ്ണമാരാരുണ്ട്.  എം.പി.ഭട്ടതിരിപ്പാടും, എം.ആര്‍.ബി.യുമുണ്ട്. എനിക്ക് കൂടുതല്‍ അടുപ്പം ഇടശ്ശേരിയോടും അക്കിത്തത്തോടുമായിരുന്നു. 

ദേശീയ പ്രസ്ഥാനത്തിന്റെ കാലമായിരുന്നല്ലോ. ഗാന്ധിയനുമായിരുന്നല്ലോ. രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നോ?
അവര്‍ ഇരുന്ന് പറയുന്നുണ്ടാവും. നമ്മള്‍ കൂടെയുണ്ടാവുമ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് മറ്റു പല കാര്യങ്ങളുമാണ്. ‘കൂട്ടുകൃഷി’ അന്നു കളിച്ചത് നന്നായില്ല. അയാളെ മാറ്റണം. ഇയാളെ മാറ്റണം എന്നൊക്കെ. ചെറുപ്പക്കാരായ ഞങ്ങളോട് നാട്ടില്‍ കലാസമിതി ഉണ്ടാക്കിക്കൂടേ എന്നെല്ലാം ചോദിക്കും. വളരെ അടുപ്പമായിരുന്നു. സ്‌നേഹമായിരുന്നു. നേരം വൈകിക്കഴിഞ്ഞാല്‍ ഇനി ഇന്നു പോകണ്ട, വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം, അവിടെ ഉറങ്ങാം, രാവിലെ പോകാം എന്നൊക്കെ പറയും. 

രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നോ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി?
എന്റെ ഗ്രാമത്തില്‍ ആദ്യകാലത്തൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം കാര്യമായി ഇല്ല. ദേശീയ പ്രസ്ഥാനം ചെറിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.  എന്റെ മൂത്ത ജ്യേഷ്ഠന്‍ എം.ടി.ഗോവിന്ദന്‍നായര്‍ ഖദര്‍ മാത്രം ധരിച്ചിരുന്ന ആളാണ്. അദ്ദേഹം കേന്ദ്രഗവണ്‍മെന്റില്‍ ഒരു ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോയപ്പോള്‍, വേഷം കണ്ട്, ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ചപ്പോള്‍ ആണ് എന്നു പറഞ്ഞു. ജോലിയും കിട്ടിയില്ല. പിന്നെ ഇവിടെ വന്ന് ട്രെയിനിംഗ് കഴിഞ്ഞ് അധ്യാപകനായി. അങ്ങനെ ചില സംഗതികളുണ്ട്. പക്ഷേ, തീവ്രമായ രാഷ്ട്രീയാന്തരീക്ഷം ഇല്ല, വടക്കേ മലബാറിലൊക്കെ ഉണ്ടായതുപോലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എന്റെ ഗ്രാമത്തില്‍ ഉണ്ടായില്ല.

അന്ന് താങ്കളുടെ ഒരഭിപ്രായം ചെറിയ വിവാദം പോലും ഉണ്ടാക്കിയിരുന്നു. ചങ്ങമ്പുഴ മരിച്ചപ്പോള്‍ ഗാന്ധിജി മരിച്ചതിനേക്കാള്‍ ദുഃഖം തോന്നി.എന്ന് അഭിപ്രായപ്പെട്ടിരുന്നു?
അതെ, അന്നു ചെറുപ്പമല്ലേ. ഇംഗ്ലീഷ് പത്രത്തില്‍  ‘ഗാന്ധിജി ഷോട്ട് ഡെഡ്’ എന്ന് വലിയ വാര്‍ത്ത വരുന്നു. ഷോക്ക് ആണ്. രാജ്യത്തിനു മുഴുവന്‍ ഷോക്കാണ്. കുറച്ചു കഴിഞ്ഞ് ചങ്ങമ്പുഴയുടെ മരണവാര്‍ത്ത വന്നപ്പോള്‍ കുടുംബത്തിലെ ഒരംഗം  പോയതുപോലെ ദുഃഖം തോന്നി.

(നാളെപത്രപ്രവര്‍ത്തനം, പുതിയ എഴുത്തുകാര്‍, കവിയുടെ കാല്‍പ്പാടുകള്‍ക്ക് എം ടി എഴുതിയ അവതാരിക, പിന്നെ കോഴിക്കോടിന്റെ സ്വന്തം എം.ടിയായ കഥയും)

യാത്രയുടെ മുന്‍ പതിപ്പുകള്‍

ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി
തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര

സഞ്ചാരിയുടെ മനസിലേക്കൊരു സഞ്ചാരം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍