UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം വി നികേഷ് കുമാറിന്‍റെ അറസ്റ്റിന് പിന്നില്‍

Avatar

വി.കെ. ആദർശ്

സേവന നികുതി പരസ്യദാതാക്കളിൽ നിന്ന് പിരിച്ചെടുത്തത് കൃത്യമായി സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്‌ക്കാത്തതാണല്ലോ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി എം വി നികേഷ് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പിരിച്ചെടുത്ത നികുതി കൃത്യമായി അടയ്‌ക്കേണ്ടത് മറ്റേത് സംരംഭത്തേക്കാളും കണിശതയോടെ ചെയ്യേണ്ടത് മാധ്യമങ്ങൾ തന്നെ. അതിന് കാരണം നിയമസഭയുടെ മുന്നിൽ നിന്ന് ബജറ്റ് ചർച്ച നടത്തുമ്പോൾ മുതൽ ന്യൂസ് റൂമിൽ നിന്ന് പലവുരു വിവിധ പാർട്ടികളിൽ പെട്ട ധനകാര്യ മന്ത്രിമാരോട് വർഷങ്ങളായി ‘നിങ്ങൾ എന്തുകൊണ്ട് നികുതി പിരിച്ചെടുക്കേണ്ട നികുതി പിരിച്ചെടുക്കുന്നില്ല, അത് ചെയ്യാതെ പുതിയ നികുതി എന്തിന് കൊണ്ടുവരുന്നു?’ എന്നൊക്കെ ചോദ്യം എയ്‌ത് വിടുന്നവരാണ് ഇവര്‍. 

അണ്ടിക്കൂടിനോടടുക്കുമ്പോൾ മാങ്ങയുടെ പുളിപ്പ് അറിയാം എന്ന് പറയുന്നതുപോലെ സ്വന്തം സ്ഥാപനത്തിൽ നികുതി അടയ്‌ക്കുന്ന വേളയിൽ അവർ എന്തുകൊണ്ട് പിറ്റേമാസം അഞ്ചാം തീയതി മുൻമാസം പിരിഞ്ഞ് കിട്ടിയ സേവന നികുതി അടയ്‌ക്കുന്നില്ല?

ചെറിയ ചാനൽ ആയതിനാൽ സാമ്പത്തിക പരാധീനത ആണെന്ന് നിശ്ചയമായും പറയാം. ആവശ്യത്തിന് cash flow ഉള്ള സ്ഥാപനമാണങ്കിൽ നികേഷ് എന്തായാലും കൃത്യസമയത്തിന് തന്നെ നികുതി അടയ്‌ക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വിശ്വാസം അങ്ങനെ നിൽക്കാൻ നികുതി ഈശ്വരൻ അനുവദിക്കട്ടെ.

പക്ഷെ പ്രശ്‌നം അവിടം കൊണ്ടും നിൽക്കുമെന്ന് തോന്നുന്നില്ല. സേവന നികുതി മാത്രമല്ല, കുറഞ്ഞത് മറ്റ് മൂന്ന് പണമടവ് കൂടി സർക്കാർ ഖജനാവിലേക്ക് എണ്ണം പറഞ്ഞ് നൽകണം.

1. എമ്പ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948 അനുസരിച്ച് എല്ലാ മാസവും 21- ആം തീയതിക്ക് അകം തുക അടയ്‌ക്കണം.
2. ആദായ നികുതി ആക്ട്, 1961 അനുസരിച്ച് എല്ലാ മാസവും ഏഴാം തീയതിക്ക് മുന്നെ വിവിധ കാര്യങ്ങൾക്കായി ഉറവിടത്തിൽ നിന്ന് പിടിക്കുന്ന ടിഡിഎസ് അടയ്ണം.
3. ഫിനാൻസ് ആക്ട് 1994 അനുസരിച്ചുള്ള സേവന നികുതി (ഇന്നത്തെ വിവാദവിഷയം ഇതനുസരിച്ചാണ്) എല്ലാ മാസവും അഞ്ചാം തീയതിക്കകം നൽകണം. 
4. പ്രോവിഡന്റ് ഫണ്ട് ആക്ട്,1952 അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിൽ തൊഴിലുടമയുടെ വിഹിതം എല്ലാ മാസവും 15 ആം തിയതിക്കകം അടയ്‌ക്കണം. 

ഇതിൽ അവസാനം പറഞ്ഞത് കേവലം സർക്കാരിലേക്ക് ആണന്ന് പറയാനാകില്ല. പാർലമെന്റ് പാസാക്കിയ തൊഴിലാളി നിധിയിലേക്കാണ്. 

ഇപ്പറയുന്ന എത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരുടെ ശമ്പള ബില്ലിൽ PF, ESI, Profession Tax, TDS എന്നിവ ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ?

ഇനി വസ്തുതയിൽ നിന്ന് പ്രശ്നത്തിലേക്ക് വരാം. സാമ്പത്തിക അച്ചടക്കം ഒന്ന് തെറ്റിയാൽ പിന്നെ തിരികെ ഓർഡറിൽ കൊണ്ടുവരാൻ വളരെ പ്രയാസമാണ്. ഇവിടെ വായിച്ച വാർത്ത വച്ച് നോക്കിയാൽ ഇക്കഴിഞ്ഞ വർഷത്തിന് മുന്നെയുള്ള സേവന നികുതി ആണ് പിരിച്ചെടുക്കാൻ വന്നത്. അപ്പോൾ പോയ വർഷത്തെ, ഈ നടപ്പ് വർഷത്തെ സേവന നികുതി എത്ര വരും.

മേൽ സൂചിപ്പിച്ച നാല് പണമടവും മുടങ്ങാൻ സാധ്യത ഉണ്ട് എന്ന് മാത്രമല്ല, പി എഫ് നിയമം അനുസരിച്ച് അവിടെ ജോലി ചെയ്യുന്നവരുടെയും പിരിഞ്ഞ് പോയവരുടെയും അവകാശമാണ് ആ തുക, അവരുടെ ശിഷ്ടകാലത്തേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം ആണ് അത്. അതിന് റെയ്‌ഡും അറസ്റ്റും മാത്രമല്ല മറ്റ് പല ധാർമിക ഉത്തരങ്ങളും നൽകണം. 

നേരത്തെ സൂചിപ്പിച്ചത് പോലെ മന:പൂർവം അല്ല ഗതികേട് കൊണ്ട് തന്നെ ആകണം നികുതി പിരിച്ചെടുത്ത് ഫണ്ട് മിസ്‌മാനേജ്മെന്റ് നടത്തിയത്. പരസ്യത്തുക ബില്ലിൽ പറഞ്ഞത് പോലെ പിരിഞ്ഞ് കിട്ടില്ല, എന്നാൽ ബിൽ തുക അനുസരിച്ച് കൃത്യമായി സേവന നികുതി നൽകേണ്ടി വരും എന്ന വാദം ഉണ്ടെങ്കിൽ തന്നെ അത് അത്ര ബലവത്താണന്ന് തോന്നുന്നില്ല, ഒന്നുമില്ലങ്കിലും ഓഡിറ്റഡ് ബാലൻസ് ഷീറ്റിൽ Profit & Loss Statement താളിൽ വന്ന ഈ ഇനം തുകയുടെ 12.36% സേവനനികുതി ആയി നൽകണമല്ലോ.

ഒക്കെ പോകട്ടെ, കുറഞ്ഞത് കേരളത്തിലെ മൂന്ന് ചാനലുകളിൽ കൃത്യമായി ശമ്പളം നല്കാതായിട്ട് എത്ര മാസമായി? അതും ഗൗരവ വിഷയം തന്നെയല്ലേ? അവർക്ക് വീട്ടിലെ അടുപ്പ് പുകയാൻ ആരെക്കൊണ്ട് റെയ്ഡ്/അറസ്റ്റ് ചെയ്യിപ്പിക്കാൻ പറ്റും.

രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്‌സൈറ്റ് നോക്കിയപ്പോൾ (RoC) ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന് – അതെ റിപ്പോർട്ടറിന്റെ സർക്കാർ പള്ളിക്കൂട പേര് ഇതാണ്‌ – സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 30 ലക്ഷം, 120 ലക്ഷം എന്നിങ്ങനെ രണ്ട് വായ്‌പകൾ ഉണ്ട്. സ്വഭാവികമായും ഒന്ന് ഓഡി/സിസി -പ്രവർത്തന മൂലധനം- ആകണം. അപ്പോൾ എല്ലാ നവംബർ മാസത്തിനകം മുൻ വർഷത്തെ ബാലൻസ് ഷീറ്റ് നൽകി ലിമിറ്റ് പുതുക്കണം. അല്ലെങ്കിൽ അത് എൻ പി എ (നോണ്‍ പെര്‍ഫോമിംഗ് അസെറ്റ്) ആയി നീങ്ങാം. ഫിനാൻഷ്യൽ ഡിസിപ്ലിൻ ആകെ തകർന്നാൽ അത് പല പല ചെയ്‌തികളിൽ എത്താം. അങ്ങനെ എത്തിയ ഒരു മാധ്യമാധിപനെ, ഡെക്കാൻ ക്രോണിക്കിളിന്റെ ടി വെങ്കിട്ടരാമ റെഡ്ഡിയേയും സഹോദരനെയും സിബിഐ അറസ്റ്റ് ചെയ്‌തത് ഇക്കഴിഞ്ഞ മാസം 13-നല്ലേ. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് എൻ പി എ അക്കൗണ്ടുകളിൽ ഒന്നാണ് ഡെക്കാൺ ക്രോണിക്കിളിന്റേത്.

ഇവിടെ തുക തീരെ ചെറുതാണങ്കിലും നിയമത്തിന്റെ കണ്ണിൽ അങ്ങനെ ആകണമെന്നില്ല. എന്നോര്‍ക്കണം.

ഒരു കാര്യം പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കട്ടെ, കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന് ചിലരെങ്കിലും പറയുന്നതിൽ ചെറുതല്ലാത്ത പങ്ക് ഉത്തരവാദിത്വ ബോധമില്ലാത്ത റിപ്പോർട്ടിങ്ങിനും ഉണ്ട്. ഈ അറസ്റ്റ് സ്ഥാപന നടത്തിപ്പിന്റെ ബുദ്ധിമുട്ട് എത്രയുണ്ടെന്ന് മനസിലാക്കാൻ മേലറ്റത്തെ ഗർജിക്കുന്ന എഡിറ്റർ മുതൽ താഴെയറ്റത്തെ സാദാ ക(സ)ബ് എഡിറ്റർക്ക് വരെ കഴിയട്ടെ. ഒരു ചെറിയ/ഇടത്തരം സ്ഥാപനം അത് ഏതുമാകട്ടെ പിച്ച വച്ച് നടന്ന് തുടങ്ങുമ്പോൾ ഇങ്ങനെയുള്ള ഇടർച്ച ഒക്കെ ഉണ്ടാകാം. അത് ആവശ്യത്തിലധികം പൊലിപ്പിച്ച് വാർത്തയാക്കും മുന്നെ ഇത് ഓർക്കുന്നത് നല്ലത്.

വിരാമതിലകം: പിന്നെ ഇതിനെ മാധ്യമസ്വാതന്ത്ര്യം, അതുക്കും മേലേ ഫാഷിസം എന്നൊക്കെ ഉള്ള പോസ്റ്റ് കണ്ടു. ചിരിപ്പിച്ച് കൊല്ലാൻ എന്നല്ലാതെ എന്ത് പറയാൻ.

* വി.കെ. ആദർശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതതാണ്  ലേഖനം

(എഴുത്തുകാരനും യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥനുമാണ് ലേഖകന്‍. )

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍