അഴിമുഖം പ്രതിനിധി
മാതൃഭൂമി പത്രത്തില്‍ സിപി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ‘സമരപ്രതീകത്തിന്റെ പതനം‘ എന്ന തലക്കെട്ടില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തെ വിമര്‍ശിച്ച് എഴുതിയ ലേഖനത്തിന് ജാനുവിന്റെ മറുപടി. അടിമത്ത രാഷ്ട്രീയത്തില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ് ബേബിയും സിപിഐഎമ്മും. എല്ലാവരെയും അടിമകളായി കാണാനാണ് ബേബിയെ പോലുള്ളവര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും ജാനു അഴിമുഖത്തോട് പറഞ്ഞു. ജാനുവിന്റെ വാക്കുകളിലൂടെ;
ഒത്തിരി സഖാക്കള്‍ എനിക്ക് വോട്ട് ചെയ്യാന്‍ സന്നദ്ധരായിട്ടുണ്ട്. പാര്‍ട്ടിയുടെ കോളനികള്‍ എന്ന് അവകാശപ്പെട്ടിടത്ത് നമുക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. ഇതിനെ അവര്‍ വല്ലാതെ പേടിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സി കെ ജാനുവിനെതിരായുള്ള അക്രമണം. മനുഷ്യരുടെ സാമൂഹ്യ മാറ്റത്തിന് അനുസരിച്ച് രാഷ്ട്രീയമായി ഉയരാന്‍ എം എ ബേബിക്ക് കഴിഞ്ഞിട്ടില്ല. പണ്ടത്തെ അടിമത്ത രാഷ്ട്രീയത്തിനകത്താണ് ബേബിയുടെ മനസ്. മൊത്തം ആളുകളെയും അടിമകളായി കണ്ട് കാര്യം കാണുക എന്നതാണ് നയം. മുഴുവന്‍ ആളുകളെയും ഇരകളാക്കുന്നത് ബേബിയെ പോലുള്ളവരാണ്. സിപിഐഎമ്മിന്റെ അധഃപതനത്തില്‍ നിന്നുള്ള കരച്ചിലാണ് ബേബിയുടേത്. സുല്‍ത്താന്‍ ബത്തേരിയില്‍ അവരുടെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വെളിപാടുകള്‍. ഇവര്‍ എന്തിനാണ് എന്നെ പേടിക്കുന്നത്. ലോകം അറിയില്ല, കൂടെ ആദിവാസികളില്ല, രാഷ്ട്രീയം അറിയില്ല, മറ്റാളുകളില്ല എന്നൊക്കെയാണ് ജാനുവിനെതിരെയുള്ള ആരോപണം. പിന്നെ എന്തിനാണ് ദിവസവും കരയുന്നത്. രാഷ്ട്രീയവീക്ഷണം ഇല്ലാതെ ഫാസിസം ഉള്ളിലൊതുക്കിയ അധികാര മോഹമാണ് പാര്‍ട്ടിക്കും ബേബിക്കും. ഒരുകാര്യം ഇപ്പോള്‍ വ്യക്തമാണ്. ആദിവാസിയുടെ ശത്രുവും മിത്രവും ആരെന്നു വ്യക്തമായി. ഇത്രയും കാലം രക്ഷിക്കാമെന്നു വിശ്വസിപ്പിച്ച് അവര്‍ തിന്നുതീര്‍ത്തു. എല്‍ഡിഎഫിലെ ആളുകള്‍ എനിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദിവാസികള്‍ മാത്രമല്ല മറ്റുള്ളവരും തൊഴിലുറപ്പിലൊക്കെ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം കൂട്ടമായി എന്നെ അറിയിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കെതിരെ വസ്തുത ഇല്ലാതെ അവഹേളിക്കുന്നതിനെതിരെ കേസിനു പോകും. വ്യക്തിഹത്യ മാത്രമല്ല ഇവിടെ നടക്കുന്നത്. മുഴുവന്‍ ആദിവാസികളെയും അപമാനിക്കുന്നതാണ് പരാമര്‍ശം. കൂടെ നിര്‍ത്തി ഇത്രയും കാലം അധിക്ഷേപിച്ചതിനു പുറമെയാണ് ഈ അപമാനം. ഇതിനെതിരെ ബേബിയെ പ്രതിചേര്‍ത്ത് ആദിവാസി അട്രോസിറ്റി ആക്ട് അനുസരിച്ച് കേസ് കൊടുക്കും.