UPDATES

ന്യൂസ് അപ്ഡേറ്റ്സ്

(എം.എ) ബേബി വിഷാദയോഗം

Avatar

രഞ്ജിത് ജി കാഞ്ഞിരത്തില്‍ 

മാര്‍ക്‌സിസം ഒരു മതമാണെങ്കില്‍ കാറല്‍ മാര്‍ക്‌സ് അതിന്റെ പ്രവാചകനാണ്. അതിന്റെ വേദപുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ. ലെനിനും സ്റ്റാലിനും മാവോയുമൊക്കെ വിശുദ്ധരും. സി പി എമ്മാകട്ടെ മാര്‍ക്സിസം എന്ന സെമിറ്റിക് മതത്തിലെ അനേകം സഭകളില്‍ ഒന്നാണ്. അങ്ങനെയുള്ള സി പി എമ്മിലെ വളരെ ഉത്തമനായ ഒരു അനുധാവകനായിരുന്നു മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം എ ബേബി. പ്രാക്കുളം എന്‍എസ്എസ് എച്ച്എസിലെ പഠന കാലത്ത് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് എം എ ബേബി മാര്‍ക്സിസ്റ്റ് വിശ്വാസത്തിലേക്ക് ജ്ഞാനസ്‌നാനപ്പെട്ടത്. പിന്നെ അവിടുന്നങ്ങോട്ട് പടിപടിയായി ഉയര്‍ച്ച തന്നെയായിരുന്നു. ഒരു രാത്രി പുലര്‍ന്നപ്പോള്‍ നേതാവായ ആളല്ല ബേബി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കേരള, അഖിലേന്ത്യാ നേതൃനിരയില്‍ നന്നായി തിളങ്ങി; ആ രണ്ടു സംഘടനകളെയും ഇന്നത്തെ രീതിയില്‍ നിര്‍മ്മിച്ചതില്‍ ബേബിയുടെ പങ്കു വളരെ വലുതാണ്. അക്ഷരാര്‍ത്ഥത്തില്‍ ചോരച്ചാലുകള്‍ നീന്തിക്കയറിയ, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ എന്നൊക്കെയുള്ള രോമാഞ്ച, ജനകീയമായ മുദ്രാവാക്യങ്ങളെ അനുസ്മരിപ്പിക്കുന്ന സമരചരിത്രം.

 

 

ബേബിയിലെ വിശകലന പടുത്വം കണ്ടറിഞ്ഞ പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭാ മെമ്പറാക്കി. പിന്നെ കുറെക്കാലം ഇന്ദ്രപ്രസ്ഥത്തിലെ ജെ എന്‍ യു ബ്രീഡ് സഖാക്കളുടെ ഇടയില്‍ തനി മലയാളിയായ ബേബി ഉണ്ടായിരുന്നു. സഖാവ് ഇ എം എസ് പാര്‍ട്ടിയുടെ അമരക്കാരനായി ഡല്‍ഹിയില്‍ നില്‍ക്കുമ്പോള്‍ അവിടെ രണ്ടാം നിരയില്‍ ബേബിയും കളം നിറഞ്ഞു കളിച്ചു. വിദ്യാര്‍ഥി യുവജന സംഘടനകളുടെ തലപ്പത്തിരുന്നു നിരവധി അനവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താനുള്ള അവസരം ബേബിക്ക് കൈവന്നു. യൂറോപ്പിലാകെ കമ്മ്യൂണിസം മൂക്കും കുത്തി വീഴുന്ന ചരിത്ര സന്ധിയില്‍ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും ഇന്ത്യന്‍ കമ്യൂണിസത്തിനു നേര്‍വഴി കാണിച്ചു കൊടുക്കുവാനും സഖാവ് ഇ എം എസ് പെടാപ്പാട് പെടുന്ന കാലമായിരുന്നു അത്. ഗ്രാംഷി, നോം ചോംസ്‌കി, ഈഗില്‍ട്ടണ്‍ തുടങ്ങിയവരെ ഉദ്ധരിച്ചു കൊണ്ടും സാമുവല്‍ ഹണ്ടിംഗ്റ്റനെ കീറി മുറിച്ചു കൊണ്ടും ബേബിയും തന്റേതായ റോള്‍ നിര്‍വഹിച്ചു.

 

കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പോലീസ് എ കെ ജി സെന്ററിലേക്ക് വെടിവെച്ച ഒരു സംഭവമുണ്ടായി. അത് അന്വേഷിക്കാന്‍ ചെന്ന ബേബിയുടെ വായിലേക്ക് ഒരു പോലീസ് ഓഫീസര്‍ കരിങ്കല്ല് കുത്തിത്തിരുകിയ സംഭവം അക്കാലത്ത് ധാരാളം ഒച്ചപ്പാടുണ്ടാക്കി.

 

സാധാരണ മറ്റു മാര്‍ക്‌സിസ്റ്റുകള്‍ക്കില്ലാത്ത ഒരു ‘അസ്‌കിത’യാണ് കലാസ്വാദനം എന്നത്. അതിനു വിശദീകരണമായി അവര്‍ പറയുന്നത് മാനവജീവിത ദാര്‍ശനിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കലയും സാഹിത്യവും സംഗീതവും ഒക്കെ ആസ്വദിക്കാന്‍ എവിടെ സമയം എന്ന പല്ലവിയാണ്. എന്നാല്‍ ബേബി അതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. കലയും സംഗീതവും സാഹിത്യവും കഥകളിയും ഉപകരണ സംഗീതവും ഒക്കെ ബേബിക്ക് വഴങ്ങി. കല കലയ്ക്ക് വേണ്ടിയാണോ അതോ മനുഷ്യന് വേണ്ടിയാണോ എന്നുള്ള ആഗോള മാര്‍ക്‌സിസ്റ്റുകളെ ഇന്നും അലട്ടുന്ന ആ സമസ്യക്ക് ആചാര്യന്‍ കൃത്യമായ മറുപടി പറയാത്ത കാലത്ത് ബേബി ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാ, സാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. ഗാനഗന്ധര്‍വ്വന്‍ പദ്മശ്രീ കെ ജെ യേശുദാസ് സ്വരലയയുടെ വേദികളില്‍ സഹകരിച്ചു.

എന്നാല്‍ രണ്ടാം തവണത്തെ രാജ്യസഭാ ടേമിനു ശേഷം ബേബിയുടെ സേവനം കേരളത്തിലെ പാര്‍ട്ടിക്ക് വേണം എന്നുള്ള പിടിവാശി ചിലര്‍ക്കുണ്ടായി; അവര്‍ ബേബിയെ കേരളത്തിലേക്ക് പറിച്ചു നട്ടു.

 

1996-ല്‍ മാരാരിക്കുളത്തെ തോല്‍വിയില്‍ അന്തം വിട്ട വി എസ് പാര്‍ട്ടിയില്‍ ശക്തി സംഭരിക്കുന്ന കാലം. കെ.എസ്.കെ.ടി.യു.വിനെ മുന്‍നിര്‍ത്തി വി എസ്സ് തന്റെ അശ്വമേധം തുടങ്ങി. വെട്ടിനിരത്തല്‍ എന്ന പദത്തിനു കേരള രാഷ്ട്രീയത്തില്‍ പ്രചുരപ്രചാരം ലഭിച്ചു. സി ഐ ടി യു പക്ഷം എന്ന് വിളിക്കുന്ന ‘ദുര്‍മൂര്‍ത്തി’കളെ വെട്ടി നിരത്താന്‍ വി എസ് അച്യുതാനന്ദനെ സഹായിച്ചവരില്‍ ബേബിയും ഉണ്ടായിരുന്നു. 1998-ല്‍ പാലക്കാട് നടന്ന സിപിഐ-എം സംസ്ഥാനസമ്മേളനത്തില്‍ വെച്ചാണ് സിഐടിയു നേതാക്കളായ എംഎം ലോറന്‍സ്, വിബി ചെറിയാന്‍, കെ എന്‍ രവീന്ദ്രനാഥ്, ഒ ഭരതന്‍, എപി കുര്യന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖരെയെല്ലാം വിഎസും സംഘവും വെട്ടിനിരത്തിയത്.

 

1998-ല്‍ പാലക്കാട്ടെ വെട്ടി നിരത്തല്‍ സമ്മേളനം കഴിഞ്ഞ് കണ്ണൂര്‍ സമ്മേളനം ആയപ്പോഴേക്കും പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദന്റെ ബദ്ധവൈരിയായി മാറിയ പിണറായി വിജയന്‍ സ്വന്തം പക്ഷമുണ്ടാക്കിയപ്പോള്‍ വിഎസിനെ വിട്ടു ബേബി പിണറായിക്കൊപ്പംകൂടി. (ഒരുപക്ഷെ, ആനത്തലവട്ടം ആനന്ദന്റെ പേര് പറയാതെ സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് പറഞ്ഞ ആ മുഹൂര്‍ത്തത്തെ വി എസ് ഒരുപാട് പഴിച്ചിട്ടുണ്ടാകാം)

ജി സുധാകരന്‍ ആപാദചൂടും പിടിച്ചടക്കിയ ആലപ്പുഴ ജില്ലാ കമ്മിറ്റിയെ വിഭാഗീയതയില്‍ നിന്നും കരകയറ്റുന്നതിനുള്ള ഉത്തരവാദിത്ത്വം ബേബിയില്‍ നിക്ഷിപ്തമായി. കുട്ടനാടിന്റെ സൗന്ദര്യമൊക്കെ നന്നായി ആസ്വദിച്ച ആ കലാസ്വാദകന്‍ ആ ജോലി ഭംഗിയായി ചെയ്തു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മേഴ്‌സിക്കുട്ടിയമ്മക്ക് പകരം കുണ്ടറയില്‍ ബേബിക്ക് നറുക്ക് വീണു. കടവൂര്‍ ശിവദാസനെ മലര്‍ത്തിയടിച്ച് ബേബി നിയമസഭ പൂകി. വി എസ്സ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രിയായി.

 

വി എസ് പക്ഷത്തിനു നല്ല സ്വാധീനമുണ്ടായിരുന്ന കൊല്ലം ജില്ലയില്‍ രണ്ടാം നിര നേതാക്കളെ മുഴുവന്‍ പിണറായി വിജയനൊപ്പം കൊണ്ടുവരുന്നതില്‍ പി രാജേന്ദ്രനൊപ്പം എം എ ബേബിയും ഉപജാപകസമാനമായ പങ്കു വഹിച്ചു. ഒടുവില്‍ വി എസ്സിനൊപ്പം ഒരു മേഴ്‌സിക്കുട്ടിയമ്മ മാത്രമായി. പാര്‍ട്ടി സഭയാണെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ആ സഭയിലെ പോപ്പാണ്. അങ്ങിനെ ബേബി, സെക്രട്ടറിയുടെ ഓമന ബേബിയായി.

 

വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ സംഭവബഹുലമായിരുന്നു ആ കാലം. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയ പുസ്തകം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചു. തൊട്ടു പിന്നാലെ രൂപത എന്നതിനെ ‘രൂപ താ’ എന്ന് വ്യാഖ്യാനിച്ച ബേബിയെ പള്ളിയും പട്ടക്കാരും വളഞ്ഞിട്ട് തല്ലി. പ്രതിഷേധക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നം മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗമല്ല മറിച്ച്, അതെ പുസ്തകത്തില്‍ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന പൊയ്കയില്‍ യോഹന്നാന്‍ അപ്പച്ചനെ കുറിച്ചുള്ള വസ്തുതാപരമായ പരാമര്‍ശങ്ങളായിരുന്നു എന്നത് വേറെ കാര്യം. സ്‌കൂള്‍ കുട്ടികള്‍ക്ക് മതമില്ലാത്ത ജീവന്‍ പഠിക്കാന്‍ കൊടുക്കുകയും അതേ കുട്ടികള്‍ക്ക് മതം നോക്കി സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്ത അസാമാന്യ ബുദ്ധിശാലിയാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്നും പലരും പരദൂഷണം പറഞ്ഞു.

 

പൈതൃകത്തിന് സ്ത്രീലിംഗമായി മലയാളത്തിന് മാതൃകം എന്ന വാക്ക് ബേബിയില്‍ നിനും ശ്രേഷ്ഠ മലയാളത്തിനു മുതല്‍ക്കൂട്ടായി. വേലുത്തമ്പി ദളവയുടെ സ്മാരകം പണിയാന്‍ അദ്ദേഹം കുണ്ടറ വിളംബരം നടത്തിയ ഇളമ്പള്ളൂര്‍ കാവിനെ ഉപേക്ഷിച്ച് നാന്തിരിക്കല്‍ പള്ളിയുടെ മുറ്റത്ത് ഇടം തേടിയും മതമില്ലാത്ത ബേബി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. വേലുത്തമ്പിയും നാന്തിരിക്കലും തമ്മിലുള്ള ബന്ധം ആരാഞ്ഞവര്‍ക്ക് ബേബി നല്കിയ മറുപടി പ്രഖ്യാതമാണ്. അവിടെ വന്നപ്പോള്‍ വേലുത്തമ്പി ‘നാം തിരിക്കുകയാണ്’ എന്ന് പറഞ്ഞുവത്രേ. അങ്ങിനെയാണത്രേ സ്ഥലത്തിന് നാന്തിരിക്കല്‍ എന്ന് പേര് വന്നത്. എന്തായാലും മന്ത്രിസ്ഥാനം ബേബിക്ക് രണ്ടാം മുണ്ടശ്ശേരി എന്നുള്ള പദവി ചാര്‍ത്തിക്കൊടുത്തു. കുണ്ടറ ഷാവെസ്, പ്രാക്കുളം ചെ തുടങ്ങിയ പേരുകള്‍ പിന്നാലെ വന്നു.

 

(Minister for Education M.A. Baby and his wife, Betty Louis Baby, giving ‘Vishu kaineettam’ to children at the Kerala State Child Welfare Council in the city on Thursday April 16, 2010)

 

എന്തായാലും രണ്ടാം തവണ ആരെയും ജയിപ്പിച്ചിട്ടില്ലാത്ത കുണ്ടറയില്‍ നിന്നും ബേബി രണ്ടാമതും ജയിച്ചു കയറി. പിന്നാലെ 2012-ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയുടെ പരമോന്നത സഭയായ പി ബി യില്‍ ബേബി ഇടം പിടിച്ചു. എം.എ.ബേബിക്ക് പി.ബി പ്രവേശം വൈകി കിട്ടിയ അംഗീകാരമായിരുന്നു. 

തിരുവനന്തപുരത്ത് 1988-ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായതാണ് ബേബി. എത്രയോ വൈകിയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. പക്ഷേ, പിണറായിയും കോടിയേരിയും പി.ബി.യിലെത്തിക്കഴിഞ്ഞിട്ടേ ബേബിയുടെ ഊഴമെത്തിയുള്ളൂ.

 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ വന്നപ്പോള്‍ കൊല്ലത്തെ പേരുകാരനായി ആദ്യം മുതല്‍ക്കേ ബേബിയുമുണ്ട്. ഡല്‍ഹിയിലേക്ക് ഒരു ടിക്കറ്റ് ബേബി കൊതിച്ചിരുന്നോ എന്നറിയില്ല, പക്ഷെ ബേബിയെ ഇവിടെനിന്നും കെട്ടുകെട്ടിക്കണം എന്ന തോന്നല്‍ അന്ന് ചിലര്‍ക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ കൊല്ലത്ത് നല്ല സ്വാധീനമുള്ള ആര്‍ എസ് പിയെ പുകച്ചു പുറത്തുചാടിച്ചു. അതിനു പിന്നീട് വ്യഖ്യാന ഫാക്ടറികള്‍ ന്യായീകരണങ്ങള്‍ പടച്ചുണ്ടാക്കി. എന്തിനാണ് ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് സഖാവിന്റെ ധിഷണാശക്തി പാര്‍ലമെന്റില്‍ ആവശ്യമുണ്ട് എന്ന് മറ്റു സഖാക്കള്‍ വിശദീകരിച്ചു. കോണ്‍ഗ്രസിനും ബി ജെപിക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും ഇടതുപക്ഷം മത്സരിച്ച സീറ്റില്‍ എല്ലാം ജയിക്കുകയും ചെയ്യുന്ന ഒരു ഉട്ടോപ്യ ആയിരുന്നു പ്രകാശ് കാരാട്ട് മുതല്‍ പ്രഭാ വര്‍മ വരെയും പീപ്പിള്‍സ് ഡെമോക്രസി മുതല്‍ ദേശാഭിമാനി വരെയും വിശ്വസിച്ചതും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതും. അങ്ങിനെയുള്ള ആ യുഗസന്ധിയില്‍ എന്തായാലും അതിന്റെ നേതൃത്വം സി പി എം തന്നെ ഏറ്റെടുക്കും, അപ്പോള്‍ മത്സരരംഗത്തുള്ള ഒരേ ഒരു പി ബി അംഗത്തിന്റെ റോള്‍ എന്തായിരിക്കും? ഒരുവേള സ്വപ്നവ്യാപാരികള്‍ ബേബിയുടെ മനസ്സില്‍ പലതരം വ്യാമോഹങ്ങളുടെ വിത്തുകള്‍ വിതച്ചിരിക്കാം. അങ്ങനെയാകാം ബേബി കളത്തിലിറങ്ങാന്‍ തയ്യാറായത് തന്നെ.

 

പക്ഷെ ആര്‍ എസ് പി ക്ക് സൂചികുത്താന്‍ ഇടം പോലും കൊടുക്കില്ല എന്ന ദുര്യോധന ശപഥം വരുന്നത് പിന്നീടാണ്. അപകടം മണത്ത ബേബി ആര്‍ എസ് പി ക്ക് പത്തനംതിട്ടയെങ്കിലും നല്‍കാന്‍ ശ്രമം നടത്തി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടും പോയി. തക്കംനോക്കി നിന്ന ഷിബു ബേബി ജോണ്‍ കളമറിഞ്ഞു കളിച്ചു. ആര്‍ എസ് പി രായ്ക്കുരാമാനം മറുകണ്ടം ചാടി. കൊല്ലത്തെ ജനങ്ങള്‍ക്ക് വൈകാരികമായ അടുപ്പമുള്ള എന്‍ കെ പ്രേമചന്ദ്രനെ ആര്‍ എസ് പി കളത്തിലിറക്കി. സാക്ഷാല്‍ സെക്രട്ടറി പിന്നീട് കൊല്ലത്തെത്തി പ്രേമചന്ദ്രനെ പരനാറി എന്നുള്ള സൈദ്ധാന്തിക പദം കൊണ്ട് വിശേഷിപ്പിച്ചു, അതും പോരാഞ്ഞു അടുത്ത രണ്ടു യോഗങ്ങളില്‍ പരമനാറി എന്ന് ഗ്രേഡ് കൂട്ടി. പിറ്റേന്ന് പത്രക്കാര്‍ ചൂണ്ടിക്കാണിക്കുകയും കേരളം ഏറ്റു പിടിക്കുകയും ചെയ്തപ്പോള്‍ പരനാറിയെ പിന്നെ എന്ത് വിളിക്കും എന്നുള്ള ന്യായമായ സംശയം ചോദിച്ചു.

 

 

എന്തായാലും റിസള്‍ട്ട് വന്നപ്പോള്‍ കൊല്ലത്ത് ബേബി തോറ്റു എന്ന് മാത്രമല്ല കുണ്ടറയില്‍ കൂടി ബേബി പിറകിലായി. ബേബിയുടെ കൊല്ലത്തെ പരാജയത്തിന്റെ കാരണം പരനാറി പ്രയോഗമാണ് എന്ന് വ്യാഖ്യാനം വന്നു. ടി ജെ ചന്ദ്രചൂഡനാകട്ടെ ഒരു പടി കൂടി കടന്നു പിണറായി വിജയനാണ് പ്രേമചന്ദ്രനെ ജയിപ്പിച്ചതെന്നു പറഞ്ഞുവെച്ചു (ചന്ദ്രചൂഡന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ഥം എന്‍ കെ പ്രേമചന്ദ്രന്‍ ജയിക്കാന്‍ അര്‍ഹാതയില്ലത്തവന്‍ ആണെന്നും പിണറായി വിജയന്റെ കരുണ കൊണ്ട് ജയിച്ചതാണെന്നുമാണ്, പക്ഷെ അതാരും ചര്‍ച്ച ചെയ്തില്ല; കാരണം അത്രയേറെ ‘ഇഷ്ട’മാണ് ചന്ദ്രചൂഡന്, പ്രേമനെ)

 

പാര്‍ട്ടി സെക്രട്ടറിക്കെതിരെ പൊതുഅഭിപ്രായം ശക്തമാകുന്നു എന്ന് കണ്ടപ്പോള്‍ ദേശാഭിമാനിയിലെ വ്യാഖ്യാന ഫാക്ടറികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ‘ഭാഷയുടെ പരിവേഷ നഷ്ടം’ എന്ന തലക്കെട്ടില്‍ ശക്തമായ മുഖപ്രസംഗം വന്നു; ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ ഉല്‍പ്രേക്ഷിക്കപ്പെട്ടു (അതാരാപ്പാ എന്ന് ഭൂരിഭാഗം സഖാക്കളും രഹസ്യമായി ചോദിച്ചു)

 

‘ഒപ്പം നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ, തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍? സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പ്പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. നാട്ടുകാരുടെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയാണ്; നന്മയാണ്. ആ ശുദ്ധതയും നന്മയും കാണാന്‍ വരേണ്യപക്ഷത്തെ പുത്തന്‍ തമ്പ്രാക്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാപട്യത്തിന്റെ ഭാഷയേ അവര്‍ക്ക് സ്വീകാര്യമാവൂ. തിന്മയെ തിന്മയായും നെറികേടിനെ നെടികേടായും അല്പത്വത്തെ അല്‍പത്വവുമായേ കാണാന്‍ പറ്റൂ. അങ്ങനെ കാണുമ്പോള്‍ അവയെ വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ. പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. ‘അഭിജാത’ വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസ്സില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്‌കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം?’ എന്നൊക്കെ മുഖലേഖനകാരന്‍ രോഷം പൂണ്ടു.

 

(അതായത് നമുക്ക് ഇഷ്ടപ്പെടാത്തത് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന അപരനെ പരനാറി എന്നെല്ലാം വിളിച്ചു ശീലിക്കുക… അവരത് അന്യന്റെ ശബ്ദം, സംഗീതം പോലെ ആസ്വദിക്കുന്ന മാനുഷര്‍ വസിക്കുന്ന, ലോകസൃഷ്ടിക്കായുള്ള വിപ്‌ളവ പ്രവര്‍ത്തനമായി കണ്ട് ആസ്വദിച്ച് കൊള്ളും എന്ന്)

 

പാര്‍ട്ടി സെക്രട്ടറിയുടെ പരനാറി പ്രയോഗമല്ല ബേബി സഖാവ് തോല്ക്കാന്‍ കാരണം എന്ന് പാര്‍ട്ടിക്കു തീര്‍ച്ച. പാര്‍ട്ടി നന്നായി വര്‍ക്ക് ചെയ്തു; ഗൗരിയമ്മ പോലും വന്നു.

പക്ഷെ ബേബി സഖാവ് തോറ്റല്ലോ? കുണ്ടറയില്‍ പോലും വോട്ടു കുറഞ്ഞു. അപ്പൊപ്പിന്നെ എന്തായിരിക്കും കാരണം? ബേബി സഖാവിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യം നഷ്ടപ്പെട്ടു. തോല്‍ക്കാന്‍ കാരണം ബേബി സഖാവിന്റെ പ്രവര്‍ത്തനവൈകല്യമാണ്. ഇങ്ങനെ അല്ലേ ദേശാഭിമാനി പറയാതെ പറയുന്നത് എന്ന് ബേബിക്ക് പോലും സംശയമായി. പാര്‍ട്ടി തലത്തില്‍ പോളിറ്റ് ബ്യുറോ അംഗം തോറ്റതിന്റെ ഷോക്ക് ഒന്നും കാണുന്നില്ല, സംസ്ഥാന കമ്മിറ്റി അതൊരു വലിയ കാര്യമാക്കിയില്ല. മാത്രമോ കാര്യമായിട്ടൊന്നു ചര്‍ച്ച പോലും ചെയ്തില്ല. ഇതൊക്കെ ബേബിയെ അലട്ടി. അങ്ങനെ ധാര്‍മികത മുന്‍നിര്‍ത്തി ബേബി പോരിനിറങ്ങി.

അതിന്റെ ആദ്യപടിയായിട്ടാണ് സഭയില്‍ പോകാതെയും എം എല്‍ എ ബോര്‍ഡ് ഇളക്കിമാറ്റിയും ബേബി പ്രതിഷേധിച്ചത്. പക്ഷെ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷം അപകടം മുന്‍കൂട്ടി കണ്ടു. പല പത്രങ്ങളിലും കുണ്ടറക്കാരോട് പിണങ്ങി ബേബി സഭയില്‍ പോകുന്നില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു.

 

 

തന്റെ പരാജയത്തിനു പിന്നില്‍ പല താല്‍പ്പര്യങ്ങളും ഉണ്ടന്ന് ബേബി വിശ്വസിക്കുന്നു. മാത്രമല്ല സംസ്ഥാന കമ്മിറ്റിയിലെ ഒരാള്‍ സംസാരിക്കുകയും മറ്റുള്ളവര്‍ മൂളി ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ബേബിയെ മടുപ്പിക്കുന്നു. താന്‍ പലരുടെയും ധാര്‍ഷ്ട്യത്തിനു ബാലിയാടാവുകയായിരുന്നു എന്ന് ബേബിക്ക് തോന്നുന്നു. കൂടാതെ, മാരാരിക്കുളത്തെ തോല്‍വിയില്‍ നിന്നും ഉയര്‍ത്തെണീറ്റ വി.എസിന്റെ മാതൃക തുടരാം എന്നും ബേബി കരുതുന്നു; ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ സംസ്ഥാന നേതൃത്വത്തോട്, അതായത് കണ്ണൂര്‍ ലോബിയോടു താഴെത്തട്ടില്‍ ഉള്ള അതൃപ്തി തന്റെ പോരാട്ടത്തിനു മൂലധനമാക്കാം എന്ന് ബേബി കരുതുന്നു.

ബേബി നിയമസഭയില്‍ പോകാതെ തന്റെ പ്രതിഷേധം പടര്‍ത്തിയപ്പോള്‍ അതിനു സോഷ്യല്‍ മീഡിയയില്‍ ചില അനുരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

 

 

ഔദ്യോഗികപക്ഷമാകട്ടെ നേരിട്ട് ബേബിയെ ആക്രമിക്കാതെ വളഞ്ഞവഴി തേടുന്ന കാഴ്ചകളും ധാരാളം ഉണ്ടായി. സ്വരവും ലയവും നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തണമെന്നും പബ്ലിക് റിലേഷന് വി എസ്സിനെ കണ്ടു പഠിക്കണം എന്നുമുള്ള കുത്തുകള്‍ ഔദ്യോഗികപക്ഷം ഇറക്കി. ഇന്നലെ വരെ ഔദ്യോഗികപക്ഷത്തെ പോരാളി ആയിരുന്ന ബേബി ഒറ്റ ദിവസം കൊണ്ട് വിമതനാകുന്ന കാഴ്ച.

 

 

വാക്കിലൂടെ ഒരാളുടെ സംസ്‌കാരം മനസ്സിലാവും എന്ന് എം വി ജയരാജനെ വേദിയിലിരുത്തി ബേബി പറഞ്ഞു. എന്നാല്‍ ചിന്തനീയമായ കാര്യം വി എസ് പുലര്‍ത്തുന്ന മൗനമാണ്. വിഭാഗീയതയുടെയും വൈര്യനിര്യാതന ബുദ്ധിയുടെയും മിശിഹയായി വി എസിനെ വിശേഷിപ്പിച്ചു കുരിശിലേറ്റിയവര്‍ തമ്മില്‍ ഒരു പോരിനു കളമൊരുങ്ങുന്നുണ്ട്. മാത്രമല്ല വി എസ് മാറിയാലും മറ്റൊരാള്‍ വരും, അല്ലെങ്കില്‍ വി എസിനെതിരെ ഒന്നിച്ചവര്‍ പൊതുശത്രു ഇല്ലാതെ വരുമ്പോള്‍ തമ്മില്‍ ആക്രമിക്കും എന്നുള്ള വസ്തുത സത്യമാകുന്നു എന്ന് തെളിയുന്നു.

 

 

പക്ഷെ ഇത് ബേബിയുടെ വിഷാദ യോഗമാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ തന്റെ വേണ്ടപ്പെട്ടവരെ മുന്നില്‍ കണ്ട് അര്‍ജുനന്‍ വിഷണ്ണനായി ഇരുന്ന പോലയുള്ള അവസരം. യുദ്ധം തുടങ്ങുന്നതിനു മുന്‍പായി കുരുക്ഷേത്രഭൂമിയില്‍ അണിനിരന്ന കൗരവസേനയെ കാണാന്‍ അര്‍ജ്ജുനന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സാരഥിയായ കൃഷ്ണന്‍ രഥം ഇരുസേനകളുടേയും മദ്ധ്യഭാഗത്ത് കൊണ്ടു ചെന്നു നിര്‍ത്തി. എതിര്‍ഭാഗത്ത് തന്റെ ജ്യേഷ്ഠന്മാരും, അനുജന്മാരും, മാതുലന്മാരും, ഭാഗിനേയന്മാരും, പിതാക്കന്മാരും, മുത്തച്ഛന്മാരും, ഗുരുനാഥന്മാരും, സതീര്‍ത്ഥ്യരും, ഭാര്യാസഹോദരന്മാരും, പുത്രരും മറ്റു ബന്ധുമിത്രാദികളേയും ആയിരുന്നു അര്‍ജ്ജുനന്‍ മുന്നിരയില്‍ കണ്ടത്. അല്പം മണ്ണിനുവേണ്ടി ഇവരെയെല്ലാം ഇല്ലാതാക്കി നശ്വരമായ രാജപദവി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല; അതു പാപമാണ്. മരിക്കുമ്പോള്‍ ആരും ഇതൊന്നും കൊണ്ടു പോകുന്നില്ല തുടങ്ങിയ ചിന്തകള്‍ മനസ്സില്‍ വരുകയും, താന്‍ യുദ്ധംചെയ്യുന്നില്ല എനിക്കു രാജ്യവും പദവിയും വേണ്ട, വനവാസം മതി എന്നു പറഞ്ഞു തേര്‍തട്ടില്‍ അര്‍ജ്ജുനന്‍ വിഷാദവനായിരുന്നു. എന്നാല്‍ കൃഷ്ണന്റെ ഇടപെടലോടെ കാര്യങ്ങള്‍ മാറി. അതുപോലെ ഇന്നലെ വരെ താന്‍ കൂടി അംഗമായിരുന്ന കൗരവപ്പടയെ നേരിടാന്‍ ബേബിക്ക് ഒരു കൃഷ്ണനെ ആവശ്യമുണ്ട്, കാത്തിരുന്നു കാണാം.

 

മറുപക്ഷം

എന്‍.കെ പ്രേമചന്ദ്രനില്‍ പാര്‍ലമെന്ററി വ്യാമോഹം ആരോപിക്കുന്നതില്‍ കഴമ്പില്ല. യു.ഡി.എഫിലേക്ക് ആര്‍.എസ്.പി പോയപ്പോള്‍ വേണമെങ്കില്‍ പ്രേമന് ആദര്‍ശം എന്ന പൊങ്ങച്ചം പറഞ്ഞു സിപി എമ്മില്‍ ചേരാമായിരുന്നു. വാദമുഖങ്ങള്‍ എതിരാളിക്ക് പോലും രുചിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന പ്രേമനെ സിപിഎം പരവതാനി വിരിച്ചു സ്വീകരിച്ചേനെ.

 

അങ്ങനെ പ്രേമന്‍ സിപിഎമില്‍/സി പി ഐയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പൂരപ്രബന്ധങ്ങള്‍ക്ക് പകരം പ്രേമനെ ആദര്‍ശത്തിന്റെ അപ്പോസ്തലനായി വാഴ്ത്തുന്ന മംഗളപത്രങ്ങള്‍ രചിക്കപ്പെടുമായിരുന്നു.

 

വരുന്ന രാജ്യസഭാ സീറ്റോ പീതാംബര കുറുപ്പിനോട് എം എ ബേബി ജയിക്കുമ്പോള്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റോ പ്രേമന് ലഭിക്കുമായിരുന്നു. (സിപിഐയില്‍ ചേര്‍ന്നിരുന്നു എങ്കില്‍ ഒരുപക്ഷെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി ആയേനെ) ഇതിലേതായാലും ജയം ഉറപ്പായിരുന്നു.

 

അതാകുമായിരുന്നില്ലേ യഥാര്‍ത്ഥ പാര്‍ലമെന്ററി വ്യാമോഹം? എന്നാല്‍ ഇതിലൊന്നും വഴങ്ങാതെ, വീഴാതെ തന്നെ താനാക്കിയ പാര്‍ട്ടിക്കൊപ്പം, അതിന്റെ പാവപ്പെട്ട പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന പ്രേമന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പാര്‍ട്ടി പക്ഷം മാറിയപ്പോള്‍ അതിനോടൊപ്പം ഉറച്ചു നില്‍ക്കുകയാണ് പ്രേമന്‍ ചെയ്തത്.

 

പാര്‍ട്ടി ശരീരത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം എന്നല്ലേ മാര്‍ക്‌സിസ്റ്റ് മൊഴി! 

 

മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍ 

ഞങ്ങള്‍ പ്രസിദ്ധീകരിച്ച രഞ്ജിത്തിന്റെ മറ്റൊരു ലേഖനം: യത്തീംഖാന വിവാദത്തിന്റെ കാണാപ്പുറങ്ങള്‍

 

*Views are personal 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍