UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ട എം.എ ബേബി സാറിന് കുണ്ടറ നിവാസി എഴുതുന്നത്

Avatar

അഭ്യുദയകാംക്ഷി

പ്രിയപ്പെട്ട കുണ്ടറ എം എല്‍ എ എം.എ ബേബി സാറിന്,

സഖാവ് ഞങ്ങളോട് കെറുവിച്ച് വണ്ടിയില്‍ നിന്നും എം എല്‍ എ ബോര്‍ഡെല്ലാം അഴിച്ചുവച്ച് നിയമസഭയില്‍ കയറാതെ പിണങ്ങി നടക്കുകയാണെന്നും സ്വന്തം മണ്ഡലത്തില്‍ നിന്നുപോലും ജനപിന്തുണ നഷ്ടപ്പെട്ടെന്ന് പരിഭവം പറഞ്ഞ് രാജിവയ്ക്കാന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞു.

ആദ്യമായി ഒന്നു ചോദിക്കട്ടെ സഖാവേ, ഞങ്ങള്‍ താങ്കളെ കേരള നിയമസഭയിലേക്കല്ലേ തെരഞ്ഞെടുത്തയച്ചത്; അവിടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ലോകസഭയിലേക്ക് മത്സരിക്കുന്നതിന് കുണ്ടറക്കാരോട് അനുവാദമൊന്നും ചോദിച്ചില്ലല്ലോ. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനു മുന്‍പ് ജനങ്ങളോട് ഒരു വാക്ക് ചോദിക്കുന്ന പതിവൊ കീഴ്വഴക്കമോ ഒന്നും ഇല്ലാത്തതു കാരണം അതിലൊന്നും ഞങ്ങള്‍ക്ക് യാതൊരു പരിഭവവും ഇല്ല. ഇനി താങ്കളുടെ താല്പര്യപ്രകാരമല്ല പാര്‍ട്ടി നേതൃത്വത്തിന്റെ താല്പര്യപ്രകാരം ആണ് മത്സരിച്ചത് എങ്കില്‍ അതേ പാര്‍ട്ടി നേതൃത്വം തന്നെയല്ലേ ഇപ്പോള്‍ പറയുന്നത് രാജി വയ്‌ക്കേണ്ടതില്ല എന്ന്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുകയല്ലേ വേണ്ടത്.

വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ക്ക് ശക്തിക്കുറവൊന്നും ഇല്ല, പക്ഷേ താങ്കളുടെ പാര്‍ട്ടിക്കും യു ഡി എഫിനും വരെ താത്പര്യമില്ലാത്ത ഒരു വിഷയത്തില്‍ ഇതുപോലെ അഗ്‌നിശുദ്ധി വരുത്തി ആദര്‍ശ ധീരനാകുന്നതും പാര്‍ട്ടി നേതൃത്വത്തോട് പകവീട്ടുന്നതും കുണ്ടറക്കാരുടെ അക്കൌണ്ടില്‍ തന്നെ വേണമോ എന്നത് ഒരു പ്രസക്തമായ ചോദ്യമല്ലേ? താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊന്നുണ്ട്. ഇനിയൊരിക്കലും ഒരു സിറ്റിംഗ് നിയമസഭാംഗത്തെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കില്ല എന്നൊരു നയപരമായ തീരുമാനമെടുപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഭാവിയിലും ഇതുപോലെയുള്ള വിഷമഘട്ടങ്ങള്‍ താങ്കളെപ്പോലെയുള്ള ആദര്‍ശധീരരായ സഖാക്കളും ഞങ്ങളെപ്പോലെയുള്ള വോട്ടര്‍മ്മാരും അഭിമുഖീകരിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ എന്തുകൊണ്ടും അത് അത്യാവശ്യമാണ്.

 

താങ്കളോടല്ല, താങ്കളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളോടും നേതൃത്വത്തോടും ഉള്ള എതിര്‍പ്പ് ആണ് സഖാവിന് എതിരായി വോട്ട് ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു എങ്കില്‍, ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നില്ലേ? താങ്കളുടെ സേവനങ്ങള്‍ ഇനിയും കുണ്ടറ നിവാസികള്‍ക്ക് ആവശ്യമാണെന്നതുകൊണ്ടും തുടങ്ങി വച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചാല്‍ ശരിയാകില്ല എന്നതുകൊണ്ടും ഞങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തതാണെന്ന് വെറുതെ എങ്കിലും ഒന്ന് സമാധാനിച്ച് പിണക്കമൊക്കെ മാറി നല്ല ബേബിയായി തിങ്കളാഴ്ച്ച മുതല്‍ നിയമസഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷത്തോടൊപ്പം കാണും എന്ന വിശ്വാസത്തോടെ… 

ഒരു കുണ്ടറ നിവാസി. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍