UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിവ്യ ഭാരതി: ജാതി വിവേചനത്തെ ചോദ്യം ചെയ്താല്‍ തിരിച്ചടി എത്ര രൂക്ഷമായിരിക്കുമെന്നതിന്റെ തെളിവ്- എം എ ബേബി

തോട്ടിപ്പണിയുള്ള ഒരു നാട് മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു നാടല്ല

‘കക്കൂസ്’ എന്ന തമിഴ് ഡോക്ക്യുമെന്ററി എടുത്ത് വലിയ ശ്രദ്ധ നേടിയ ദിവ്യ ഭാരതി എന്ന പെണ്‍കുട്ടിയെ വേട്ടയാടുന്നതിനെതിരെ എംഎ ബേബി. ദിവ്യയെ കേസുകളില്‍ കുടുക്കി വേട്ടയാടുകയാണെന്നും നമ്മുടെ രാജ്യത്തെ ജാതിവിവേചനത്തെ ചോദ്യം ചെയ്താല്‍ എത്ര രൂക്ഷമായിരിക്കും തിരിച്ചടി എന്നതിന് തെളിവാണിതെന്നും എംഎ ബേബി പറയുന്നു.

എംഎ ബേബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദിവ്യ ഭാരതി എന്ന പെണ്‍കുട്ടി എടുത്ത കക്കൂസ് എന്ന തമിഴ് ഡോക്കുമെന്ററി വലിയ ശ്രദ്ധ നേടി. പക്ഷേ, തമിഴ്‌നാട്ടിലെ തോട്ടിപ്പണിക്കാരെക്കുറിച്ച് ഈ ഡോക്കുമെന്ററി എടുത്ത 28 വയസ്സുകാരിയെ കേസുകളില്‍ കുടുക്കി വേട്ടയാടുകയാണ്. നമ്മുടെ രാജ്യത്തെ ജാതിവിവേചനത്തെ ചോദ്യം ചെയ്താല്‍ എത്ര രൂക്ഷമായിരിക്കും തിരിച്ചടി എന്നതിന് തെളിവാണിത്.

Also Read- കക്കൂസി’ന്റെ സംവിധായിക ദിവ്യ ഭാരതി ജീവനുമായി ഓടുകയാണ്; കേസുകള്‍, വധ-ബലാത്സംഗ ഭീഷണി; പോകാനുമിടമില്ല

ഈ ഡോക്യൂമെന്ററി പുറത്തു വന്നതോടെ ചില ജാതിവിഭാഗങ്ങള്‍ ദിവ്യ ഭാരതിക്കെതിരെ തിരിഞ്ഞു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ദിവ്യ ഭാരതിയുടെ ഫോണ്‍ നമ്പര്‍ വിതരണം ചെയ്തിരിക്കുകയാണ്. എന്നിട്ട് നിറുത്താതെ അസഭ്യ, വധഭീഷണി ഫോണ്‍ വിളികള്‍. ഭീഷണികളും കേസുകളും കാരണം ഒളിവില്‍ ജീവിക്കുകയാണ് ഈ സംവിധായിക. 2009-ലെ ഒരു കേസിന്റെ പേരില്‍ ഈ പെണ്‍കുട്ടിയെ ജൂലൈ 25ന് അറസ്റ്റ് ചെയ്തു. 2009-ല്‍ മധുരയില്‍ നിയമ വിദ്യാര്‍ത്ഥി ആയിരുന്നു ദിവ്യ ഭാരതി. പാമ്പു കടിയേറ്റ ഒരു സഹപാഠിക്ക് ആശുപത്രിയില്‍ ശരിയായ പരിചരണം കിട്ടിയില്ല എന്ന സംഭവത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിച്ചതിനാണ് കേസെടുത്തത്. ഡോക്ടറെ ജോലിയില്‍ തടസ്സപ്പെടുത്തി എന്നതാണ് കേസ്. അതില്‍ രണ്ട് സിറ്റിംഗിന് ഹാജരായില്ല എന്നു പറഞ്ഞാണ് ഡോക്കുമെന്ററി വന്ന ഉടനെ അറസ്റ്റ് ചെയ്തത്.

ജാമ്യത്തിലിറങ്ങിയ ദിവ്യ ഭാരതിയുടെ പേരില്‍ പല ജില്ലകളിലായി നിരവധി കേസുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഈ ഡോക്കുമെന്ററി ഒരു ജാതിയെ അപമാനിക്കുന്നതാണ് എന്നു പറഞ്ഞ് പുതിയ തമിഴകം പാര്‍ടിയുടെ ഒരു നേതാവ് കൊടുത്ത പരാതിയിലാണ് മധുരയില്‍ കോസെടുത്തത്. കൃഷ്ണസ്വാമി നേതാവായ പുതിയ തമിഴകം എന്ന ദളിത് രാഷ്ട്രീയപാര്‍ടിയാണ് ദിവ്യ ഭാരതിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നതാണ് കൗതുകകരം. പള്ളര്‍ എന്ന ദളിത് ജാതിയുടെ നേതാവായ ഇദ്ദേഹം പറയുന്നത് ദിവ്യ ഭാരതിയുടെ സിനിമ പള്ളര്‍ക്ക് അപമാനകരമാണെന്നാണ്. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്ന ജാതികളിലൊന്നാണ് പള്ളര്‍. ഈയിടെയായി ബിജെപിയോട് അനുഭാവം കാണിക്കുന്ന ദളിത് കക്ഷിയാണ് പുതിയ തമിഴകം.

എട്ടു ലക്ഷം പേരാണ് ഇന്ത്യയിലിന്നും തോട്ടിപ്പണി ചെയ്യുന്നത്. സര്‍ക്കാര്‍ കണക്കാണിത്. ഏതുവിധത്തിലുമുള്ള തോട്ടിപ്പണിയും സുപ്രീം കോടതി പൂര്‍ണമായി നിരോധിച്ച ശേഷമാണിത്. 2013 ലാണ് ഈ വിധി വന്നത്. ഇതിന് ശേഷവും 1370 പേര്‍ തോട്ടിപ്പണിക്കിടയിലെ അപകടങ്ങളില്‍ മരിച്ചതായാണ് കണക്ക്.

തോട്ടിപ്പണിയുള്ള ഒരു നാട് മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു നാടല്ല. ഒരാളുടെ ജാതി കാരണം മറ്റൊരാളുടെ മലം ചുമക്കുന്നതാണ് ജോലിയെന്ന് വരുന്നയിടത്ത് ബാക്കി എന്തവകാശം? സ്വാതന്ത്ര്യസമരകാലം മുതല്‍ തുടങ്ങിയതാണ് തോട്ടിപ്പണി അസാനിപ്പിക്കാനുള്ള സമരം. മഹാത്മാ ഗാന്ധി മുതല്‍ ഇതിനായി വാദിച്ചു. ഇന്ത്യയിലെ തൊഴിലാളി സംഘടനകളുടെ ആരംഭം മുതല്‍ ഇതിനെതിരെ സമരം ചെയ്തു. ജൂബ്ബാ രാമകൃഷ്ണപിള്ള തുടങ്ങിയ തൊഴിലാളി നേതാക്കളുടെ മുന്‍കൈയില്‍ തോട്ടിത്തൊഴിലാളികള്‍ തിരുവിതാംകൂറില്‍ നടത്തിയ സമരമാണ് കേരളത്തിന്റെ ശ്രദ്ധ ഇതിലേക്കാകര്‍ഷിച്ചത്. ഇന്ത്യയിലിന്ന് കേരളം മാത്രമായിരിക്കും തോട്ടിപ്പണി ഇല്ലാത്തിടം. കേരളത്തിലും മലമൂത്രക്കുഴികള്‍ അറ്റകുറ്റപ്പണി ചെയ്യുന്നത് പുറത്തു നിന്ന് കൊണ്ടു വന്നു പാര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ജാതിക്കാരാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഇതും കേരളത്തിലവസാനിപ്പിക്കണം. ഒരു ആധുനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം ഇതവസാനിപ്പിക്കാതെ അപൂര്‍ണമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍