UPDATES

യാത്ര

നാടന്‍ രുചികളിലൂടെ ഒരു മാസിഡോണിയന്‍ യാത്ര

Avatar

ഡയാനെ ഡാനിയേല്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

തെക്കുപടിഞ്ഞാറന്‍ മാസിഡോണിയയില്‍ ഉയരത്തിലുള്ള ഗ്രാമമായ ബ്രജ്‌സിനോയിലെ ഒരു കുന്ന് ചവിട്ടിക്കയറവേ ആ സുഗന്ധം എന്നെ പിടികൂടി. അതിന്റെ ഉറവിടം തേടി ഇടത്തേക്കു തിരിഞ്ഞ എന്റെ കാഴ്ചയില്‍ ഒരു വലിയ പാത്രത്തില്‍ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ തെളിഞ്ഞുവന്നു.

അതായിരിക്കുമോ സുഗന്ധത്തിന്റെ കേന്ദ്രം? ചലനഗതി നഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. എങ്കിലും എനിക്ക് അത് അറിഞ്ഞേ മതിയാകൂ.

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ജുബോജ്‌നോ ഗ്രാമത്തില്‍ കല്ലുകൊണ്ടു നിര്‍മിച്ച മനോഹരമായ ഗസ്റ്റ്ഹൗസിലിരുന്ന് ഞാനും ഭാര്യയും ആദ്യമായി വീട്ടിലുണ്ടാക്കിയ ഐവര്‍ രുചി ച്ചിരുന്നു. ബാല്‍ക്കന്‍ സംസ്ഥാനങ്ങളിലെ ഇഷ്ടവിഭവമായ ഇത് വറുത്ത ചുവന്ന മുളക് സ്‌പ്രെഡാണ്. പ്രഭാതഭക്ഷണത്തിന് പുതുമയുള്ള ബ്രഡിനൊപ്പം ഞങ്ങള്‍ ഇത് കഴിച്ചു. രാവിലത്തെ കാപ്പിക്കൊപ്പം വെളുത്തുള്ളി കലര്‍ന്ന ഭക്ഷണം കഴിക്കുന്ന സ്വഭാവം എനിക്കില്ല. എന്നിട്ടും ബ്രഡ് കഷണങ്ങളില്‍ ഐവര്‍ ധാരാളമായി ചേര്‍ക്കാതിരിക്കാന്‍ എനിക്കു സാധിച്ചില്ല. അങ്ങനെ ചെയ്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം ആഴ്ച മുഴുവന്‍ കഴിച്ച ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു അത്.

മാസിഡോണിയയിലെ നിരവധി പര്‍വത തടാകങ്ങളിലൂടെയുള്ള ഒരു സൈക്കിള്‍ ടൂറിന്റെ വിശ്രമദിവസത്തിലായിരുന്നു ഞങ്ങള്‍. പല കാലഘട്ടങ്ങളിലായി റോമക്കാര്‍, സ്ലാവിയക്കാര്‍, ബള്‍ഗേറിയക്കാര്‍, സെര്‍ബുകള്‍, ഓട്ടോമാന്‍ എന്നിവരുടെ ഭരണത്തിന്‍ കീഴിലായിരുന്നതും ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതുമായ രാജ്യമാണ് മാസിഡോണിയ. ദശകങ്ങളായി ഗ്രീക്കുമായി അഭിപ്രായവ്യത്യാസത്തിലുമാണ്.

അതുവരെ താല്‍പ്പര്യമില്ലാതെ  പെരുമാറിയിരുന്ന ഞങ്ങളുടെ ഡ്രൈവര്‍ പ്രഭാതഭക്ഷണസമയത്ത് അവരുടെ മാതൃരാജ്യമായ ബള്‍ഗേറിയയില്‍ ഐവര്‍ ഉണ്ടാക്കുന്നതെങ്ങനെ യെന്ന് ഉത്സാഹത്തോടെ വിവരിച്ചു.

‘കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ദിവസം മുഴുവന്‍ പാചകം ചെയ്യുന്നു. മണിക്കൂറുകളോളം ഇത് ഇളക്കണം. കൈകള്‍ ശരിക്കും ക്ഷീണിക്കും വരെ. ചുവന്ന മുളക് പാകമാകുന്ന ഇക്കാലമാണ് ഐവര്‍ ഉണ്ടാക്കുന്ന സമയം.

ശരിതന്നെ. സൈക്കിളിങ്ങിന്റെ ആദ്യത്തെ രണ്ടുദിവസങ്ങളില്‍ ഞങ്ങള്‍ കടന്നുപോയ വഴികളില്‍ വീടുകളെയെല്ലാം ചുവന്ന കമ്മലുകള്‍ പോലെ തോന്നിച്ച ഉണങ്ങാനിട്ട മുളകുനിരകള്‍ അലങ്കരിച്ചിരുന്നു.

ഡ്രൈവറുടെ ഓര്‍മകള്‍ കേട്ടതുമുതല്‍ ‘ഐവര്‍ കുക്കിങ് സെഷനാ’യി നോക്കി നടക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ ഒരുപക്ഷേ ഞാന്‍ അത് കണ്ടെത്തിക്കഴിഞ്ഞു.

”ഹലോ”, ഞാന്‍ ആ സ്ത്രീയോടു പറഞ്ഞു. അവരുടെ വീടിനു പുറത്ത് പ്രത്യേകമായി തയാറാക്കിയ പാചകസ്ഥലമുണ്ടെന്നു ഞാന്‍ കണ്ടു. പ്രദേശത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന വളരെക്കുറച്ചുപേരേയുള്ളൂ എന്ന് അറിയാമായിരുന്നതിനാല്‍ അവരോട് എങ്ങനെ ആശയവിനിമയം നടത്തുമെന്ന ചിന്തയിലായിരുന്നു ഞാന്‍.

ദിവിന കോസ്‌റ്റോവ്‌സ്‌ക അവരിലൊരാളായിരുന്നു എന്നു മാത്രമല്ല യാത്രക്കാര്‍ക്ക് മുറികള്‍ വാടകയ്ക്കു കൊടുക്കുകയും അവര്‍ക്കായി പരമ്പരാഗത ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ഇപ്പോള്‍ പാകം ചെയ്യുന്നത് ഐവര്‍ തന്നെയാണെന്ന് അവര്‍ സ്ഥിരീകരിച്ചു.

‘ ഇന്ന് പലതവണ മുളകിന്റെ മണം വന്നതായി എനിക്കു തോന്നി,’ ഞാന്‍ അവരോടു പറഞ്ഞു. അവര്‍ പാത്രം വട്ടത്തില്‍ ഇളക്കിക്കൊണ്ടിരുന്നു. ധാരാളം പുതിയ തക്കാളികള്‍, മുളകുകള്‍, ഉണക്കാനിട്ട വെളുത്ത ബീന്‍സിന്റെ കൂന എന്നിവ ദിവിനയ്ക്കു ചുറ്റുമുണ്ടായിരുന്നു.

‘ ഇന്ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ ഇവയെല്ലാം പാചകം ചെയ്യാന്‍ സമയമുണ്ട്,’ ദിവിന പറഞ്ഞു. യൂഗോസ്ലാവിയയില്‍നിന്ന് മാസിഡോണിയ സ്വാതന്ത്ര്യം നേടിയ ദിവസമാണ് സെപ്റ്റംബര്‍ എട്ട്. അന്ന് അവധിദിനവുമാണ്.

അവരുടെ തക്കാളിപ്പഴങ്ങളെ ഞാന്‍ അഭിനന്ദിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഓരോ തക്കാളിപ്പഴം തന്നു. ‘കഴിച്ചുനോക്കൂ.’ പാതയോരത്ത് തക്കാളിനീരു വീഴ്ത്തി ഞാനും സെലിനയും അത് തിന്നു.

ദിവിനയും കുടുംബവും ആപ്പിള്‍ വിളവെടുപ്പിനായി കാത്തിരിക്കുകയാണ്. പ്രെസ്പ തടാകത്തിനു ചുറ്റുമുള്ള ഈ പ്രദേശം ആപ്പിള്‍ത്തോട്ടങ്ങള്‍ നിറഞ്ഞതാണ്. റഷ്യ, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് 25,000 ആപ്പിളുകള്‍ കയറ്റുമതി ചെയ്യാനാകുമെന്നാണ് ദിവിനയുടെ പ്രതീക്ഷ.

അയല്‍ഗ്രാമങ്ങളെപ്പോലെ ബ്രജ്‌സിനോയിലും ഭൂരിപക്ഷം ജനങ്ങളും സാമ്പത്തിക സുരക്ഷ തേടി മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. തൊഴില്‍ രഹിതരുടെ എണ്ണം 30 ശതമാനം കടന്ന രാജ്യമാണിത്. അവശേഷിക്കുന്നവര്‍ കൃഷിയും വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കലുമായി കഴിയുന്നു.

സൈക്കിളില്‍ ചുറ്റിക്കറങ്ങാന്‍ കിട്ടിയ വിശ്രമദിവസം ഞങ്ങളുടെ ഇഷ്ടദിനങ്ങളിലൊന്നായിരുന്നു. ഗ്രീസിലേക്കുള്ള റോഡില്‍ അവസാനിക്കുന്ന അതിര്‍ത്തി ഞങ്ങള്‍ സന്ദര്‍ശിച്ചു. 1960 മുതല്‍ കവാടം അടഞ്ഞുകിടക്കുകയാണെങ്കിലും ഇന്നും കാവല്‍ക്കാരുണ്ട്.

സിറിലിക് ചൂണ്ടുപലകകള്‍ അനുസരിച്ച് ഞങ്ങള്‍ ഒരു സ്വകാര്യ ശവകുടീരത്തിലെത്തി. തടാകത്തിനു മുന്നിലുള്ള ബീച്ച് അന്വേഷിച്ച് ആളൊഴിഞ്ഞ വൃത്തികെട്ട വഴികള്‍ താണ്ടി, അങ്ങനെയൊന്ന് ഇല്ലെന്നു കണ്ടെത്തി. എന്നാല്‍ വഴിയില്‍ പ്രതീക്ഷിക്കാത്ത ചില വന്യജീവികളെ കണ്ടു. സെലിന ഒരു കാട്ടുപൂച്ചയെ കണ്ടു. ഞാന്‍ ഒരു പെലിക്കനെയും. അത് ഇവിടെ സാധാരണമാണെന്ന് പിന്നീട് അറിഞ്ഞു.

തടാകത്തിനു ചുറ്റുമുള്ള കുന്നിലെ അതിശയിപ്പിക്കുന്ന സൂര്യാസ്തമന കാഴ്ചയിലും സ്റ്റാറ സെസ്മയിലെ അക്വാപോണിസ് ഫാമില്‍ നിന്നു പിടിച്ച ട്രൗട്ട് മത്സ്യമടങ്ങിയ രാത്രിഭക്ഷണത്തിലുമാണ് ആ ദിവസം അവസാനിച്ചത്.

യാത്രയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. ലോകമെങ്ങുമുള്ള പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അമേരിക്കന്‍ ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ബൈക്ക്ടൂര്‍സ് ഡോട്ട് കോം വഴിയാണ് ഞാന്‍ യാത്ര ബുക്ക് ചെയ്തത്. ഒരു മാസിഡോണിയന്‍ കമ്പനിയുമായി ചേര്‍ന്നു പോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഞങ്ങളുടെ സമയലഭ്യത അനുസരിച്ച് ലഭ്യമായത് ഒരു ബള്‍ഗേറിയന്‍ കമ്പനി മാത്രമാണ്. അത് സാരമില്ലെന്നു ഞാന്‍ കരുതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയെപ്പറ്റി ഞാന്‍ വായിച്ചിരുന്നുവെങ്കിലും. എനിക്കു തെറ്റിപ്പോയി.

കണ്ടുമുട്ടി അഞ്ചുമിനിറ്റിനകം തന്നെ ഞങ്ങളുടെ ഗൈഡ് മാസിഡോണിയയോട് അവര്‍ക്കുള്ള അനിഷ്ടം പ്രകടിപ്പിച്ചു. ഒപ്പം യാത്ര ബുക്ക് ചെയ്തിരുന്ന രണ്ടുപേര്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയത് കാര്യങ്ങള്‍ വഷളാക്കി. ഞങ്ങളും ഗൈഡും മാത്രമായി യാത്രയില്‍. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് മികച്ച ഒരു ഗൈഡ്ബുക്കും വെര്‍മോണ്ടിന്റെ വലിപ്പം മാത്രമുള്ള ഈ മലനാടിനെപ്പറ്റി ചെറുതല്ലാത്ത കൗതുകവുമുണ്ടായിരുന്നു.

ബാള്‍ക്കനിലെ ഉയരം കൂടിയ പട്ടണങ്ങളിലൊന്നായ ക്രുഷേവോയിലായിരുന്നു ആദ്യ ദിവസത്തെ രാത്രി. 4,400 അടി ഉയരത്തിലുള്ള ഇവിടെയാണ് മാസിഡോണിയക്കാര്‍ തണുപ്പുകാലത്ത് സ്‌കീയിങ് നടത്തുന്നത്. ഇവിടത്തെ ഏറ്റവും അറിയപ്പെടുന്ന രണ്ടുസ്ഥലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. 2007ല്‍ 26ാം വയസില്‍ മരിച്ച മാസിഡോണിയന്‍ പോപ് ഗായകന്‍ ടോസ് പ്രോയെസ്‌കിയുടെ സ്മാരകം, 1903ല്‍ ഓട്ടോമാന്‍ സാമ്രാജ്യത്തിനെതിരെയുണ്ടായ, ഇന്നും ആദരിക്കപ്പെടുന്ന, കലാപത്തിന്റെ അതിശയകരമാം വിധം ജീര്‍ണിച്ച സ്മാരകം. കലാപത്തെത്തുടര്‍ന്നാണ് വെറും 10 ദിവസത്തേക്ക് ‘റിപ്പബ്ലിക് ഓഫ് ക്രുഷേവോ’ സ്വതന്ത്രരാജ്യമായത്.

വൈകിട്ട് ഇവിടത്തെ സ്‌കോപ്‌സ്‌കോ ബിയര്‍ കഴിച്ച് ഹോട്ടല്‍ മോണ്ടാന പാലസിന്റെ പൂമുഖത്തിരുന്ന് ഞങ്ങള്‍ ആകാശം മങ്ങുന്നതു കണ്ടു. പട്ടണത്തില്‍ ഏതാണ്ട് 5,300 പേരാണുള്ളത്. ഹോട്ടല്‍ ഫോര്‍ സ്റ്റാര്‍ പദവി അവകാശപ്പെട്ടിരുന്നെങ്കിലും അതിന്റെ പിന്‍വശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അടര്‍ന്നിളകിയ ചുവരുകളും തകര്‍ന്ന സ്റ്റെയര്‍വെല്ലുകളും കണ്ടു. കമ്യൂണിസ്റ്റ് യുഗത്തിലെ കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം ഈ സ്ഥിതി സാധാരണമാണെന്ന് പിന്നീട് ഞങ്ങള്‍ മനസിലാക്കി.

അന്നു വൈകിട്ട് വിശ്വപ്രസിദ്ധമായ ഷോപ്‌സ്‌ക സാലഡ് നിറച്ച ബൗളുകളുമായി ഞങ്ങള്‍ പ്രണയത്തിലായി. ഗ്രീക്ക് സാലഡിനു സമാനമായ ഇതില്‍ തക്കാളി, വെള്ളരിക്ക എന്നിവ പൊടിയാക്കിയ ഉപ്പുകലര്‍ന്ന ചീസിനാല്‍ പൊതിയുകയാണ്. നടുക്ക് ചീസ് വച്ച ബര്‍ഗര്‍, ഗ്രില്‍ ചെയ്ത ഉരുളക്കിഴങ്ങ്, മികച്ച തക്കാളിയും വലിയ ഗ്രീക്ക് ഒലിവുകളും അടങ്ങിയ രണ്ട് വലിയ സാലഡുകള്‍, ഒരു ബാസ്‌കറ്റ് ബ്രെഡ്, ഒരു ബിയര്‍, രണ്ടു ഗ്ലാസ് ഒന്നാന്തരം മാസിഡോണിയന്‍ വൈന്‍ – ഇതിനെല്ലാം കൂടി വന്ന ബില്‍ 12 ഡോളര്‍! ഈയാഴ്ച ഞങ്ങള്‍ കഴിച്ച ഏറ്റവും വില കുറഞ്ഞ ഭക്ഷണമായിരുന്നുമില്ല ഇത്.

സൈക്കിളിംഗിന്റെ ആദ്യദിനമായ അടുത്ത ദിവസം, ഞങ്ങള്‍ പുകയിലപ്പാടങ്ങളുടെ നടുവിലായിരുന്നു. മാസിഡോണിയ പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഒന്നാണ് പുകയില. വിളവെടുപ്പുസമയമായിരുന്നു. ചെറുകെട്ടുകളാക്കി ഉണങ്ങാനിട്ടിരിക്കുന്ന ഇലകളാണ് എവിടെയും. ചിലത് തടികൊണ്ടുണ്ടാക്കിയ ഷെല്‍ട്ടറുകളിലായിരുന്നുവെങ്കില്‍ മറ്റു ചിലത് കെട്ടിട ഭിത്തികളില്‍ കോര്‍ത്തിട്ടിരുന്നു. ഞങ്ങളുടെ യാത്ര മിക്കവാറും ഗ്രാമീണപാതകളിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് ഹൈവേയുടെ ചില ഭാഗങ്ങളിലൂടെ കാറുകള്‍ക്കൊപ്പം പോകേണ്ടിവന്നു. റോഡ് യാത്ര യുഎസില്‍ എന്നതുപോലെ തന്നെ സുരക്ഷിതവും അരക്ഷിതവുമായിരുന്നു. ഇവിടത്തെ കാറുകള്‍ കൂടുതല്‍ പഴയവയായിരുന്നു. കൂടുതല്‍ പുക തുപ്പുന്നവ.

ബിട്ടോല നഗരത്തിലായിരുന്നു അന്നു രാത്രി താമസം. ഇവിടെ ചരിത്രപ്രസിദ്ധവും മനോഹരവും തിരക്കേറിയതുമായ ടൗണ്‍ സെന്ററുണ്ട്. പട്ടണത്തിനുപുറത്ത് ബിസി രണ്ടാം നൂറ്റാണ്ടില്‍ റോമാക്കാര്‍ പണിത വാണിജ്യപാതയായ വയ ഇഗ്നേഷ്യയില്‍ ഒരിക്കല്‍ സമ്പന്നമായിരുന്ന റോമന്‍ കുടിയേറ്റമേഖല ഹെരാക്ലി ലിന്‍സെസ്റ്റിസ് കണ്ടു. ചെറിയൊരു ഭാഗം മാത്രമേ കുഴിച്ചെടുത്തിട്ടുള്ളൂ എങ്കിലും ഇവിടെ ഒരു ബലിസിക്കയുടെ അടിത്തറ, റോമന്‍ ഗോദാ, ആര്‍ക്കിടെക്ചര്‍ ദൃഷ്ടാന്തങ്ങള്‍, വളരെ ആകര്‍ഷണീയമായ രണ്ട് മൊസൈക് തറകള്‍ എന്നിവ കാണാം. ദുഃഖകരമെന്നു പറയട്ടെ ഇവയൊന്നും വേണ്ടവിധം സംരക്ഷിക്കുകയോ വിവരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഏതവസ്ഥയിലായാലും ഇവ കാണുക ആനന്ദകരം തന്നെ.

ബിട്ടോലയില്‍നിന്ന് തെക്കുള്ള പ്രെസ്പ തടാകത്തിനരികിലേക്ക് ഞങ്ങള്‍ സവാരി ചെയ്തു. മറ്റുവാഹനങ്ങള്‍ ഒന്നും തന്നെയില്ലാത്ത കുത്തനെയുള്ള റോഡിലൂടെ, മധുരമുള്ള ബ്ലാക്ക്‌ബെറികള്‍ പറിച്ചെടുത്ത് ആവോളം കഴിച്ചായിരുന്നു യാത്ര. വഴിയില്‍നിന്നുനോക്കിയാല്‍ താഴെ ഗ്രാമങ്ങളിലെ ദേവാലയക്കുരിശുകള്‍, മോസ്‌കുകളുടെ താഴികക്കുടങ്ങള്‍ എന്നിവ കാണാമായിരുന്നു. ഇവിടങ്ങളില്‍നിന്നുള്ള മണിനാദവും പ്രാര്‍ത്ഥനയ്ക്കുള്ള ക്ഷണവും കേള്‍ക്കാമായിരുന്നു. മാസിഡോണിയയിലെ സ്ലാവിക് ഭാഷക്കാരായ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക ക്രിസ്ത്യാനികളും ജനസംഖ്യയില്‍ നാലിലൊന്നുവരുന്ന അല്‍ബേനിയന്‍ മുസ്ലിങ്ങളും തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ ദൈനംദിന ഓര്‍മിപ്പിക്കലുകളാണിവ.

മുകളില്‍നിന്നു താഴേക്കു വരവേ പെലിസ്റ്റര്‍ ദേശീയോദ്യാനത്തിന്റെ അതിരില്‍ ഞങ്ങളെത്തി. 1948ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്ക് വന്യജീവികളാലും പൈന്‍ മരങ്ങളാലും സമ്പന്നമാണ്. മാസിഡോണിയയില്‍ എല്ലാ ദിവസവും കാണുന്ന കാഴ്ച ഇവിടെയും കാണേണ്ടിവന്നു എന്നത് വേദനാജനകമായിരുന്നു – വഴിവക്കിലെ മാലിന്യങ്ങളും ചവറുകൂനകളും.

അടുത്ത രണ്ടുദിവസങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെലവിട്ടശേഷം മാസിഡോണിയയിലെ അവസാനരാത്രി ചെലവിടാന്‍ വിനോദസഞ്ചാരകേന്ദ്രമായ ഓറിദ് തടാകക്കരയിലെത്താന്‍ എനിക്കു കൗതുകമായിരുന്നു. തടാകവും പട്ടണവും അവയുടെ പാരിസ്ഥിതിക, സാംസ്‌കാരിക പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോയുടെ സംരക്ഷിതപട്ടികയിലുള്ളവയാണ്. തടാകം ആഴമേറിയതും വളരെ വലുതുമാണ് – 948 അടി ആഴം 62 മൈല്‍ ചുറ്റളവ്. ഇതിന്റെ ഒരു ഭാഗം അലബാമയിലാണ്. മൂന്നുമുതല്‍ അഞ്ചുവരെ മില്യണ്‍ വര്‍ഷം പഴക്കം കണക്കാക്കുന്ന തടാകം യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള തടാകങ്ങളില്‍ ഒന്നാണ്.

ആദ്യം ഒരു മുഴുദിന സൈക്കിളിങ്ങും ചില കുന്നുകയറ്റവും ഞങ്ങളുടെ മുന്നിലുണ്ട്. പ്രെസ്പ തടാകത്തിനരികിലിരുന്ന് ഞങ്ങള്‍ കണ്ട അതേ മലനിരകളിലേക്കാണു യാത്ര. സ്റ്റാര സെസ്മയിലെ ഞങ്ങളുടെ ആതിഥേയര്‍ ഈ വെല്ലുവിളിക്കു ഞങ്ങളെ സജ്ജരാക്കുംവിധം കാര്യമായ ഭക്ഷണം ഒരുക്കിയിരുന്നു. പിരോഷ്‌കി എന്ന റഷ്യന്‍ ഭക്ഷണം. ഇറച്ചിയും കുരുമുളകും നിറച്ചവ. വീട്ടിലുണ്ടാക്കിയ ടാര്‍ടാര്‍ സോസിനൊപ്പം. കായികതാരങ്ങളുടെ പതിവുഭക്ഷണമല്ലെങ്കിലും ഇത് തടാകത്തിനു ചുറ്റും മലനിരകളിലേക്കും പോകാനുള്ള ഊര്‍ജം ഞങ്ങളില്‍ നിറച്ചു. മുകളിലേക്കുള്ള വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹോട്ടല്‍ ഈവ്‌റോപ ഞങ്ങള്‍ കണ്ടു. മുകളില്‍ നിന്ന് പ്രെസ്പ തടാകത്തിന്റെയും ചുറ്റുമുള്ള വില്ലേജുകളുടെയും ദൃശ്യം ഞങ്ങളുടെ കഠിനാധ്വാനം വെറുതെയായില്ല എന്നു തോന്നിപ്പിച്ചു. അവസാനം 5,144 അടി ഉയരത്തില്‍നിന്ന് ഓറിദ് തടാകം ഞങ്ങള്‍ കണ്ടു. ഇത്ര ഉയരെനിന്നു പോലും എത്ര ഭീമാകാരം!

തടാകതീരത്ത് ഞങ്ങള്‍ വിനോദസഞ്ചാരികളായി. സിഗററ്റ് പുക നിറഞ്ഞ കഫേകള്‍, സുവനീര്‍ ഷോപ്പുകള്‍, സമ്മാനക്കടകള്‍ എന്നിവ കണ്ട് വെള്ളാരംകല്ല് പാകിയ നടപ്പാതകളിലൂടെ ഞങ്ങള്‍ നടന്നു. പട്ടണത്തില്‍ മേല്‍ക്കൂരകള്‍ ഓടുപാകിയവയായിരുന്നു. തടാകത്തിനൊപ്പം ഓറിഡിന്റെ നിധികള്‍ വാസ്തുശില്‍പ ചാതുര്യത്തിലുമുണ്ട്. നിരവധി ബൈസാന്റൈന്‍ ചര്‍ച്ചുകള്‍ ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ അകത്തളങ്ങളുമായി നില്‍ക്കുന്നു. ഇവയില്‍ ഏറ്റവും വര്‍ണാഭമായത് 13ാം നൂറ്റാണ്ടിലെ ചര്‍ച്ച് ഓഫ് സെയ്ന്റ് ജോണ്‍ ആണ്. 2000 വര്‍ഷം പഴക്കമുള്ള റോമന്‍ ഗോദ, 10ാം നൂറ്റാണ്ടില്‍ പണിത സാര്‍ സാമുയില്‍ കോട്ട എന്നിവയും ഞങ്ങള്‍ സന്ദര്‍ശിച്ചു.

അവസാനദിവസത്തെ യാത്ര ഞങ്ങളെ മലനിരകളിലേക്കു തിരിച്ചുകൊണ്ടുപോയി. അകലെയുള്ള കുരിശുകളും മിനാരങ്ങളും നിറഞ്ഞ കുടിയേറ്റസ്ഥലങ്ങള്‍ പിന്നിട്ട് ഒരു നീരുറവയില്‍നിന്ന് വീതിയേറിയ നദിയായി മാറുന്ന ജലസ്രോതസിനെ ഞങ്ങള്‍ പിന്തുടര്‍ന്നു. ദേബറില്‍ ഞങ്ങളുടെ ഗൈഡ് ഞങ്ങളെ തിരികെ വിളിക്കാന്‍ വന്നു. ബര്‍ഗേറിയയിലേക്കു തിരിച്ചുപോകുന്നതിന്റെ ഉത്സാഹം അവരുടെ മുഖത്തു പ്രകടമായിരുന്നു.

ഒരാഴച്‌ത്തെ സൈക്കിളിങ്ങിനുശേഷം മാസിഡോണിയന്‍ തലസ്ഥാനമായ സ്‌കോപ്‌ജെയിലെ സെന്ററില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരു മലകയറ്റത്തിനു ശേഷം ലാസ് വെഗാസില്‍ തിരിച്ചെത്തുന്ന പ്രതീതിയുണ്ടായി. ശാന്തതയില്‍നിന്ന് കാഴ്ചകളുടെ ബഹളത്തിലേക്ക്. സ്‌കോപ്‌ജെയിലെ നേതാക്കള്‍ വിവാദമുണ്ടാക്കിയ നീക്കത്തിലൂടെ പ്രധാന സ്‌ക്വയറിനെ തകിടം മറിച്ചിരുന്നു. അവിടെയാകെ ഇപ്പോള്‍ വ്യാജ നവക്ലാസിക്കല്‍ കെട്ടിടങ്ങളും നൂറുകണക്കിനു പ്രതിമകളും പാരിസിലെ ‘ആര്‍ക് ദെ ട്രയോംഫി’ പകര്‍പ്പും.

ഭാഗ്യവശാല്‍ നഗരത്തെ വേര്‍തിരിക്കുന്ന വാര്‍ദാര്‍ നദിയുടെ മറുവശത്തെ കാഴ്ചകള്‍ കൂടുതല്‍ ആധികാരികമാണ്. അവിടെ 12ാം നൂറ്റാണ്ടിലെ മാര്‍ക്കറ്റ് പ്രദേശം വെള്ളാരംകല്ല് കൊണ്ടുണ്ടാക്കിയ നടപ്പാതകളും റസ്റ്ററന്റുകളായി മാറിയ ഓട്ടോമാന്‍ കാലത്തെ വാസ്തുശില്‍പരീതികളും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു.

അതിരാവിലെയാണ് മടക്കയാത്ര. അതിനാല്‍ ഹോട്ടലിനടുത്തുള്ള ഒരു റസ്റ്ററന്റിലേക്ക് ഞങ്ങള്‍ പോയി. മികച്ച പരമ്പരാഗത ഭക്ഷണം ഇവിടെ കിട്ടുമെന്ന് ഞങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ഏറെ പണിപ്പെട്ട് കണ്ടെത്തിയപ്പോഴാകട്ടെ അത് അടഞ്ഞുകിടക്കുന്നു. മറ്റൊരു വഴിയിലൂടെ നടന്ന് നാദ്‌സാക്ക് എന്ന റസ്റ്ററന്റില്‍ ഞങ്ങള്‍ എത്തി. പ്രത്യേകതകളൊന്നുമില്ലാത്ത ഇവിടെയാണ് മാസിഡോണിയന്‍ അദ്ഭുതം സംഭവിച്ചത്. മനോഹരമായി ഗ്രില്‍ ചെയ്ത കബാബുകള്‍, ഒരു വലിയ ബൗള്‍ ഐവര്‍- ഞങ്ങള്‍ ഇതുവരെ രുചിച്ചതില്‍ മികച്ച രണ്ടാമത്തേത്, പുതുമയുള്ള ബ്രഡ്. ഡിസര്‍ട്ട്? തീര്‍ച്ചയായും, ഷോപ്‌സ്‌കാ സാലഡുകള്‍ തന്നെ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍