UPDATES

യാത്ര

ഇങ്ങനെ യാത്ര ചെയ്യാനാണ് എനിക്കിഷ്ടം

Avatar

ഇന്ദിര

ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. അതും തോന്നിയതുപ്പോലെയുള്ള ഒരു യാത്ര. അങ്ങോട്ടു പോകുവാണെന്ന വിചാരിക്കും പക്ഷെ പോകുന്നത് ഇങ്ങോട്ടായിരിക്കും. എങ്ങോട്ടാണ് പോകുന്നതെന്ന് എത്തുന്നിടം വരെ അറിയരുത്. എത്തി കഴിഞ്ഞാല്‍ പോകണമെന്ന് ആഗ്രഹിച്ച സ്ഥലമായിരിക്കണം അത്. അങ്ങനെ എത്തിപ്പെടാന്‍ ഇഷ്ടമുള്ള സ്ഥലങ്ങളാണ് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, തിബറ്റ് അങ്ങനെ കുറെയെറേ സ്ഥലങ്ങള്‍.

പഴയ സില്‍ക്കു റൂട്ടിലൂടെ സഞ്ചരിക്കണം. ചൈനയിലെ ഗോബി മരുഭൂമി നടന്ന് അപ്പുറം കടക്കണം. അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കീശയില്‍ നിറച്ചും മുന്തിരിയും കശുവണ്ടിയുമായി കാബൂളിവാലയായി പോകണം. ലോകത്തിലെ ഏറ്റവും ധൈര്യശാലികളും, സത്യസന്ധരുമാണെന്ന് അഭിമാനിക്കുന്ന അഫ്ഗാന്‍ പഠാണികള്‍ക്കൊപ്പം കുറച്ചു നാള്‍ കറങ്ങണം. നിലവിലെ ലോകത്തിലെ എല്ലാ യുദ്ധഭൂമികളിലും എത്തണം. അവിടു നിന്ന് ഭയത്തില്‍ നിന്ന് ഭയത്തിലേക്ക് പലായനം ചെയ്യണം.

ട്രെയിനില്‍, ബസില്‍, നടന്ന്, ആരുടെങ്കിലും ഔദാര്യത്തില്‍, സൈക്കിളില്‍ യതോരു രേഖകളുമില്ലാതെ അതിര്‍ത്തികള്‍ താണ്ടണം. ഒരോ അതിര്‍ത്തികളില്‍ നിന്നും ഇതുവരെ അനുഭവിച്ച സ്വതന്ത്ര്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ജയിലറകളിലെ അസ്വതന്ത്ര്യത്തിന്റെ ഇരുട്ടുമുറിയില്‍ കിടക്കണം. പിന്നെ അവിടു നിന്ന് ചാടി രക്ഷപ്പെട്ട് ‘എന്റെ സ്വതന്ത്ര്യം തടസപ്പെടുത്താന്‍ ഒരുത്തനും കഴിയില്ല’ എന്ന് അഹങ്കാരത്തോടെ അടുത്ത അതിര്‍ത്തി ലക്ഷ്യമാക്കി ലക്ഷ്യമില്ലാതെ സഞ്ചരിക്കണം.

അതിര്‍ത്തികളില്‍ നിന്ന് അതിര്‍ത്തികളിലേക്ക് കടക്കുമ്പോള്‍ പല വേഷങ്ങള്‍ കെട്ടണം. കൃഷിക്കാരനാകണം, ഡ്രൈവറാകണം, മോഷ്ടാവാകണം, കച്ചവടക്കാരനകണം, സൂഫിയാകണം. സന്യാസിയാകണം, ഭ്രാന്തനാകണം അങ്ങനെ പലതുമാകണം. ഒടുവില്‍ ആ വേഷം ഒരു പച്ച മനുഷ്യനാണെന്ന് ബോധ്യപ്പെടുത്തി അഴിച്ചുവയ്ക്കണം. യാത്രക്കിടയില്‍ മനുഷ്യര്‍ക്കിടയില്‍ മനുഷ്യനായി എനിക്ക് നല്‍കാവുന്നതെല്ലാം നല്‍കി ഒഴിഞ്ഞ കൈയുമായ്‌ അടുത്ത ഇടം പിടിക്കണം.

കൊടും മഞ്ഞില്‍ കാഷായ വേഷം മാത്രം ധരിച്ച് ഹഠയോഗികളെപ്പോലെ കൈലാസ പര്‍വ്വതങ്ങളിലൂടെ കയറി ഇറങ്ങണം. യാത്രക്കിടയില്‍ കണ്ടു മുട്ടുന്ന മുഖങ്ങളില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന കഥകള്‍ പറഞ്ഞു കൊടുത്തു അവര്‍ക്ക് അസൂയയുണ്ടാക്കണം. ഒറ്റ ബുക്കിലൂടെ അനുഭവിച്ച കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് പിന്‍ഗാമികളെ സൃഷ്ടിക്കണം. ആ പിന്‍ഗാമികള്‍ക്ക് ഒരിക്കലും പിന്തുടരാന്‍ കഴിയാത്തയിടങ്ങളിലേക്ക് പറക്കണം. അതു കണ്ടവരുടെ നിരാശ ഒരു ഷേക്‌സ്പ്പിയറിയന്‍ കഥാപാത്രം കൊള്ള പലിശക്കാരന്‍ ജൂതനെപ്പോലെ പൊട്ടിച്ചിരിക്കണം.

പുതിയ പുതിയ ആഗ്രഹങ്ങളും അതിനുള്ള നടപ്പും മാറി മാറി പോകുന്ന ചിന്തകളുമായി ഹിപ്പിയെപ്പോലെ അല്ലെങ്കില്‍ ഒരു വിശ്വപൗരനായി ഒന്നില്‍ ഒന്നിലേക്ക് കടന്നുപോകണം. പര്‍വ്വതങ്ങള്‍, നദികള്‍, കടലുകള്‍, കരകള്‍, മരുഭൂമികള്‍, കാടുകള്‍ എല്ലായിടത്തൂടെയും അലഞ്ഞ് തിരിഞ്ഞ് ചാഞ്ഞും ചരിഞ്ഞും വളഞ്ഞും പുളഞ്ഞും ഒഴുകണം. ആര്‍ക്കും ഒന്നിനും പിടികൊടുക്കാതെ അങ്ങനങ്ങ് പോകണം. എന്തിനെങ്കിലും പിടികൊടുക്കുകയാണെങ്കില്‍ അത് ഒന്നിന് മാത്രം. എല്ലാവര്‍ക്കും ഒഴിവാക്കാനാവാത്ത ആ ശാശ്വത സത്യത്തിന് മാത്രം. അതും പുതിയ ഒരു ലോകത്തേക്കുള്ള തുടക്കമല്ലെ.

കുറെ അങ്ങ് പോയിട്ട് ഒരു സുപ്രഭാതത്തില്‍ മരിച്ചു എന്ന് വിചാരിച്ചു കഴിയുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അവരില്‍ നിന്ന് മരണത്തെക്കുറിച്ച് കേട്ട കഥകള്‍ ശേഖരിക്കണം. പിന്നെയും അവരെ കുറെ മാക്കാറാക്കിയിട്ട് അടുത്ത ലക്ഷ്യമില്ലാത്ത അതിര്‍ത്തി ലക്ഷ്യം വച്ച് പോകണം. ഒടുവില്‍ അങ്ങനെ തന്നെ ഒടുങ്ങണം. സുഹൃത്തുക്കളും ബന്ധുക്കളും മരണവാര്‍ത്ത അറിയാതെ ഏതെങ്കിലും സുപ്രഭാതത്തിലോ കുലപാതിരയ്‌ക്കോ നമ്മളെ പ്രേതീക്ഷിച്ചിരിക്കണം. വര്‍ഷങ്ങളോളം…

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍