UPDATES

പ്രവാസം

മദാദ്: പ്രവാസി പരാതി പരിഹാരത്തിന് ഇനി ഓണ്‍ലൈന്‍ സൗകര്യം

Avatar

അഴിമുഖം പ്രതിനിധി

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി അതാത് കോണ്‍സുലേറ്റുകളിലേക്കുള്ള പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടാവും. മദാദ് (സഹായം) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ പദ്ധതി കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിലവില്‍ വന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ മദാദ് വഴി വിദേശ മിഷനുകളിലെ കോണ്‍സുലാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അത് സംബന്ധിച്ചുള്ള തീര്‍പ്പുകള്‍ അറിയാനും സാധിക്കും. എന്നാല്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പദ്ധതി തുടങ്ങി ആദ്യ ദിവസം തന്നെ 30 പരാതികള്‍ ലഭിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. പരാതികളില്‍ അധികവും മരിച്ചവരുടെ ശവശരീരം സ്വദേശത്ത് എത്തിക്കുന്നതും വേതനം ലഭിക്കാത്തതും മറ്റ് തൊഴില്‍ പ്രശ്‌നങ്ങളും സംബന്ധിച്ചാണെന്ന് കോണ്‍സുലര്‍ ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

മദാദ് ഓണ്‍ലൈനില്‍ ലഭ്യമാകാന്‍ തുടങ്ങിയിട്ട് ഏതാനും ആഴ്ചകള്‍ ആയെങ്കിലും രണ്ട് ദിവസം മുമ്പാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പരാതി പരിഹാര സംവിധാനം ദ്രുതഗതിയിലാക്കുന്നതിനും കൂടുതല്‍ സുതാര്യത നല്‍കുന്നതിനും പുതിയ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മദാദ് വഴി പരാതി പരിഹരിക്കുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. www.pasportindia.gov.in എന്ന വിലാസത്തില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സാധിക്കും. സമര്‍പ്പിക്കുന്ന പരാതികള്‍ക്കെല്ലാം ഒരു പരാതി നമ്പര്‍ ലഭ്യമാകും. പിന്നീട് പരാതിക്കാരന് ഈ നമ്പര്‍ ഉപയോഗിച്ച് തന്റെ പരാതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി തന്നെ പരിശോധിക്കാനും സാധിക്കും. പരാതിക്ക് പരിഹാരം കണ്ട രീതിയില്‍ പരാതിക്കാരന്‍ സംതൃപ്തനല്ലെങ്കില്‍ അത് പുനഃപരിശോധിക്കാനുള്ള അപേക്ഷയും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കും. മദാദ് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാണ്.

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്ത ഒരു പ്രവാസിക്ക്, പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരാള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. പരാതിയുടെ ഗൗരവം അനുസരിച്ച് 12 ദിവസം മുതല്‍ ഒരുമാസം വരെ തീര്‍പ്പാക്കാന്‍ സമയം വേണ്ടിവരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍