UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാളവ്യയില്‍ നിന്നും വാജ്‌പേയിയില്‍ നിന്നും നരേന്ദ്ര മോദി ഏറെ പഠിക്കാനുണ്ട്

Avatar

ടീം അഴിമുഖം

മദന്‍ മോഹന്‍ മാളവ്യയ്ക്കും എ ബി വാജ്‌പേയ്ക്കും ഭാരതരത്‌ന നല്‍കിയതിലൂടെ ‘സഹിഷ്ണുതയുള്ളവരുടെ’ പിന്തുണ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍ക്ക് നേടിയെടുക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ പ്രത്യയശാസ്ത്രങ്ങളെ അംഗീകരിച്ചിരുന്ന ഈ നേതാക്കളില്‍ നിന്നും മോദി ഏറെ പഠിക്കേണ്ടതുണ്ട്.

മദന്‍ മോഹന്‍ മാളവ്യയുടെ പാരമ്പര്യം അടിച്ചുമാറ്റാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, മാളവ്യയുടെ സംഭാവനകളിലെ മതേതര മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പുസ്തകം ഇറങ്ങുന്നു എന്നത് യാദൃശ്ചികമല്ല. മധുകര്‍ ഉപാദ്ധ്യായ രചിച്ച്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തില്‍ മാളവ്യയെ ഉത്പതിഷ്ണുവായ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായി വരച്ചു കാട്ടുന്നു.

ആ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ‘മതത്തെക്കുറിച്ചുള്ള മാളവ്യയുടെ കാഴ്ചപ്പാട് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിന് ജനങ്ങള്‍ അദ്ദേഹത്തെ ഹിന്ദുമതത്തിന്റെ പ്രചാരകനായി തെറ്റിധരിക്കുകയായിരുന്നു.’ മാളവ്യയുടെ വാക്കുകള്‍ പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ മറ്റ് മതങ്ങളോട് അര്‍ഹമായ ബഹുമാനം കാണിക്കണം. ഒരാളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ, മറ്റുള്ളവരെ നിന്ദിക്കാതിരിക്കാനും എതിര്‍പ്പുള്ളവരോട് സഹിഷ്ണുത പുലര്‍ത്താനും ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളോടും സ്‌നേഹം പ്രകടിപ്പിക്കാനും സാധിക്കണം….’

1918 ല്‍ എഐസിസിയുടെ ഡല്‍ഹി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാളവ്യ പറഞ്ഞു: ‘അനുചിതവും അസന്തുഷ്ടവുമായ ഒരു സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. ഇവിടുത്തെ ഹിന്ദുക്കളും മുസല്‍മാന്മാരും പാഴ്‌സികളും ക്രിസ്ത്യാനികളുമടങ്ങുന്ന ജനത നമ്മുടെ മഹത്തും പുരാതനവുമായ സംസ്‌കാരത്തിന്റെ പിന്മുറക്കാരാണ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ഭരണം ഇന്ത്യക്കാരുടെ കൈകളില്‍ തന്നെയായിരുന്നു’.

കോണ്‍ഗ്രസിനെ സ്വന്തം മാതാവ് എന്നാണ് മാളവ്യ വിശേഷിപ്പിച്ചത്. ‘എനിക്കെങ്ങനെ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സാധിക്കും? എനിക്ക് അത് അമ്മയെ പോലെയാണ്. അതിന്റെ പിറകെ ഒരു കുട്ടിയെ പോലെ ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു’, ദേശീയ പ്രസ്ഥാനത്തിന് കീഴില്‍ പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് മാളവ്യയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

ഹിന്ദു-മുസ്ലീം ഐക്യത്തെക്കുറിച്ചുള്ള മാളവ്യയുടെ ചില പരാമര്‍ശങ്ങളും കോണ്‍ഗ്രസ് ഉദ്ധരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഉദ്ധരണി ഇങ്ങനെ വായിക്കാം: ‘ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല. അത് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പാഴ്‌സികളുടെയും കൂടിയാണ്. ഈ ഐക്യം തര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ സമുദായത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ കൂടി ശത്രുക്കളാണ്.’

മാളവ്യയ്ക്ക് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ‘ഭാരതരത്‌നയുടെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയം കലരാന്‍ പാടില്ല. ഹിന്ദു മഹാസഭ സ്ഥാപിച്ചതിലൂടെ മാളവ്യയാണ് ഇന്ത്യയില്‍ വിഭാഗീയ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്’, ജമാഅത്തെ-ഇ-ഇസ്ലാമി ഹിന്ദ് തുടക്കം കുറിച്ച രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഡോ. റഹ്മാനി ചൂണ്ടിക്കാട്ടുന്നു.

‘ബനാറസ് ഹിന്ദു സര്‍വകലാശാല- അറിയപ്പെടാത്ത കഥ’ എന്ന പുസ്തകത്തിന്റെ രചയിതാവ് തേജ്കര്‍ ഝാ പറയുന്നത് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഏക സ്ഥാപകനല്ല മാളവ്യയെന്നാണ്. ആനി ബസന്റും ദര്‍ബാംഗ് രാജാവ് രാമേശ്വര്‍ സിംഗും മാളവ്യയോടൊപ്പം സര്‍കലാശാലയുടെ സഹസ്ഥാപകരായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘അപ്പോള്‍ അവരില്‍ ഒരാള്‍ മാത്രം എങ്ങനെയാണ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനാവുക? ഹിന്ദു സര്‍വകലാശാലയുടെ സമിതിയുടെ രേഖകളില്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? സൊസൈറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍വകലാശാലയുടെ തന്നെ മാര്‍ഗ്ഗരേഖകള്‍ ലംഘിച്ചുകൊണ്ട് സ്ഥാപകന്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ക്ക് ഓണാറേറിയം ലഭിച്ചത് എങ്ങനെയാണ്?’ ഝാ ചോദിക്കുന്നു.

ഇരു നേതാക്കള്‍ക്കും ഭരതരത്‌ന നല്‍കിയതിനെ പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു പരിധിവരെ ഇന്ത്യയുടെ ചിന്താധാരയായ മതേതരത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതില്‍ ഇരു നേതാക്കളും പങ്ക് വഹിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. ‘ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ നേതാക്കള്‍ കാണിച്ച വഴികളിലൂടെ സഞ്ചരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ മാക്കന്‍ മധ്യമങ്ങളോട് പറഞ്ഞു. വാജ്‌പേയ് രാജധര്‍മത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാക്കന്‍, അത് മനസില്‍ സൂക്ഷിക്കാനും പിന്തുടരാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

അന്താരാഷ്ട്ര വിഷയങ്ങളില്‍ നെഹ്രുവിന്റെ പാരമ്പര്യം പിന്തുടരാന്‍ വാജ്‌പേയ്ക്ക് സാധിച്ചിരുന്നതായി ഒരു ഇടത് നേതാവ് പറഞ്ഞു. ‘ഇറാഖിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുന്നതിന് എല്‍ കെ അദ്വാനി തിരക്ക് കൂട്ടിയപ്പോള്‍, മുതിര്‍ന്ന നേതാക്കളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായും എ ബി ബര്‍ദാനുമായും കൂടിക്കാഴ്ച നടത്തി വാജ്‌പേയ്, ഈ നീക്കത്തിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദമുയര്‍ത്തണമെന്ന് അവരോട് ആവശ്യപ്പെടുകയായിരുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍