UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദനിയുടെ സുരക്ഷ ചെലവ്; കര്‍ണാടക സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം

ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നു കോടതി

അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ കേരളത്തില്‍ പോകുന്നതിനു സുരക്ഷയൊരുക്കാന്‍ വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ കര്‍ണാടകം ശ്രമിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്. സുപ്രിം കോടതി ഉത്തരവിനെ വിലകുറച്ചു കാണരുതെന്ന താക്കീതും കോടതി നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും മാത്രം അനുവദിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഇതെത്ര തുക വരുമെന്ന് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സുരക്ഷാച്ചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരേ മദനി ഇന്നു സുപ്രിം കോടതിയില്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിമര്‍ശനം. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് മദനിക്കുവേണ്ടി ഹാജരായത്.

മുന്‍പ് മദനി കേരളത്തില്‍ എത്തിയപ്പോള്‍ നാലു സുരക്ഷ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോഴെന്തിനാണ് 19 പേരെന്നും കോടതി ചോദിച്ചു. കേരള സര്‍ക്കാര്‍ മദനിക്ക് സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞതിനെയും കോടതി തടഞ്ഞു. അഡീഷണല്‍ സുരക്ഷ വേണമെങ്കില്‍ മാത്രം കേരളം അതു ചെയ്താല്‍ മതിയെന്നും മദനിയുടെ സുരക്ഷ ചുമതല കര്‍ണാടകത്തിനു തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ 15 ലക്ഷത്തിനടുത്ത് രൂപ സുരക്ഷ ചെലവിലേക്കായി മദനി കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക പൊലീസ് പറഞ്ഞത്. ഇത്രയും തുക ചെലവഴിക്കാന്‍ ഇല്ലാത്തതിനാല്‍ കേരളത്തിലേക്ക് വരുന്നില്ലെന്നു മദനി അറിയിച്ചിരുന്നു. രോഗിയായ അമ്മയെ സന്ദര്‍ശിക്കാനും മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനുമായിരുന്നു ഈ മാസം 20 വരെ കേരളത്തില്‍ പോകാന്‍ മദനിക്ക് സുപ്രിം കോടതി ജാമ്യം നല്‍കിയത്.

കര്‍ണാക സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് പിഡിപി നേതാക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദനിയുടെ സുരക്ഷ ചുമതല സംസ്ഥാനം വഹിച്ചോളാമെന്നു കാണിച്ചു കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതാമെന്നു പിണറായി വിജയന്‍ പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍