UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ത്താവിനെ മറന്ന സഭ യൂദാസിനെയെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു

Avatar

കെ എ ആന്റണി

“We were therefore buried with him through baptism into death in order that , just as Christ was raised from the dead through the glory of the Father, we too may live a new life” (Romans 6: 4) 

‘യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം’ എന്ന വരികള്‍ കുഞ്ഞുണ്ണി മാഷ് കുറിക്കുന്നതിനും ഏറെ മുമ്പ് തന്നെ ക്രൈസ്തവ സഭ ഇരട്ട നീതി നടപ്പിലാക്കുന്നതില്‍ സാമര്‍ത്ഥ്യം കാണിച്ചിരുന്നു. സൂര്യന്‍ ഭൂമിക്കു ചുറ്റുമല്ല ഭൂമി സൂര്യനു ചുറ്റുമാണ് തിരിയുന്നത് എന്ന് പറഞ്ഞ ഗലീലിയോയെ മുട്ടില്‍ നിര്‍ത്തി തിരിച്ചു പറയിച്ച അതേ സഭാ കോടതി (ഇന്‍ക്വിസിഷന്‍) മറ്റൊരു ശാസ്ത്രജ്ഞനായിരുന്ന ബ്രൂണോയെ ചുട്ടുകൊല്ലുകയും ചെയ്തു.

ദൈവ പ്രമാണങ്ങള്‍ പത്താണെങ്കിലും സഭയുടേതായി അഞ്ചെണ്ണം വേറെയുമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ദേവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതാരവും മറ്റ് ഓഹരികളും കൊടുക്കണം എന്നതാണ്. പള്ളിക്ക് നല്‍കേണ്ട പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഒട്ടേറെ നിര്‍ദ്ധന യുവതികളുടെ വിവാഹം മുടങ്ങിയ സംഭവങ്ങളും പള്ളിക്കുടിശിക അടച്ചു തീര്‍ക്കുന്നതുവരെ മൃതദേഹങ്ങള്‍ പള്ളി വരാന്തയില്‍ വച്ച് വിലപേശിയ സംഭവങ്ങളും ഇത് എഴുതുന്ന ആളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

പള്ളിയില്‍ കൃത്യമായി പോകാത്തതിന്റെ പേരില്‍ ദരിദ്രരായ പലരേയും തെമ്മാടിക്കുഴിയില്‍ അടക്കിയിരുന്ന പഴയ കാലത്തും ദുര്‍മാര്‍ഗ്ഗികളായി ജീവിച്ച് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ ധനാഢ്യന്‍മാരെ പണക്കിലുക്കത്തിന്റെ ബലത്തില്‍ മാന്യന്‍മാരെ സംസ്‌കരിക്കുന്നിടത്തു തന്നെ സംസ്‌കരിച്ച നാലിലേറെ സംഭവങ്ങള്‍ക്കും ഈയുള്ളവന്‍ സാക്ഷിയായിട്ടുണ്ട്.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശി മധു ജോത്സന അഖൌരി എന്ന സ്ത്രീ ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചത്. അവരുടെ ആദ്യത്തെ പേര് മേരി ജോണ്‍ എന്നായിരുന്നു. അട്ടമംഗലത്തെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച അവര്‍ ആദ്യമായി ദിവ്യകുര്‍ബാന സ്വീകരിച്ചതും അവിടെ നിന്നു തന്നെ. താന്‍ മാമോദീസ മുങ്ങിയ പള്ളിയിലെ കുടുംബ കല്ലറയില്‍ തന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന അവരുടെ ആഗ്രഹം ചില പാതിരിമാരുടെ കടുംപിടിത്തം കാരണം നിറവേറിയില്ല.

പൗലോസ് ശ്ലീഹ പറയുന്നത് അനുസരിച്ച് ക്രിസ്തുവിന്റെ നാമത്തില്‍ മാമോദീസ മുങ്ങിയവരൊക്കെ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടിരിക്കയാല്‍ തീര്‍ച്ചയായും മധു ജ്യോത്സനയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കണമല്ലോ. അപ്പോള്‍ പിന്നെ എന്തുകൊണ്ട് താന്‍ മാമോദീസ സ്വീകരിച്ച പള്ളിയിലെ കുടുംബ കല്ലറയില്‍ തന്നെ സംസ്‌കരിക്കണമെന്ന അവരുടെ ആഗ്രഹം നിരാകരിക്കപ്പെട്ടു. ഇതിന് പള്ളി അധികൃതര്‍ മുന്നോട്ടു വയ്ക്കുന്ന വാദം ഇതാണ്. മധു ജ്യോത്സന എന്ന മേരി ജോണ്‍ ആ പള്ളി ഇടവകയിലെ സ്ഥിര താമസക്കാരിയല്ല. പള്ളിയിടവകയിലെ അംഗത്വം അവര്‍ പുതുക്കിയിട്ടില്ല. എന്നു വച്ചാല്‍ പ്രസ്തുത പള്ളിക്ക് കൃത്യമായി പതാരവും ഓഹരിയും അടച്ചില്ലെന്ന് സാരം.

മാമോദീസയും ശവസംസ്‌കാരവും സംബന്ധിച്ച് ബൈബിള്‍ പറയുന്നത് എന്താണെന്ന് പരിശോധിക്കാന്‍ എല്ലാ പാതിരിമാരും ബാധ്യസ്ഥരാണ്. പൗലോസ് ശ്ലീഹ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ എന്ന ചെറിയ അധ്യായം അതില്‍ ഇങ്ങനെ പറയുന്നു. പൗലോസ് എന്ന അപ്പോസ്തലന്റെ ഈ ലേഖനത്തില്‍ ജ്ഞാനസ്‌നാനവും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് പറയുന്ന ഇതിന്റെ സാരാംശം ഇങ്ങനെ ജ്ഞാന സ്‌നാനത്തിലൂടെ അവനുമായി (യേശുക്രിസ്തു) മരണത്തില്‍ അയക്കപ്പെട്ട നമ്മള്‍ പിതാവായ ദൈവത്തിന്റെ മഹത്വത്താല്‍ ക്രിസ്തുവിന് ഒപ്പം ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

പള്ളിമേടകളിലെ സുഖഭോഗങ്ങളില്‍ മുഴുകുന്ന എത്ര പാതിരിമാര്‍ പൗലോസ് ശ്ലീഹയുടെ ഈ വാക്കുകള്‍ മനസ്സിരുത്തി വായിച്ചിട്ടുണ്ടാകും. ഇനിയിപ്പോള്‍ ഇക്കാര്യങ്ങള്‍ ഒക്കെ അവര്‍ക്ക് മനഃപാഠമാണെങ്കില്‍ തന്നെ പള്ളിക്ക് കിട്ടേണ്ട ‘ചിക്കിലി’യെ കുറിച്ചുള്ള സഭാധ്യക്ഷന്‍മാരുടെ ഗീര്‍വാണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും.

യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനു കിട്ടിയത് മുപ്പത് വെള്ളിക്കാശായിരുന്നു. ക്രിസ്തു ദൈവപുത്രനാണെന്ന് അറിയുന്ന യൂദാസ് കരുതിയത് അദ്ദേഹം പടയാളികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുമെന്നാണ്. എന്നാല്‍ ഏറെ വിചാരണകള്‍ക്ക് ഒടുവില്‍ യേശുവിനെ കുരിശില്‍ തറച്ച് കൊല്ലാന്‍ തീര്‍പ്പായപ്പോള്‍ മനം നൊന്ത യൂദാസ് യഹൂദ പുരോഹിതന്‍മാര്‍ക്ക് മുമ്പില്‍ തനിക്ക് ലഭിച്ച കൈക്കൂലി വലിച്ചെറിയുകയാണുണ്ടായത്. ഇത് വിശുദ്ധ ചോരയുടെ കൂലിയാണ് എനിക്കിത് വേണ്ട എന്നാണത്രേ യൂദാസ് അവരോട് ആക്രോശിച്ചത്. തുടര്‍ന്ന് തൂങ്ങിമരിച്ചു യൂദാസ്. അയാള്‍ തിരിച്ചു നല്‍കിയ പണം ചോരക്കറ പുരണ്ടതാണെന്ന് അറിയാമായിരുന്ന പുരോഹിതന്‍മാരും പ്രമാണിമാരും അത് ദേവാലയത്തിലെ ഭണ്ഡാരത്തിലേക്ക് ഉതകുന്നതല്ലെന്ന് തീരുമാനിച്ചു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആ പണം നല്‍കി അവര്‍ കുശവന്റെ നിലം വാങ്ങി. പരദേശികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുവേണ്ടിയാണ അവര്‍ ആ ഭൂമി വാങ്ങിയതെന്നും ബൈബിള്‍ പറയുന്നു. യേശുവിനെ കുരിശിലേറ്റിയ യഹൂദന്‍മാര്‍ പോലും പരദേശികളുടെ ജഡം സംസ്‌കരിക്കുന്നതില്‍ ഉത്തരവാദിത്വം കാണിച്ചിരുന്നു. നമ്മളുടെ വര്‍ത്തമാന കാല സഭയുമായി തട്ടിച്ചു നോക്കുമ്പോള്‍ അവര്‍ കുറ്റവാളികള്‍ എന്ന് പറയുന്ന യഹൂദര്‍ എത്രയോ മെച്ചം. അല്ലെങ്കിലും യഹൂദന്‍മാരും നസ്രാണികളും ഇപ്പോള്‍ ഒറ്റക്കെട്ടാണല്ലോ. പലസ്തീനിലെ കൂട്ടക്കുരുതികള്‍ കാണാതെ പോകുന്ന കേരളത്തിലെ നസ്രാണി സമൂഹത്തിന് മധു ജ്യോത്സനയുടെ മതാചാരപ്രകാരമുള്ള ശവ സംസ്‌കാരത്തെ എങ്ങനെ വലുതായി കാണാനാകും.

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വരൂ. പരേതാത്മാക്കള്‍ അവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കട്ടെ എന്ന് പറഞ്ഞ യേശുക്രിസ്തു ഒരു വലിയ സന്ദേശമാണ് ലോകത്തിന് കൈമാറിയത്. പഴമയില്‍ തുടരാതെ പുതിയ ജീവിതത്തിലേക്ക് നടക്കൂ എന്ന ആ സന്ദേശം ഇനിയെങ്കിലും നമ്മളുടെ പാതിരിമാര്‍ ചെവിക്കൊണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍