UPDATES

സിനിമ

മനസ്സിലെ സിനിമകള്‍ ചെയ്യാന്‍ കഴിയാത്തതില്‍ മധു നിരാശനായിരുന്നു: മധു കൈതപ്രത്തെ ആലങ്കോട് ലീലാകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു

Avatar

മൂന്നു ദിവസം മുമ്പും മധു എന്നെ വിളിച്ചിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലാണ്. ആയുര്‍വേദത്തെക്കുറിച്ച് ചില വിവരങ്ങള്‍ അറിയാനാണ്. വേണ്ടസഹായങ്ങള്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കി വേഗം സുഖമായി തിരിച്ചുവരാന്‍ ആശംസിച്ച് ഫോണ്‍ വയ്ക്കുമ്പോള്‍ എനിക്കറിയില്ലായിരുന്നു, മധുവിന്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന്. മധുവിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നപ്പോള്‍, എനിക്കെന്റെ സ്വന്തം അനുജനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ്. അങ്ങനെയൊരു ബന്ധം മധുവായിട്ടു തന്നെയാണ് ഞങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. സ്വന്തം ചേട്ടന്റെ സ്ഥാനമായിരുന്നു എനിക്ക് നല്‍കിയിരുന്നത്.

ചില പ്രത്യേക കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്താണ് മധുവുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. ജയരാജിന്റെ ശിഷ്യനാണെന്ന് പറഞ്ഞ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കണ്ണന്‍ സൂരജാണ് എനിക്ക് മധുവിനെ പരിചയപ്പെടുത്തുന്നത്. സിനിമയ്ക്ക് എഴുതണമെന്ന് പറഞ്ഞപ്പോള്‍ പല ഒഴിവുകഴിവുകളും പറഞ്ഞ് പിന്മാറാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ മധുവുമായുള്ള സംസാരം എന്നെ ആ ചെറുപ്പക്കാരനിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരുന്നു. അയാളിലുള്ളൊരു സ്പാര്‍ക്ക് ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഒടുവില്‍ ഒഴിഞ്ഞുമാറാനാവാത്ത വിധം ബന്ധത്തിന്റെ ഒരു സ്‌നേഹക്കൂടിലേക്ക് മധു എന്നെ കൊണ്ടുവന്നെത്തിച്ചു. ഇഴവലിപ്പമില്ലാത്ത ആത്മബന്ധത്തിന്റെ പാവുതുന്നിയാണ് ‘ഏകാന്തം’ എന്ന സിനിമയുടെ പിറവിയേല്ക്ക് മധു എന്നെ ക്ഷണിച്ചുവരുത്തിയത്.

വളരെ ആത്മാര്‍ത്ഥവും സത്യസന്ധവുമായൊരു സിനിമയായിരുന്നു ഏകാന്തം. മലയാളത്തിലെ കിടയറ്റ രണ്ട് അഭിനേതാക്കളുടെ സാന്നിധ്യംകൊണ്ടും ആ സിനിമ ഗംഭീരമായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ മധുവിന് 38 വയസ്സോളമെ പ്രായമുണ്ടായിരുന്നുള്ളൂ. വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു ചെറുപ്പക്കാരന്‍ സിനിമയാക്കുന്നതിലെ സവിശേഷതകൂടി ഏകാന്തത്തിനുണ്ടായിരുന്നു. ഒരുപക്ഷേ മലയാളത്തില്‍ അങ്ങനെയൊരു സിനിമ അതിനു മുമ്പ് ഉണ്ടായിക്കാണില്ല.

ജീവിതസായാഹ്നത്തില്‍ നില്‍ക്കുന്ന രണ്ടു സഹോദരന്മാര്‍ തമ്മിലുണ്ടാകുന്ന ആത്മീയമായ ബന്ധത്തിന്റെ കഥയാണ് ഏകാന്തം പറയുന്നത്. രോഗം, വാര്‍ധക്യം, ഒറ്റപ്പെടല്‍,നിരാശ്രയത്വം; ഇതില്‍ നിന്നെല്ലാമുണ്ടാകുന്ന പരസ്പര ഐക്യം, വീട്, പ്രകൃതി, മണ്ണ് എന്നിവയൊക്കെയായി, ഒരുപക്ഷേ വരുംകാലം വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതായ വിഷയം തന്റെ സിനിമയ്ക്ക് പ്രമേയമാക്കാന്‍ തയ്യാറായത് തന്നെയാണ് മധു കാണിച്ച ധീരത. അതും തന്റെ ചെറുപ്രായത്തില്‍. സ്വന്തം പ്രായത്തിനനുസരിച്ച് വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിനു പകരം ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യത്തെ ഹൃദയാര്‍ദ്രമായി യാതൊരു കൃത്രിമത്വവുമില്ലാതെ മധു സിനിമയാക്കി എന്നതുതന്നെയാണ് ഏകാന്തത്തിന്റെ പ്രധാന പ്രത്യേകത. സിനിമയുടെ പരിചരണത്തിലോ ആശയത്തിലോ യാതൊരുവിധ ഒത്തുതീര്‍പ്പുകളോ നിര്‍മാണകൗശലതകളോ ഇല്ലാതെ വളരെ ആത്മാര്‍ത്ഥമായി ഒരു ജീവിതാവസ്ഥ പറയുകയായിരുന്നു മധു.

ഏകാന്തത്തില്‍ മുരളിച്ചേട്ടന്‍ രാവുണ്ണി എന്ന അനിയന്‍ കഥാപാത്രത്തെയും തിലകന്‍ ചേട്ടന്‍ അച്യുതമേനോന്‍ എന്ന ജ്യേഷ്ഠകഥാപാത്രത്തെയും അവതരിപ്പിക്കുകയാണ്. ഷൂട്ടിംഗ് തീര്‍ന്ന് പിരിയാറായപ്പോള്‍ മധു എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു-‘ ഏട്ടാ… ഞാന്‍ രാവുണ്ണിയാണ്, ഏട്ടനാണ് അച്യുത മേനോന്‍’.

ആ സിനിമയ്ക്കുശേഷവും മധു എന്നെ വിളിക്കുമായിരുന്നു. സിനിമാക്കാരനായല്ല, ഒരനുജന്‍ ചേട്ടനെയെന്നപോലെ. അത്തരമൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ മധു എപ്പോഴും ശ്രദ്ധിച്ചിരുന്നു.

സിനിമയില്‍ തന്റെതായ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തനായ പ്രതിഭയായിരുന്നു മധു. പക്ഷെ അദ്ദേഹത്തെ അര്‍ഹിച്ച വിധത്തില്‍ സ്വീകരിക്കാന്‍ നമ്മുടെ സിനിമാ മേഖല തയ്യാറായിരുന്നില്ല. തന്റെ മനസ്സിലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോകുന്നതിന്റെ നിരാശ മധുവിലുണ്ടായിരുന്നു.

ഞങ്ങളൊരുമിച്ച് ഒരു സിനിമ കൂടി മധുവിന്റെ ആഗ്രഹമായിരുന്നു. അതുമായി ബന്ധപ്പെട്ട് പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു. ലീലാകൃഷ്ണന്‍ ചേട്ടനെക്കൊണ്ട് എഴുതിച്ചാലെ എനിക്ക് പൂര്‍ണതൃപ്തിയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുള്ളൂവെന്ന് മധു പറയുമായിരുന്നു. മധുവിനുവേണ്ടി ഒരു സബ്ജക്ട് ഞാന്‍ കണ്ടെത്തിയിരുന്നു. അതു ചര്‍ച്ച ചെയ്യാനായി ഒരുമിച്ചിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ…

ഏകാന്തത്തിന്റെ ക്ലൈമാക്‌സില്‍ രാവുണ്ണി അച്യുതമേനോനോട് പറയുന്നുണ്ട്, ഞാന്‍ പോയാല്‍ ഒറ്റയ്ക്കാവില്ലെ ഏട്ടന്‍?

‘നീ എന്നും എന്റെ മനസ്സില്‍ ഉണ്ടാവും’ എന്നാണ് അച്യുതമേനോന്‍ രാവുണ്ണിയോട് മറുപടിയായി പറയുന്നത്.

ആ സിനിമ അറംപറ്റിയപോലെയാണ് തോന്നുന്നത്. മധു എന്നെ വിട്ടുപോയിരിക്കുന്നു…പക്ഷെ എന്റെ മനസ്സില്‍ മധു എന്നും ഉണ്ടാവും…എന്റെ ഏകാന്തതകളിലും.

മധു കൈതപ്രം
മലയാള സിനിമയുടെ കച്ചവടക്കൂട്ടുകളിലേക്ക് ആകര്‍ഷിക്കപ്പെടാതെ ജീവിതാവസ്ഥകളുടെ നേര്‍വിവരണമെന്നവണ്ണം സിനിമകള്‍ സൃഷ്ടിച്ച കലാകാരന്‍. ആദ്യ ചിത്രമായ ഏകാന്തത്തിലൂടെ ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു. ഏകാന്തത്തിന്  2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കരം ലഭിച്ചു. 2009 ല്‍ രണ്ടാമത്തെ സിനിമയായ മധ്യവേനല്‍ ചെയ്തു. 2011 ല്‍ ഇറങ്ങിയ ഓര്‍മ്മ മാത്രം ആണ് മൂന്നാമത്തെ ചിത്രം. ഈ വര്‍ഷം പുറത്തിറങ്ങിയ വെള്ളിവെളിച്ചത്തില്‍ ആണ് അവസാനം സംവിധനം ചെയ്ത സിനിമ. സത്യസന്ധമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കണമെന്ന് ആഗ്രഹിച്ച മധു കൈതപ്രം അതിനുള്ള ഭാഗ്യം പ്രക്ഷകര്‍ക്ക് ലഭിക്കുന്നതിന് മുമ്പെ മരണത്തിന്റെ ഇരുളിലേക്ക് മറഞ്ഞു.

( മധു കൈതപ്രം സംവിധാനം ചെയ്ത ആദ്യ സിനിമയായ ഏകാന്തത്തിന്റെ തിരക്കഥ രചിച്ചത് പ്രശസ്ത സാഹിത്യകാരന്‍കൂടിയായ ആലങ്കോട് ലീലകൃഷ്ണനാണ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍