UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസം വിജയിക്കില്ല, സോഷ്യലിസം ഉടോപ്യ; മധു മാസ്റ്റര്‍ സംസാരിക്കുന്നു ഒരു മുന്‍ നക്സലൈറ്റ് ജീവിതം പറയുന്നു- ഭാഗം 1

Avatar

കമ്മ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തിലൂടെയും നാടക പ്രവർത്തനത്തിലൂടെയും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ സ്വയം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് മധു മാസ്റ്ററുടേത്. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. സി പി എമ്മില്‍ നിന്നും തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. നാടകത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരിൽ മൂന്നു തവണയായി 30 മാസത്തോളം ജയിലില്‍ കിടന്നു. അടിയന്തിരാവസ്ഥയ്ക്ക് തൊട്ട് മുന്‍പ് എഴുതിയ ‘ഇന്ത്യ-74’ പ്രവചനാത്മകമായ ഒന്നായിരുന്നു. ഏകാധിപതിയായ ഭരണാധികാരിയുടെ വരവ് ആ നാടകം മുന്‍കൂട്ടി പ്രഖ്യാപിച്ചു. പടയണി, അമ്മ, സ്‌പാർട്ടക്കസ്‌, കറുത്തവാർത്ത, സുനന്ദ, കലിഗുല തുടങ്ങിയവ മറ്റ് പ്രധാന നാടകങ്ങള്‍. കലിഗുല യും അമ്മയും കേരളമൊട്ടാകെ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്നു.  1948 ഒക്‌ടോബർ 12ന്‌ കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താമത്തെ മകനായിട്ട് ജനനം. മധുമാസ്റ്റര്‍ തന്റെ ജീവിതം സഫിയയോട് പറയുന്നു.-ആദ്യ ഭാഗം ഇവിടെ വായിക്കാം; ഒരു മുന്‍ നക്സലൈറ്റ് ജീവിതം പറയുന്നു 

ടീച്ചേഴ്സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഉടനെ എനിക്ക് ജോലി കിട്ടി. വയനാട്ടിലായിരുന്നു. ആദ്യം എപ്ലോയ്മെന്‍റ് വഴിയായിരുന്നു നിയമനം. കൈനാട്ടി എല്‍ പി സ്കൂളിലായിരുന്നു. അഞ്ചാറ് മാസം അവിടെ ജോലി ചെയ്തു. അന്ന് വളരെ ചെറിയ ശമ്പളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അറുപതോ എഴുപതോ രൂപ. ടി എ, ഡി എ ഒന്നും ഇല്ല. ഞാന്‍ ഇടക്ക് നാട്ടില്‍ വരും. അമ്മയ്ക്ക് അതില്‍ നിന്നു കുറച്ചു പൈസ കൊടുക്കും.

അവിടെ കുറച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്നു. ട്യൂഷന്‍ എടുക്കാന്‍ പോകുന്നതിന് രണ്ട് കാരണം ഉണ്ട്. രാവിലെ ആറ് മണിക്ക് ഞാന്‍ ക്ലാസ് വെക്കും. രാവിലത്തെ ഭക്ഷണം അവിടന്ന് കഴിക്കും. പിന്നെ രാത്രി വേറൊരു വീട്ടില്‍ ട്യൂഷന്‍ ഉണ്ട്. അപ്പോ രാത്രി ഭക്ഷണം അവിടന്നു കിട്ടും. ഉച്ചക്കത്തെ ഭക്ഷണം എന്റെ കൂട്ടുകാരന്‍ സലീമിന്റെ വക തങ്കപ്പേട്ടന്റെ കടയില്‍ നിന്നു കഴിക്കും. അന്ന് ഞാന്‍ അരച്ചോറാണ് കഴിക്കുക. അങ്ങനെയിരിക്കുമ്പോള്‍ എനിക്കു പുതിയ നിയമനം കിട്ടി. 100 രൂപ ശമ്പളത്തില്‍. ഒരു കൊല്ലം പൂര്‍ത്തിയാക്കിയാല്‍ മുഴുവന്‍ ശമ്പളത്തോടെ സ്ഥിരനിയമനം കിട്ടും. കല്‍പ്പറ്റയില്‍ തന്നെയുള്ള സ്കൂളിലായിരുന്നു അത്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള കുറച്ചു കൂട്ടുകാരും ഒക്കെയായി അവിടെ സുഖമായിരുന്നു. അവിടന്ന് ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ മൂന്നുപേരും കൂടെ പ്രേമിച്ചിട്ടുണ്ട്. അവളുടെ വീട് ചേമ്പ്ര പീക്കിലാണ്. മേപ്പാടിയില്‍ നിന്നു കുറെ നടന്നുപോണം. ഞങ്ങള്‍ മൂന്നുപേരും പിന്നാലെ പോകും. എന്നെക്കാള്‍ സൌന്ദര്യമുണ്ട് കൂട്ടുകാരന്. അവിടത്തെ എസ് ഐ യുടെ മോനൊക്കെ കൂടെ ഉണ്ടായിരുന്നു. പക്ഷേ എന്നോടേ ചിരിക്കാറുള്ളൂ. എന്നോടു അവര്‍ക്ക് അസൂയയായിരുന്നു.

പിന്നീട് കല്‍പ്പറ്റയില്‍ നിന്നു ഞാന്‍ മീനങ്ങാടി സ്കൂളിലേക്ക് മാറി. ആ സമയത്തൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികമൊന്നും ഇല്ല. ഇതിനിടക്കാണ് ഞാന്‍ ‘ഇന്ത്യ 74’ എന്ന നാടകം എഴുതുന്നത്. അടിയന്തിരാവസ്ഥയ്ക്ക് മുന്‍പാണത്. ഇന്ദിരാഗാന്ധിയുടെ ഭരണത്തോടുള്ള പ്രതിഷേധമായിരുന്നു അതിനു പിന്നില്‍. മാക്സിസ്റ്റുകാര്‍ ഇന്ദിരാ ഗാന്ധിയെ അന്നേ ഫാസിസ്റ്റ് എന്നാണ് വിളിക്കാറുള്ളത്. ഒറ്റയ്ക്കുള്ള തീരുമാനങ്ങളായിരുന്നല്ലോ അവരുടേത്. നെഹ്രുവിന്‍റെ മാതിരിയുള്ള ഒരു രീതിയായിരുന്നില്ലല്ലോ. ആദ്യമേ തന്നെ അവരുടേത് ഏകാധിപതിയുടെ സ്വഭാവമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ അത് പ്രകടമായിട്ടു വരികയായിയിരുന്നു. നഗരത്തില്‍ പ്രധാന മന്ത്രി വരുന്നതിന്‍റെ ഭാഗമായി ചേരിയിലെ ആള്‍ക്കാരെയൊക്കെ ഒഴിപ്പിക്കുകയാണ്.  അതിനെതിരെ ഒരു പഴയ വിപ്ലവ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ കലാപമുണ്ടാക്കുന്നു. ആ കലാപത്തോടു കൂടിയാണ് നാടകം അവസാനിക്കുന്നത്. ഈ നാടകത്തിനു ശേഷമാണ് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നത്. അപ്പോ ഞങ്ങളുടെ നാടകം ഒരു പ്രവചനം പോലെയായി. പോലീസ് എന്നെ അന്വേഷിച്ചു വന്നു. ഞാന്‍ ഒളിവില്‍ പോയി. പിന്നെ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണൂരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. എറണാകുളത്തും ഉണ്ടായിരുന്നു. ജയറാം പടിക്കലിന്റെയൊക്കെ നേതൃത്വത്തില്‍ ഉള്ള ക്യാമ്പ്. രാജന്‍ കൊല്ലപ്പെടുന്നതൊക്കെ ആ സമയത്താണ്. അതിഭീകരമായ മാര്‍ദ്ദന മുറകളായിരുന്നു. എപ്പോഴും കാലും കൈയും ഒക്കെ ചങ്ങലക്കിട്ട് കിടത്തുകയാണ് ചെയ്യുക. കയ്യൊന്നും അനക്കാന്‍ പറ്റില്ല. ഒരു ദിവസം ഒരു നേരം മാത്രം എന്തെങ്കിലും കുറച്ചു ഭക്ഷണം തരും. ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത് ഞാന്‍ മാത്രമാണ്. ദാമോദരന്‍ മാഷ്, വേണു തുടങ്ങിയ ആള്‍ക്കാരൊക്കെ പിന്നീടാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നെ എമര്‍ജന്‍സി കഴിഞ്ഞപ്പോ ഞങ്ങള്‍ കേസ് വാദിച്ചു. കേസ് വെറുതെ വിട്ടു.

മീനങ്ങാടി സ്കൂളില്‍ വെച്ച് 1975 ല്‍ ഞാനൊരു കുട്ടികളുടെ നാടകം എഴുതിയിരുന്നു. അതിന്റെ പേര് മറന്നുപോയി. നാടകത്തില്‍ സുലോചന എന്ന പെണ്‍കുട്ടി ഉണ്ടായിരുന്നു. പിന്നീട് ജയിലിലൊക്കെ ആയതാണ് സുലോചന. എന്നെ അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ അവളെയും അറസ്റ്റ് ചെയ്തിരുന്നു. മീനങ്ങാടി സ്കൂളില്‍ ഞാന്‍ മാഷായിരിക്കുമ്പോള്‍ പഠിപ്പിച്ച കുട്ടിയാണ്. പാര്‍ട്ടി ക്ലാസുകളിലൊക്കെ സുലോചനയും വരുമായിരുന്നു. അവള്‍ക്ക് അന്ന് പതിനാലോ പതിനഞ്ചോ വയസ്സേയുള്ളൂ. വളരെ ദാരിദ്ര്യത്തിലായിരുന്നു സുലോചനയുടെ കുടുംബം. ഞാന്‍ ഒളിവില്‍ പൊന്നപ്പോള്‍ അവളെയും ഞാന്‍ ഒളിവില്‍ കൊണ്ടുവന്നു. അവളെ ഞാന്‍ ബത്തേരിയില്‍ ഉള്ള ബാദുഷ എന്ന കൂട്ടുകാരന്റെ വീട്ടിലാക്കി. പിന്നീട് അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. 

ഞാന്‍ ചെന്നപ്പോള്‍ സ്കൂളില്‍ ഉണ്ടാക്കിയ പരിഷ്ക്കാരങ്ങളാണ് നാടക മത്സരങ്ങള്‍ വേണം, വാര്‍ഷികം ആഘോഷിക്കണം എന്നൊക്കെ. ആ നാടകത്തിലെ നായികയായിരുന്നു സുലോചന. ഞാന്‍ സ്കൂളില്‍  ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് എന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്നത്. പോലീസുകാര്‍ ഓഫീസില്‍ എത്തി.  അവിടെ എന്റെ പ്രിയപ്പെട്ട ഒരു പ്യൂണ്‍ ഉണ്ടായിരുന്നു. എന്റെ ക്ലാസ് എല്ലാ മാഷുമ്മാര്‍ക്കും ഇഷ്ടമാണ്. കള്ളുകുടിയും വേറെ ഒരു പരിപാടി കളൊന്നും ഇല്ല. വളരെ കൃത്യമായിട്ടു ക്ലാസ് എടുക്കും . ഏറ്റവും നേരത്തെ വരുന്ന അധ്യാപകന്‍ ഞാനാണ്. ഏറ്റവും വൈകിപ്പോകുന്ന അധ്യാപകനും ഞാനാണ്. പ്യൂണ്‍ ക്ലാസ്സിലേക്ക് ഓ‌ടി വന്നിട്ട് പറഞ്ഞു ‘മാഷെ നിങ്ങളെ അന്വേഷിച്ചു പോലീസ് വന്നിരിക്കുന്നു എന്നു. ഇത് നിങ്ങളെ പിടിക്കാന്‍ തന്നെ വന്നതാണ്’. ക്ലാസ്സില്‍ അഴിയില്ലാത്ത ഒരു ജനലുണ്ട്. അതിന്റെ അപ്പുറത്ത് ചായത്തോട്ടമാണ്. ഞാന്‍ ജനല് വഴി ചാടി ചായതോട്ടത്തിലൂടെ ഓടി. ബത്തേരിക്കപ്പുറത്ത് ആദിവാസി മേഖയില്‍ ഞാന്‍ നേരത്തെ പരിചയപ്പെട്ട ഒരു അനുഭാവി ഉണ്ടായിരുന്നു. അയാള്‍ക്ക് അവിടെ ചെറിയൊരു കച്ചോടം ഉണ്ട്. കുറുമരും കുറിച്യരും പണിയരും അടങ്ങുന്ന ആദിവാസി വിഭാഗങ്ങളാണ് അവിടെ താമസിച്ചിരുന്നത്. അയാളുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്ന കുറുമ വിഭാഗത്തിലെ ഒരാളുടെ വീട്ടില്‍ എന്നെ ഒളിപ്പിച്ചു. പിന്നെ അവിടെയും പോലീസ് വന്നു. രാത്രി അവിടെ കിടക്കാന്‍ മാത്രമേ പോകൂ. പകല്‍ കാട്ടിലൂടെ നടക്കും. കയ്യില്‍ പുസ്തകം ഉണ്ട്. മാവോയിസ്റ്റ് സിദ്ധാന്തങ്ങളൊക്കെ വായിച്ചു ഞാനൊരു ശരിയായ മാവോയിസ്റ്റായി മാറുകയായിരുന്നു.

ഇതിനിടക്കാണ് പാര്‍ട്ടിയുടെ ഗറില്ലാ ആക്രമണത്തില്‍ വയനാട്ടില്‍ ഒരു ജന്മി കൊല്ലപ്പെടുന്നത്. ഞാന്‍ ആ സമയത്ത് പാര്‍ട്ടിയുടെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നു. എനിക്കു പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഒന്നും കഴിയില്ല എന്ന് പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. ഒരോരോ സ്ഥലത്തും ഗ്രൂപ്പ് ഉണ്ടാക്കുക അവിടെ ക്ലാസ്സുകള്‍ എടുക്കുക ഇതൊക്കെയായിരുന്നു ഞാന്‍ ചെയ്തു കൊണ്ടിരുന്നത്. 

അങ്ങനെ ഒളിവില്‍ കഴിയുമ്പോള്‍ അവിടുന്നും ഞാന്‍ മുങ്ങി. മാനന്തവാടിയാണ് പാര്‍ട്ടിയുടെ ഹെഡ് ക്വാര്‍ട്ടേര്‍സ്. കൃഷ്ണേട്ടന്‍ എന്നു പറയുന്ന പഴയ ഒരു മാക്സിസ്റ്റുകാരനായിരുന്നു.  ഞങ്ങളുടെ സെക്രട്ടറി മാത്രമല്ല നമ്മുടെ ഗറില്ലാ നേതാവ് കൂടിയായിരുന്നു. ആറുപേരടങ്ങുന്ന ഒരു ടീം ആണ് രാത്രിയില്‍ ഓപ്പറേഷന്‍ നടത്തിയത്. എന്‍റെ സ്ഥലം പോലീസുകാര്‍ക്ക് പിടികിട്ടിയിട്ടില്ല. അതിനിടക്ക് ഞങ്ങളുടെ രണ്ട് സഖാക്കള്‍ കീഴടങ്ങി. ഭയങ്കര ദാരിദ്ര്യമായിരുന്നു അവരുടെ വീടുകളില്‍. ഇവര്‍ ഒളിവില്‍ പോയതോടെ വീട്ടുകാരുടെ കാര്യം കഷ്ടത്തിലായി. മറ്റ് സഖാക്കളൊക്കെ മുങ്ങി. പട്ടിണി കിടന്നു അവര്‍ക്ക് സഹിക്കാന്‍ വയ്യാണ്ടായി. ഇവരെ സഹായിക്കാന്‍ നാട്ടുകാരും തയ്യാറല്ല. കാരണം നക്സലൈറ്റുകളെ സഹായിച്ചാല്‍ കേസാകുമല്ലോ അങ്ങനെ ഇവര്‍ കീഴടങ്ങാന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു. പേരൊന്നും ഞാന്‍ പറയുന്നില്ല. അവരില്‍ നിന്നാണ് ഞാന്‍ ഉള്ള സ്ഥലം അറിയുന്നതു.

ഒരു ദിവസം ഞാന്‍ കുറുമക്കോളനിയില്‍ നിന്നു മാനന്തവാടിയിലെ ഒളിവിലുള്ള സഖാക്കളെ കാണാന്‍ വേണ്ടി ബത്തേരി സ്റ്റാന്‍റില്‍ വന്നു. അവിടുന്നു ബത്തേരി മാനന്തവാടി ബസ്സില്‍ കയറിയിട്ടു വേണം പോകാന്‍. അവരെവിടെയൊക്കെ ഉണ്ടെന്ന് ഏകദേശം എനിക്കറിയാം. ഞാന്‍ അവിടുന്നു നടന്നിട്ടു തന്നെയാണ് വരുന്നത്. ബസ്സില്‍ കയറാന്‍ പറ്റില്ല. ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പിടിക്കപ്പെടും. അന്ന് മുഖ്യമന്ത്രി കരുണാകരന്‍ വയനാട്ടില്‍ വരുന്നുണ്ടായിരുന്നു. ഞാന്‍ വരുമ്പോള്‍ റോട്ടില്‍ മുഴുവനും പോലീസാണ്. എനിക്കാണെങ്കില്‍ നല്ലോണം വിശക്കുന്നുണ്ടായിരുന്നു. ബസ്സിനു കൊടുക്കാനുള്ള പൈസയും ചായ കുടിക്കാനുള്ള പൈസയും  ആദിവാസികള്‍ എനിക്കു തന്നിരുന്നു.  നന്നേ രാവിലെ നടക്കാന്‍ തുടങ്ങിയതാണ്. കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് വരുന്നത്. കുറേ ദൂരമുണ്ട്. ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ ബസ്റ്റാന്‍റില്‍ കയറിയപ്പോള്‍ ബസ്സൊന്നും ഇല്ല. ആളുകളും ഇല്ല. ഞാന്‍ ബസ്സ് വരുന്നതും കാത്തു അവിടെ ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തട്ടി വിളിച്ച്. വെള്ള ഡ്രസ്സൊക്കെ ഇട്ട ഒരാള്‍. വേഷം മാറിയ രഹസ്യ പോലീസായിരുന്നു. മധു മാഷാല്ലെ എന്നു ചോദിച്ചു. അല്ലെന്ന് എനിക്കു പറയാന്‍ പറ്റില്ലല്ലോ. പിടിച്ച് വണ്ടിയില്‍ കയറ്റി. നേരെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. അവിടത്തെ സബ് ജയിലിലേക്ക് മാറ്റി. പുറത്തൊന്നും വിടില്ല. കക്കൂസില്‍ പോകാന്‍ മാത്രേ വിടുള്ളൂ. അത് പറ്റില്ല എന്നു ഞാന്‍ വാദിച്ചു. എന്നിട്ട് നിരാഹാരം കിടന്നു. ഉടന്‍ തന്നെ അധികാരികളെ വിവരം അറിയിച്ചു എന്നെ നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നു. ജയിലില്‍ നിന്നല്ല മര്‍ദ്ദിച്ചത്. ക്യാമ്പില്‍ വെച്ചായിരുന്നു. മര്‍ദ്ദനത്തെ കുറിച്ചൊന്നും കൂടുതല്‍ ഞാന്‍ പറയുന്നില്ല. ചങ്ങലയില്‍ല്‍ ഇട്ടിട്ടു കാലിന്‍റെ അടിയില്‍ ചൂരല് കൊണ്ടാണ് മര്‍ദ്ദനം. അതിഭീകരമായ വേദനയാണ് അപ്പോള്‍ ഉണ്ടാവുക. ഇപ്പൊഴും എന്‍റെ കാലില്‍ പുകച്ചില്‍ ഉണ്ടാകാറുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞങ്ങള്‍ കുറേ നക്സലൈറ്റ് തടവുകാരുണ്ടായിരുന്നു. 

ഞങ്ങള്‍ക്ക് ഒരു നേരമേ ഭക്ഷണം ഉള്ളൂ. ഞങ്ങള്‍ അവിടെ ഒന്നിച്ചു സമരം നടത്തി. അവിടന്ന് പ്രശ്നമായപ്പോള്‍ നമ്മുടെ ഭീകരനായ പോലീസുകാരനുണ്ടല്ലോ ജയറാം പടിക്കല്‍. അയാളുടെ അടുത്തേക്ക് കൊച്ചിയിലേക്ക് എന്നെ മാറ്റി. മറ്റുള്ളവരെയൊക്കെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ എന്നെ അധികമൊന്നും ചെയ്തില്ല. എന്‍റെ ജ്യേഷ്ഠന്‍ വലിയ കോണ്‍ഗ്രസുകാരനായിരുന്നല്ലോ. മാത്രമല്ല കരുണാകരനുമായി ജ്യേഷ്ഠന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇനി ജ്യേഷ്ഠനെങ്ങാനും സ്വാധീനം ചെലുത്തിയിട്ടാണൊ എന്നറിയില്ല പടിക്കല്‍ എന്നെ അധികം ഉപദ്രവിച്ചില്ല. പിന്നെ വിശപ്പിന് മുന്നില്‍ മനുഷ്യന്‍ എല്ലാ ആദര്‍ശങ്ങളും മറക്കും എന്നുള്ളത് അവിടെവെച്ച് അനുഭവിച്ചറിഞ്ഞു. അവിടെ ഒരു കൊട്ടയില്‍ കുറെ റൊട്ടിക്കഷ്ണങ്ങളും ബന്നുമൊക്കെ വെക്കും എന്നിട്ട് ഞങ്ങളോട് ചുറ്റും കൂടി നില്ക്കാന്‍ പറയും. ഇത് ഒരു നേരം മാത്രമേയുള്ളൂ. ഇത് ആര് ചാടിപ്പിടിക്കുന്നുവോ അവര്‍ക്ക് കഴിക്കാം. അവിടെ സഖാക്കള്‍ തമ്മില്‍ ഗുസ്തിയാണ് ഭക്ഷണത്തിന് വേണ്ടി. വിശപ്പിന് മുന്നില്‍ മറ്റൊന്നുമില്ലല്ലോ. എന്‍റെ കൂടെ വയനാട്ടില്‍ നിന്നു രണ്ടുപേരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കുറച്ചു റൊട്ടി കിട്ടി. ഞങ്ങള്‍ അതില്‍ നിന്നു കിട്ടാത്തവര്‍ക്ക് കൂടി പങ്ക് വെച്ചു കഴിക്കും. ഭക്ഷണത്തിന് വേണ്ടി സഖാക്കള്‍ പരസ്പരം ആക്രമിക്കുന്നതിനെ കുറിച്ചോര്‍ത്തു ഞങ്ങള്‍ സങ്കടപ്പെടും. സുഗതന്‍ സഖാവ് കിട്ടിയതു ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല. കിട്ടിയതും എടുത്തു നേരെ കക്കൂസില്‍ പോയി. അതിനുള്ളില്‍ ഇരുന്നു തിന്നു. ഇതിന് ഞാന്‍ അവനെ ഒരുപാട് ചീത്ത പറഞ്ഞു.

ജയറാം പടിക്കല്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. എന്താണ് തീരുമാനം. ജീവിക്കണോ അതോ മരിക്കണോ, നിങ്ങള്‍ കുറ്റം സമ്മതിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്തിട്ടില്ല എന്നു ഞാന്‍ പറഞ്ഞു. അത് പോര എല്ലാം വിശദമായി വേണം. അതും കുറ്റസമ്മതമൊഴിയായിട്ടു വേണം. അങ്ങനെ മൊഴി തന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ കൊന്നുകളയും. മൊഴി കൊടുക്കുകയാണെങ്കില്‍ ജയിലില്‍ കിടക്കാം എന്തു വേണം എന്നു ചോദിച്ചു. പിന്നെ എല്ലാ കാര്യങ്ങളും സുഗതന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എന്നിട്ട് സുഗതന്‍ കൊടുത്ത സ്വന്തം കൈപ്പടയില്‍ എഴുത്തിക്കൊടുത്ത മൊഴി എനിക്കു കാണിച്ചു തന്നു. പിന്നെ എനിക്കു പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അപ്പോ എന്‍റെ കൂടെ രണ്ടു മൂന്നു സഖാക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ അവരുമായിട്ടു ആലോചിച്ചു. അപ്പോ അവര് പറഞ്ഞു മാഷെ എങ്ങനെയെങ്കിലും കുറ്റസമ്മത മൊഴികൊടുക്കണം. എന്നാല്‍ ജാമ്യം എങ്കിലും കിട്ടും. വീട്ടില്‍ എല്ലാരും പട്ടിണിയായിരിക്കും. അവരുടെ അവസ്ഥ എന്താണുപോലും അറിയില്ല. അതുകൊണ്ട് കുറ്റസമ്മത മൊഴി കൊടുക്കണം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കുറ്റസമ്മത മൊഴി കൊടുത്തു. കുറ്റസമ്മത മൊഴി കൊടുത്താല്‍ വയനാട് ജയിലില്‍ ആക്കും. അവിടെയാകുമ്പോള്‍ വീട്ടുകാരെ ബന്ധപ്പെടാന്‍ പറ്റും. അവിടുന്നു ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ പറ്റും എന്നൊക്കെയായിരുന്നു കണക്കുകൂട്ടല്‍. കുറ്റസമ്മത മൊഴി സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. മജിസ്ട്രേട്ടിന്‍റെ മുന്നില്‍ ഹാജരാക്കുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നു. അവിടെന്നെങ്ങാനും മൊഴിമാറ്റിയാല്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നു പറഞ്ഞു വെടിവെച്ച് കൊല്ലും എന്നും. ഹാളില്‍ പോലീസുകാര്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുത്തു. അതിനു ശേഷം വയനാട്ടില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് വീണ്ടും കൊണ്ടുപോയത്. പിന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കുറെക്കാലം കിടന്നത്.

കണ്ണൂര്‍ ജയിലില്‍ നക്സലൈറ്റുകള്‍ക്ക് പ്രത്യേകം ബ്ളോക്ക് ഉണ്ടായിരുന്നു. ദാമോദരന്‍  മാഷ് അടക്കമുള്ള നേതാക്കന്മാര്‍ ഉണ്ടായിരുന്നു. വേണു ഉണ്ടായിരുന്നു. ഞങ്ങള്‍ രാത്രി ചര്‍ച്ചകള്‍ നടത്തുമായിരുന്നു. രണ്ടരക്കൊല്ലം അവിടെ കിടന്നു. പിന്നീട് അടിയന്തിരാവസ്ഥ പിന്‍വലിച്ചു. ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. ജ്യേഷ്ഠനാണ് വന്നു എന്നെ ജാമ്യത്തില്‍ എടുത്തത്. എന്‍റെ പേരില്‍ ഈ കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമായിട്ടു എനിക്കെതിരെയുള്ള തെളിവ് സുഗതന്‍റെ മൊഴിയാണ്. കോടതിയില്‍ നമ്മളെ വിസ്തരിക്കുമ്പോള്‍ പ്രധാനമായിട്ടു നമുക്കെതിരെയുള്ള മൊഴി കൊടുക്കേണ്ടത് സുഗതനാണ്. കോടതിയില്‍ കൊണ്ടുവന്ന് വിചാരണ നടക്കുമ്പോള്‍ സാക്ഷി സുഗതനെ വിളിച്ചു. സുഗതന്‍ വന്നില്ല. അവന്‍ വന്ന് സാക്ഷി പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടുമായിരുന്നില്ല. ജാമ്യം കിട്ടി ഞാന്‍ നേരെ പോയത് ബത്തേരിയിലേക്കായിരുന്നു. സുഗതനോട് നന്ദി പറയാന്‍ വേണ്ടിയിട്ടു ഞാന്‍ സുഗതന്‍റെ വീട്ടിലേക്ക് പോയി. അടുത്തുള്ള പരിചയക്കാരനായ ഒരു ചായക്കടക്കാരന്‍ എന്നോടു പറഞ്ഞു മാഷെ അങ്ങോട്ട് പോകണ്ട. പോയിട്ടുണ്ടെങ്കില്‍ ആളുകള്‍ നിങ്ങളെ തല്ലിക്കൊല്ലും. സുഗതന്‍ ഇന്നലെ രാത്രി ആത്മഹത്യ ചെയ്തു. 

ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു നാടകം ചെയ്തിരുന്നു. ‘പടയണി’ എന്ന പേരില്‍. ഫാസിസ്റ്റ് ആയിട്ടുള്ള ഒരു രാജാവും അധികാരത്തെ ചോദ്യം ചെയ്യുന്ന രാജ കുടുംബത്തിലെ ഒരു എളമക്കാരനും അതിന്‍റെ സംഘര്‍ഷങ്ങളും ഒക്കെയായിരുന്നു നാടകം. നാടകം എഴുതി സംവിധാനം ചെയ്തത് ഞാന്‍ തന്നെയാണ്. വയനാട്ടിലുള്ള ഒരു കരുണാകരന്‍ മാഷ് ഒക്കെയാണ് അതില്‍ അഭിനയിച്ചത്. ആ നാടകം കളിച്ചപ്പോള്‍ കുറച്ചു പ്രശ്നമായി. ഡയറക്ട് ആക്ഷന്‍സ് ഒന്നും വന്നില്ല. അത് അധികം കളിച്ചിട്ടും ഇല്ല. 

പുറത്തിറങ്ങിയ ശേഷമാണ്  ഞാന്‍ അമ്മ നാടകം ചെയ്യുന്നത്. എനിക്കു തോന്നുന്നു അത് 77 അല്ലെങ്കില്‍ 78 ല്‍. വീണ്ടും പാര്‍ട്ടിയിലേക്ക് പോകാന്‍ ഞാന്‍ ഉദ്ദേശിച്ചില്ല. അന്നത്തെ പീഢനത്തില്‍ എന്‍റടുത്തു നിന്നു കുറച്ചു രഹസ്യങ്ങള്‍ ചോര്‍ന്നുപോയിട്ടുണ്ട്. ഞാന്‍ വീണ്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ലെന്നും ഞാന്‍ പാര്‍ട്ടിയുടെ സാംസ്കാരിക രംഗത്ത് നില്‍ക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ വിപ്ലവ സാംസ്കാരിക വേദി എന്ന ബാനറില്‍ മാക്സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവലിനെ ആസ്പദമാക്കിയിട്ടു അമ്മ എന്ന നാടകം ചെയ്തു. അതില്‍ ജോയ് മാത്യു ആയിരുന്നു പ്രധാന റോളില്‍, പാവേലിന്‍റെ റോളില്‍ അഭിനയിച്ചത്. ജോയ് മാത്യു അന്ന് വിദ്യാര്‍ഥിയായിരുന്നു. വളരെ ദാരിദ്ര്യത്തോട് കൂടിയിട്ടാണ് ഞങ്ങള്‍ നാടകം ചെയ്യുന്നത്. കോഴിക്കോടുള്ള ഒരു ഹോട്ടലിന്‍റെ മുകളില്‍ ഒരു ഓപ്പണ്‍ സ്പേസ് ഉണ്ട്. ആ സ്പേസ് അവര്‍ നമുക്ക് ഫ്രീ ആയി തന്നു. പകരം ഉച്ച ഭക്ഷണം അവിടുന്നു കഴിക്കണം.

ജോയ് മാത്യു, എ സി കെ രാജ  രാജയുടെ ഭാര്യ സ്റ്റെല്ല, രാമചന്ദ്രന്‍ മൊകേരി ഇവരൊക്കെയുണ്ടായിരുന്നു. ജോയ് പ്രധാന റോളില്‍ പാവേലായിട്ടും സ്റ്റെല്ല അമ്മയായിട്ടും. റിഹേഴ്സലിനിടയില്‍ പതിനൊന്നു മണിക്ക് ഒരു കട്ടന്‍ ചായ കുടിക്കും. വേറെ ഭക്ഷണം ഒന്നും ഇല്ല. കാരണം അന്ന് പൈസ ഇല്ല. ഞങ്ങള്‍ക്ക് അതിന്‍റെ സംഘാടനത്തെ കുറിച്ചൊന്നും വല്യ അറിവും ഇല്ല. എല്ലാരും കീശയില്‍ ഉള്ള പൈസ എടുക്കും. ഇന്നത്തെ മാതിരി പിരിവെടുക്കാനുള്ള കഴിവൊന്നും അന്നില്ല. അന്നെനിക്ക് 29 വയസ്സായിരുന്നു. വിവാഹം ഒന്നും കഴിച്ചിട്ടില്ല. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല.

നടന്‍മാര്‍ക്കൊന്നും പ്രതിഫലമില്ല. സ്റ്റെല്ലക്ക് മാത്രം കടുത്ത ദാരിദ്ര്യം ആയതുകൊണ്ട് ഒരു പത്തുരൂപയോ മറ്റോ റിഹേഴ്സല്‍ കഴിഞ്ഞു പോകുമ്പോ കൊടുത്തതായാണ് ഓര്‍മ്മ.  അത് അന്നത്തെ കാലത്ത് വല്യ പൈസയാണ്. ഇന്നത്തെ 100 രൂപയ്ക്കു സമമാണ്. ഉച്ചയ്ക്ക് അരച്ചോറ് ഞങ്ങള്‍ തിന്നും. പകലും രാത്രിയും ഭേദമില്ലാതെ തുടര്‍ച്ചയായി 12 മണിക്കൂറൊക്കെ റിഹേഴ്സല്‍ ചെയ്യും. എല്ലാരും വളരെ ആത്മാര്‍ഥമായിട്ടായിരുന്നു നിന്നിരുന്നത്.

കോഴിക്കോട് ടൌണ്‍ ഹാളില്‍ തന്നെയാണ് നാടകം ആദ്യം കളിച്ചത്. 6.30 നും 9.30 നും രണ്ട് കളികളായിരുന്നു. അന്ന് ടിക്കറ്റ് നിരക്ക് രണ്ടു രൂപയായിരുന്നു. ഗംഭീര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നു ലഭിച്ചതു. രണ്ടു കളിക്കും ഹാള്‍ ഫുള്ളായിരുന്നു. മുഴുവന്‍ ആള്‍ക്കാര്‍ക്കും കയറാന്‍ പറ്റില്ലായിരുന്നു. പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. നാടകം പുറത്തു നിന്നു കേള്‍ക്കേണ്ടി വന്നു പലര്‍ക്കും. രണ്ടു ദിവസം കളിച്ചു. അതോടെ പത്രങ്ങളിലൊക്കെ അതിനെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നു. കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നാടകം കളിക്കാന്‍ വേണ്ടിയുള്ള ക്ഷണം കിട്ടി. എവിടെ ഞങ്ങള്‍ നാടകം കളിക്കുന്നോ അവിടെ മാവോയിസ്റ്റുകളുടെ ഒരു സംഗമവും ഉണ്ടാവും. സാംസ്കാരിക വേദിയാണ് ആദ്യം ഉണ്ടാക്കുക. അതിന്റെ പിന്നില്‍ ഒരു പാര്‍ട്ടി ഘടകവും ഉണ്ടാകും. അതില്‍ നമ്മള്‍ കലാകാരന്മാര്‍ ആരും ഇല്ല. അങ്ങനെ കേരളത്തിലുടനീളം തമിഴ്നാട്ടില്‍ ഒന്നോ രണ്ടോ  സ്ഥലത്തും നാടകം കളിച്ചു. അത് വന്‍വിജയമായിരുന്നു. കേരളത്തില്‍ തന്നെ 80 ഓളം വേദികളില്‍ കളിച്ചിട്ടുണ്ട്. ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല.

അതിന്‍റെ തൊട്ട് പിന്നാലെ ആഫ്രിക്കന്‍ സമരവുമായി ബന്ധപ്പെട്ട് എഴുതിയ കറുത്ത വാര്‍ത്ത പിന്നെ ക്രൈം, സുനന്ദ, ഏകാംഗ നവമി അങ്ങനെ ഒരു കളക്ഷന്‍ തന്നെ ഉണ്ടായിരുന്നു. സ്പാര്‍ട്ടക്കസ്, കലിഗുല. ജോയ് മാത്യു കലിഗുലയായി അഭിനയിച്ച് ഗംഭീരമായി കേരളം മുഴുവന്‍ കളിച്ച നാടകമാണ്. അമ്മയ്ക്ക് ശേഷം കേരളം മുഴുവന്‍ കളിക്കുന്ന നാടകം കലിഗുലയാണ്. അതിനു ശേഷം ഞാന്‍ പിന്നെ അധികം നാടകങ്ങള്‍ ചെയ്തിട്ടില്ല.  

കേസ് വെറുതെ വിട്ടതിന് ശേഷം ഞാന്‍ ബേപ്പൂര്‍ സൌത്ത് എല്‍ പി സ്കൂളിലാണ് വര്‍ക്ക് ചെയ്തത്. അവിടെ ഞാന്‍ ആ സ്കൂളിനെ ഒന്നു പുനരുജ്ജീവിപ്പിച്ചു. അവിടെ നിന്നും എന്‍റെ പേരില്‍ ഒരു കേസ് ഉണ്ടായി. ശമ്പളം വാങ്ങിച്ചിട്ടു അധ്യാപകര്‍ക്ക് കൊടുത്തില്ല എന്നായിരുന്നു കേസ്. വെക്കേഷന് രണ്ടുമാസം ആരും സ്കൂളില്‍ വരില്ല. പക്ഷേ ഇവര്‍ വരേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വളരെ പിന്നോക്ക മേഖലയില്‍ പെട്ട കുട്ടികളാണ് ആ സ്കൂളില്‍ ഉള്ളത്. അതുകൊണ്ട് ഞാന്‍ വെക്കേഷന് ക്ലാസ് വെച്ചു. നിയമ പ്രകാരം രണ്ട് മാസം വെക്കേഷന്‍ തരുന്നത് അധ്യാപകര്‍ക്ക് സുഖിക്കാനല്ല. കുട്ടികള്‍ക്ക് എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിന് വേണ്ടിയാണ്. നാടകം, ശാസ്ത്രം, സാഹിത്യം, പഠനയാത്ര  ഇതിനൊക്കെ വേണ്ടിയിട്ടാണ്. അദ്ധ്യാപകര്‍ അഞ്ചു ദിവസവും സ്കൂളില്‍ വരണം. ഒരു ടീച്ചര്‍ ഒഴികെ ആരും വന്നില്ല. അതുകൊണ്ട് ഞാന്‍ ശമ്പളം തടഞ്ഞു വെച്ചു. പണം ഞാന്‍ ബാങ്കില്‍ സ്കൂളിന്‍റെ പേരില്‍ ഡെപോസിറ്റ് ചെയ്തു. അദ്ധ്യാപകര്‍ പരാതികൊടുത്തു. ഡി ഡി വന്നു അന്വേഷിച്ചിട്ട് എന്നെ സസ്പെന്‍റ് ചെയ്തു. അതിലും കോടതി ഞാന്‍ കുറ്റക്കാരനല്ല എന്നു കണ്ടെത്തി.

കല്യാണം കഴിക്കുന്നത് ഞാന്‍ ജയിലില്‍ നിന്നൊക്കെ വന്നു ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ്. സാധാരണ രീതിയില്‍ വീട്ടുകാര്‍ ആലോചിച്ചു നടത്തിയ കല്യാണമായിരുന്നു. ജയിലില്‍ നിന്നു വന്നതിനു ശേഷം പഴയ സഖാക്കളുമായി ദാമോദരന്‍ മാഷുമായും വേണുവുമായുമൊക്കെ കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. ഇപ്പോ ആരെയും അങ്ങനെ കാണാറൊന്നും ഇല്ല. വേണുവൊക്കേ വെറൊരിതിലേക്ക് മാറിയല്ലോ. ബാക്കിയുള്ളവരാരും പുതിയ മാവോയിസത്തിലൊന്നും ഇല്ല. ഇതിന്‍റെ ഒരു അര്‍ത്ഥശൂന്യത മനസ്സിലാക്കിയിട്ടായിരിക്കണം.

അന്നത്തെ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും അര്‍ത്ഥശൂന്യമാണെന്ന് പറയാന്‍ പറ്റില്ല. കുറെ ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നു. എങ്കിലും ഒരു തരംഗം ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പൊതുവായിട്ടു ചിന്തിക്കാനുള്ള ഒരു ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം  മാര്‍ക്സിസ്റ്റ് ഫിലോസഫി മാത്രമായിരുന്നു. അതല്ലാതെ വേറെയും ഫിലോസഫികള്‍ ഈ ലോകത്ത് ഉണ്ടെന്നും അനേകം ചിന്താ ധാരകള്‍ ഉണ്ടെന്നും അതില്‍ ഇന്ത്യന്‍ പൈതൃകം തള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ലെന്നും ഇന്ത്യന്‍ പൈതൃകത്തില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും തിരിച്ചറിയുകയായിരുന്നു.  അതുപോലെ തന്നെ ഓരോ വിദേശ രാഷ്ട്രങ്ങള്‍ എടുത്താലും അവര്‍ക്കും അവരുടേതായ ചരിത്രം ഉണ്ട്. മനുഷ്യന്‍റെ വളര്‍ച്ചയില്‍ എല്ലാ കാലത്തും കുറ്റവാളികളും കുറ്റകൃത്യങ്ങളും ഉണ്ടായിരുന്നു. അതിനെതിരെ യുദ്ധം ഉണ്ടാകുന്നുണ്ട്. യുദ്ധം അവസാനിക്കുന്നില്ല. എന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍ എത്രകാലം നിലനില്‍ക്കുന്നുവോ അത്രയും കാലം യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

 

സോഷ്യലിസം വരില്ല. Its only utopia. ഒരിക്കലും വരില്ല. മായക്കോ വിസ്കിയുടെ Bed Bug എന്നൊരു നാടകം ഉണ്ട്. അതൊന്നു വായിച്ചു നോക്കിയാല്‍ മനസ്സിലാകും. സോഷ്യലിസ്റ്റ് കാലഘട്ടത്തിലെ മനുഷ്യരെ കുറിച്ചുള്ള നാടകമാണത്. ഇത്തരം വിശാലമായ ഒരു കാഴ്ചപ്പാടില്‍. മറ്റത് ഞങ്ങള്‍ മാത്രം ശരി. നമ്മളില്‍ നിന്നു പിളര്‍ന്നുപോയവര്‍ ശത്രുക്കള്‍. പാര്‍ട്ടി പിളരുമ്പോള്‍ പിളര്‍ന്നുപോയവരെ ശത്രുക്കളായിട്ടാണ് പിന്നെ കാണുന്നത്. ഇപ്പൊഴും അങ്ങനെ തന്നെ ഒരുപാട് ഗ്രൂപ്പുകളില്ലേ.  ഇവരൊക്കെ അന്യോന്യം ശത്രുക്കളാണ്. കുറച്ചു കഴിയുമ്പോള്‍ കുറെ ആള്‍ക്കാര്‍ കീഴടങ്ങുന്നുണ്ട്. ഈ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇതിനകത്ത് എന്തു മുക്തി. ഒരിയ്ക്കലും സോഷ്യലിസം വരില്ല. അതിനു പകരമായിട്ടു വരുന്നത് ആഗോള മുതലാളിത്ത ക്രമമാണ്. അത് അതീവ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതും തകര്‍ന്നേക്കാം, പിന്നെ എന്തു എന്നത് ഒരിയ്ക്കലും പ്രവചനീയമല്ല. വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ ചരിത്രപരമായ സാധ്യതകളാണ്. കേന്ദ്ര ഗവണ്‍മെന്‍റ് മാത്രമല്ല സ്റ്റേറ്റ് ഗവന്‍മെന്‍റുകളും ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുന്നുണ്ട്. കോണ്‍ഗ്രസുകാരും മാര്‍ക്സിസ്റ്റുകാരും എല്ലാരും കാണിക്കുന്നുണ്ട്. ഇപ്പോള്‍ ഫാസിസ്റ്റ് പ്രവണതകളുലെ തോത് കൂടിയിട്ടുണ്ട്. ബേസിക്കലി എല്ലാ ഭരണകൂടങ്ങളും ഇത് കാണിക്കുന്നുണ്ട്. ഭരണകൂടം ഉള്ളിടത്തോളം കാലം ഒരിയ്ക്കലും മനുഷ്യര്‍ക്ക് തുല്യരാകാന്‍ പറ്റില്ല. ജാതി, മത, വര്‍ഗ്ഗ വിവേചനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍. അതാത് ജാതിക്കാര്‍ക്കിടയില്‍ പോലും ശത്രുതയുണ്ട്. ആദിവാസികള്‍ക്കിടയില്‍ തന്നെ കുറെ ഗ്രൂപ്പുകള്‍ ഉണ്ട്. അപ്പോള്‍ യഥാര്‍ത്ഥ മനുഷ്യര്‍ എവിടെ എന്നു ചോദിച്ചാല്‍ മനുഷ്യന്‍ വളരെ സ്വാര്‍ത്ഥനാണ് എന്നാണ് ഉത്തരം. ഒരു അന്തിമ ഉത്തരം മനുഷ്യ ജീവിതത്തിന് ഒരിയ്ക്കലും സാധ്യമല്ല എന്നാണ് ഞാന്‍ പറയുന്നത്. കാരണം നമുക്ക് ഇപ്പൊഴും അറിയില്ല എന്താണ് നമ്മളെ നിയന്ത്രിക്കുന്നതെന്ന്. ഏത് ശക്തിയാണ് നമ്മളെ നിയന്ത്രിക്കുന്നത് എന്നത് ഇപ്പൊഴും അവ്യക്തമാണ്. പലര്‍ക്കും പല ദൈവങ്ങളുണ്ട്. ചിലര്‍ക്ക് ഒരുപാട് ദൈവങ്ങളുണ്ട്.

ഇന്നത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് എനിക്ക് ഒരഭിപ്രായവും ഇല്ല. അതൊന്നും ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. കാരണം അതൊക്കെ വളരെ ചെറിയ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഇതേ നക്സലൈറ്റുകള്‍ തന്നെ കീഴടക്കപ്പെട്ട സ്ത്രീകളെ  ബലാത്സംഗം ചെയ്യുന്നവരുണ്ട്.  കൂട്ടത്തിലുള്ള വനിതാ സഖാക്കളെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. പിന്നെ എന്തു മാവോയിസം. ഉത്തരമില്ല.

രണ്ട് ആണ്‍മക്കളാണ്. ഒരാള്‍ മലയാള മനോരമയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റാന്. ഒരാള്‍ ഇവന്‍റ് മാനേജ്മെന്‍റ് രംഗത്താണ്. ഭാര്യയും മക്കളും മരുമക്കളും ഒക്കെയായി ഇങ്ങനെ പോകുന്നു ജീവിതം. പിന്നെ വായന എഴുത്ത് സ്കൂളുകളിലൊക്കെ നാടകത്തെ കുറിച്ചും സാഹിത്യത്തെ കുറിച്ചും ക്ലാസ്സുകള്‍ എടുക്കാറുണ്ട് . ജയിലില്‍ നിന്നു വന്നതിനു ശേഷം നാടകവുമായി നടക്കുന്ന സമയത്ത് ഞാന്‍ ഭീകര മദ്യപാനിയായിരുന്നു. പിന്നീട് അത് നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പോയി. അത് എന്‍റെ ഭാര്യയെ വല്ലാതെ വേദനിപ്പിച്ചു എന്നെനിക്ക് മനസ്സിലായി. അന്ന് ഞാന്‍ അത് നിര്‍ത്തി. ഇപ്പോ രണ്ടുകൊല്ലമായി നിര്‍ത്തിയിട്ടു.  സന്തുഷ്ടനാണോ എന്നു ചോദിച്ചാല്‍ ആണ്. എന്നാല്‍ പൂര്‍ണ്ണ സന്തുഷ്ടനാണോ എന്നു ചോദിച്ചാല്‍ അല്ല. ഒന്നിലും പൂര്‍ണ്ണതയില്ലല്ലോ. അതുകൊണ്ട് ഞാന്‍ പൂര്‍ണ്ണസുഖത്തെ പറ്റി ആലോചിക്കുന്നേയില്ല. നമുക്കറിയില്ല നമ്മള്‍ എപ്പോഴാണ് ഇല്ലാതാകുന്നത് എന്ന്. അപൂര്‍ണ്ണതയാണ് ഏറ്റവും വലിയ സത്യം.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

കമ്മ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തിലൂടെയും നാടക പ്രവർത്തനത്തിലൂടെയും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ സ്വയം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് മധു മാസ്റ്ററുടേത്. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. സി പി എമ്മില്‍ നിന്നും തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. നാടകത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരിൽ മൂന്നു തവണയായി 30 മാസത്തോളം ജയിലില്‍ കിടന്നു. അടിയന്തിരാവസ്ഥയ്ക്ക് തൊട്ട് മുന്‍പ് എഴുതിയ ‘ഇന്ത്യ-74’ പ്രവചനാത്മകമായ ഒന്നായിരുന്നു. ഏകാധിപതിയായ ഭരണാധികാരിയുടെ വരവ് ആ നാടകം മുന്‍കൂട്ടി പ്രഖ്യാപിച്ചു. പടയണി, അമ്മ, സ്‌പാർട്ടക്കസ്‌, കറുത്തവാർത്ത, സുനന്ദ, കലിഗുല തുടങ്ങിയവ മറ്റ് പ്രധാന നാടകങ്ങള്‍. കലിഗുല യും അമ്മയും കേരളമൊട്ടാകെ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്നു.  1948 ഒക്‌ടോബർ 12ന്‌ കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താമത്തെ മകനായിട്ട് ജനനം. മധുമാസ്റ്റര്‍ തന്റെ ജീവിതം സഫിയയോട് പറയുന്നു. 

കോഴിക്കോട് അത്താണിക്കല്‍ എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. ഞങ്ങള്‍ പത്തു മക്കളായിരുന്നു. എട്ട് ആണുങ്ങളും രണ്ടു സ്ത്രീകളും. ഞങ്ങളുടേത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു. ജേഷ്ടന്മാരൊക്കെ കമ്മ്യൂണിസ്റ്റ് ആശയം ഉള്ള ആളുകളായിരുന്നു. വര്‍ക്കേര്‍സ് ഒന്നും അല്ല. അച്ഛന് അങ്ങനെ പൊളിറ്റിക്സ് ഒന്നും ഇല്ല. അച്ഛന്‍ ഒരു സായിപ്പിന്‍റെ ബട്ലറായിരുന്നു. ചന്തു എന്നായിരുന്നു അച്ഛന്‍റെ പേര്. ഏഴാം ക്ലാസ് വരെ കോഴിക്കോട് തന്നെയായിരുന്നു.

എന്‍റെ ഹൈസ്കൂള്‍ പഠനം വയനാട്ടിലായിരുന്നു. അച്ഛന്‍ വയനാട്ടിലാണ് ജോലി ചെയ്തിരുന്നത്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ബ്രിട്ടീഷുകാര്‍ ഇവിടുന്നു വിട്ടു പോകുന്ന സമയത്ത് കുറച്ചു പൈസ അച്ഛന് കൊടുത്തിരുന്നു. അച്ഛന്‍റേത് ഒരുപാട് വല്യ കഥയാണ്. കാരണവന്‍മാരുമായിട്ടു തെറ്റി വയനാട്ടിലേക്ക് കയറിയ ആളാണ്. പാരമ്പര്യ വൈദ്യ കുടുംബമായിരുന്നു അച്ഛന്‍റേത്. അച്ഛനോട് പഠിത്തം നിര്‍ത്തി വൈദ്യത്തിലേക്ക്  പോകാന്‍ പറഞ്ഞപ്പോള്‍ എനിക്കു പഠിക്കണം എന്നു പറഞ്ഞിട്ടു പിണങ്ങി പോയതാണ്. നടന്നു നടന്നു അങ്ങനെ വയനാട്ടിലെത്തുകയായിരുന്നു. നല്ല ആരോഗ്യമായിരുന്നു അച്ഛന്. അമ്മയില്‍ നിന്നു കിട്ടുന്ന അറിവുകളാണ്. കൃത്യമായിട്ടൊന്നും എനിക്കു അറിയില്ല. അച്ഛന്‍ ഒന്നും പറഞ്ഞു തരാറില്ലായിരുന്നു. അച്ഛന്‍ അധികം മിണ്ടാത്ത ഒരാളായിരുന്നു. വയനാട്ടിലെത്തിയ അച്ഛന്‍ സായിപ്പിന്‍റെ ബട്ലര്‍ ആയിരുന്നു കുറെക്കാലം. നല്ല ഭക്ഷണം ഉണ്ടാക്കി കൊടുത്തതിന് അച്ഛന് മദാമ്മ ഒരു മോതിരം കൊടുത്തു. അച്ഛന്‍ ഈ മോതിരവും വിറ്റു സായിപ്പ് കൊടുത്ത പൈസയും ഉപയോഗിച്ചിട്ട് വയനാട്ടില്‍ മേപ്പാടി എന്ന സ്ഥലത്ത് ഒരു ഹോട്ടല്‍ തുടങ്ങി. ഹോട്ടല്‍ ബേബി. എന്റെ ഒരു സഹോദരിയുടെ പേരാണ് ഹോട്ടലിന് ഇട്ടത്. അത് വളരെ വിജയമായിരുന്നു. ആ സമായത്തും വെള്ളക്കാര് മുഴുവന്‍ പോയിട്ടില്ല. ഇവിടത്തെ അവരുടെ ഭരണം പോയിരുന്നു എന്നെയുള്ളൂ. ടീ പ്ലാന്‍റേഷനും കോഫീ പ്ലാന്‍റേഷനും ഒക്കെ അവരുടെ കയ്യിലായിരുന്നു. അതിന്റെ നോക്കി നടത്തിപ്പുകാരൊക്കെ ഇവിടെ നിന്നു. ഹോട്ടലില്‍ രണ്ടു നിലയുണ്ടായിരുന്നു. മുകള്‍ തട്ടില് വിദേശികള്‍ക്കും താഴെ നാട്ടുകാര്‍ക്കും ആയിരുന്നു. സായിപ്പന്‍മാര്‍ നാട്ടുകാരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കില്ലായിരുന്നു. ആ സമയത്ത് ബിരിയാണി കിട്ടുന്ന അപൂര്‍വ്വം കടയായിരുന്നു  അച്ഛന്‍റേത്. അതുകൊണ്ട് തന്നെ ഹോട്ടലിന് നല്ല പ്രശസ്തിയായിരുന്നു. നല്ല പൈസയൊക്കെ കിട്ടിയിരുന്നു.

അച്ഛന്‍ വല്യച്ഛനോടൊക്കെ തെറ്റിയിട്ടാണല്ലോ പോയത്. അതുകൊണ്ട് ആ പൈസയൊക്കെ കൂട്ടിവെച്ച് വല്യച്ഛന്‍റെ പറമ്പിനോട് ചേര്‍ന്നുള്ള വയല്‍ വാങ്ങി മണ്ണിട്ട് നികത്തി വല്യച്ഛന്‍റെ വീടിനേക്കാള്‍ ഉയരത്തിലുള്ള രണ്ട് നില വീടുണ്ടാക്കി. എന്നിട്ട് അതിന്റെ മുകളില്‍ നിന്നിട്ട് വല്യച്ഛനെ വെല്ലുവിളിക്കുമത്രെ. അച്ഛന്‍ കള്ളൊക്കെ കുടിക്കും. എടാ കേളൂ നോക്കെടാ എന്‍റെ വീട്ടിലേക്ക് എന്നൊക്കെ പറയും. ഇതൊക്കെ അമ്മയും ഏട്ടത്തിമാരുമൊക്കെ പറഞ്ഞിട്ടു കേട്ടതാണ്. ഞാനന്ന് വളരെ ചെറുതാണ്. ആകെയുള്ള ഓര്‍മ്മ അച്ഛന്‍ വയനാട്ടില്‍ നിന്നു വരുമ്പോള്‍ അന്നൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാത്ത കേക്കും ബിസ്ക്കറ്റും ഒക്കെ കൊണ്ടുവരും. അച്ഛന്‍ നാട്ടുകാര്‍ക്ക് വളരെ പ്രിയങ്കരനായിരുന്നു. അച്ഛന്‍റെ മനുഷ്യത്വത്തിന്‍റെ ഒരു കാര്യം ഞാന്‍ പറയാം. അന്ന് കേഡി വാസു എന്നു പറഞ്ഞു ഒരാളുണ്ടായിരുന്നു കോഴിക്കോട്. നല്ല അടിപിടിക്കാരനായിരുന്നു. അന്ന് അടിപിടി ഇവിടെ സാധാരണയാണ്. അന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ആള്‍ക്കാര്‍ വിളിക്കുന്നത് കേഡിയെയാണ്. ഇന്നത്തെ ഗുണ്ടക്ക് പകരമാണ് അന്നത്തെ കേഡി. കേഡിയായിട്ടു പ്രഖ്യാപിക്കുക എന്നു പറയുന്നതു എന്തോ വല്യ വകുപ്പ് കൊടുക്കുന്നതു പോലെയാണ്. ഒരുദിവസം കേഡി വാസുവിന് കക്കാന്‍ പോയിട്ട് ഒന്നും കിട്ടിയില്ല. അവസാനം ബട്ലറുടെ വീട്ടില്‍ കയറാം എന്നു വിചാരിച്ചു. ബട്ലര്‍ ഭയങ്കര പ്രസിദ്ധനാണ്. ഒരു വിധം ആരും ബട്ലറുടെ വീട്ടില്‍ കയറാന്‍ ധൈര്യപ്പെടാറില്ല. കാരണം ഇയാള്‍ സായിപ്പിന്റെ ബട്ലറാണ്. കേഡി വാസു എങ്ങനെയോ ഓട് നീക്കി അകത്തേക്ക് ചാടി. താഴെനിലയിലെ അടുക്കളക്കരികിലുള്ള സ്റ്റോര്‍ റൂമില്‍ പഴുത്ത ചക്കയുണ്ടായിരുന്നു. അത് പൊളിച്ചിട്ടു തിന്നു. പിന്നെ അവിടെ കിടന്നുറങ്ങിപ്പോയി. രാവിലെ അമ്മ സ്റ്റോര്‍ റൂമില്‍ കയറുമ്പോഴുണ്ട് കേഡി വാസു അവിടെ കിടന്നുറങ്ങുന്നു. അമ്മയുടെ നിലവിളികേട്ട് അച്ഛന്‍ വന്നു. അച്ഛന്‍ അയാളെ തൊട്ട് വിളിച്ചു. ‘എടാ വാസു എഴുന്നേല്‍ക്കേടാ’ എന്നു പറഞ്ഞു. ‘തമ്പ്രാ  ഞാന്‍ വെശന്നിട്ട് കേറിയതാന്ന്’ കേഡി. ‘എടാ നിനക്കു വിശക്കുന്നുണ്ടെങ്കില്‍ അത് വന്നു പറഞ്ഞാല്‍ പോരേ, നീ കാക്കാന്‍ നില്‍ക്കണോ’ എന്നു അച്ഛന്‍ ചോദിച്ചു. എന്നിട്ട് കുറച്ചു പൈസ കൊടുത്തു. ഇനി മേലില്‍ ഇവിടെ കക്കാന്‍ വരരുതു. അയ്യോ ഇനി വരില്ല എന്നു പറഞ്ഞിട്ടു അവന്‍ പോയി. ആര് വന്നു ചോദിച്ചാലും അച്ഛന്‍ കയ്യയഞ്ഞു കൊടുക്കുമായിരുന്നു. സ്വന്തം തറവാട്ടുകാര്‍ക്ക് മാത്രം ഒന്നും കൊടുക്കില്ല. അച്ഛന്‍ അന്നത്തെ ആറാം ക്ലാസ്സോ ഏഴാം ക്ലാസ്സോ ആയിരുന്നു. അന്നത് വലിയ വിദ്യാഭ്യാസമാണ്. ഹൈസ്കൂളില്‍ പോകാന്‍ ആഗ്രഹിച്ചിട്ടു വീട്ടുകാര്‍ പോകാന്‍ സമ്മതിക്കാതിരുന്നതാണല്ലോ അച്ഛനെ. അമ്മ നാരായണി കോഴിക്കോട്ടെ പേരുകേട്ട തറവാട്ടിലെ അംഗമായിരുന്നു.

അച്ഛന്‍ ഞാന്‍ ചെറിയ ക്ളാസ്സില്‍ പഠിക്കുമ്പോഴേ മരിച്ചു. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയാണ് വളര്‍ത്തിയത്. അമ്മ ചൂടി പിരിക്കും. പിന്നെ കുറച്ചു തെങ്ങുണ്ടായിരുന്നു. മൂന്നേക്കര്‍ പറമ്പ് ഉണ്ടായിരുന്നു. കുറെ തെങ്ങുകള്‍ അച്ഛന്‍ വെപ്പിച്ചിട്ടുണ്ടായിരുന്നു. ചെന്തെങ്ങ് ആദ്യമായി ആളുകള്‍ കാണുന്നത് ഞങ്ങളുടെ പറമ്പിലായിരുന്നു. ഏട്ടന്‍മാരൊക്കെ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചിന്നിച്ചിതറി. ഒരാള്‍ കോഴിക്കോട്ടെ റൌഡിയായിരുന്നു. എന്‍റെ രണ്ടു ജേഷ്ടന്‍മാര്‍  വയനാട്ടില്‍ ഉണ്ടായിരുന്നു.  ഒരു ജേഷ്ടന്‍ കോണ്‍ഗ്രസിന്‍റെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. അവിടെ ഹൈസ്കൂള്‍ ഇല്ലായിരുന്നു. ജേഷ്ടന്‍റെ നേതൃത്വത്തിലാണ് അവിടെ ഹൈസ്കൂള്‍ ഉണ്ടാക്കുന്നത്. ഏട്ടന്‍ ഇടക്ക് കോഴിക്കോട് എത്തും. ഞാന്‍ ഏഴാം ക്ലാസ്സ് പാസായി ഇനിയെന്ത് എന്നറിയാതെ നില്‍ക്കുമ്പോള്‍ ചെറിയേട്ടന്‍ ചന്ദ്രന്‍ നാട്ടില്‍ വന്നു.  ചന്ദ്രേട്ടന്‍ അമ്മയോട് അമ്മേ ഞാന്‍ മോനപ്പനെ വയനാട്ടിലേക്ക് കൊണ്ടുപോകുകയാണ് എന്നു പറഞ്ഞു. എന്നെ വീട്ടില്‍ മോനപ്പന്‍ എന്നാണ് വിളിക്കുക. എനിക്കു സന്തോഷമായി. വയനാട് അച്ഛന്‍റെ സ്ഥലമല്ലേ. അങ്ങനെ ഞാന്‍ ഏട്ടന്റെ കൂടെ വയനാട്ടിലേക്ക് പോയി. അവിടെ ഏട്ടന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ ഉണ്ടാക്കിയ സമയമായിരുന്നു അത്. അന്ന് വയനാട്ടില്‍ ആകെ ഒരു ഹൈസ്കൂള്‍ ഉള്ളത് കല്‍പ്പറ്റയില്‍ മാത്രമായിരുന്നു. അപ്പോഴാണ് എട്ടനും മറ്റും ചേര്‍ന്ന് മേപ്പാടിയില്‍ ഹൈസ്കൂള്‍ ഉണ്ടാക്കിയത്. അങ്ങനെ ഏട്ടന്റെ കൂടെപ്പോയി ആ ഹൈസ്കൂളില്‍ ചേര്‍ന്ന്. 20 ഓളം കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. പിന്നെ പത്താം ക്ലാസ് വരെ ഞാന്‍ അവിടെ തന്നെ പഠിച്ചു.

എന്നെ ഹെഡ്മാസ്റ്റര്‍ക്ക് വല്യ കാര്യമായിരുന്നു. കാരണം ഞാന്‍ നന്നായി പഠിക്കുമായിരുന്നു. അന്ന് നന്നായി പഠിക്കുന്നവര്‍ മുന്‍ ബെഞ്ചിലും ഒട്ടും പഠിക്കാത്തവര്‍ ബാക് ബെഞ്ചിലും ആണ്. പത്താം ക്ളാസ്സില്‍ എനിക്കു ഫാസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു. അന്ന് ഫാസ്റ്റ് ക്ലാസ് എന്നത് വല്യ കാര്യമാണ്. ഇന്നതെ മാതിരി റാങ്കുകളൊന്നും അന്നില്ല. ഹെഡ്മാഷ് പറഞ്ഞു നീ കോളേജില്‍ പഠിക്കണം. കോഴിക്കോട് പുതിയ കോളേജ് തുടങ്ങിയിട്ടുണ്ട് നീ അപേക്ഷ അയക്കണം പെട്ടെന്നു കിട്ടും എന്ന്. മാഷ് തന്നെ ഇതിന്‍റെ ഫോമും കാര്യവും ഒക്കെ വരുത്തി പൂരിപ്പിച്ചു തന്നു അയച്ചുകൊടുത്തു. ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, മീഞ്ചന്ത. അന്ന് മോഡല്‍ സ്കൂളിന്‍റെ അടുത്തായിരുന്നു. സെക്കന്‍റ് ഗ്രൂപ്പിനാണ് ഞാന്‍ അപേക്ഷ കൊടുത്തത്.

അങ്ങനെ ഇന്‍റര്‍വ്യൂ കാര്‍ഡ് വന്നു. ആ സമയത്ത് മേപ്പാടിയില്‍ എന്‍റെ ജീവിതത്തിലെ ടേണിംഗ് പോയന്‍റ് ആയ ഒരാളുണ്ട്. വല്യ ആളൊന്നും അല്ല. തെരുവില്‍ കിടക്കുന്ന ഒരാളാണ്. ഇന്‍റര്‍വ്യൂവിന് കോഴിക്കോട് പോകണമെങ്കില്‍ ബസ്സിന് പൈസ വേണം. പുസ്തകമൊക്കെ വാങ്ങാനും പൈസ വേണം. നാട്ടിലെ അവസ്ഥ എന്താന്നറിയില്ല. എട്ടനിവിടില്ല. വയനാട്ടില്‍ ഞാന്‍ അപ്പോ ഒറ്റയ്ക്ക് ഒരു റൂമില്‍ താമസിക്കുകയാണ്. താമസിക്കാന്‍ വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് ഒരാള്‍ ഫ്രീയായിട്ടു തന്നതാണ്. ഞാനിങ്ങനെ എന്തുചെയ്യണം എന്നാലോചിച്ചു നില്‍ക്കുന്ന സമയത്ത് അവിടെ നാരായണ സ്വാമി എന്നുപറഞ്ഞു ഒരു ഗുണ്ടയുണ്ട്. തെരുവ് ഗുണ്ട. തമിഴനാണ്. വീടൊന്നുമില്ല. കള്ളുകുടിയനാണ്. എല്ലാ ഹോട്ടലുകാരും മൂപ്പര്‍ക്ക് പൈസ കൊടുക്കണം. അതുകൊണ്ട് മൂപ്പര്‍ മദ്യപിക്കും. അടിപിടിക്ക് ആര് വിളിച്ചാലും പോകും. അച്ഛനെയൊക്കെ വല്യ കാര്യമായിരുന്നു. ഞാന്‍ അങ്ങോട്ട് അധികം ലോഗ്യത്തിനൊന്നും പോകാറില്ല. എന്നോടു എപ്പോഴും ലോഗ്യം ചെയ്യും. എന്‍റെ മൂത്ത ജേഷ്ടനൊക്കെയായിട്ടു നല്ല ബന്ധമായിരുന്നെന്ന് തോന്നുന്നു. പുള്ളി എന്നോടു ചോദിച്ചു നീ എന്താ വെറുതെ നില്‍ക്കുന്നെന്ന്. ഞാന്‍ പറഞ്ഞു എനിക്കു കോഴിക്കോട് കോളേജില്‍ ചേരാന്‍ പോകണം. പക്ഷേ ബസ്സിന് പൈസയില്ല. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന് കോഴിക്കോട്ടേക്ക് 2 രൂപയാണ് ബസ് ചാര്‍ജ്. എത്രമണി വരെയുണ്ട് ഇന്‍റര്‍വ്യൂ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. അഞ്ചു മണിവരെയുണ്ട്. അപ്പോ പുള്ളി പറഞ്ഞു നീ എന്തിനാ ഇങ്ങനെ ബേജാറാവുന്നേ നീ കല്‍പ്പറ്റ ജിനയചന്ദ്ര ഗൌഡരുടെ അടുത്തു ചെല്ലൂ. അപ്പോഴെക്കൊക്കെ എത്താം നേരെ ചെന്നു ജിനയചന്ദ്ര ഗൌണ്ടറെ ചെന്നുകണ്ടാല്‍ മതി. കാര്യം പറഞ്ഞാല്‍ അദ്ദേഹം നിനക്കു വേണ്ട പൈസ തരും. ബസ്സിന് പൈസ ഇല്ലായിരുന്നു. ഞാന്‍ കല്‍പ്പറ്റയ്ക്ക് നടന്നുപോയി. ജിനചന്ദ്ര ഗൌഡര്‍ വല്യ മുതലാളിയാ. എം പി വീരേന്ദ്ര കുമാറിന്‍റെ വല്യച്ഛന്‍. കല്‍പറ്റയ്ക്ക് അങ്ങനെ നേരിട്ടു ബസ്സൊന്നും  ഇല്ല. ചുറ്റിക്കറങ്ങിപ്പോണം. അങ്ങനെ കുറുക്ക് വഴിയിലൂടെ ഒന്നരമണിക്കൂര്‍ നടന്നു ഗൌഡരുടെ വീട്ടില്‍ എത്തി. ഗൌഡര്‍ പൂജാമുറിയിലായിരുന്നു. ഗൌഡരുടെ ഭാര്യ വന്നു എന്താ കുട്ടി എന്ന് ചോദിച്ചു. ഞാന്‍ മേപ്പാടി ചന്ദ്രന്റെ അനിയനാനെന്ന് ഞാന്‍ പറഞ്ഞു. അപ്പോ അവര് ഇരിക്കാന്‍ പറഞ്ഞു.  പിന്നെ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ലെന്നു പറഞ്ഞു. അപ്പോ ഇഡ്ഡലിയും ദോശയും കൊണ്ടുതന്നു. ഗൌഡര്‍ പൂജ കഴിഞ്ഞു വന്നപ്പോള്‍ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു. അപ്പോ എന്നെ വിളിച്ചിട്ടു കാര്യം ചോദിച്ചു. ഞാന്‍ പറഞ്ഞു കോളേജില്‍ നിന്നു ഇന്റെര്‍വ്യൂ കാര്‍ഡ് വന്നിട്ടുണ്ട്. എനിക്കു അഡ്മിഷന്‍ കിട്ടും. പക്ഷേ പോകാന്‍ പൈസയില്ല. നിന്റെ സര്‍ട്ടിഫിക്കറ്റ് നോക്കട്ടെ, മാര്‍ക്കൊക്കെ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് എന്‍റെ മാര്‍ക്ക് ലിസ്റ്റ് നോക്കി. എനിക്കു ഹൈ ഫാസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ട് മിടു മിടുക്കനാണല്ലോ എന്ന് പറഞ്ഞു. നീ ഇതുവരെ എന്താ ഇങ്ങോട്ടൊന്നും വരാതിരുന്നത്. ചന്ദ്രന്‍ ഇവിടെ ഇല്ലല്ലോ നീ എവിടെയാ താമസിച്ചത് എന്നൊക്കെ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. അപ്പോ അദ്ദേഹം പറഞ്ഞു. നീ എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ നോക്കുമായിരുന്നല്ലോ എന്നു. എന്നിട്ട് അദ്ദേഹം എനിക്കു 100 രൂപ തന്നു. നൂറു രൂപ ആദ്യായിട്ടു കാണുകയാണ് ഞാന്‍. നൂറു രൂപ കണ്ടപ്പോ ഞാന്‍ ഞെട്ടി. അന്നത്തെ നൂറു രൂപ എന്നൊക്കെ പറഞ്ഞാല്‍ എന്താ പറയുന്നെ 1962 ലാണ്. എത്ര കൊല്ലം മുന്‍പുള്ള നൂറുരൂപയാണ്. ഇപ്പോ 2016 ആയില്ലേ.

ഞാന്‍ ആ നൂറുരൂപയും ഭദ്രമായി പിടിച്ച് അവിടെനിന്നിറങ്ങി. അന്ന് അവിടന്ന് കോഴിക്കോട്ടേക്ക് നേരിട്ടു ബസ്സില്ല. ചുണ്ടയില്‍ വരണം. ചൂണ്ടയില്‍ ഇറങ്ങി പിന്നെ കല്‍പ്പറ്റയ്ക്കു ബസ് പിടിച്ച് പോകുക, അങ്ങനെയൊക്കെയാണ്. ചുണ്ട വരെ ഞാന്‍ വീണ്ടും നടന്നു. ചുണ്ടയില്‍ നിന്നു ബസ് കിട്ടി. 100 ന്‍റെ നോട്ട് കണ്ടക്ടര്‍ക്ക് കൊടുത്തു. കണ്ടക്ടര്‍ ഞെട്ടി. ചെറിയ ചെക്കന്‍ നൂറിന്‍റെ നോട്ട് കൊടുക്കുക എന്നുപറഞ്ഞാല്‍…ട്രൌസറാണ് ഇട്ടിട്ടുള്ളത്. ജിനചന്ദ്രന്‍ ഗൌഡര്‍ ട്രൌസര്‍ കണ്ടപ്പോ പറഞ്ഞിരുന്നു ട്രൌസര്‍ ഇട്ടിട്ടൊന്നും പോകാന്‍ പറ്റില്ല കേട്ടൊന്ന്. കോഴിക്കോട് ഇറങ്ങിയിട്ട് കോളേജിലേക്ക്  പോകുന്നതിനു മുന്‍പ് ഒരു മുണ്ട് വാങ്ങണം അതും ഉടുത്തിട്ടു കോളേജില്‍ പോണം എന്നു പറഞ്ഞിരുന്നു. എന്നോടു കണ്ടക്ടര്‍ ചോദിച്ചു എവിടുന്നാ ഈ പൈസ കിട്ടിയതു എന്ന്. എന്തിനാന്നും  ചോദിച്ചു. ഞാന്‍ പറഞ്ഞു കോളേജില്‍ ചേരാന്‍ വേണ്ടിയിട്ടു തന്നതാണെന്ന്. അപ്പോള്‍ എന്‍റെ സര്‍ട്ടിഫിക്കറ്റും ഇന്റെര്‍വ്യൂ കാര്‍ഡും എല്ലാം നോക്കിയിട്ട് കണ്ടക്ടര്‍ പറഞ്ഞു. മോനേ ഇത് വല്യ പൈസയാണ്. ഇത് നീ കയ്യില്‍ വെക്കണ്ട. ആരെങ്കിലും പോക്കറ്റടിച്ചു കളയും. ഏന്‍റെ കയ്യില്‍ സൂക്ഷിക്കാം. കോഴിക്കോട് ഇറങ്ങിയിട്ടു ഞാന്‍ നിന്നെ കോളേജിന്റെ അവിടെ ആക്കിത്തരാം എന്ന് പറഞ്ഞു. ബസ് കോഴിക്കോട് നിന്നും തിരിച്ചുപോകേണ്ടതാണ്. കണ്ടക്ടര്‍ ബസ് കോഴിക്കോട് എത്തിയപ്പോള്‍ മോഡല്‍ സ്കൂളിന്റെ മുന്നില്‍ ബസ് നിര്‍ത്തിയിട്ടു എന്നെ പ്രിന്‍സിപ്പലിന്‍റെ റൂമിന് മുന്നില്‍ കൊണ്ടാക്കി. മുറിയില്‍ കയറുമ്പോള്‍ മാത്രമാണ് പൈസ ഏന്‍റെ കയ്യില്‍ തന്നത്. 

എന്‍റെ മാര്‍ക്ക് കണ്ടപ്പോള്‍ പ്രിന്‍സിപ്പല്‍ അത്ഭുതപ്പെട്ടു. നൂറ് രൂപയുടെ നോട്ട് കണ്ടപ്പോള്‍ അതിനെക്കാള്‍ അത്ഭുതപ്പെട്ടു. അന്ന് ചെറിയ ഫീസ് എന്തോ ആണ് ഉണ്ടായിരുന്നത്. എന്‍റെ മാര്‍ക്ക് കണ്ടപ്പോള്‍ പ്രിന്‍സിപ്പല്‍ എന്നോട് ഫീസ് വാങ്ങിയില്ല. ഇത് നീ തന്നെ വെച്ചോ നിന്റെ ഫീസ് ഞാന്‍ കൊടുത്തോളാം എന്ന് പറഞ്ഞു പുള്ളിതന്നെ ഫീസ് കൊടുത്തു. 100 രൂപ എനിക്കു തിരിച്ചുതന്നു. അങ്ങനെ അഡ്മിഷന്‍ കിട്ടി. പിന്നെ ടൌണില്‍ നിന്നു നേരെ വീട്ടിലേക്ക് നടന്നു. ഒരു പത്തു കിലോമീറ്റര്‍ ഒക്കെയുണ്ടാകും. അന്ന് വാഹനങ്ങളൊക്കെ കുറവാണ്. കൂടുതാളും ആളുകള്‍ നടക്കുകയാണ് ചെയ്യുക. വീട്ടിലെത്തിയിട്ട് പൈസ അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് അത് കുറെ നാളത്തേക്കു ഉണ്ടായിരുന്നു.

പ്രീഡിഗ്രി ക്ലാസ് തുടങ്ങിയപ്പോള്‍  നല്ലോണം പഠിക്കുന്ന കുട്ടിത്തന്നെയായിരുന്നു ഞാന്‍. അന്ന് കോളേജുകളില്‍ ആദ്യായിട്ടു വിദ്യാര്‍ഥി യൂണിയന്‍ വരുന്ന കാലമായിരുന്നു. വായന നേരത്തെയുണ്ട്. വീട്ടില്‍ എല്ലാരും വായിക്കുന്നവരായിരുന്നു. എന്‍റെ ഏട്ടത്തി നന്നായിട്ട് വായിക്കും. ഏട്ടത്തിയായിരുന്നു ആദ്യം കഥകള്‍ വായിച്ചു തന്നത്. അത്താണിക്കല്‍ പ്രോഗ്രസ്സീവ് റീഡിംഗ് റൂം ലൈബ്രറി അന്നത്തെ ഏറ്റവും നല്ല ലൈബ്രറികളില്‍ ഒന്നാണ്. ഒരുപാട് നല്ല പുസ്തകങ്ങള്‍ ഉണ്ട് അവിടെ. അവിടുന്നു പുസ്തകം എടുക്കുന്ന പുസ്തകങ്ങളാണ് ഏട്ടത്തി വായിച്ചു തരുന്നത്. ഏട്ടത്തി പുസ്തകത്തിന്റെ പേര് എഴുതിത്തരും ഞാന്‍ പുസ്തകം എടുത്തുകൊണ്ട് വരും. കുറെ കഴിഞ്ഞപ്പോള്‍ സ്വയം വായിക്കാന്‍ തുടങ്ങി. എനിക്ക് പഠിക്കുക എന്നൊരു ഏര്‍പ്പാടില്ല. ക്ലാസ് ശ്രദ്ധിച്ചാല്‍ എല്ലാം ഓര്‍മ്മയുണ്ടാകും. പിന്നെയുള്ളത് കോപ്പി എഴുതലാണ്. പിന്നെ നോട്സോക്കെ എനിക്ക് ഓര്‍മ്മയുണ്ടാകും. പാഠപുസ്തകം അങ്ങനെ വായിക്കില്ല. പകരം വായിക്കുന്നത് പഞ്ചതന്ത്രം കഥകള്, ഈസോപ്പു കഥകള്  ടോള്‍സ്റ്റോയിയും മാക്സിം ഗോര്‍ക്കിയും ഒക്കെ ചെറുപ്പത്തില്‍ വായിച്ചതാണ്. ലൈബ്രേറിയന്‍മാര്‍ക്ക് എന്നെ വല്യ ഇഷ്ടമായിരുന്നു. അവര്‍ എനിക്ക് പറ്റിയ പുസ്തകങ്ങള്‍ എടുത്തു തരുമായിരുന്നു. ഘട്ടം ഘട്ടമായിട്ടാണ് ടോള്‍സ്റ്റോയിലേക്കും ഗോര്‍ക്കിയിലേക്കുമൊക്കെ എത്തുന്നത്. വായനയുടെ അടിത്തറ എനിക്ക് കിട്ടുന്നത് വീട്ടില്‍ നിന്നാണ്. വീട്ടില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകള്‍ ഏട്ടത്തി വായിക്കും. അമ്മയും ഞങ്ങളുമൊക്കെ അത് കേട്ടിരിക്കും. അങ്ങനെ അന്നേ സാഹിത്യവുമായിട്ടു ഒരു ബന്ധം ഉണ്ടായിരുന്നു. അക്കാലത്ത് എന്റെ ഏട്ടന്‍ നല്ല കള്ളുകുടിയനായിരുന്നു. പക്ഷേ ഒരു നാടക പ്രേമിയായിരുന്നു. ഏട്ടന്‍ എല്ലാരെയും നാടകത്തിനു കൊണ്ടുപോകുമായിരുന്നു. അങ്ങനെയാണ്  ഞാന്‍ കെ പി എസി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഒക്കെ കണ്ടത്. ക്രൌണ്‍ തിയറ്ററിലെ സിനിമ മാത്രമേ ഏട്ടന്‍ കാണാറുള്ളൂ. ഏട്ടന്‍ കൂട്ടിക്കൊണ്ടുപോയിട്ടു ക്രൌണിലെ സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. ഏട്ടന്‍ പഴയ എട്ടാം ക്ലാസ്സുകാരനാണ്. മൂപ്പര് മലയാള സിനിമ ഒന്നും കാണില്ല. അങ്ങനെ നല്ലൊരു ബാക് ഗ്രൌണ്ട് എനിക്ക് അന്നേ കിട്ടിയിട്ടുണ്ട്. അതായിരിക്കാം പിന്നീട് എന്‍റെ വികസിച്ചു വന്നത്. വയനാട്ടില്‍ പോയപ്പോള്‍ അവിടെ ഒരു ലൈബ്രറി ഉണ്ടായിരുന്നു. അത് എന്റെ ഏട്ടന്‍ മുന്‍കൈ എടുത്തു ഉണ്ടാക്കിയതാണ്. അവിടെയും സ്ഥിരം വായനക്കാരനാണ്.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കൂടെയാണ്. അന്നത്തെ പ്രിന്‍സിപ്പള്‍ രാമകൃഷ്ണനൊക്കെ കോളേജില് യൂണിയന്‍ പ്രവര്‍ത്തനത്തിന് വളരെ എതിരായിരുന്നു. കോഴിക്കോട് മേയറായിരുന്ന പ്രേമജ ടീച്ചര്‍ അന്നവിടെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപികയായിരുന്നു. എനിക്കു സബ്സിഡറിയായിട്ടു ഹിസ്റ്ററി ഉണ്ടായിരുന്നു. ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ തെറ്റിയിട്ടുണ്ട്. ഞാന്‍ ടീച്ചറിനെ ചോദ്യം ചെയ്തിരുന്നു. ഞങ്ങള്‍ ഹിസ്റ്ററി ക്ളാസ്സില്‍ ഭയങ്കര കച്ചറയുണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ പ്രേമജ ടീച്ചറിനെതിരെ കടുത്ത മുദ്രാവാക്യമൊക്കെ ഉണ്ടാക്കി വിളിച്ചിരുന്നു. ഇവരൊരു സാഹിത്യ കൃതിപ്പോലും വായിക്കാത്ത ആളാണ്. ഗൈഡ് കൊണ്ടുവന്നിട്ടാണ് ക്ലാസ്സ് എടുക്കുക. അത് നോക്കിയിട്ട് ഇങ്ങനെ പറയുകയാണ് ചെയ്യുക. അല്ലാതെ പഠിച്ചിട്ടു പഠിപ്പിക്കുന്ന രീതിയൊന്നും അല്ല. അക്കാലത്ത് അവര്‍ ഭയങ്കര കോണ്‍ഗ്രസ് കാരിയായിരുന്നു. പിന്നെ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോഴാണ് അവര്‍ സുരക്ഷിതമായ വഴിനോക്കി ഇങ്ങോട്ട് ചാടിയത്. ഞങ്ങളന്നു കേരള സ്റ്റുഡന്‍സ് ഫെഡറേഷനിലായിരുന്നു. എസ് എഫ് ഐ യുടെ ആദ്യ രൂപം. ആ പക ടീച്ചര്‍ക്ക് അവസാനം വരെ നിലനിന്നിരുന്നു. മേയറായ സമയത്ത് ഞാന്‍ എന്തെങ്കിലും ആവശ്യത്തിന് പോയാല്‍ ഒന്നും ചെയ്തു തരില്ലായിരുന്നു. കെ അജിത എന്റെ സീനിയറായിരുന്നു. നാട്ടില്‍ കെ എസ് വൈ എഫ് എന്ന ഒരു ക്ലബ് ഉണ്ടായിരുന്നു. അവിടെ ഒരു യൂത്ത് വിംഗ് ഉണ്ടായിരുന്നു. അതിന്‍റെയൊക്കെ പ്രവര്‍ത്തനം ഒക്കെയായി പഠിത്തം കുറഞ്ഞു. അങ്ങനെ പ്രീഡിഗ്രി തോറ്റു. പിന്നീട് എഴുതി പാസായി. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഞാന്‍ വാടക വീട്ടിലായിരുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാതെ വന്നപ്പോള്‍ അച്ഛന്‍ എടുത്ത വീട് വിറ്റിട്ടു ഏട്ടന്‍മാര്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനടുത്ത് ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. ഹോട്ടല്‍ ബേബി. ഏട്ടന്‍മാര്‍ ഓരോരുത്തരും മാറിമാറി കൌണ്ടറില്‍ ഇരിക്കും. ഓരോരുത്തര്‍ക്കും ആവശ്യമുള്ള കാശ് എടുക്കും. അങ്ങനെ ഹോട്ടല്‍ പൊളിഞ്ഞു. അങ്ങനെയാണ് പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ എത്തിയത്.

തോറ്റിട്ടു അടുത്ത പരീക്ഷ വരെയുള്ള കാലഘട്ടം യുക്തിവാദി പ്രസ്ഥാനവും ഒക്കെയായി ഇങ്ങനെ നടന്നു. വീട്ടില്‍ അമ്മ ചകിരി പിരിച്ചത് കൊണ്ടുപോയി വില്‍ക്കുക, അരി വാങ്ങിക്കൊണ്ട് കൊടുക്കുക, ലൈബ്രറിയില്‍ പോയിട്ടു ഇംഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും ഒക്കെ വായിക്കുക ഇതൊക്കെയാണ് അന്നത്തെ പരിപാടി. അന്ന് മനോരമയൊന്നും നമ്മള്‍  വായിക്കുകയെ ഇല്ല. പ്രധാനമായും ദേശാഭിമാനിയാണ് വായിക്കുന്നത്. മാതൃഭൂമിയും മനോരമയുമൊക്കെ ബൂര്‍ഷ്വാ പത്രങ്ങളായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മാവന്‍ പറയുന്നതു അമ്മാവന്റെ മകളോടൊപ്പം ടീച്ചേസ് ട്രെയിനിംഗിന് പോകണമെന്ന്. ട്രെയിനിംഗ് കഴിഞ്ഞാല്‍ സ്കൂള്‍ ടീച്ചറാകാം എന്നു അമ്മാവന്‍ പറഞ്ഞു. അമ്മാവന്‍റെ മകള്‍ നടക്കാവ് ഗേള്‍സ് ട്രെയിനിംഗ് സ്കൂളിലും ഞാന്‍ കോഴിക്കോട് ട്രെയിനിംഗ് സ്കൂളിലും ചേര്‍ന്നു.

അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നക്സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് ശേഷം വീണ്ടും ഒരു പിളര്‍പ്പുണ്ടായില്ലെ അങ്ങനെയാണല്ലോ മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്. വര്‍ഗീസിന് ശേഷമാണ് ഞങ്ങള്‍ വരുന്നത്. വര്‍ഗീസില്‍ നിന്നാണ് ഞങ്ങള്‍ ആവേശം ഉള്‍ക്കൊള്ളുന്നത്. അജിതയുടെ അച്ഛന്‍ കുന്നിക്കല്‍ നാരായണേട്ടനുമായി ബന്ധമുണ്ടായിരുന്നു. ഇടയ്ക്കു മൂപ്പരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അജിതയുമൊക്കെയായി സംസാരിക്കുമായിരുന്നു.  അവരുടെ ബുക്ക് സ്റ്റാളില്‍ നിന്നാണ് എനിക്കു ആദ്യമായി ചൈനീസ് ലിറ്ററേച്ചറും മാവോ കൃതികളും കിട്ടുന്നത്. ചൈനയെ അതിനു മുന്പ് തന്നെ നമ്മള്‍ക്ക് ആരാധനയാണ്. അങ്ങനെയാണ് അത് വായിച്ചു തുടങ്ങുന്നത്. ഇതിനോടൊരു ചായ്വ് ഉണ്ടാകുന്നതും അങ്ങനെയാണ്.  അന്ന് ഞാന്‍ ട്രെയിനിംഗ് സ്കൂളില്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മറ്റുകുട്ടികള്‍ പിരിച്ചെടുത്താണ് എന്റെ ഹോസ്റ്റല്‍ ഫീസ് കൊടുത്തിരുന്നത്. എല്ലാവര്‍ക്കും എന്നെ വല്യ കാര്യമായിരുന്നു. എന്നെ അവര്‍ നേതാവായാണ് കണ്ടിരുന്നത്.

ട്രെയിനിംഗ് സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആദ്യത്തെ അറസ്റ്റ് ഉണ്ടാകുന്നത്. ആ സമയത്താണ് വയനാട്ടില്‍ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ഉള്ള ആദ്യത്തെ കലാപം ഉണ്ടാകുന്നത്. തുടര്‍ന്നു വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നു. അന്ന് തായാട്ട് ശങ്കരേട്ടന്‍ നടത്തുന്ന ഒരു പത്രം ഉണ്ടായിരുന്നു. ആ പത്രത്തില്‍ വലിയ തലക്കെട്ടില്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ട വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ നിന്നു സ്കൂളിലേക്ക് പോകുമ്പോഴാണ് ഈ വാര്‍ത്ത കാണുന്നത്. അപ്പോ ഞങ്ങള്‍ കരിങ്കൊടി ഉയര്‍ത്താന്‍ വേണ്ടി തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ ട്രെയിനിംഗ് സ്കൂളില്‍ കരിങ്കൊടി ഉയര്‍ത്തി. സഖാവ് വര്‍ഗീസിന് മരണമില്ല എന്ന ബോര്‍ഡ് വെച്ചു. രാവിലെ ടീച്ചര്‍ വന്നു നോക്കുമ്പോള്‍ കരിങ്കൊടി കണ്ടു. ഭയങ്കര പ്രശ്നമായി. അവര്‍ പോലീസില്‍ വിളിച്ച് പറഞ്ഞു. അങ്ങനെ പോലീസ് വന്നിട്ട് കസ്റ്റഡിയില്‍ എടുത്തു. രാത്രി രണ്ടുമണിക്ക് ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. പിന്നെ ടൌണില്‍ ചുറ്റി നടന്നിട്ടു വേറെയും കുറച്ചു ആള്‍ക്കാരെ പിടിച്ചു. അതില്‍ ഒരു ലക്ഷ്മണന്‍ ഉണ്ടായിരുന്നു. എന്നെയും ലക്ഷ്മണനെയും ഒരുമിച്ച് ഒരു സെല്ലില്‍ ഇട്ടു. ലക്ഷ്മണന്‍ എനിക്കു അവിടെ വെച്ചു ക്ലാസ് ഏടുത്തു. ഒരു സഖാവ് എന്നതിനപ്പുറം എനിക്കു അദ്ദേഹത്തെ പറ്റി കൂടുതല്‍ ഒന്നും അറിയില്ല. പിന്നീടൊരിക്കലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പിറ്റേന്ന് ഞങ്ങള്‍ അവിടെ കുത്തിയിരിക്കുമ്പോള്‍ പെട്ടെന്നു ഭയങ്കര മുദ്രാവാക്യം കേള്‍ക്കുന്നു. പോലീസുകാരുണ്ട് ഓ‌ടി നടക്കുന്നു. മധുസൂദനനെ തന്നേ തീരൂ തന്നേ തീരൂ എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് എന്റെ അമ്മാവന്‍റെ മകളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനിലേക്ക് വരികയാണ്. ബാക്കില്‍ ആണ്‍കുട്ടികള്‍ ഉണ്ടെങ്കിലും മുന്നില്‍ പെണ്‍കുട്ടികള്‍ ആയതുകൊണ്ട് പോലീസിന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. പോലീസിന് അടിച്ചോടിക്കാനൊന്നും പറ്റിയില്ല. ജാഥ പോലീസ് സ്റ്റേഷനില്‍ നിന്നു നേരെ ദേശാഭിമാനിയിലേക്കാണ് പോയത്. അവിടെ എ കെ ജി ഉണ്ടായിരുന്നു. അവര് എ കെ ജി യോട് പോയി പറഞ്ഞു ഞങ്ങളുടെ വിദ്യാര്‍ഥി മധുസൂദനനെ പോലീസ് നക്സലൈറ്റ് എന്നുപറഞ്ഞു പിടിച്ച് വെച്ചിരിക്കുന്നു. എസ് എസ് എഫ് പ്രവര്‍ത്തകനാണ് മധു. കൊടി ഉയര്‍ത്തിയതിനാണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നു പറഞ്ഞു. ശരി നിങ്ങള്‍ പോയിക്കോളൂ ഞാന്‍ ഇത് കൈകാര്യം ചെയ്തോളാം എന്നു പറഞ്ഞു എ കെ ജി എ എസ് പി യെ വിളിച്ച് എന്നെ വിട്ടയക്കാന്‍ പറഞ്ഞു. എന്നിട്ട് എന്നെ വന്നുകാണണം എന്നു പറയാനും പറഞ്ഞു. അങ്ങനെ ലക്ഷ്മണനെ അവിടെ കിടത്തി എന്നെ മാത്രം വിട്ടു.

ഞാന്‍ നേരെ എ കെ ജി യുടെ അടുത്തേക്ക് പോയി. എ കെ ജി എനിക്കു കുറെ ക്ലാസ് ഏടുത്തു. നീ നക്സലൈറ്റില്‍ ഒന്നും പെടരുത് അതൊന്നും വിജയിക്കില്ല. അതൊക്കെ ഇടതുപക്ഷ സംഘടനയുടെ ഒരു ബാലാരിഷ്ടതയുടെ ഭാഗമായിട്ടുള്ള ഒരിതാണ്. ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത എന്ന ലെനിന്‍റെ ഒരു പുസ്തകം ഉണ്ട്. ഇതിനിടക്കുള്ള അതിതീവ്രവാദികളെ കുറിച്ചൊക്കെ പറയുന്ന പുസ്തകമാണ്. അത് എടുത്തു തന്നിട്ടു ഇത് വായിക്കണം എന്നു പറഞ്ഞു. വീട് എവിടെയാണ് എന്നൊക്കെ ചോദിച്ചു. ഞാനന്ന് ഹോസ്റ്റലിലാണെങ്കിലും അമ്മ അമ്മയുടെ തറവാടിലായിരുന്നു. വാടക കൊടുക്കാനാവാതെ വാടക വീടൊക്കെ വിട്ട് ഞാനും അമ്മയും അമ്മയുടെ തറവാട്ടിലേക്ക് വരികയായിരുന്നു. അപ്പോള്‍ എന്നോടു പറഞ്ഞു അവിടെ ഒരു കലാസമിതിയുണ്ട് അതിനകത്ത് പ്രവര്‍ത്തിക്കണം എന്നു പറഞ്ഞു. പിന്നെ മാക്സിസവും ലെനിനിസവും ഒക്കെ നന്നായി വായിക്കുക. എന്തു പുസ്തകം വേണമെങ്കിലും ഇവിടെ വന്നു എടുത്താല്‍ മതി, എന്നിട്ട് അശോകപുരത്തെ സഖാക്കള്‍ക്ക് ക്ലാസ് എടുക്കണം. നീ അധ്യാപക ജോലിക്ക് പഠിക്കുന്നതല്ലേ അപ്പോള്‍ ക്ലാസ് എടുക്കുന്നതൊക്കെ നല്ലതാണെന്നൊക്കെ പറഞ്ഞു.  അങ്ങനെ ഞാന്‍ പ്രവര്‍ത്തനം. തുടങ്ങി. ഞാന്‍ അന്ന് വല്യ നക്സലൈറ്റ് ആയിക്കഴിഞ്ഞിട്ടില്ല. അനുഭാവി മാത്രമായിരുന്നു.

*മധുമാസ്റ്ററുടെ ചിത്രം: രാഖി സാവിത്രി

(തുടരും)

 
(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍