UPDATES

വാര്‍ത്തകള്‍

തഹസില്‍ദാര്‍ സ്ട്രോങ്ങ്‌ റൂമില്‍ കയറി; സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ മധുര ജില്ലാ കലക്ടര്‍ക്ക് സ്ഥലംമാറ്റം

മധുരയില്‍ ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് സിപിഎം മല്‍സരിക്കുന്നത്.

മധുര ജില്ലാ കലക്ടര്‍ എസ് നടരാജനെ സ്ഥലം മാറ്റാന്‍ തമിഴ്‌നാട് ഹൈക്കോടതി ഉത്തരവിട്ടു. വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമില്‍ അനധികൃതമായി തഹസില്‍ദാര്‍ കയറി എന്ന പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടത്. മധുര ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി സു. വെങ്കിടേശന്റെ പരാതിയിലാണ് നടപടി. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ എസ് മണികുമാര്‍, സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെതാണ് ഉത്തരവ്.

ജില്ലാ കലക്ടര്‍ക്ക് പുറമെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം ഗുരുചന്ദ്രന്‍, അസി. പോലീസ് കമ്മീഷണര്‍ മോഹന്‍ദാസ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ തഹസില്‍ദാരും ഉദ്യോഗസ്ഥരും മൂന്ന് മണിക്കൂറോളം ചിലവഴിച്ചെന് സിപിഎം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ആരോപിച്ചു. എങ്ങനെയാണ് തഹസില്‍ദാര്‍ക്ക് മധുര മെഡിക്കല്‍ കൊളേജിന്റെ ഒരു കെട്ടിടത്തിലെ അതീവ സുരക്ഷയുള്ള മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം സത്യവാങ് മൂലത്തില്‍ സംശയം പ്രകടിപ്പിച്ചു.

പരാതി ലഭിച്ചെങ്കിലും റിട്ടേണിംങ് ഓഫീസര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും വിമര്‍ശനമുയര്‍ന്നു. പരാതിക്കാരന് പരാതി ഉന്നയിക്കാന്‍ അര്‍ദ്ധരാത്രിയിലാണ് ജില്ലാ കലക്ടര്‍ സമയം അനുവദിച്ചത്. പരാതി ഉന്നയിച്ചപ്പോള്‍ താഹസില്‍ദാര്‍ സ്‌ട്രോങ് റൂമില്‍ പ്രവേശിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിലപാടാണ് കലക്ടര്‍ സ്വീകരിച്ചത്.

സ്‌ട്രോങ് റൂമില്‍ പ്രവേശിച്ച തഹസില്‍ദാര്‍ പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടാകാമെന്നാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ ആരോപണം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍