UPDATES

യാത്ര

ഒരു മധുരൈ അനുഭവം

Avatar

ശ്രീലാല്‍ ശശിധരന്‍

സമയം രാത്രി ഒന്‍പതു മണി. കുമളിക്കുള്ള ബസ്സ് നോക്കി കാഞ്ഞിരപ്പള്ളി കുരിശിങ്കലില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് കാല്‍ മണിക്കൂറായി. എല്ലാവര്‍ക്കും കിട്ടാറുള്ള പണിയാണല്ലോ ഇത്. അത്യാവശമായി എവിടെങ്കിലും പോകാന്‍ നില്‍ക്കുമ്പോ ആ റൂട്ടിലുള്ള ബസ്സിന്റെ പൊടിപോലും കാണില്ല. അല്ലെങ്കില്‍ മിനിട്ടിനു മൂന്നെണ്ണം വച്ച് പോകുന്നത് കാണാം. ഭാഗ്യം, കാത്തിരിപ്പിനു വിരാമമേകിക്കൊണ്ട് രണ്ടും കണ്ണും തെളിച്ച് നെറ്റിയില്‍ കുമളി ബോര്‍ഡും വച്ച് ആനവണ്ടിയെത്തി. നിര്‍ത്തേണ്ട താമസം  ബാഗും കയ്യില്‍ മിനെറല്‍ വാട്ടറും പിടിച്ചുകൊണ്ട് സീറ്റും തപ്പി ഒരോട്ടം വേണ്ടി വന്നു. അതു വെറുതേ ആയില്ല, മുന്‍പില്‍ രണ്ടു സീറ്റ് കാലിയായിരുന്നു. ബാഗ് സീറ്റില്‍ വെച്ച് കൊച്ചുവിനു സ്ഥാനം ഉറപ്പിച്ചു. അവന് മധുരൈയില്‍ ഒരാവശ്യം. അതിനു വേണ്ടിയുള്ള പോക്കാണ് കൂടെ ഒരു കറക്കവും. കുമളിയില്‍ ചെന്നിട്ട് അടുത്ത വണ്ടി പിടിക്കണം.

പെരുവന്താനം കഴിഞ്ഞ് വണ്ടി പതുക്കെ വളഞ്ഞും തിരിഞ്ഞും കുട്ടിക്കാനം കയറ്റം കയറാന്‍ തുടങ്ങി. സിനിമ സ്‌റ്റൈലില്‍ ഗന്ധര്‍വന്‍ വരുമ്പോഴുള്ള സ്‌മോക്ക് എഫക്റ്റ് പോലെ വഴി കാണാതെ കോട നിറഞ്ഞു നില്ക്കുന്നു. ജനലില്‍ കൂടെ അരിച്ചു കയറുന്ന തണുപ്പ് അസ്ഥികളെ തുളച്ച് കടന്നു പോകുമ്പോള്‍ ആകപാടെ ഉള്ള ഒരു ആശ്വാസം കുമളിയില്‍ ചെന്നാല്‍ ആത്മാവിനൊരു പുക കൊടുക്കാം എന്നുളതാണ്. അങ്ങനെ കുമളിയില്‍ ചെന്ന് ഒരു സ്വര്‍ണവും വാങ്ങി ആത്മവിന്റെ വിശപ്പും അടക്കി മധുരൈ വണ്ടിക്കുള്ള കാത്തിരിപ്പ്. അധികം കാത്തിരിക്കേണ്ടി വന്നില്ല, സര്‍ക്കാര്‍ വക രഥമെത്തി. ഇരുട്ടിനെ കീറി മുറിച്ച് കുമളി ചെക്ക് പോസ്റ്റും താണ്ടി രഥം മധുരൈ ലക്ഷ്യമാക്കി കുതിച്ചു.

മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ വിശാലമായി കിടന്നുറങ്ങുന്നവര്‍. ആരെയും ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. കിട്ടിയ ഒരു സീറ്റില്‍ ബാഗും വെച്ച് ഇരിപ്പുറപ്പിച്ചു. ഇടയ്ക്ക് മധുരൈയില്‍ ചെന്നാല്‍ പിന്നെ പോകാനുള്ള സ്ഥലത്തേക്കുള്ള റൂട്ട് കണ്ടക്ടറോടു ചോദിച്ചു. വണ്ടി മധുരൈ ഹൈവെയില്‍ കൂടെ പറക്കുമ്പോള്‍ എപ്പോഴോ എന്റെ കാഴ്ച്ചകള്‍ ഉറക്കത്തിനു വഴി മാറി.

മധുരൈ… മധുരൈ എന്ന വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഇറങ്ങിയപാടെ കൊതുകുപൊതിയും പോലെ ഓട്ടോക്കാരുടെ ഒരു പ്രവാഹം. അവരെ പാടെ അവഗണിച്ചു നേരത്തേ കണ്ടക്ടര്‍ പറഞ്ഞ റൂമും തപ്പി നടന്നു. മാട്ടുദാവണി അതാണ് ഞങ്ങള്‍ ഇറങ്ങിയ സ്ഥലം. ഇവിടുന്ന് ആര്‍പാളയം പോകണം…എന്തായാലും ഇന്ന് ഇവിടെ തന്നെ സ്റ്റേ ചെയ്യാം. കുറച്ചു നേരം തപ്പി ഒരു സ്ഥലം കണ്ടെത്തി. സുപ്രഭാതം..! നല്ല പേര്. പേര് ലളിതമാണെങ്കിലും ചാര്‍ജ്ജ് ലളിതമല്ല, 880 രൂപ ആണ് വാടക, എന്നാലും വൃത്തിയുള്ള സ്ഥലം. അതുകണ്ടപ്പോ ചാര്‍ജ്ജ് കൂടുതലാണ് എന്നു തോന്നിയില്ല. ലിഫ്റ്റില്‍ കയറി നാലാമത്തെ ഫ്ലോറില്‍ ഇറങ്ങി. റൂം നമ്പര്‍ 407. കുളിക്കണം എന്ന് മനസ്സു പറഞ്ഞെങ്കിലും ഉശിരന്‍ തണുപ്പു കാരണം ശരീരം അതിനു സമ്മതിച്ചില്ല.

രാവിലെ ഉറക്കമുണര്‍ന്ന് ആര്‍പാളയം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവിടുന്ന് ഒരു ഓട്ടോ പിടിച്ച് കൊച്ചുവിനു പോകേണ്ട പറവ എന്ന സ്ഥലത്തേക്ക്. 10 കിലോമീറ്റര്‍ ദൂരം ഓട്ടോ ഓടാന്‍ ജോണ്‍ കെന്നഡി എന്ന അണ്ണന്‍ 200 രൂപ മേടിച്ചു. കഴുത്തറുക്കുന്ന നാട്ടില്‍ ചെന്നാല്‍ മിനിമം കയ്യെങ്കിലും അറുക്കണം എന്ന് അണ്ണന്‍ മനസിലാക്കിയതു കൊണ്ടാണോ എന്തോ. അവിടെ അവന്റെ ഓഡിറ്റിംഗ് എല്ലാം കഴിഞ്ഞ് ഞങ്ങള്‍ മധുരൈ കറങ്ങാന്‍ ഇറങ്ങി. ആര്‍പാളയം ചെന്നു ആദ്യം, അവിടുന്ന് മധുരൈ മീനാക്ഷി കോവിലിലോട്ടുള്ള വണ്ടി കയറി. വഴി നിറയെ മുല്ലപ്പൂ, പ്രേമം സിനിമ കണ്ടതുകൊണ്ട് മല്ലിപ്പൂ എന്ന് തിരുത്താം. ആ..! മല്ലിപൂ ചൂടിയ പെണ്‍കുട്ടികള്‍ ചിലര്‍ മുഖത്ത് മഞ്ഞള്‍ തേച്ചിരിക്കുന്ന..കാഴ്ച്ചകള്‍ കണ്ട് അങ്ങനെ കോവില്‍ ലക്ഷ്യമാക്കി നടന്നു. അവിടെ എത്തിയപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു നട തുറക്കാന്‍ നാലുമണി ആവും.

സമയം ഒരുമണി കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാല്‍ പിന്നെ തിരുമല നായ്ക്കര്‍ മഹല്‍ വരെ പോയേക്കാം എന്ന് കരുതി. അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. നട്ടുച്ച സമയം വെയിലിന്റെ കടുപ്പം അസഹനീയം തന്നെ. എങ്കിലും സൈഡ് പിടിച്ചൊരു നടപ്പു നടന്നു. 

തിരുമലൈ നായ്ക്കര്‍ കൊട്ടാരത്തില്‍ കയറണമെങ്കില്‍ പാസ്സ് എടുക്കണം. മുതിര്‍ന്നവര്‍ക്ക് 25ഉം വിദ്യാര്‍ത്ഥികള്‍ക്ക് 10ഉം എന്നതാണ് കണക്ക്. ബാഗില്‍ ഇത് വരെയും ഒരു ഉപകാരവും ഇല്ലാതിരുന്ന കോളേജ് ഐഡി കാര്‍ഡ് ഉള്ളതുകൊണ്ട് 10 രൂപയ്ക്ക് അകത്തു കയറി.

1636 എഡിയില്‍ തിരുമലൈ നായ്ക്കര്‍ ആണ് ഈ കൊട്ടാരം പണിതതെന്നു പറയപ്പെടുന്നു. ഇറ്റാലിയന്‍ വാസ്തുവിദ്യ പ്രകാരമാണിത് പണി കഴിപ്പിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗവിലാസം, രാഗവിലാസം എന്നിങ്ങനെ 2 ഭാഗങ്ങള്‍ ഉള്ളതില്‍ സ്വര്‍ഗ്ഗവിലാസം മാത്രമേ അവശേഷിക്കുന്നുള്ളൂ. തിരുമലൈ നായ്ക്കരുടെ ചെറുമകന്‍ ചൊക്കനാഥ നായ്ക്കര്‍ രാഗവിലാസം തകര്‍ത്ത് അവിടുത്തെ വസ്തുക്കള്‍ എല്ലാം തിരുച്ചിറപ്പള്ളിക്കു കടത്തിയതായാണ് കഥ. സ്വര്‍ഗ്ഗവിലാസത്തില്‍ ദര്‍ബാര്‍ ഹാളും, നാടക ശാലയും മാത്രമാണ് പൂര്‍ണ രൂപത്തില്‍ ഉള്ളത്. ഇന്നീ കൊട്ടാരത്തിന്റെ നാലില്‍ ഒരു ഭാഗം മാത്രമാണ് നമുക്ക് കാണാന്‍ സാധിക്കുക. ആരെയും അതിശയിപ്പിക്കുന്ന ഇറ്റാലിയന്‍ വാസ്തുവിദ്യ ഒരു മോഹിനിയെപോലെ എന്നെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു.

സമയം 3.30 കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇവിടുന്ന് ഇറങ്ങിയാല്‍ നാലുമണി ആകുമ്പോള്‍ മീനാക്ഷി കോവിലില്‍ എത്താം .വെയിലിന്റെ കാഠിന്യം കുറച്ചു ശമിച്ചിട്ടുണ്ട്. വന്ന വഴിയേ തിരിച്ചു നടന്നു. 

കല്ലില്‍ തീര്‍ത്ത കൊത്തുപണികള്‍ ഒരു വിസ്മയം തീര്‍ത്ത് മുന്‍പില്‍ നില്‍പ്പുണ്ട്. നടയുടെ മുന്‍പില്‍ ദര്‍ശനത്തിനു വന്നവര്‍ വാതില്‍ തുറക്കുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണ്.അതില്‍ താല്‍പര്യം ഇല്ലായിരുന്നതു കൊണ്ട് പുറത്തെ കൊത്തുപണികള്‍ ആസ്വദിച്ച് ഞാന്‍ നടന്നു. കോവിലിന്റെ ഓരോ കല്‍ഭിത്തികളുടെ ചുവട്ടിലും കച്ചവടക്കാരുടെ സംഘങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടുതലും പൂക്കച്ചവടം ചെയ്യുന്നവര്‍. പ്ലസ് വണ്‍ പഠനകാലത്ത് സെന്റര്‍ ഓഫ് ഗ്രാവിറ്റി ക്ലാസ് സമയത്ത് സെന്‍ സാര്‍ പറഞ്ഞ തഞ്ചാവൂര്‍ പ്രതിമ തലയാട്ടി എന്നെ നോക്കി ചിരിക്കുന്നു. വാങ്ങണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും തല്‍കാലം വേണ്ടെന്നു തീരുമാനിച്ചു. എന്നെങ്കിലും തഞ്ചാവൂര്‍ പോകുമ്പോ അത് അവിടുന്ന് തന്നെ വാങ്ങണം.

സമയം നാലുമണി, നട തുറന്നെന്ന് തോന്നുന്നു. ഇരിക്കുന്നവരെല്ലാം എഴുന്നേറ്റു, കൂടെ ഞാനും. കോവിലിനുള്ളിലേക്ക് തിക്കി തിരക്കി അവരുടെ കൂടെ നടന്നു. അകത്ത് പാസ്സ് എടുത്തും അല്ലാതെയും ദര്‍ശനം ഉണ്ട്. നാട്ടില്‍ നിന്നും 240 കിലോമീറ്റര്‍ താണ്ടി ഇവിടെം വരെ ഏതാമെങ്കില്‍ ദൈവത്തിനെ ക്യൂവില്‍ നിന്നു കാണാം എന്നു കരുതി. അതൊരു മണ്ടത്തരമാണെന്ന് പിന്നീട് തോന്നി, ഒരുമണിക്കുറായിട്ടും ക്യൂവിന്റെ നില പരിതാപകരം തന്നെ. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം ആള്‍ക്കാരുടെ കൂടെയാണോ ഞാന്‍ കയറിയത്. രണ്ടും കല്‍പ്പിച്ച് പ്രതികരിച്ചു.

ക്യൂവില്‍ നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ പോയി പാസ്സെടുക്ക് എന്ന് കൊമ്പന്‍ മീശയും വച്ചു വന്ന പോലീസുകാരന്‍ അരുള്‍ ചെയ്തു. കാശ് കൊടുത്താള്‍ അമ്മനെ വേഗം കാണാം എന്ന് അടുത്തു നിന്ന ശെല്‍വി അക്കനും പറഞ്ഞു. ഇതിന്റെ പിന്നിലുള്ള സംഗതിയെന്തെന്നാല്‍ നാട്ടുകാര്‍ അഞ്ചും പത്തും നേര്‍ച്ച ഇടുമ്പോ നൂറു രൂപ പാസ്സെടുക്കുന്ന വെളി നാട്ടുകാരാണ് ഇവിടുത്തെ ദേവസ്വംകാരുടെ ദൈവം. അമ്മന്റെ മുക്കുത്തിയും കഥകളും ശെല്‍വി അക്ക പറഞ്ഞു. തമിഴ് സിനിമകള്‍ കാണുമ്പോള്‍ മനസ്സിലാവുമെങ്കിലും അവരോടു സംസാരിച്ചപ്പോള്‍ അത്രയ്ക്കങ്ങോട്ട് കത്തിയില്ല, എന്തൊക്കെയോയോ എവിടോക്കെയോ എനിക്ക് മനസിലായി. കഥകള്‍ കേട്ട് അങ്ങനെ അമ്മന്റെ മുന്‍പിലെത്തി. രണ്ടു പൂജാരിമാര്‍ അവിടെ ആരതിയുമായി നില്‍പ്പുണ്ടായിരുന്നു. ആരതിയില്‍ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ തിളങ്ങുന്നുണ്ട്. 

ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങി. ദ്രാവിഡ കൊത്തുപണികള്‍ നിറഞ്ഞ കല്‍ത്തൂണുകള്‍. വൈഗ നദിയുടെ പടിഞ്ഞാറേ ഭാഗത്താണ് മീനാക്ഷി അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുനത്. ശിവന്റെ ഭാര്യയായ പര്‍വതി ദേവിയുടെ മറ്റൊരു പേരാണ് മീനാക്ഷി. ഏകദേശം 2500 കൊല്ലം പഴക്കമുള്ള ഒരു പുരാതന നഗരമാണ് മധുരൈ. പാണ്ഡ്യ രാജാക്കളില്‍ രണ്ടാമനായ മലയവാജ പാണ്ഡ്യന്റെയും അദ്ദേഹത്തിന്റെ പത്‌നിയായ കാഞ്ചനമാലയുടെയും തപസിന്റെയും ഫലമായി പുത്രകാമേഷ്ടിയാഗത്തില്‍ അഗ്‌നിയില്‍ നിന്ന് പാര്‍വതി ദേവി അവതരിച്ചു എന്നൊരു ഐതിഹ്യവും നിലവിലുണ്ട്.

ചരിത്രം പരിശോധിക്കുമ്പോള്‍ 1310ല്‍ മാലിക് കഫൂര്‍ എന്ന മുസ്ലിം രാജാവിന്റെ കടന്നുകയറ്റം മൂലം നശിച്ച ഈ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുനത് മധുരൈയിലെ ആദ്യത്തെ നായ്ക്കന്‍ രാജാവായ വിശ്വനാഥ നായ്ക്കരാണ്(1559-1600). നിര്‍മാണ ചുമതല മുഴുവന്‍ ഏറ്റെടുത്തത് അന്നത്തെ പ്രധാനമന്ത്രിയായ അറിയനാത്ത മുതലിയാരാണ്. പിന്നീട് തിരുമല നായ്ക്കരുടെ വക പല സങ്കീര്‍ണമായ കൂട്ടിച്ചേര്‍ക്കലും ഉണ്ടായതില്‍ പ്രധാനമാണ് വസന്തോത്സവം നടക്കുന്ന വസന്ത മണ്ഡപവും, കിളിക്കോട് മണ്ഡപവും. ശില്പശാസ്ത്രത്തിന്റെ ഗരിമ വിളിച്ചോതുന്നതാണ് ഇവിടുത്തെ ഓരോ സൃഷ്ടികളും.

കോവിലിനുള്ളില്‍ ‘പോര്‍ത്തമാരെ കുളം’ എന്നു പേരുള്ള ഒരു കുളമുണ്ട്, ഇതില്‍ സ്വര്‍ണ്ണത്താമര ഉണ്ടെന്നാണ് പറയപ്പെടുന്നത്. 165×120 അടി വിസ്തീര്‍ണമാണ് ഈ കുളത്തിനുള്ളത്. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഈ കുളത്തില്‍ ഇടുമായിരുന്നത്രേ. അതില്‍ നല്ലത് പൊങ്ങികിടക്കുകയും അല്ലാത്തവ മുങ്ങി പോകുമെന്നുമായിരുന്നു വിശ്വാസം.

കിളിക്കൂട് മണ്ഡപം, കംബതടി മണ്ഡപം, പുതു മണ്ഡപം, അഷ്ട ശക്തി മണ്ഡപം, വിരവസന്തരായ മണ്ഡപം, ഇരുട്ട് മണ്ഡപം, മഗയകരസി മണ്ഡപം പിന്നെ 1000 കല്‍ത്തുണുകള്‍ നിറഞ്ഞ മീനാക്ഷി നായ്ക്കര്‍ മണ്ഡപം എന്നിങ്ങനെ എട്ടു മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഇരുട്ട് മണ്ഡപം പേരുപോലെ തന്നെ ഇരുട്ട് നിറഞ്ഞതാണ്. ഇവിടെ ശിവന്‍ ഒരു ഭിക്ഷാംദേഹിയായി മുനികള്‍ക്ക് വിദ്യ പറഞ്ഞു കൊടുക്കുനതിന്റെ ശില്‍പങ്ങളാണുള്ളത് . 1000 കല്‍മണ്ഡപങ്ങള്‍ നിറഞ്ഞ മീനാക്ഷി നായികര്‍ മണ്ഡപമാണ് എന്നെ വിസ്മയിപ്പിച്ചത്. നടരാജ വിഗ്രഹവും, ഒറ്റക്കല്ലില്‍ തീര്‍ത്ത ഗണേശ വിഗ്രഹവും ഒരു ശില്‍പ്പകലയുടെചാരുത വിളിച്ചോതുന്നതാണ്. അറിയനത മുതലിയാര്‍ ശിലകളില്‍ തീര്‍ത്ത മറ്റൊരു വിസ്മയം.

എല്ലാം കണ്ട് സമയം പോയതറിഞ്ഞില്ല. വിസ്മയങ്ങളുടെ ഭാണ്ഡക്കെട്ടുകളോട് വിട പറഞ്ഞ് അവിടുന്നിറങ്ങി. നേരേ മുറിയില്‍ ചെന്ന് ഷവറിന്റെ അടിയില്‍ എത്ര നേരം നിന്നെന്നു ഒര്‍മയില്ല.ക്ഷീണം മാറിയപ്പോള്‍ റൂമിന് പുറത്തേയ്ക്കിറങ്ങി. ഇനി നാട്ടിലേക്കുളള മടക്കയാത്രയാണ്.

നേരം വൈകി, മാട്ടുദാവണിയില്‍ നിന്ന് ഈ സമയം കുമളി ബസ് കിട്ടില്ല. നേരെ ആര്‍പാളയം ചെന്ന് അവിടുന്ന് കമ്പം വണ്ടി കയറി. കമ്പത്തു നിന്ന് കുമളി, അവിടുന്ന് കാഞ്ഞിരപ്പള്ളി ഇങ്ങനെയാണ് ഇനിയുള്ള യാത്രയുടെ കിടപ്പ്. ഹെഡ് ഫോണില്‍ റെക്സ്‌ വിജയന്റെ സോംഗ് തകര്‍ക്കുന്നു. എപ്പോഴോ മയങ്ങിപ്പോയി. കുമളി എത്തിയപ്പോള്‍ അവിടെ തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു അടുത്ത കോട്ടയം വണ്ടിയുടെ സമയം അന്വേഷിച്ചു. അങ്ങനെ ഒരു എറണാകുളത്തേക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ശകടം എത്തി. ഇനി നാട്ടിലേക്ക്. അടുത്തൊരു യാത്ര ഒരുങ്ങുന്നത് വരെ, വീണ്ടും ശിശിരനിദ്രയിലേക്ക്.

(ബിടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ശ്രീലാല്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍