UPDATES

മധ്യപ്രദേശില്‍ 89 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നിടത്ത് ജലാറ്റിന്‍ സ്റ്റിക്കുകളുടെ സാന്നിധ്യം

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ ജാബുവായില്‍ 89 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് ഇന്നലെ രാവിലെ ഹോട്ടലില്‍ ഉണ്ടായ സ്‌ഫോടനം ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായതല്ലെന്ന് പുതിയ നിഗമനം. ഹോട്ടലിനോട് ചേര്‍ന്നുള്ള മുറിയില്‍ ഖനനത്തിനുപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നതായും ഇവയാണ് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചതെന്നുമാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍.

ഇന്നലെ രാവിലെയോടെയായിരുന്നു ജാബുവ ജില്ലയിലെ പെത്തല്‍വാഡ് നഗരത്തിലെ തിരക്കേറിയൊരു ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്‌ഫോടനം ഉണ്ടായത്. 89 പേര്‍ കൊല്ലപ്പെടുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തില്‍ ഹോട്ടലിനോട് ചേര്‍ന്ന മൂന്നുവീടുകളും തകര്‍ന്നിരുന്നു.

ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നുണ്ടായ സ്‌ഫോടനം തന്നെയാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ് എങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാജേന്ദ്ര കുമാര്‍ കസ്വ എന്നയാളാണ് ഇവ സൂക്ഷിച്ചിരരുന്നത്. ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തങ്ങള്‍ ഈ ഹോട്ടലിലേക്ക് ഒരു ഗ്യാസ് സിലണ്ടര്‍ മാത്രമെ സപ്ലൈ ചെയ്തിരുന്നുള്ളൂവെന്ന് സിലണ്ടര്‍ ഡിസ്ട്രിബ്യൂട്ടര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഉത്തരവിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സംഭവത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അതേസമയം എന്‍ ഐ എ തങ്ങളുടെ നാലംഗങ്ങളെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ സ്‌ഫോടനം ഉണ്ടായതെന്നും സംശയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍