UPDATES

മധ്യപ്രദേശില്‍ 300 പശു സംരക്ഷണ കേന്ദ്രം പണിയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; വിദേശ സഹായം തേടും

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം 300 പശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി വിദേശ സ്ഥാപനവുമായി ധാരണ പത്രം ഒപ്പിടാനാണ് തീരുമാനം.

മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.’ പശു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിദേശ കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണ്. ധാരണപത്രത്തില്‍ ഉടന്‍ ഒപ്പിടും’ മന്ത്രി ലഖാന്‍ സിംങ് യാദവ് പറഞ്ഞു. ഒരോ വര്‍ഷവും അറുപത് പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് 300 എണ്ണം പൂര്‍ത്തികരിക്കും.

സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനാണ് ഇവ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്നവരില്‍നിന്നും ഇതിനാവശ്യമായ തുക കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.വിദേശ കമ്പനിയുമായി സഹകരിച്ച് സ്ഥാപിക്കുന്ന 300 കേന്ദ്രങ്ങള്‍ക്ക് പുറമെ 1000 കേന്ദ്രങ്ങള്‍ വേറെയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നത്. പശു സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് അവരുടെ മൃദു ഹിന്ദുത്വ സമീപനം കാരണമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു.

പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച്, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസെടുത്തിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണുണ്ടായത്. ബിജെപി സര്‍ക്കാരി കാലത്ത് 22 പേര്‍ക്കെതിരെയാണ് പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ദേശീയ സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തത്. ഇതേ സമീപനം തന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാരും കൈകൊള്ളുന്നതെന്നായിരുന്നു ആക്ഷേപം.

Read More: ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍