UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവിടെ നിര്‍ത്തുന്നതാണ് നല്ലത് ജനാബ് ഒ അബ്ദുറഹ്മാന്‍

Avatar

സുദീപ് കെ എസ്

 

‘പട്ടികവര്‍ഗ സംവരണം നിയമസഭ സീറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തും കാലങ്ങളായി തുടരുന്ന വയനാടുപോലുള്ള ജില്ലകളില്‍ സാധാരണ പൗരന്മാര്‍ക്ക് സ്വന്തം ഹിതമനുസരിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല’ എന്ന് ഓ അബ്ദുറഹ്മാന്‍ എന്ന എ ആര്‍. ‘സംവരണം: ഒരു വിയോജനം’ എന്ന പേരില്‍ മാധ്യമം ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ ലേഖനം കണ്ടത്. ‘മതാതീത ആത്മീയത’ എന്നൊക്കെ പറഞ്ഞ പോലെ ‘മതാതീത ജാതി’ പ്രവര്‍ത്തിക്കുന്ന ഓരോരോ വഴികള്‍ എന്നല്ലാതെ എന്തുപറയാന്‍!

 

സംവരണത്തിനോട് വിയോജിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട് ലേഖനത്തില്‍.

‘ഒന്ന്: ബുദ്ധിപരമായും യോഗ്യതയിലും എത്ര മികവ് പുലര്‍ത്തിയാലും സമൂഹത്തില്‍ മേല്‍ജാതിക്കാരായറിയപ്പെടുന്നവരുടെ തലമുറകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. യോഗ്യത കുറഞ്ഞവര്‍ക്ക് അവരെ പിന്നിലാക്കി സ്ഥാനങ്ങള്‍ കൈയടക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യപരമായി ന്യായീകരിക്കപ്പെടാമോ?

 

രണ്ട്: സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങളെ അലസരും മത്സരരംഗത്ത് കഴിവുതെളിയിക്കുന്നതില്‍ വിമുഖരുമാക്കുന്നു.

 

മൂന്ന്: കൂടുതല്‍ കൂടുതല്‍ ജാതികള്‍ മുന്നാക്ക ജാതികള്‍പോലും സംവരണത്തിനായി പൊരുതുകയും മുഖ്യ രാഷ്ട്രീയപാര്‍ട്ടികള്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്കമൂലം 60 ശതമാനത്തിലധികമായിരിക്കുന്നു ചില സംസ്ഥാനങ്ങളില്‍ സംവരണത്തോത്. മെറിറ്റടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള സാധ്യത അത്രത്തോളം കുറയുകയും ചെയ്യുന്നു’. 

 

ഇങ്ങനെ പോവുന്നു ആ വിലാപങ്ങള്‍. സംവരണ വിരുദ്ധരുടെ സ്ഥിരം വാദങ്ങള്‍ തന്നെ. പട്ടികവര്‍ഗക്കാര്‍ ‘സാധാരണ പൌരന്മാ’രല്ല, എന്തോ പ്രത്യേക ജീവികളാണ് എന്നും സംവരണം എന്നത് ‘മേല്‍ജാതിക്കാരായറിയപ്പെടുന്ന’വരുടെ അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് അവരുടെ വയറ്റത്തടിക്കാനുള്ള എന്തോ ഒരു പദ്ധതിയാണെന്നും മത്സരരംഗത്ത് കഴിവുതെളിയിക്കാത്ത / കഴിവു തെളിയിക്കേണ്ടതില്ലാത്ത ആളുകളാണ് സംവരണത്തിലൂടെ കടന്നുവരുന്നത് എന്നും ‘മെറിറ്റ്’ ഇല്ലാത്തവര്‍ക്കുള്ള സ്ഥലമാണ് സംവരണ സീറ്റുകള്‍ / പോസ്റ്റുകള്‍ എന്നുമൊക്കെ കരുതുന്ന, സമൂഹത്തിലെ ജാതി യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന, ‘മേല്‍ജാതിക്കാരനായറിയപ്പെടുന്ന’, അതിലഭിമാനിക്കുന്ന, ഒരാളുടെ ‘സാധാരണ’ ചിന്തകള്‍ തന്നെ.

 

തമാശ അതല്ല, ‘ജാതിയും അയിത്തവും തീരാശാപമായ ഇന്ത്യയില്‍ സംവരണവ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷമായ സവര്‍ണര്‍ രംഗം അപ്പാടെ കൈയടക്കുമായിരുന്നു. കീഴ്ജാതിക്കാര്‍ എന്നെന്നും വിറകുവെട്ടികളും വെള്ളം കോരികളുമായി കഴിയേണ്ടി വരുമായിരുന്നു. സംവരണം നിലവില്‍ വന്നിട്ടുകൂടി നിയമനിര്‍മാണ സഭകളിലും ഭരണയന്ത്രത്തിലും ജുഡീഷ്യറിയിലും മേല്‍ജാതിക്കാരുടെ മേധാവിത്വമാണ് പുലരുന്നത്.‘ എന്നൊക്കെ പറഞ്ഞിട്ടാണ് ലേഖനം തുടങ്ങുന്നത്. എന്നിട്ട് ‘ഇതിന് ശക്തമായ ഒരു മറുവശമില്ലേ എന്നാലോചിക്കാന്‍, സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ ഏതാണ്ട് പിന്നിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തെങ്കിലും സമയമായില്ലേ‘ എന്നു പറഞ്ഞുകൊണ്ടാണ് സംവരണവിരുദ്ധത തുപ്പുന്ന ബാക്കി ഭാഗത്തിലേക്കു ലേഖനം കടക്കുന്നത്.

 

‘ഞാന്‍ റേസിസ്റ്റ് അല്ല, പക്ഷേ..’ എന്നു പറഞ്ഞു തുടങ്ങുന്ന ആളോട് ‘അവിടെ നിര്‍ത്തുന്നതാണ് നല്ലത്, അതിനുശേഷം നല്ലതൊന്നും വരില്ല’ എന്നു പറയുന്ന കാര്‍ട്ടൂണ്‍ പോലെ, ഇദ്ദേഹത്തെക്കൊണ്ടും ആ തുടക്കത്തില്‍ത്തന്നെ ‘അവിടെ നിര്‍ത്തുന്നതാണ് നല്ലത് ‘ എന്നുപറഞ്ഞു നിര്‍ത്തിക്കാന്‍ ഇവിടെ ആരുമില്ലേ എന്നാണു ചോദിക്കാന്‍ തോന്നുന്നത്. ആ, മാധ്യമത്തിന്റെ പത്രാധിപരും അദ്ദേഹം തന്നെയായിപ്പോയില്ലേ.

 

 

അതല്ലാതെ ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം പറയാം. ജാതി സംവരണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍.

 

‘യുവാക്കള്‍ക്ക് മത്സരിക്കാനുള്ള അവസരം കുറഞ്ഞതുമൂലം അവര്‍ രാഷ്ട്രീയത്തോട് വിടപറഞ്ഞ് അരാഷ്ട്രീയ മേഖലകളില്‍ ചേക്കേറുന്നു’ എന്നുകൂടി പറയുന്നുണ്ട് ശ്രീ അബ്ദുറഹ്മാന്‍. അതും സംവരണവും തമ്മിലുള്ള ബന്ധം തീരെ മനസ്സിലായില്ല. പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് സീറ്റു കൊടുക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം അന്വേഷിക്കാനും പ്രതിവിധി തേടാനുമാണു ശ്രമിക്കേണ്ടത്.

 

‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു‘ എന്നതാണ് തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ഓ അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ പലരും ഉന്നയിക്കുന്നൊരു പ്രശ്‌നം. വിശേഷിച്ച് പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകളില്‍. ശരിക്കും പിന്‍സീറ്റ് ഡ്രൈവിംഗ് ആയിട്ടാണ് സംഗതി പരിണമിക്കുന്നതെങ്കില്‍ സ്ത്രീ സംവരണം കുറയ്ക്കണം എന്ന വാദത്തിനു ശക്തി പകരാന്‍ ഈയൊരു പ്രശ്‌നം ആരും ഉന്നയിക്കുകയേ ഇല്ലായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. പിന്‍സീറ്റ് ഡ്രൈവിംഗ് ആയി പുരുഷന്‍ ഭരിക്കുന്നത് അയാള്‍ നേരിട്ടു ഭരിക്കുന്ന ഫലം തന്നെയാണല്ലോ ചെയ്യുന്നത്. സംവരണം കുറയ്ക്കുകയും അവിടെ ആ പുരുഷന്‍ തന്നെ മത്സരിക്കുകയും ചെയ്താല്‍ വിശേഷിച്ച് എന്താണു വ്യത്യാസം? പുരുഷ കേസരികള്‍ സങ്കല്പിക്കുന്ന തരത്തില്‍ അവര്‍ക്ക് പലപ്പോഴും പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താന്‍ കഴിയാതെ വരുന്നു എന്നതുതന്നെയാണ് ആ ഒരു ‘പ്രശ്‌നം’ ഉന്നയിക്കുന്നവരുടെ ശരിക്കുള്ള പ്രശ്‌നമെന്നാണ് എനിക്കു മനസ്സിലാവുന്നത്.

 

 

വാല്‍ക്കഷണം : സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ലേഖനത്തോടുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഓ അബ്ദുറഹ്മാന് ‘ദലിത് കീഴാള വിരുദ്ധനാകേണ്ടി വരുന്നത്’അങ്ങേര്‍ക്കു സ്ത്രീവിരുദ്ധത നിലനിര്‍ത്താന്‍ വേണ്ടി’യാണ് എന്നു പലരും പറഞ്ഞുകണ്ടു. പാവം, ശരിക്കും അങ്ങനെയൊന്നുമല്ല എന്നാണു ധ്വനി. സ്ത്രീ സംവരണത്തെ മാത്രമായി എതിര്‍ക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെയും ‘കൂടി’ ഒന്നു വിമര്‍ശിച്ചതാണ് എന്ന്. അങ്ങനെ എനിക്കു തോന്നുന്നില്ല. അങ്ങനെ കാണുന്നത് ആ ലേഖനത്തിലെ ദലിത് / കീഴാള വിരുദ്ധതയെ കുറച്ചുകാണലാവും.

 

ആ ലേഖനത്തിലെ ദലിത് / കീഴാള വിരുദ്ധതയെ അതായിത്തന്നെ കാണുകയും വിമര്‍ശിക്കുകയും വേണം എന്നാണു ഞാന്‍ കരുതുന്നത്. ‘മുസ്ലീം നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധത’ എന്നത് എളുപ്പമുള്ള ഒരു സ്റ്റീരിയോടൈപ്പ് ആയതുകൊണ്ടും അത് എല്ലാവരും ഇടയ്ക്കിടയ്ക്കു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമായതുകൊണ്ടും അതിനേക്കാള്‍ പ്രധാനമായി ഈ ലേഖനത്തിലെ ദലിത് / കീഴാള വിരുദ്ധതയെപ്പറ്റി പറയണം എന്നും തോന്നി. 

 

(രാഷ്ട്രീയനിരീക്ഷകനും അദ്ധ്യാപകനുമാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍