UPDATES

ട്രെന്‍ഡിങ്ങ്

“ജ്യോതിരാദിത്യയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ”: രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഗ്രൂപ്പ് പോര് രൂക്ഷം

മധ്യപ്രദേശിലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി കമല്‍നാഥ് ഒഴിയണമെന്ന ആവശ്യം ശക്തം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മന്ത്രിമാര്‍ തന്നെ ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തി. വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമാര്‍തി ദേവി, ഭക്ഷ്യ മന്ത്രി പ്രദ്യുമ്‌ന സിംഗ് തോമര്‍, റവന്യു മന്ത്രി ഗോവിന്ദ് സിംഗ് രാജ് പുത്ത് എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ആകെയുള്ള 29 സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. കമല്‍നാഥ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഒഴിഞ്ഞ ചിന്ദ്വാരയില്‍ മകന്‍ കുനാല്‍നാഥ് ജയിച്ചത് മാത്രമാണ് കോണ്‍ഗ്രസിന്റെ വിജയം. ഗുണയില്‍ മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും അടക്കമുള്ള നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.

പാര്‍ട്ടി ജയിച്ചാലും തോറ്റാലും മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും അതില്‍ ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്മാര്‍ രാജി വയ്ക്കുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി തന്നെയാണ് പിസിസി അധ്യക്ഷനും. അദ്ദേഹം ഏതെങ്കിലും ഒരു പദവി ഒഴിയേണ്ടതാണ് – ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്‍ഡിടിവിയോട് പറഞ്ഞു. പാര്‍ട്ടി സംഘടനയ്ക്കും സര്‍ക്കാരിനും വെവ്വേറെ നേതൃത്വം വേണമെന്ന് പ്രദ്യുമ്‌ന സിംഗ് പറഞ്ഞു. സിന്ധ്യ ഗ്രൂപ്പിന്റെ ആവശ്യമല്ല ഇതെന്നും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് ഇത് എന്നും പ്രദ്യുമ്‌ന സിംഗ് പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്ക് പിസിസി പ്രസിഡന്റ് ആകണമെങ്കില്‍ അത് നാളെ തന്നെ സാധ്യമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ALSO READ: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി; പ്രതിസന്ധി പരിഹരിക്കാന്‍ യോഗങ്ങളുമായി കമല്‍നാഥ്

കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ ബിജെപി ശ്രമം സജീവമാക്കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നത്. സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി ഗവര്‍ണറെ സമീപിച്ചിരുന്നു. അതേസമയം വിശ്വാസവോട്ട് തേടാന്‍ തയ്യാറാണ് എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസിന് 114 സീറ്റും. ബിജെപിക്ക് 109 സീറ്റും. ബി എസ് പിയുടെ രണ്ട് എംഎല്‍എമാരുടേയും എസ് പിയുടെ ഒരു എംഎല്‍എയുടേയും നാല് സ്വതന്ത്രന്മാരുടേയും പിന്തുണ സര്‍ക്കാരിനുണ്ട്. നേരത്തെ ഗുണയിലെ ബി എസ് പി സ്ഥാനാര്‍ത്ഥി കൂറ് മാറി കോണ്‍ഗ്രസിലെത്തുകയും ജ്യോതിരാദിത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടാത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഉപമുഖ്യമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിഭാഗം കലാപത്തിലാണ്. അശോക് ഗെലോട്ടിനും കമല്‍നാഥിനുമെതിരെ പ്രവര്‍ത്തകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മക്കളുടെ സീറ്റില്‍ മാത്രമാണ് ഇവര്‍ക്ക് താല്‍പര്യമെന്നും മറ്റിടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി വേണ്ട രീതിയില്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഗെലോട്ടിനെതിരെ രാഹുല്‍ പറഞ്ഞതിനെ ശരിവച്ച് മൂന്ന് രാജസ്ഥാന്‍ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഒരു മന്ത്രി രാജി വയ്ക്കുകയും ചെയ്തു.

ALSO READ: കോണ്‍ഗ്രസിന് വോട്ട് ചോദിച്ച ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് 37,530 വോട്ട്! ഇരുവരും തോറ്റു; ജ്യോതിരാദിത്യയുടെ ഗുണയില്‍ സംഭവിച്ചത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍