UPDATES

മരട് ഫ്‌ളാറ്റ് പൊളിച്ചാല്‍ മാലിന്യം നിക്ഷേപിക്കാന്‍ വേണ്ടത് ഒരു ഹെക്ടര്‍ ഭൂമി, ഒരു സ്‌ക്വയര്‍ മീറ്ററില്‍ 450 കിലോ കോണ്‍ക്രീറ്റ് മാലിന്യമുണ്ടാകുമെന്നും മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട്

2001മുതല്‍ 2005 കാലം വരെ ജലാശയങ്ങളുടെ വിസ്തൃതി 12 മുതല്‍ 16 ശതമാനം ആയിരുന്നു എങ്കില്‍ 2008-10 കാലയളവില്‍ ഇത് 7-10 ശതമാനമായും 2018-19ല്‍ 7-8ശതമാനമായും കുറഞ്ഞു.

മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പരിസ്ഥിതി നിയമം ലംഘിച്ചാണെന്നും നിര്‍മ്മാണം കടുത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കിയെന്നും മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഐഐടി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

35 മീറ്റര്‍ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്ലാറ്റിനെന്നും പൊളിക്കുമ്പോള്‍ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരും. 450 കിലോ കോണ്‍ക്രീറ്റ് മാലിന്യമാണ് ഒരു സ്‌ക്വയര്‍ മീറ്ററില്‍ നിന്നു പ്രതീക്ഷിക്കുന്നു. 100,000 സ്‌ക്വയര്‍ ഫീറ്റാണ് ആകെ കണക്കാക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്‌ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്ലാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും 65 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഫ്ലാറ്റ് പൊളിച്ചാലും അടിത്തറ പൊളിക്കുക എളുപ്പമല്ല. നികത്തിയ മണ്ണ് എടുത്ത് മാറ്റിയാല്‍ മാത്രമേ ആ സ്ഥലത്തെ തിരികെ കൊണ്ട് വരാനാവൂ. ഇത്തരത്തില്‍ പ്രായോഗിക, സാങ്കേതിക പ്രശ്നങ്ങളാണ് ചെന്നൈ ഐഐടി സംഘം ചൂണ്ടിക്കാട്ടുന്നത.

മരട് നഗരസഗരസഭയില്‍ പന്ത്രണ്ട് വര്‍ഷത്തിനിടെ നികത്തിയത് തീരദേശ നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെടുന്ന 220 ഏക്കര്‍ ഭൂമിയാണ്. 2002 മുതല്‍ 2014 വരെയുള്ള കണക്കുകളാണിത്. 12.35 ചതുകശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മരട് മുന്‍സിപ്പാലിറ്റിയില്‍ ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നികത്തിയത്. കണ്ടല്‍ സംരക്ഷിത മേഖലയിലെ അമ്പത് മീറ്ററിനുള്ളില്‍ മാത്രം നാല്‍പ്പത് ഏക്കര്‍ ഭൂമി നികത്തി. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് പഠിച്ച ചെന്നൈ ഐഐടി സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2002 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 101 നികത്തലുകള്‍ തീരദേശ നിയന്ത്രണ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളിലെ വിശദാംശങ്ങളോ രേഖകളോ നഗരസഭയുടേയോ തീരദേശ പരിപാലന അതോറിറ്റിയുടെ കൈവശമില്ലാത്തതിനാല്‍ 2014 വരെയുള്ള സ്ഥിതിയാണ് പഠന സംഘം വിലയിരുത്തിയത്.

101 നികത്തലുകളും ഭൂമിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കണ്ടെത്തിയതില്‍ കൂടുതലും നടന്നിരിക്കുന്നത് 2005-2006 വര്‍ഷങ്ങളിലാണ്. ഈ വര്‍ഷങ്ങളില്‍ 46 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചതും ഈ വര്‍ഷങ്ങളിലാണ്. 2002,2005,2006 വര്‍ഷങ്ങളില്‍ മാത്രം 71 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫില്‍ട്രേഷന്‍ പോണ്ട്, അന്തര്‍ വേലിയേറ്റ മേഖല(ഇന്റര്‍ ടൈഡല്‍ സോണ്‍), കണ്ടല്‍ക്കാടുകള്‍, കണ്ടല്‍ സംരക്ഷിത മേഖല, കായല്‍ എന്നിവയെല്ലാം നികത്തിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒന്നൊഴികെ മറ്റെല്ലാ നികത്തലുകളും അന്തര്‍ വേലിയേറ്റ മേഖലയെ സാരമായി ബാധിച്ചിട്ടുള്ളതാണ്. ഏതാണ്ട് പകുതിയോളം നികത്തലുകളും കണ്ടല്‍ സംരക്ഷിത പ്രദേശത്തെയും ഫില്‍ട്രേഷന്‍ പോണ്ടുകളേയും നശിപ്പിച്ചുകൊണ്ടുള്ളതാണ്. 1010ല്‍ രണ്ടെണ്ണം കായല്‍ കയ്യേറി നികത്തിയതാണ്. ഏറ്റവും അധികം നികത്തലുകള്‍ നടന്നിരിക്കുന്നത് വേലിയേറ്റ മേഖലയിലാണ്. കൃത്യമായ രേഖകളില്ലെങ്കിലും 0.38 ചതുരശ്ര കിലോമീറ്ററില്‍ വേലിയേറ്റ മേഖലയും, 0.19 ചതുരശ്ര കിലോമീറ്ററില്‍ കണ്ടല്‍ക്കാടും 0.19 ചതുരശ്ര കിലോമീറ്റര്‍ ഫില്‍ട്രേഷന്‍ പോണ്ടും നികത്തിയതായാണ് പഠന സംഘത്തിന്റെ കണക്ക് കൂട്ടല്‍.

നികത്തിയ പ്രദേശങ്ങളിലെല്ലാം ജൈവസമ്പത്തില്‍ വലിയ തോതില്‍ കുറവ് വന്നതായും കണക്കാക്കുന്നു. 0.92 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്തെ ജൈവസമ്പത്ത് പൂര്‍ണമായും ഇല്ലാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണങ്ങളും, പച്ചപ്പും, ജലാശയങ്ങളുടെ വിസ്തൃതിയും തമ്മിലുള്ള ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനപ്പെടുത്തിയാണ് സംഘത്തിന്റെ മറ്റൊരു വിലയിരുത്തല്‍. രണ്ട് പതിറ്റാണ്ടിനിടെ നിര്‍മ്മാണങ്ങള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചപ്പോള്‍ പച്ചപ്പ് പകുതിയിലധികമായി കുറഞ്ഞു. 2005, 2010, 2018 വര്‍ഷങ്ങളിലെ മരട് നഗരസഭാ പ്രദേശത്തെ സാറ്റലൈറ്റ് ഇമേജ് പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് പഠനസംഘം എത്തിയത്. 2001മുതല്‍ 2005 കാലം വരെ ജലാശയങ്ങളുടെ വിസ്തൃതി 12 മുതല്‍ 16 ശതമാനം ആയിരുന്നു എങ്കില്‍ 2008-10 കാലയളവില്‍ ഇത് 7-10 ശതമാനമായും 2018-19ല്‍ 7-8ശതമാനമായും കുറഞ്ഞു. 27-55 ശതമാനം വരെ പച്ചപ്പ് ഉണ്ടായിരുന്ന 2001-05 കാലഘട്ടത്തില്‍ നിന്ന് മുന്നോട്ട് പോയപ്പോള്‍ അത് 22-36 ശതമാനമായും 10-25 ശതമാനമായും കുറവുണ്ടായി. എന്നാല്‍ റോഡുകളും കെട്ടിടങ്ങളുമുള്‍പ്പെടുന്ന നിര്‍മ്മാണങ്ങളുടെ കണക്കില്‍ വര്‍ധയുണ്ടായി. 2001-05 വര്‍ഷങ്ങളില്‍ 12-26 ശതമാനം വരെയാണ് നിര്‍മ്മാണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്. 2008-10 വര്‍ഷങ്ങളില്‍ ഇത് 33-49 ശതമാനമായി വര്‍ധിച്ചു. 2018-19 ആയപ്പോള്‍ ഇത് 40-61 ശതമാനം വരെയായി. ഭൂവിനിയോഗത്തില്‍ വലിയ തോതില്‍ വന്ന മാറ്റങ്ങള്‍ മരടിലെ ജൈവസമ്പത്തിനും പച്ചപ്പിനും വലിയ തോതില്‍ ആഘാതം സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പഠന സംഘം നടത്തിയ പരിശോധനയില്‍ ഒട്ടുമിക്ക തീരദേശ നിയന്ത്രണ മേഖലയില്‍ നിര്‍മ്മിച്ചിരിക്കുന്ന അപ്പാര്‍ട്മെന്റുകളില്‍ നിന്നുള്ള മലിന ജലം കായലിലേക്കും മറ്റ് ജലാശയങ്ങളിലേക്കും നേരിട്ട് ഒഴുക്കുന്നതായി ബോധ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഇത് ജലാശയങ്ങളുടെ നാശത്തിനും, ഇ- കോളി ബാക്ടീരിയ പെരുകുന്നതിനും, ഭൂഗര്‍ഭജലമുള്‍പ്പെടെ മലിനമാവുന്നതിനും കാരണമാവും. തീരദേശ നിയന്ത്രണ മേഖലയില്‍ സ്ഥാപിച്ച ഫ്ലാറ്റുകള്‍ക്ക് മലിന ജല സംസ്‌ക്കരണത്തിന് കൃത്യമായ പദ്ധതികളും സംവിധാനങ്ങളും ഉണ്ടാവണമെന്ന നിര്‍ദ്ദേശവും സംഘം മുന്നോട്ട് വക്കുന്നു. ഇതിന് പുറമെ നൈട്രേറ്റ്, അയണ്‍, ക്ലോറൈഡ്,സള്‍ഫേറ്റ് തുടങ്ങിയവയുടെ അംശം ഫ്ലാറ്റുകളോട് ചേര്‍ന്നുള്ള ജലാശയങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പല രീതിയില്‍ മലിനപ്പെടുന്ന ജലാശയങ്ങള്‍ മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാതെ നിലനിര്‍ത്താമെന്ന് തീരുമാനിക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം കാണണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ പോലും സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ രേഖകള്‍ ഇല്ല എന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തണ്ണീര്‍ത്തടങ്ങള്‍, അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പരിസ്ഥിതി, ജലാശയങ്ങള്‍, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നതാണ് ഐഐടി സംഘത്തിന്റെ ശുപാര്‍ശ. ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചതില്‍ വ്യക്തമായ നിയമലംഘനം ഉണ്ടെന്നും ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യക്തമാക്കുന്ന പഠനം സംഘം പക്ഷെ ഫ്ലാറ്റ് പൊളിക്കുന്നതിനോട് എതിരഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഫ്ലാറ്റ് പൊളിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍