UPDATES

ട്രെന്‍ഡിങ്ങ്

മദ്രസ അധ്യാപകന്റെ കൊലപാതകം; ബിജെപി നേതാവിന്റെ പ്രസംഗവും അന്വേഷണ പരിധിയില്‍

ആരോപണങ്ങള്‍ ഉയരുമ്പോഴും വലിയൊരു ആപത്തില്‍ നിന്നും ജില്ലയെ രക്ഷിക്കാന്‍ പൊലീസിന് കഴിഞ്ഞെന്നാണു ഭൂരിഭാഗവും പറയുന്നത്.

കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും പൊലീസിനെതിരെ ആരോപണം. കൊലപാതകത്തില്‍ ഗൂഢാലോചനയില്ലെന്ന നിഗമനവും പ്രതികള്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയെന്ന ആക്ഷേപവുമാണു വിവധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തുന്നത്. കൊലപാതകം അന്വേഷിക്കുന്ന സംഘം ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണെന്നും ഇതു പ്രതികള്‍ക്ക് നിസാരമായ ശിക്ഷ കിട്ടാനെ സഹായകമാകൂ എന്നുമാണു പ്രധാന വിമര്‍ശനം.

പ്രതികള്‍ മദ്യലഹരിയില്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതു പ്രതികള്‍ തന്നെ പൊലീസിനോട് സമ്മതിച്ച കാര്യമാണ്. എന്നാല്‍ മദ്യലഹരിയില്‍ പള്ളിയില്‍ കടന്ന് ഒരു മദ്രസ അധ്യാപകനെ തന്നെ കൊല്ലുന്ന തരത്തില്‍ പ്രതികളുടെ തീരുമാനം എത്തിച്ചേര്‍ന്നതില്‍ യാതൊരു ഗൂഢാലോചനയും ഇല്ലെന്ന് വേഗത്തില്‍ എത്തിച്ചേരാന്‍ പൊലീസിന് എങ്ങനെ സാധിച്ചു എന്നാണു ചോദ്യം. പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ഐപിസി 153 പ്രകാരം മതസൗഹാര്‍ദം തകര്‍ക്കല്‍, വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കല്‍ എന്നീ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഗൂഡാലോചനയുടെ സാധ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 120ബി ചേര്‍ത്തിട്ടില്ല.

അതുപോലെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ തയ്യാറായില്ല എന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഎപിഎ വകുപ്പ് 15 പ്രകാരം മദ്രസ അധ്യാപകനെതിരേ നടന്നത് ഭീകരാക്രമണമായി കാണാവുന്നതാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പൊലീസ് ഈ തരത്തില്‍ കേസിനെ കാണുന്നില്ലെന്നാണ് ആക്ഷേപം. വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നു പൊലീസ് പറയുമ്പോഴും ഗൂഡാലോചന കുറ്റവും യുഎപിഎയും ചുമത്താതെ വിട്ടുപോയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് പറയുന്നത്. മദ്യലഹരിയിലാണ് പ്രതികള്‍ കൊലനടത്തിയതെന്ന വാദത്തിനാണു പൊലീസ് ഊന്നല്‍ കൊടുക്കുന്നതെങ്കില്‍ കോടതിയില്‍ ഇതു കേസിനെ ദുര്‍ബലപ്പെടുത്തും.

Also Readമദ്രസ അധ്യാപകന്റെ കൊല; കലാപത്തിനുള്ള ആസൂത്രണമോ?

മദ്യലഹരിയില്‍ ആയിരുന്നെങ്കില്‍ പോലും കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ അത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ആയിരിക്കണം എന്ന് തീരുമാനിച്ചത് ഭീകരാക്രമണം ആയി തന്നെ കാണണം എന്നാണ് മുസ്ലിം സംഘടനകള്‍ വാദിക്കുന്നത്. പള്ളിക്കു മുന്നില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പ്രതികള്‍ കൊലനടത്തിയിരിക്കുന്നതെന്നും ഈ കാര്യത്തില്‍ ശ്രദ്ധേയമാണ്. പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ്. എന്നാല്‍ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ യുഎപിഎ ആവശ്യമില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റെത്.

പ്രതികളായ അജേഷും നിധിനും അഖിലേഷും പഴയ ചൂരി പള്ളിയില്‍ എത്തിയശേഷം അജേഷ് പള്ളിയില്‍ കടന്ന് ആദ്യം മദ്രസയിലേക്കും പിന്നീട് റിയാസ് മൗലവി താമസിച്ചിരുന്ന മുറിയിലേക്കും പോയാണു കൊലനടത്തിയത്. ഈ സമയം ശബ്ദംകേട്ട് പുറത്തു വന്ന അടുത്ത മുറിയിലുണ്ടായിരുന്ന അബ്ദുള്‍ അസീസ് വഹാബിയെ പ്രതികളിലൊരാള്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു. ഈ കൃത്യം തന്നെ കൊലപാതകം ആസൂത്രിതമാണെന്നു തെളിയിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിയാസ് മൗലവിയുടെ കൊലപാതകം നടക്കുന്നതിനു മുമ്പ് മീപ്പുഗീരിയില്‍ ബിഎംഎസിന്‍രെ നേതൃത്വത്തില്‍ നടന്ന അഡ്വ. സുഹാസ് സ്മാരക കബഡി ടൂര്‍ണമെന്റിന്റെ ഉത്ഘാടനത്തില്‍ ബിജെപി നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം കൊലപാതകത്തിനു പ്രേരണയായിട്ടുണ്ടോ എന്നു അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും മുസ്ലീം സംഘടനകള്‍ പറയുന്നു. ഈ പ്രസംഗത്തെ കുറിച്ച് സംഘാടകരോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്.

അതേസമയം റിയാസ് മൗലവിയുടെ വധക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്നാണ് അന്വേഷണസംഘം തലവന്‍ ഡോ. എ. ശ്രീനിവാസ് മാധ്യമങ്ങളെ അറിയിച്ചത്. വരും ദിവസങ്ങളിലെ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടിയേക്കാമെന്നും അദ്ദേഹം പറയുന്നു. പ്രതികളുടെ തിരിച്ചറിയില്‍ പരേഡും സാക്ഷികളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയലുമെല്ലാം കഴിയുമ്പോള്‍ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും പൊലീസ് പറയുന്നു. അതേസമയം കേസില്‍ ഗൂഢാലോചന കുറ്റം ചുമത്താത്തതില്‍ സര്‍ക്കാരില്‍ നിന്നും പൊലീസിനെതിരേ ചോദ്യം ഉണ്ടായതായും അറിയുന്നു.

ആരോപണങ്ങള്‍ ഉയരുമ്പോഴും വലിയൊരു ആപത്തില്‍ നിന്നും ജില്ലയെ രക്ഷിക്കാന്‍ പൊലീസിന് കഴിഞ്ഞെന്നാണു ഭൂരിഭാഗവും പറയുന്നത്. പ്രതികളുടെ ഉദ്ദേശം എന്തായിരുന്നാലും മൗലവിയുടെ കൊലപാതകം കാസര്‍ഗോഡ് വര്‍ഗീയസംഘര്‍ഷത്തിലേക്ക് വഴുതിവീഴാന്‍ കാരണമായിരുന്നു. എന്നാല്‍ കൊലനടന്ന് മൂന്നുദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ പൊലീസ് തടഞ്ഞത് ഈ ഭയം തന്നെയാണ്. കേരള പൊലീസിനെതിരേ നിരന്തരം പരാതികളും വീഴ്ച്ചകളും ഉയരുമ്പോള്‍ തന്നെ ഇത്ര പ്രമാദമായൊരു കേസില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞതു സര്‍ക്കാരിനു തന്നെ വലിയൊരു ആശ്വാസമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍